അമ്മമണം

മാറിനിൽക്ക്’
പെട്ടെന്ന് അവനെന്നെ തള്ളി മാറ്റി മുന്നോട്ട് കുതിച്ചു.ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാനും കുതിച്ചു.

ഞാനും അവനും ഒപ്പത്തിനൊപ്പം.അവൻ എന്നെ ദേഷ്യത്തോടെ വാലുകൊണ്ട് ചുഴറ്റി അടിച്ചു. ഞാനും വിട്ടു കൊടുത്തില്ല.എന്നാലാവും വിധം ഞാനും ഒരടി.അതി വിദഗ്ധമായി അതിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ നീങ്ങി കൊണ്ടിരുന്നു.

ഞങ്ങൾക്ക് പിറകെ ആരവത്തോടെ ഒരുപാട് പേർ വരുന്നുണ്ടായിരുന്നു.
അച്ഛൻ്റെ രക്തത്തിൽ നിന്ന് വേർപെട്ട് അമ്മയുടെ ഗർഭപാത്രത്തിലേക്ക് കുതിക്കുകയാണ് ഞങ്ങൾ.
ഞാനും, അവനും ഒപ്പത്തിനൊപ്പം.
അതാ ഉരുണ്ട് ലോലമായ പുറംതോടോടെ ഞങ്ങളെ കാത്ത് നിർമ്മലമായ ആ…ഗോളം.

ഒരു മാത്ര അവൻ എൻെറ മുന്നിൽ കടന്നുവോ..തളർച്ച തോന്നി എനിക്ക്. എങ്കിലും ഞാൻ സർവ്വ ശക്തിയുമെടുത്ത്.ആഞ്ഞുകുതിച്ചു.അവനെ ഒരു തള്ളുകൊടുത്ത് ലോലമായ ആ പുറം തോട് തുളച്ച് ഞാൻ അകത്തു കയറി.

എനിക്ക് കിതച്ചു.എൻെറ ഹൃദയം പട പടാ മിടിച്ചു.ഞാൻ പുറത്തേക്ക് നോക്കി. ആ കുഞ്ഞ് പേടകത്തിൻ്റെ നേർത്ത സ്തരമാകുന്ന വാതിൽ അടഞ്ഞുകൊണ്ടിരിക്കുന്നു.എൻെറ കൂടെ വന്നവൻ അകത്തേക്ക് കുതിക്കാൻ തുനിഞ്ഞതും ആ വാതിൽ അടഞ്ഞു.അവൻ തളർന്നു വീഴുന്നത് ഞാൻ അവ്യക്തമായി കണ്ടു.

ഞാൻ അവിടമാകെ വീക്ഷിച്ചു.ബ്ലും,ബ്ലും എന്ന ശബ്ദം കേൾക്കുമ്പോലെ…എവിടെയും നിൽക്കാൻ സാധിക്കാതെ ഒഴുകി നടന്നു.എനിക്ക് ഇത്തിരി പേടിതോന്നി.
ഞാൻ പതിയെ ഒരു അരികിലായി നിന്നു അവിടെ പറ്റിപിടിച്ച് നിന്നു. എൻെറ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാം.

എന്നിലേക്ക് ഒരുവള്ളിപൊലെഒന്ന് എന്നെ ചേർത്ത് നിർത്തി. ഇപ്പോൾ ഞാൻ വീഴുകയില്ലെന്ന് എനിക്ക് തോന്നി. അതിലൂടെ എനിക്ക് ജീവവായു കിട്ടിയപൊലെ.എൻെറ പേടിമാറി എന്നെ ഈ പേടകം സംരക്ഷിക്കുന്നു.ഈ വള്ളി വഴി എനിക്ക് ഭക്ഷണം, വെള്ളം ഒക്കെ കിട്ടി തുടങ്ങി. ഞാൻ സന്തോഷവതിയാണ് .

