ശവക്കല്ലറയിലെ കൊലയാളി 7

ശവക്കല്ലറയിലെ കൊലയാളി 7
Story : Shavakkallarayile Kolayaali 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഡ്രൈവിങ്ങ്സീറ്റില്‍ കയറിയിരുന്ന് സ്കോട മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ നാൻസി വട്ടേകാടൻ ഡോക്ടര്‍ ലീനയെ നോക്കി .
ലീനയുടെ സ്ഥാനത്ത്‌ കണ്ടത് മറ്റൊരു രൂപമായിരുന്നു . ആ രൂപം കണ്ടതും നാൻസി ലീന എന്ന് നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല .

ഇടതുവശത്തിരുന്ന ലീനയുടെ രൂപം മറ്റൊരു യുവതിയുടേതായിരുന്നു. ആ രൂപം പേടിപ്പെടുത്തുന്ന ശബ്ദത്തില്‍ മൂളിക്കൊണ്ട് നാൻസിയുടെ നേരെ തിരിഞ്ഞു .

ലീനയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീ . നാൻസി താന്‍ കാണുന്നത് ദുഃസ്വപ്നമാണോ എന്ന് പോലും ചിന്തിച്ചു .

ആ രൂപത്തിന്റെ മുഖത്തിന്റെ ഇടതുവശത്തെ മാംസം ചതഞ്ഞരഞ്ഞ് അടർന്ന് രക്തം അപ്പോഴും ഒലിച്ചിറങ്ങുന്നതായി തോന്നി . ഇടത്തേ കണ്ണ് അടർന്ന് ഒരു ഞെരമ്പിൽ തൂങ്ങിയാടി . തലയോട്ടി പിളർന്ന് തലച്ചോർ പുറത്തേക്ക് കണ്ടിരുന്നു .

ഡോക്ടര്‍ നാൻസി വട്ടേകാടൻ ഏതോ അദൃശ്യമായ ഒരു ശക്തിക്ക് കീഴ്പ്പെട്ടവളെപ്പോലെ കാറിന്റെ ആക്സിലേറ്ററിൽ കാലമർത്തി . ആ കാർ അവളേയുംകൊണ്ട് പാഞ്ഞു .

ഡ്രൈവിങ്ങിനിടെ നാൻസി ഇടയ്ക്കിടെ ഇടതുവശത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഇടതുവശത്തെ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല .

എത്ര ദൂരം ആ സ്കോടാകാർ അവളേയും കൊണ്ട് ഓടി എന്നു പോലും അവൾക്കറിയില്ലായിരുന്നു. കാർ രാജകുമാരി ടൗണും കടന്ന് കുന്നിനു മുകളിലേക്ക് കയറുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ പോകുന്ന റോഡില്‍ നിശ്ചലമായി .

സംഭ്രമത്തിൽ തൊണ്ടവരണ്ട നാൻസി വണ്ടിയുടെ ഡാഷ്ബോക്സിൽ സൂക്ഷിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ എടുത്ത് മൂടിതുറന്ന് വായിലേക്ക് കമിഴ്ത്തി . വായിലേക്ക് ഒഴിച്ച വെള്ളത്തിന് പച്ച രക്തത്തിന്റെ രുചിയടിച്ചപ്പോൾ അവള്‍ അത് പുറത്തേക്ക് ഛർദ്ദിച്ചു . വെള്ളക്കുപ്പിയിലേക്ക് നോക്കിയപ്പോള്‍ അതില്‍ കൊഴുത്ത ചോരയായിരുന്നു ഉണ്ടായിരുന്നത് .

പെട്ടെന്ന് അവിടമാകെ കാറ്റ് വീശാൻ തുടങ്ങി, ഇടിമിന്നൽ ശക്തി പ്രാപിച്ചു . ശക്തമായ ഒരിടിമിന്നലിൽ നാൻസി കണ്ടു, കാറിന്റെ മുന്നില്‍ നേരത്തെ കണ്ട അതേ രൂപം ….