വെറുക്കപ്പെട്ടവൾ

“കൊടുത്ത കാശ് മുതലായി മച്ചാനേ.നല്ല അടിപൊളി ഐറ്റം.ഇനിയൊരു പ്രാവശ്യം കൂടി കിട്ടിയാലും നല്ലൊരു മുതലാണ്…”

നന്ദൻ വിനയിനോടത് പറഞ്ഞു പിന്തിരിയുമ്പോൾ കണ്ടു നനഞ്ഞൊഴുകിയ മിഴികളുമായി പിന്നിൽ വേദ നിൽക്കുന്നു…

“ഇവളിതുവരെ പോയില്ലായിരുന്നോ..ഛെ ആകെ കുളമായി…”

നന്ദൻ മനസ്സിലോർത്തു.വിളറി വെളുത്ത മുഖവുമായി വിനയ് നന്ദനെ നോക്കി.വേദയോട് എന്ത് പറയണമെന്നറിയാതെ വിനയ് കുഴങ്ങി.മറുത്തൊരക്ഷരം ശബ്ദിക്കാതെ വേദ മുമ്പോട്ട് നടന്നു നീങ്ങി….

ഇങ്ങനെയൊരു ജീവിതം താനൊരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.കടബാദ്ധ്യതമൂലം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തപ്പോൾ മൂന്നുമക്കളെ അവർ കൂടെ കൂട്ടിയില്ല….

വരുമാനത്തിൽ കവിഞ്ഞ ആർഭാടപരമായ ജീവിതമാണ് തങ്ങളുടെ കുടുംബം തകരാൻ ഇടയായത്.അയലത്തെ സുമതി ചേച്ചിയുടെ ഭർത്താവിനു സർക്കാർ ജോലി ആയിരുന്നു.തങ്ങളുടെ അച്ഛനു കൂലിപ്പണിയും.സുമതി ചേച്ചി വീട്ടിൽ ഓരോന്നും വാങ്ങിക്കൂട്ടിയപ്പം മുതൽ അമ്മക്കും അസൂയ തുടങ്ങി…

കൂലിപ്പണി ചെയ്യുന്ന അച്ഛനു പലപ്പോഴും നിർബന്ധിപ്പിച്ച് തവണവ്യവസ്ഥയിൽ അമ്മ വീട്ടുപകരണങ്ങൾ എടുപ്പിച്ചു.പിന്നീട് അതിന്റെ കടം വീട്ടാൻ പലിശക്കും പൈസ എടുത്തതുകൂടി ഇരുവർക്കും നിൽക്കക്കള്ളിയില്ലാതെയായി.ആത്മഹത്യയിൽ അവർ രക്ഷപ്പെട്ടപ്പോൾ തളർന്നു പോയത് താനും അനിയത്തിമാരും ആയിരുന്നു…

പലിശക്കാർ മുതലും കൂട്ടുപലിശയും ചേർത്തു എന്നെ പിച്ചിചീന്തി.പിടിച്ചു നിൽക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഞാൻ നിസഹായ ആയിരുന്നു. സ്നേഹിച്ചു വിവാഹം കഴിച്ച അച്ഛനമ്മമാരെ ഇരുവീട്ടുകാരും തിരിഞ്ഞു നോക്കിയിരുന്നില്ല.ഏറ്റെടുത്താൽ ബാദ്ധ്യതയാകുമെന്ന് കരുതി പലരും മനപ്പൂർവം ഒഴിഞ്ഞുമാറി. ഇത് മറ്റുള്ളവർക്ക് പലതും മുതലെടുക്കാൻ എളുപ്പത്തിൽ കഴിഞ്ഞു….

പിന്നീട് ഇത് തന്നെ താൻ തൊഴിലായി സ്വീകരിച്ചു. ഇരുളിന്റെ മറപറ്റി പലമാന്യന്മാരും പതിനഞ്ചുകാരിയുടെ ഇളം മേനി തേടിയെത്തി. എല്ലാത്തിനും മുമ്പ് കാശ് കണക്ക് പറഞ്ഞു താൻ വാങ്ങും.അല്ലെങ്കിൽ കാര്യം സാധിച്ചു കഴിഞ്ഞാൽ പലരും പറ്റിക്കും…

ഇളയതുങ്ങളെ ഒരുകരയെത്തിക്കണം.നാളെയൊരുപക്ഷേ അവരെന്നെ വെറുക്കുമായിരിക്കും.എന്നാലും സാരമില്ല..അവർ രക്ഷപെടട്ടെ….

വർഷങ്ങൾ പിന്നെയും കടന്നു പൊയ്ക്കൊണ്ടിരുന്നു.തനിക്ക് ഇരുപത്തിയെട്ട് വയസ്സായപ്പോൾ ചെറിയൊരു പണക്കാരിയായി താൻ മാറിക്കഴിഞ്ഞിരുന്നു.ഇളയതുങ്ങളെ രണ്ടു പേർക്കും നല്ലൊരു ജീവിതമായപ്പോൾ ഞാൻ ഈ തൊഴിൽ വിടാൻ തീരുമാനം എടുത്തു. അതിനായി പിറന്ന നാട് വിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കി. അവിടെവെച്ചാണ് നന്ദനെ താൻ പരിചയപ്പെടുന്നത്.ഭാര്യ മറ്റൊരു പുരുഷനൊപ്പം ഒളിച്ചോടിയതിന്റെ വിഷമം കുടിച്ചു തീർക്കുകയായിരുന്നു.ഒരുദിവസം ആൾ കുടിച്ച് റോഡ് മറി കടക്കുന്ന അവസരത്തിൽ ആക്സിഡന്റ് ഉണ്ടാകുന്നത്. കൂട്ടം കൂടിയവർ മൊബൈലിൽ വീഡിയോ എടുക്കുന്ന തിരക്കിൽ ആയിരുന്നു. താനും മറ്റൊരു ചെറുപ്പക്കാരനും കൂടിയായിരുന്നു നന്ദനെ ഹോസ്പിറ്റൽ എത്തിച്ചത്….

