ശവക്കല്ലറയിലെ കൊലയാളി 6

ശവക്കല്ലറയിലെ കൊലയാളി 6
Story : Shavakkallarayile Kolayaali 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

സമയം ഏതാണ്ട് രാത്രിയുടെ മധ്യയാമം പിന്നിട്ടിരുന്നു അപ്പോള്‍ … കറുത്ത വാവിന്റെ കൂരിരുട്ടിൽ രാജകുമാരിയിലെ തേയിലത്തോട്ടങ്ങളിൽ ഇരുട്ട് കട്ടപിടിച്ച് ഭീകര രൂപംപൂണ്ടിരുന്നു .

പതിയെ സെമിത്തേരിയിൽ കാറ്റ് വീശാൻ തുടങ്ങി. കുറുനരികൾ ആകാശത്തേക്ക് നോക്കി അഷ്ടദിക്കുകൾ അലയടിക്കുമാറ് ഭീതിജനകമായ രീതിയില്‍ ഓരിയിടാൻ തുടങ്ങി…

ഏതോ പരേതാത്മാവിനെ സ്വീകരിക്കാനെന്നപോലെ തെരുവുപട്ടികൾ കൂടി ഓരിയിടാൻ തുടങ്ങിയപ്പോള്‍ അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു .

കാറ്റിന്റെ ശക്തി കൂടി വൻമരങ്ങൾ ആടിയുലഞ്ഞു . കാലൻ കോഴികൾ നീട്ടി കൂവാൻ തുടങ്ങി . കാർമേഘാവൃതമായ ആകാശകോണിൽ നിന്നും ഭയാനകമായ ഇടിമുഴക്കത്തിന് വഴിതെളിയിച്ച് ഇടിമിന്നൽ താഴേക്ക് പതിച്ചു .

ശക്തമായ ഒരിടിമിന്നൽ ആ കല്ലറക്ക് മുകളില്‍ പതിച്ചതും കല്ലറയുടെ മുകളിലെ പാളി ആരോ പൊക്കിയെടുത്ത പോലെ മുകളിലേക്ക് ഉയര്‍ന്നു . കല്ലറയിൽ നിന്നും ഒരു സ്ത്രീ രൂപം നിദ്രയിൽ നിന്നെന്നപോലെ എഴുന്നേറ്റ് പുറത്തേക്ക് വന്നു.

അരക്കെട്ടോളം എത്തി നിൽക്കുന്ന തലമുടി കാറ്റില്‍ പിന്നോട്ട് പാറുന്നുണ്ടായിരുന്നു. തീക്കനൽ പോലെ തിളങ്ങുന്ന കണ്ണുകള്‍, ചുവന്നു തുടുത്ത ചുണ്ടുകള്‍ക്ക് രണ്ട് വശത്തായി പുറത്തേക്ക് നീണ്ടു നിൽക്കുന്ന കോമ്പല്ലുകൾ, നീലിച്ച ഞെരമ്പുകൾ തെളിഞ്ഞു കാണുന്ന മുഖം.

കല്ലറയിൽനിന്നും പുറത്ത് കടന്ന ആ രൂപം പള്ളിക്ക് നേരെ നോക്കി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ഒരോ ചിരിയും അവിടെ ഇടിമുഴക്കം സൃഷ്ടിച്ചു . ശേഷം അവള്‍ പ്രത്യക ശബ്ദത്തില്‍ മൂളിക്കൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു . ആരെയോ ലക്ഷ്യം വെച്ചപോലെ അന്തരീക്ഷത്തിലൂടെ ഒഴുകിനീങ്ങി ….

**** **** **** ****
ഡോക്ടര്‍ നാൻസി ചികിത്സിച്ചിരുന്ന രോഗിക്ക് അസുഖം കൂടുതലായി എന്നായിരുന്നു ആ ഫോണ്‍ സന്ദേശം .
സന്ദേശം കിട്ടിയ ഉടനെ കൂട്ടുകാരികളോട് യാത്ര പറഞ്ഞ് നാൻസി സെക്യൂരിറ്റി കൊണ്ടുവന്ന കാറില്‍ കയറി .

ഹോട്ടലില്‍നിന്നും പുറത്തേക്ക് കടന്ന നാൻസിയുടെ സ്കോട ഇരുട്ടിനെ കീറിമുറിച്ച് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു .

ഹോസ്പിറ്റലില്‍ എത്തിയ നാൻസി പെട്ടെന്ന്തന്നെ ഓപ്പറേഷന്‍ തിയറ്ററിനുള്ളിലേക്ക് കയറി ഏകദേശം ഒരു മണിക്കൂറിന് ശേഷം ജൂനിയര്‍ ഡോക്ടറെ കാര്യങ്ങള്‍ പറഞ്ഞേൽപ്പിച്ച് പുറത്തേക്ക് നടന്നു .

കാർ പാർക്കിങ്ങിൽ നിന്നും കാർ എടുക്കാന്‍ പോയപ്പോഴാണ് തന്റെ കാർ സ്റ്റാർട്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു നിൽക്കുന്ന ഡോക്ടര്‍ ലീന കുരുവിളയെ കണ്ടത് .

“എന്തു പറ്റി ഡോക്ടര്‍ ?

“കാർ സ്റ്റാർട്ടാകുന്നില്ല മേഡം”

“അതവിടെ കിടക്കട്ടെ, ഞാന്‍ വീട്ടില്‍ കൊണ്ടാക്കിത്തരാം “

സെക്യൂരിറ്റിയെ വിളിച്ചു ലീനയുടെ കാർ കാലത്ത് ആരെയെങ്കിലും വിളിച്ച് ശരിയാക്കാൻ ഏർപ്പാടാക്കിയ ശേഷം ലീനയേയുംകൂട്ടി സ്കോടാ നിരത്തിലേക്കിറങ്ങി ടൗണിൽ നിന്നുംമാറി ഏകദേശം മൂന്ന് കിലോമീറ്റര്‍ അവരേയും കൊണ്ട് ആ സ്കോട കാർ ഓടിക്കാണും.

രണ്ട് വശങ്ങളിലും റബ്ബര്‍ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വിജനമായ റോഡില്‍ എത്തിയതും പെട്ടെന്ന് കാറിന്റെ മുന്നിലേക്ക് ഒരു സ്ത്രീ രൂപം ചാടിയതു പോലെ തോന്നി….

ഡോക്ടര്‍ നാൻസിയുടെ കാൽ ബ്രേക്കിൽ അമർന്നു. റോഡില്‍ ടയറുകളുരഞ്ഞ് സ്കോഡ മുരൾച്ചയോടെ നിന്നു . ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ നാൻസിക്ക് അവിടെ മുഴുവന്‍ തിരഞ്ഞിട്ടും ഒന്നും കാണാന്‍ കഴിഞ്ഞില്ല . ചുറ്റുപാടും കട്ട പിടിച്ചു കിടക്കുന്ന ഇരുട്ട് മാത്രം .

ശെടാ , ഇതെവിടെ പോയി എന്ന് സ്വയം പറഞ്ഞു കൊണ്ട് ഡോർ തുറക്കാനായി ഹാന്റിലിൽ കൈവെച്ചതും ആകാശത്ത് നിന്നും ഒരു മിന്നല്‍ ഭൂമിയിലേക്ക് പതിച്ചു .

ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരുന്ന് ഈ സമയമത്രയും ഒന്നും അറിയാതെ ഇരുന്നിരുന്ന ലീനയെ നോക്കിയ നാൻസി ഞെട്ടി നിലവിളിച്ചു…

(തുടരും……)