ശവക്കല്ലറയിലെ കൊലയാളി 17
Story : Shavakkallarayile Kolayaali 17 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts
കതകിലെ മുട്ട് ഒരുനിമിഷം നിശബ്ദമായി. വീണ്ടുംതുടരെ തുടരെയുള്ള മുട്ട് കേട്ടപ്പോള്‍ ഉറക്കം തഴുകിയ മിഴികൾ വലിച്ചു തുറന്ന് ഡോക്ടര്‍ അഞ്ജലി വാതിലിനടുത്തേക്ക് നീങ്ങി.
വാതിലിന്റെ സാക്ഷ വലിച്ചു നീക്കി ഒരു പാളി അകത്തേക്ക് വലിച്ചു തുറന്നു . മുന്നില്‍ മരുന്ന് കുറിപ്പടിയുംട്രേയുമായി ഒരു നേഴ്സ് നിൽക്കുന്നു.
“സോറി മാഡം ഉറങ്ങിയിരുന്നോ ? രണ്ട് മണിക്ക് കഴിക്കേണ്ട ഒരു ഗുളികയുണ്ടായിരുന്നു. “
ക്ഷമാപണത്തോടെ നേഴ്സ് അകത്തേക്ക് പ്രവേശിച്ചു . വാതില്‍ അടയ്ക്കാതെത്തന്നെ ഡോക്ടര്‍ അഞ്ജലി നേഴ്സിനു പിറകേവന്ന് തന്റെ കിടയ്ക്കയില്‍ ഇരുന്നു .
മുറിയിലേക്ക് കയറി വന്ന നേഴ്സ് കയ്യിലെ പരിശോധന ചീട്ടിൽ നോക്കി അഞ്ജലിക്കുള്ള ഗുളിക എടുത്ത് മേശക്ക് മുകളിലെ കൂജയിൽ നിന്ന് ഒരു ഗ്ലാസിൽ വെള്ളവും എടുത്ത് ഡോക്ടര്‍ അഞ്ജലിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു .
ഈ സമയം തുറന്ന് വച്ചിരുന്ന വാതില്‍ പാളി കാറ്റില്‍ അടഞ്ഞു ആരോ നീക്കിയ പോലെ അതിന്റെ സാക്ഷ വീണു .
നേഴ്സ് കൊടുത്ത ഗുളിക വായിലേക്കിട്ട് ഗ്ലാസ്സിലെ വെള്ളം വായിലേക്കൊഴിച്ചു . പച്ച രക്തത്തിന്റെ രുചി തിരിച്ചറിഞ്ഞ അഞ്ജലി വെള്ളം പുറത്തേക്ക് ഛർദ്ദിച്ചു.
ഈ സമയം പുറം തിരിഞ്ഞു നിന്ന് മെഡിസിൻ കാർഡിൽ എന്തോ എഴുതിക്കൊണ്ടിരുന്ന നേഴ്സ് അഞ്ജലിക്ക് നേരെ മുഖം തിരിച്ചു . ആ മുഖം കണ്ടതും അഞ്ജലിയിൽ നിന്നും ഒരു നിലവിളി ഉയർന്നെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല .
പുറത്ത് അപ്പോള്‍ കാറ്റിന്റെ ശക്തി ക്രമാതീതമായി ഉയർന്നു. ഇടിയും മിന്നലും ശക്തി പ്രാപിച്ചു . കാലൻകോഴി ഭയാനകമായ ശബ്ദത്തില്‍ പേടിപ്പെടുത്തിക്കൊണ്ട് കരഞ്ഞു.
തെരുവ് നായകൾ ആകാശത്തേക്ക് നോക്കി ഓരിയിടാൻ തുടങ്ങി .തുള്ളിക്കൊരുകുടം കണക്കേ പേമാരി വർഷിക്കപ്പെട്ടു.
അഞ്ജലിക്ക് നേരെ തിരിഞ്ഞ നേഴ്സിന്റെ രൂപം കാറിടിച്ച് കൊല്ലപ്പെട്ട യുവതിയുടേതായിരുന്നു.
ഇടതു വശം ചതഞ്ഞരഞ്ഞ അവളുടെ ശരീരത്തില്‍ നിന്നും അപ്പോഴും രക്തം ഒഴുകിക്കൊണ്ടിരുന്നു.
പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ അഞ്ജലിക്ക്നേരെ തിരിഞ്ഞു.പേടിച്ചു പോയ അഞ്ജലി ഫാദര്‍ ഗ്രിഗോറിയോസ് അവൾക്ക് നൽകിയ മരക്കുരിശ് പോലും മറന്നു പോയിരുന്നു . അഞ്ജലിയുടെ കഴുത്തിന് നേരെ ആ സത്വം രണ്ട് കൈകളും നീട്ടി വന്നപ്പോള്‍ കൈകള്‍ കുത്തി അവൾ പിറകിലേക്ക് നീങ്ങി .
പൊട്ടിച്ചിരിച്ചു കൊണ്ട് ആ സ്ത്രീ രൂപം അടുത്തേക്ക് വന്നപ്പോഴേക്കും അഞ്ജലിയുടെ കൈ കിടക്കയില്‍ കിടന്നിരുന്ന മരക്കുരിശിൽ തടഞ്ഞു . ഉടനെത്തന്നെ അഞ്ജലി ആ മരക്കുരിശ് കയ്യിലാക്കി.
ഈ സമയം ഗാഢ നിദ്രയിലായിരുന്ന ഫാദര്‍ ഗ്രിഗോറിയോസ് ഞെട്ടിയുണർന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ തീക്കനൽ പോലെ ജ്വലിച്ചു. ചെന്നിയിലെ ഞരമ്പുകൾ തുടിച്ചു . ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ ഫാദര്‍ ഗ്രിഗോറിയോസ് തറയില്‍ മുട്ടുകുത്തിനിന്ന് വലതു കയ്യില്‍ ക്രൂശിത രൂപം കൊത്തിയ ഊന്ന് വടി ഉയർത്തി പ്രാർത്ഥനാനിരതനായി .