അവിടെ വെച്ചാണ് നന്ദനെ കൂടുതൽ പരിചയമാകുന്നതും അയാളെ കൂടുതൽ അറിയുന്നതും.അന്ന് കൂടെ വന്ന ചെറുപ്പക്കാരനാണ് വിനയ്.ഹോസ്പിറ്റൽ നന്ദന്റെ കൂടെ നിന്ന് പരിചരിച്ചത് ഞാനായിരുന്നു. അതാകാം നന്ദനു തന്നോട് പ്രണയം തോന്നിയതും.തന്നെ കുറിച്ച് കൂടുതൽ അടുത്ത അറിഞ്ഞിട്ടും നന്ദൻ പിന്മാറിയില്ല….

പക്ഷേ നന്ദനും തന്റെ ശരീരം മാത്രം മതിയായിരുന്നെന്ന് അറിയാൻ വൈകിപ്പോയി. അയാൾക്ക് എന്റെ ശരീരം ആഗ്രഹിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ സന്തോഷപൂർവ്വം ഞാൻ സമ്മതിക്കുമായിരുന്നു.പകരം വിനയിനെ കൊണ്ട് എന്നെ വിളിച്ചു വരുത്തി അയാൾ ചതിക്കുക ആയിരുന്നു…

ഒരോന്നും ഓർക്കുന്തോറും വേദക്ക് സങ്കടം കൂടിവന്നു.അർഹിക്കുന്നത് തെറ്റാണെങ്കിലും നന്ദനെ ഇടക്കെപ്പഴോ അവളും ഇഷ്ടപ്പെട്ടിരുന്നു.അനിയത്തിമാർക്ക് നല്ലൊരു ജീവിതം കിട്ടിയതോടെ അവരിതുവരെ വേദയെ തിരിഞ്ഞ് നോക്കീട്ടില്ല….

വേദ വീട്ടിലെത്തി അതെ തുണികളുമായി ബാത്രൂമിൽ കയറി ഷവർ ഓൺ ചെയ്തു. തലക്ക് മുകളിലൂടെ വെള്ളം ഒലിച്ചിറങ്ങിയപ്പോൾ മതി തീരുവോളം അവൾ പൊട്ടിക്കരഞ്ഞു. കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിനു ചെറിയ ആശ്വാസം….

ഇനിയൊരിക്കലും നന്ദൻ തന്റെ മനസ്സിൽ കടന്നു വരില്ലെന്ന് അവൾ പ്രതിഞ്ജ എടുത്തു.. പക്ഷേ അവൾ എത്ര മധു നുകർന്നാലും തീരാത്ത വശ്യലഹരിയാണെന്ന് ഉറപ്പായപ്പോൾ നന്ദൻ വീണ്ടുമെത്തി.അയാളുടെ പഞ്ചാരവാക്കിൽ അവൾ മതി മറന്നില്ല.മദ്യ ലഹരിയിൽ അവൾ നന്ദന്റെ മനസ്സ് എളുപ്പത്തിൽ മനസ്സിലാക്കി.

തന്നെ വിറ്റ് പണമുണ്ടാക്കി നന്ദൻ ബിസിനസ് പച്ചപിടിപ്പിക്കാനാണെന്ന് തിരിച്ചറിഞ്ഞതോടെ ബാക്കിയുള്ള മദ്യത്തിൽ കൂടി വിഷം കലർത്തി നന്ദനെ എന്നെന്നേക്കുമായി വേദയുറക്കി….

വിനയിനെ വിളിച്ചവൾ കാര്യം ചുരുക്കി പറഞ്ഞു.

“ഇവനൊക്കെ ഇങ്ങനെ തന്നെ വേണം വേദ.തെളിവില്ലാത്ത രീതിയിൽ അവൻ സ്വയം ആത്മഹത്യ ചെയ്തതാണെന്ന് നമുക്ക് വരുത്തി തീർക്കാം.ഇങ്ങനെയുള്ള ജന്മത്തിനു വേണ്ടി നമ്മളുടെ ജീവിതം ഹോമിക്കുവാൻ പാടില്ല.ഒരു പത്ത് മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തും ധൈര്യമായി ഇരിക്കൂ….”

വിനയിന്റെ വാക്കുകൾ തേന്മഴയായി അവളുടെ കാതിൽ ഒഴുകിയിറങ്ങി.അവൻ പറഞ്ഞത് ശരിയാണ്…

“സ്വന്തം ഭാര്യയെ വരെ കാര്യലാഭത്തിനായി അന്യപുരുഷന്റെ കൂടെ കിടപ്പറയിലേക്ക് തള്ളിവിടുന്ന ഈ തെണ്ടി മരിച്ചത് തന്നാ നല്ലത്. ചെറ്റ…”

വിനയിന്റെ വരവിനായി വേദ കാത്തിരുന്നു….

നന്ദന്റെ നിശ്ചലമായ ശരീരത്തിനു കാവലിരുന്നു കൊണ്ട്….