പാൽത്തുള്ളിയിലെ ആത്മഹത്യ – 3

അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ജീപ്പിൽ ചാരി നിന്നു.

ആളുകൾ മാറിനിന്നു അടക്കം പറയുന്നു.ചിലർ മൊബൈലിൽ തത്സമയം ദൃശ്യങ്ങൾ പകർത്തുന്നു.

പതിയെ ഉയർന്ന് വരുന്ന കയർ എന്റെ കണ്ണിലുടക്കി.ഗൗരീ ദാസും ടീമും ജാഗ്രതയോടെ നിലയുറപ്പിച്ചു.

ആദ്യം മുകളിലേക്ക് കയറിയത് ഫയർ ഫോഴ്‌സിലെ രണ്ട് പേരാണ്.ആളുകൾ തിക്കിത്തിരക്കി മുൻപോട്ട് വരാൻ ശ്രമിച്ചു.

കിട്ടി കിട്ടി ആരൊക്കെയോ വിളിച്ചു പറയുന്നു.ക്യാമറകൾ തുടരെ തുടരെ മിന്നി.

ദൃശ്യ മാധ്യമങ്ങൾ പുതിയൊരു വാർത്ത ചൂടാറാതെ തത്സമയം ഒപ്പിയെടുത്തു.

രണ്ട് ശരീരങ്ങളും മുകളിൽ എത്തിയതോടെ തിങ്ങി നിന്ന ജനം അണക്കെട്ട് പൊട്ടിയത് പോലെ ഒഴുകിയടുത്തു.

സർ അങ്ങോട്ട്‌… നാരാണേട്ടൻ എന്റെ തോളിൽ കൈ വച്ചു.

ഞാൻ…. ഞാൻ വരണോ നാരാണേട്ടാ.എന്റെ തൊണ്ടയിടറി. പശ്ചാത്താപവും കുറ്റബോധവും എന്നെ വേട്ടയാടി.

പതിയെ ഞാൻ അങ്ങോട്ടേക്ക് നടന്നു.പെൺ കുട്ടിയുടെ അച്ഛൻ സമീപത്തിരുന്നു പൊട്ടിക്കരയുന്നു. ആരൊക്കെയോ അയാളെ താങ്ങിപ്പിടിച്ചിട്ടുണ്ട്.

എന്നെ കണ്ടതും അയാൾ ചാടിയേറ്റു.സാറേ ഇന്നലെ സാർ പറഞ്ഞപ്പോൾ ഞാൻ കേട്ടില്ല. ഇന്നിപ്പോ എന്റെ മോള് പോയല്ലോ സാറേ…

എന്റെ അഭിമാനബോധം… എന്റെ കുഞ്ഞിനെ ഞാൻ കൊലയ്ക്ക് കൊടുത്തല്ലോ.

പണത്തിന്റെ പേരും പറഞ്ഞ് ഞാനെന്റെ കുഞ്ഞിനെ കൊന്നു.അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല.ഞാനാ കുട്ടികളുടെ മുഖത്തേക്ക് നോക്കി.

കൈ ഷാൾ ഉപയോഗിച്ച് ബന്ധിച്ചിട്ടുണ്ട്.ഇരുവരും കെട്ടിപ്പിടിച്ച നിലയിലാണ്.

താഴേക്കുള്ള വീഴ്ചയിലും അവൻ അവളെ കൈവിട്ടില്ല.

ചതഞ്ഞു തൂങ്ങിയ കണ്ണുകൾ തുറന്നിരിക്കുന്നു.

ആ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നത് പോലെ എനിക്ക് തോന്നി.

അവരുടെ നോട്ടത്തിൽ ആരോടൊക്കെയോ ഉള്ള വാശി തീർക്കും പോലെ.

ഒരുപാട് സ്വപ്നങ്ങൾ കണ്ടവർ ഒന്നിച്ചൊരു ജീവിതം കൊതിച്ചവർ ഇന്നിവിടെ വിറച്ചു വിറങ്ങലിച്ച് കിടക്കുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചുകൊണ്ട് ഞാൻ തിരിച്ചു നടന്നു.

ഇത് ആത്മഹത്യ ഒന്നും അല്ലന്നേ ആരെങ്കിലും തല്ലിക്കൊന്ന് തള്ളിയെ ആവും.

കൂട്ടം കൂടിയ ആളുകൾ പുതുകഥകൾ രചിക്കാൻ തുടങ്ങി.

തിരികെയെത്തി എന്റെ ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
കൺമുൻപിൽ അവരുടെ മുഖം മാത്രം.