വനിതാ കമ്മീഷന്‍

ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു.

നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു.

“പേരെന്താണ്?” ഞാൻ ചോദിച്ചു.

“ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”.

എവിടെയോ കണ്ടുമറന്ന മുഖമല്ല ഇത്, അതെ ആറു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ദുരന്തം എന്റെ കണ്ണിന്റെ മുൻപിലൂടെ പാഞ്ഞു പോയി. പത്തൊൻപതു തികഞ്ഞ എന്റെ മകൾ. അവൾക്കു പറ്റിയ ഒരു ശരികേടിന്റെ ഓർമ്മ. പത്തുമാസത്തോളം അവളെയും കൊണ്ട് മാഞ്ചസ്റ്ററിലെ ഗലികളിലെവിടെയോ ഉള്ള സുഹൃത്തിന്റെ വീട്ടിലെ താമസ്സം. അവളുടെ സന്തതിയെ കയ്യിൽ വാങ്ങുമ്പോളും ഒരു മുത്തശ്ശിക്ക് ഉണ്ടായേക്കാവുന്ന ഒരു തരം വികാരങ്ങളും എനിക്കുണ്ടായില്ല. ആ കുഞ്ഞിനെ കൊല്ലാൻ മനസ്സ് വരാത്തതുകൊണ്ടാണ് തിരികെ വരും വഴി തന്നെ അനാഥാലയത്തിൽ എല്പിക്കാനിടയാക്കിയത്. പിന്നീട് അന്വേഷിച്ചപ്പോൾ കുഞ്ഞിനെ ഒരു കൂട്ടർ വന്നു ദത്തെടുത്തെന്നും അറിഞ്ഞു. പേരക്കുട്ടിയുടെ മുഖം മനസ്സിന്റെ വിങ്ങലായി നിന്നതുകൊണ്ടാവാം പലതവണയും ആരുമറിയാതെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തു തന്നെ എന്റെ കുഞ്ഞിനെകാണാൻ പലതവണ ശ്രമിച്ചതും. ശാരദ എന്ന എന്റെ പേരക്കുഞ്ഞിന്റെ പോറ്റമ്മപോലുമറിയാതെ. പക്ഷെ, ഇവർ ഇപ്പോൾ എന്റെ മുൻപിൽ വീണ്ടുമെന്തിന് വന്നു?

“മാഡം..”. അവരുടെ ശബ്ദം എന്നെ ഓർമകളിൽ നിന്നും ഉണർത്തി.

“പറയു ശാരദാ, എന്താണ് നിങ്ങളുടെ പ്രശ്നം?”

“മാഡം, എനിക്ക് ഒരു മോൾ ആണ്, അവളെ ഞങ്ങൾ ദത്തെടുക്കുകയായിരുന്നു, ഇപ്പോൾ അവൾക്കു ആറ് വയസ്സാകുന്നു. ഈ അടുത്ത് എന്റെ ഭർത്താവ് ജോലിസ്ഥലത്തുണ്ടായ ഒരപകടത്തിൽ മരണപെട്ടു. അദ്ദേഹത്തിനും എനിക്കും അവളെ ജീവനായിരുന്നു. എന്നാൽ ഇപ്പോൾ”.

അവർ ഈ പറയുന്നത് എന്റെ കൊച്ചുമോളുടെ വിവരങ്ങൾ ആണെന്നുള്ളത് എന്നിലെ അമ്മ മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

“ഇപ്പോൾ എന്ത് സംഭവിച്ചു ശാരദ?” ഞാൻ ചോദിച്ചു.

“ഭർത്താവ് മരിച്ച ശേഷം ഞാൻ വേറെ കല്യാണം കഴിച്ചു മാഡം, ആ ബന്ധത്തിൽ എനിക്ക് ഒരു കുഞ്ഞു ജനിച്ചു. കുഞ്ഞിന്റെ ജനന ശേഷം എന്റെ ഇപ്പോളത്തെ ഭർത്താവ് മോളോട് വെറുപ്പ് കാണിച്ച് തുടങ്ങി. ഈ അടുത്താണ് ഞാൻ അറിയാനിടയായത്, അയാൾ എന്റെ മോളെ ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം. ഇപ്പോൾ അവൾ ആസ്പത്രിക്കിടക്കയിലാണ് മാഡം. ജീവനും മരണത്തിനുമിടയിൽ”.

“നോ…” അറിയാതെ എന്റെ തൊണ്ടയിൽ നിന്നും അരുതേ എന്നൊരു സ്വരം പുറത്തുവന്നു.. എൻ്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം അവർ ആകെ പരിഭ്രമിച്ചു, നെറുകയുടെ വലത്ത് നിന്നൊരു കൊളുത്തിവലിയ്ക്കൽ. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്ന ചെന്നിക്കുത്തൽ പോലെ.