എനിക്ക് ഒറ്റയ്ക്ക് ആകെ വിരസത തോന്നി. എന്നോടൊപ്പം ഓടിവന്ന അവനും കൂടെ ഉണ്ടായിരുന്നേൽ…ഞാൻ അങ്ങനെ ചിന്തിക്കവേ ഒരു ശബ്ദം.
“ആരാദ്”
“ഞാനാ”
“ഞാൻ ന്ന് വെച്ചാ…”
“എല്ലാവരും എന്നെ ദൈവം ന്ന് വിളിക്കും”
ഞാൻ കണ്ണ് മിഴിച്ചു നോക്കി.
പല വർണ്ണങ്ങളിലുള്ള പ്രകാശം മാത്രം.
“ദൈവമേ…ഞാൻ വെറും വെളിച്ചമല്ലാതെ മറ്റൊന്നും കാണുന്നില്ല ല്ലോ”
“അതേ ഞാൻ വെളിച്ചവും,ശബ്ദവും മാത്രമാണ് എനിക്ക് രൂപമില്ല. എല്ലാത്തിനും രൂപം കൊടുക്കുന്ന ഞാൻ എനിക്കായിട്ടൊരു രൂപം ഉണ്ടാക്കിയില്ല.എന്നാൽ ഞാൻ രൂപം കൊടുത്ത ഓരോന്നിലും നിനക്കെന്നെ ദർശിക്കാനാവും.നിന്നിൽപോലും”

“ഒന്നും മനസിലാവുന്നില്ല ല്ലോ”
“എല്ലാം പതിയേ മനസിലാവും…നീ മിടുക്കിയാണ്.അവനെ തോൽപിച്ച് നീ അകത്ത് കയറി പറ്റിയില്ലേ…ഹ. ഹ…മിടുക്കീ…..ഞാൻ വീക്ഷിക്കുകയായിരുന്നു.ആരു ജയിക്കുമെന്ന്.”
“ദൈവം എന്നെ കാണാൻ വന്നതാണോ”

“ഞാൻ നിനക്ക് എല്ലാം നൽകാൻ വന്നതാ…നീ പൂർണ്ണ ആരോഗ്യത്തോടെ ജനിക്കണം..അതിന് അർഹതയുള്ളവരിൽ നീയും ഉണ്ട്”

“അതെന്താ അർഹതയില്ലാത്തവരും ഉണ്ടോ”
“ഉണ്ടല്ലോ..അതൊക്കെ വേറെ കഥകളാ…നീ അതൊന്നും അറിയരുത്”

അങ്ങനെ ആ ഗർഭപാത്രത്തിൽ ഞാൻ വളർച്ച പ്രാപിച്ചുകൊണ്ടിരുന്നു.

ദൈവം ഇടക്കിടെ എന്നെ കാണാൻ വന്നു. എന്നെ പുഞ്ചരിക്കാൻ പഠിപ്പിച്ചു. എൻെറ വിരൽ വായിൽ വെച്ചു തന്ന് വിരലുണ്ണാൻ പഠിപ്പിച്ചു. എന്നെ താങ്ങുന്ന വള്ളിയിൽ ഞാൻ അങ്ങോട്ടുമിങ്ങോട്ടും ഊയലാടി രസിച്ചു.ഗർഭപാത്രഭിത്തിയിൽ താളം ചവിട്ടി.ദൈവം ഓരോ മുദ്രകൾ കാണിചു തന്നത് എൻെറ വിരലിനാൽ ഞാൻ അനുകരിച്ചു.

ഒരുദിവസം ദൈവം പറഞ്ഞു.
“നീ ശ്രദ്ധിച്ചു കേട്ടു നോക്കൂ… നിനക്കൊരാളുടെ ശബ്ദം കേൾക്കാം”
ഞാൻ ചെവി വട്ടം പിടിച്ചു.

“ഒന്നും കേൾക്കുന്നില്ല.”
“ഒന്നൂടെ ശ്രമിക്കൂ”
ഞാൻ ഗർഭപാത്രപാളിയിലെ ഭിത്തിയിലേക്ക് ചെവി ചേർത്ത് വെച്ചു.

