പ്രവാസിയുടെ വിധവ

തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു

ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി..

ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ ..

പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു.

” ഹെലോ… ഫെമി ഇത് ഞാനാ മുജിക്ക.. ”

” ആ എന്താ ഇക്കാ പറയി.. ‘

” നോക്ക് നിനക്ക് ബാബു വിളിച്ചിരുന്നോ… ?

” ആ.. ഇക്ക ഇന്നലെ രാത്രി വിളിച്ചിരുന്നു… ഇനി വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇപ്പൊ വിളിക്കും എന്താ.. ഇക്കക്ക് എന്തേലും പറയാനുണ്ടോ.. ”

” ഹേയ് ഇല്ല ഫെമിയേ.. ഇന്നലെ വിളിച്ചപ്പോ ഓൻ എന്തേലും പറഞ്ഞിരുന്നോ നിന്നോട്…

” ആ എനിക്കും മോനും പോവാനുള ടിക്കറ്റ് എടുത്തിട്ടുണ്ട്.. അടുത്ത മാസം പത്താം തിയ്യതി ഇവിടുന്ന് കയറാം എന്നൊക്കെ പറഞ്ഞു.

പിന്നെ ഇക്കക്ക് ചെറുതായിട്ട് പനിയുണ്ട് കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞു.. ”

” ആ എന്ന ശരി നീ എപ്പോഴാ ഇവിടേക്ക് വരുന്നത് പറ്റാണെങ്കിൽ ഇന്ന് തന്നെ പോര് ഉമ്മാക്ക് സുഖല്ല…
ശരി ഞാൻ.വെക്കാണ് ”

ഫോൺ വെച്ചതിന് ശേഷം അവൾ ഒറ്റക്ക് പറഞ്ഞു..

ഇന്നലെ ഞാൻ അവിടുന്ന് ഒന്ന് പോന്നത് രണ്ടു ദിവസമെങ്കിലും ഒന്ന് വെറുതെ ഇരിക്കണം എന്ന് കരുതി.. അപ്പോഴേക്കും ഇതാ ചെല്ലാൻ പറയുന്നു വല്ലാത്ത കഷ്ടം തന്നെയാണ് ഇത്….

അങ്ങനെ പറഞ്ഞ് അവൾ ജിദ്ദയിലുള്ള അവളുടെ ഇക്കക്ക് മിസ്സ് കാൾ അടിച്ചു..

വിളിക്കുന്ന നേരം ആയിട്ടും വിളി ഒന്നും കാണുന്നില്ല.. അവൾ വാട്സാപ്പിലും വോയ്സ് വിട്ട് കൊണ്ടിരുന്നു.

പെട്ടെന്ന് അവളുടെ ഉമ്മയുടെ പൊട്ടി കരച്ചിൽ കേട്ട് അവൾ അകത്തേക്ക് ഓടി..

” ഉമ്മാ.. എന്താ.. എന്താ ഇങ്ങക്ക് പറ്റിയത് എന്തിനാ ഇങ്ങള് ഇങ്ങനെ കരയുന്നത്..

അടുത്ത് നിക്കുന്ന ഉപ്പയോടും അവളീ ചോദ്യം തന്നെ ചോദിച്ചു..

ഉപ്പയും ഒന്നും മിണ്ടിയില്ല..

അവസാനം “രണ്ടും കൂടി വഴക്ക് കൂടി കാണും അല്ലെ ‘ എന്നും പറഞ്ഞ് അവൾ റൂം വിട്ടിറങ്ങി..

അവൾ പോയന്ന് ഉറപ്പാക്കി അവളുടെ ഉപ്പ പോയി വാതിലടച്ചു..

എന്നിട്ട് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന അവളുടെ ഉമ്മയുടെ അടുത്ത് ചെന്നിരിന്ന് കൊണ്ട് പറഞ്ഞു.

