പാൽത്തുള്ളിയിലെ ആത്മഹത്യ – 2

ചുറ്റുപാടും വീക്ഷിച്ച സുരേഷ് കൈ ചൂണ്ടി.സർ ദാ അവിടെ.അയാൾ കാട്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു.

മുൻപോട്ട് നടന്നാൽ വലിയ കല്ലുകളും പുല്ലും നിറഞ്ഞ അടഞ്ഞ പ്രദേശമാണ്.

അവിടെ ഇണക്കുരുവികളെപ്പോലെ രണ്ട് യുവമിഥുനങ്ങൾ പരസ്പരം വാരിപ്പുണർന്ന് ചുണ്ടോട് ചുണ്ട് ചേർത്തിരിക്കുന്നു.

എന്റെ ഉള്ളിലെ സദാചാര ബോധം സടകുടഞ്ഞെഴുന്നേറ്റു.ആരാ അത്, ഞാൻ ശബ്ദമുയർത്തി.

ഇരുവരും ഞെട്ടി അകന്നു.കാക്കി കണ്ടതും രണ്ടിന്റെയും കണ്ണുകളിൽ ഭയം നിഴലിച്ചു.

പെൺകുട്ടി അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി.ഉടുപ്പിന്റെ വിട്ടു കിടന്ന കൊളുത്തുകൾ ബദ്ധപ്പെട്ട് ഇട്ടു.

മറ്റേ മക്കളെ നീയൊക്കെ ഇതിനാണ് രാവിലെ വീട്ടിൽ നിന്നുമിറങ്ങുന്നത് ല്ലേ.കലി കൊണ്ട് ഞാൻ വിറച്ചു തുള്ളി.

പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.നിനക്ക് എത്ര വയസ്സുണ്ട് ഞാൻ അവളെ നോക്കി.

പതിനെട്ട് വിറച്ചു കൊണ്ടവൾ പറഞ്ഞൊപ്പിച്ചു.പൈനെട്ട് അടിച്ച് അണപ്പല്ല് പറിക്കണം.

നിനക്കെത്ര വയസ്സുണ്ട് ഞാൻ കഥാനായകനെ നോക്കി.
26 അവൻ അൽപ്പം ഈർഷയോടെ പറഞ്ഞു.

അപ്പോൾ എങ്ങനാ മക്കളെ വീട്ടുകാർ അറിഞ്ഞോണ്ടാണോ ഈ കറക്കം.ഞാൻ അടുത്ത ചോദ്യം ഉന്നയിച്ചു.

അല്ല.മറുപടി പറഞ്ഞത് പെൺകുട്ടിയാണ്.

ഓഹോ.ന്നാൽ വീട്ടിലെ നമ്പർ പറഞ്ഞേ.ഞാൻ അവളെ നോക്കി.

വീട്ടിൽ അറിയിക്കല്ലേ സാറേ അവര് കൊന്ന് കളയും.ചെയ്യല്ലേ സാറേ അവൾ കരഞ്ഞു കൊണ്ട് എന്റെ കാലിൽ വീണു.

നിങ്ങളുടെ പേരെന്താ മക്കളെ.നാരാണേട്ടന്റെ ചോദ്യത്തിന് അവൾ മുറിച്ചു മുറിച്ചു ഉത്തരം പറഞ്ഞു.അനുപമ,ഏട്ടന്റെ പേര് അശ്വന്ത്.

അപ്പോഴാണ് കഥാനായകന്റെ പൗരുഷം ഉണർന്നത്.പെട്ടന്ന് കിട്ടിയ ഊർജ്ജത്തിൽ കക്ഷി എന്റെ നേരെ ചീറി.

അല്ല ഇതൊക്കെ ചോദിക്കാൻ നിങ്ങൾക്ക് എന്താ അവകാശം. ഞങ്ങൾക്ക് പ്രായപൂർത്തിയായി.

ഓഹോ,പ്രായപൂർത്തി എന്ന് പറയുന്നത് എവിടെ വേണമെങ്കിലും അഴിഞ്ഞാടാൻ ഉള്ള ലൈസൻസ് ആണോടാ.ഞാൻ സ്വരം കടുപ്പിച്ചു.

അവൻ ഒന്നും മിണ്ടാതെ എന്നെ തറച്ചു നോക്കി.നിങ്ങള് പോലീസാണോ അല്ലല്ലോ.

അത് കൊണ്ട്?നാരാണേട്ടൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.നീ എന്താ കുഞ്ഞേ ഉദ്ദേശിക്കുന്നത്.

നിങ്ങൾക്ക് ദോഷം വരാൻ ആണോ ഞങ്ങൾ ഓരോന്ന് ചെയ്യുന്നേ?

അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ ഒരച്ഛന്റെ വാത്സല്യം നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി.

നിങ്ങൾ ഫോറസ്റ്റുകാർക്ക് ഞങ്ങളെ ചോദ്യം ചെയ്യാൻ എന്താ അധികാരം.കഥാനായകൻ അൽപ്പം ഒച്ചയുയർത്തി.

അവന്റെ ചോദ്യത്തിൽ ഫോറസ്ററ് ഡിപ്പാർട്മെന്റ് വെറും മൂന്നാം കിട കൂലിപ്പണിക്കാർ ആണ് എന്നുള്ള ധാർഷ്ട്യം നിറഞ്ഞത് പോലെ ഒരു തോന്നൽ.

എന്തായാലും എരി തീയിൽ എണ്ണ എന്നെപ്പോലുള്ള അവന്റെ വാക്കുകൾ എന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത ക്ഷതമായി.