“അമ്മേടെ കുഞ്ഞേ”ഒരു മൃദു ശബ്ദം.
എൻെറ കണ്ണുകൾ വിടർന്നു.ഞാൻ ദൈവത്തെ നോക്കി.
“നീയെന്താ…ആദ്യം കേട്ടേ….”
“അമ്മ”ഞാൻ പതിയെ ഉരുവിട്ടു.
“അതേ..നിൻ്റെ അമ്മയാ അത്”

“അമ്മാ….മ്മാ….മ്മാ….”ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു.
“ദൈവമേ .എനിക് എൻെറ അമ്മെ കാണണം”
“അതിന് സമയമായില്ലാ. ”

മാസങ്ങൾ കഴിഞ്ഞു പോയ്കൊണ്ടിരുന്നു.

ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു.
“കുഞ്ഞേ…” ആ ആർദ്രശബ്ദം.ദൈവത്തിൻ്റെ.

“നിൻ്റെ ഇവിടത്തെ വാസം കഴിഞ്ഞു.നീ ഇന്ന് ഇവിടം ഒഴിയണം പുറത്തേക്ക് ഉള്ള വാതിൽ അതാണ്”
ദൈവം ചൂണ്ടിക്കാട്ടിയിടത്തേക്ക് ഞാൻ നോക്കി.
ഞാൻ അന്ന് കഷ്ടപെട്ട് കയറിവന്ന വാതിൽ അതാ പതിയെ തുറക്കുകയാണ്.
എനിക്ക് ഇവിടം വിട്ട് പോവാൻ മനസുവരുന്നില്ല.എനിക്ക് സങ്കടം വന്നു.

“ദൈവമേ…ഞാൻ പോവുന്നില്ല.എനിക്ക് ഇവിടെ നിന്നാമതി….ദൈവത്തിൻ്റെ യഥാർത്ഥ രൂപം കണ്ട് ഇങ്ങനെ.. എനിക്ക് ഇവിടാ. ഇഷ്ടം..”

“പറ്റില്ലാ…നീ പുറത്ത് പോയേ..മതിയാവൂ.നീ കാണേണ്ട ദൈവങ്ങൾ നിനക്കായി കാത്തിരിക്കുന്നു..”.
ദൈവം എൻെറ തലയിൽ അരുമയൊടെ തലോടി..പുറത്തേക്ക് ഒരു തള്ള്…
ഞാൻ അലറി കരഞ്ഞു.. എവിടെയെങ്കിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു.. പറ്റിയില്ല.

അലറി കരഞ്ഞു ഞാൻ കയറിവന്ന വഴി തന്നെ പുറത്തെത്തി.

ആരൊക്കെയോ എന്നെ എടുത്തു. കുളിപ്പിച്ചു.ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു.എന്നെ ആരുടെയോ മടിയിൽ കിടത്തി.

ഒരുവേള എന്നിൽ എന്തോ..പരിചിതഗന്ധം എൻെറ പ്രഞ്ജയെ ഉണർത്തി.ഞാൻ അൽപം മുമ്പ് വരെ കിടന്നിരുന്നിടത്തെ അതേ…ഗന്ധം.ഞാൻ മൂക്ക് വിടർത്തി ആ ഗന്ധത്തിലേക്ക് തപ്പിതിരഞ്ഞു.അതേ…ഇതായിരുന്നു ഞാൻ നിന്നിടം…ഇവിടായിരുന്നു ഞാൻ…. സന്തോഷത്താലും,സമാധാനത്താലും വിതുമ്പി കരഞ്ഞു കൊണ്ട് മിഴികൾ ചിമ്മി തുറന്നു ഞാൻ കണ്ടു.

കണ്ണീരിലൂടെ പുഞ്ചിരിക്കുന്ന മുഖം.

അമ്മ.