” ഡീ.. നീ ഇങ്ങനെ കരയല്ലേ… അവളെ ഇപ്പൊ അറിയിക്കല്ലേ.. ഇത് ഉറപ്പായിട്ടില്ല..
അവന്റെ ഉപ്പാന്റെ അനിയൻ അവിടേക്ക് പോകുന്നുണ്ട്.. അവര് ചെന്നിട്ടേ.. കേട്ടത് സത്യമാണോ എന്ന് പറയാൻ പറ്റൂ… ‘

പെട്ടെന്ന് അയാളുടെ ഫോൺ റിങ് ചെയ്തു അയാൾ ചെറിയ ഒരു വിറയലോടെ ഫോൺ എടുത്തു..

” ഇക്കാ… കേട്ടത് ശരിയാണ് ബാബു പോയി..

ഇന്നലെ പനി ഉണ്ടായിരുന്നത്രേ… റൂമിലുള്ളവർ നിർബന്ധിച്ച് ഹോസ്പിറ്റലിലും കൊണ്ട് പോയി..

ഇന്നലെ രാത്രി മരുന്ന് കഴിച്ച് ഉറങ്ങാൻ കിടന്നതാണ്.. രാവിലെ ജോലിക്ക് പോകാൻ വിളിച്ചപ്പോൾ മിണ്ടിയില്ലത്രേ.. സൈലന്റ് അറ്റാക്ക് ആണെന്നാണ് പറയുന്നത്.. ”

മറുപടി കൊടുക്കാൻ കഴിയാതെ അയാളുടെ ഫോൺ കയ്യിൽ നിന്ന് താഴെ വീണു…

ജീവിതം തുടങ്ങും മുമ്പേ മോളെ വിട്ട് പോയ മരുമോനെയോർത്ത് അയാൾ ഇരുന്ന് വിതുമ്പി..

ഇത് എങ്ങനെ അവളെ അറിയിക്കും എന്ന ചിന്ത അയാളെ വല്ലാതെ പേടി പെടുത്തി.. കല്യാണം കഴിഞ്ഞ് വെറും നാലു മാസം മാത്രമേ അവർ ഒന്നിച്ച് കഴിഞ്ഞോള്ളൂ…
അവൾക്ക് വയറ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോൾ വീടുപണിന്റെ കാര്യം പറഞ് അവൻ വീണ്ടും പോയി..

ഇപ്പോ മൂന്ന് വർഷമായി വീട് പണി എല്ലാം കഴിഞ്ഞു അവളെ മോനെയും അവിടെ ഒന്ന് കാണിച്ചിട്ട് ഒരുമിച്ച് എല്ലാം നിർത്തി പോരണം എന്നും പറഞ്ഞ് ഇരിക്കുമ്പോഴാ ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചത്…

അയാൾ റൂമിൽ നിന്ന് ഇറങ്ങി അവളെ എങ്ങനേലും അവന്റെ വീട്ടിൽ എത്തിക്കണം എന്നായി അയാൾക്ക്..

അവന്റെ വിളിക്കും ചെവിയോർത്ത് ഫോണും പിടിച്ച് ഇരിക്കുന്ന അവളോട് അയാൾ പറഞ്ഞു..

” ഫെമി.. ഞമ്മക്ക് കിഴിശ്ശേരി ഒന്ന് പോകാ അവിടെ ഉമ്മക്ക് പനി ആണെന്ന് പറഞ്ഞ്.. നമ്മക്ക് ഒന്ന് കണ്ട് വരാം.. ”

ഇത് കേട്ട് അവൾ പറഞ്ഞു.

” ആ ഉപ്പാ ഞാ ഇത് ഇങ്ങളോട് പറയാൻ നിക്കായിരുന്നു.. കാക്ക നേരത്തെ വിളിച്ചപ്പോൾ ഇത് പറഞ്ഞിരുന്നു.. അപ്പൊ വിചാരിച്ചതാ.. ബാബുക്കന്റെ വിളി കഴിഞ്ഞിട്ട് നമ്മക്ക് അവിടെ വരെ ഒന്ന് പോവണം എന്ന്.. ”

” ഇനി നീ ബാബു വിളിക്കാൻ ഒന്നും നിക്കണ്ട വേഗം പോയി ഡ്രസ് ചെയ്യ്. ”