രക്തരക്ഷസ്സ് 22

കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു.

അടുക്കളയിലെ വിശാലമായ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ്ഗ് കൈ നീട്ടി എടുക്കാൻ തുടങ്ങിയതും അവ്യക്തമായ എന്തോ സ്വരം.അഭിമന്യുവിന്റെ കാതുകളിൽ എത്തി.

ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി.

കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് അഭിക്ക് ഉറപ്പായി.ആരോ ആരെയോ കൊല്ലാൻ ശ്രമിക്കുന്നു.

ഒറ്റക്കുതിപ്പിന് അഭി അടുക്കള വിട്ട് ഇടനാഴിയിലെത്തി.അമ്മാളുവിന്റെ മുറിയിൽ ഇരുണ്ട മണ്ണെണ്ണ വിളക്കിന്റെ വെട്ടം കണ്ടതും അവൻ അങ്ങോട്ട്‌ കുതിച്ചു.

മുറി വാതിലിനോട് അടുക്കും മുൻപേ അഭി പിടിച്ചു നിർത്തിയ പോലെ നിന്നു.

അകത്തെ കാഴ്ച്ച അവന്റെ കണ്ണുകളിൽ ഒരേ സമയം ഭയവും ജിജ്ജാസയും ഉളവാക്കി.

കണ്ണ് ചിമ്മി അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.അല്ല സ്വപ്നമല്ല യാഥാർഥ്യം തന്നെ.

മുറിയിൽ അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുന്ന ഒരു സ്ത്രീ.അവളുടെ കൈയ്യിൽ കിടന്ന് ശ്വാസം മുട്ടി പിടയുന്ന രാഘവൻ.

ആ സ്ത്രീയെ അഭി സൂക്ഷിച്ചു നോക്കി.അഴിഞ്ഞുവീണ കേശം നിലത്തിഴയുന്നു.

കണ്ണുകളിൽ അഗ്നി എരിയുന്നത് പോലെ.ചതഞ്ഞു പൊട്ടിയ മുഖത്ത് നിന്നും ചുടു രക്തം ഒലിച്ചിറങ്ങുന്നു.

അടിച്ചുണ്ടുകൾ തുളച്ചു കൊണ്ട് അവളുടെ കൊമ്പുകൾ ഇറങ്ങി നിൽക്കുന്നു.ഒരു ഞെട്ടലോടെ അവനവളെ തിരിച്ചറിഞ്ഞു.

അഭി പതിയെ പിന്നിലേക്ക് നീങ്ങി. അവന് ഉച്ചത്തിൽ അലറി വിളിക്കണമെന്ന് തോന്നി.പക്ഷേ പേടി കൊണ്ടോ എന്തോ ശബ്ദം പുറത്തേക്ക് വരുന്നില്ല.

ന്നെ കൊല്ലല്ലേ.എല്ലാ തെറ്റിനും മാപ്പ്.പറ്റിപ്പോയി.കൊല്ലല്ലേ.രാഘവൻ ശ്രീപാർവ്വതിക്ക് മുൻപിൽ തൊഴുത് യാചിച്ചു.

കൊല്ലരുത് ല്ല്യേ.ന്റെ അച്ഛനും അമ്മയും ഞാനും ഇത് പോലെ നിന്റെ യൊക്കെ മുൻപിൽ കെഞ്ചിയില്ലേ കൊല്ലല്ലേ എന്ന്.കേട്ടോ നീയൊക്കെ ഇല്ലല്ലോ.

രാഘവന് മറുത്തൊന്നും പറയാൻ വാക്കുകൾ കിട്ടിയില്ല.കഴുത്തിൽ മുറുകിയിരിക്കുന്ന ശ്രീപാർവ്വതിയുടെ കൈയ്യിലെ കൂർത്ത നഖങ്ങൾ തന്റെ ഞരമ്പുകൾ തുളച്ചു തുടങ്ങിയത് അയാളറിഞ്ഞു.

ന്നെ കൊല്ലല്ലേ രാഘവാ.ഞാനും എന്റെ കുടുംബവും എവിടെയെങ്കിലും പോയി ജീവിച്ചോളാ.ന്നെ കൊല്ലല്ലേ.

കൃഷ്ണ വാര്യരുടെ ദീന രോദനം അയാളുടെ ചെവികളിൽ ആർത്തിരമ്പി.

അവസാന ശ്രമമെന്ന വണ്ണം അയാൾ ഒരാശ്രയത്തിന് ചുറ്റും നോക്കി.
എങ്ങും കനത്ത നിശബ്ദത മാത്രം.

ചുവരിൽ കാഴ്ച്ച കണ്ടിരിക്കുന്ന ഇരപിടിയൻ പല്ലിക്ക് പോലും ശ്രീപാർവ്വതിയുടെ മുഖമാണെന്ന് അയാൾക്ക് തോന്നി.

പുറത്തെ ഇരുട്ടിൽ കുറേ കണ്ണുകൾ തിളങ്ങുന്നത് അയാൾ കണ്ടു.പതിയെ ആ തിളക്കം അടുത്ത് വന്നു.

ചെന്നായ്ക്കൾ.ചോര ഇറ്റ് വീഴുന്ന നാവ് നീട്ടി തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും ഉള്ള ചെന്നായ്ക്കൾ ജനലിനരികെ അക്ഷമരായി കാത്തിരിക്കുന്നു.

അവറ്റകളെ കണ്ടതും ശ്രീപാർവ്വതിയുടെ മുഖത്ത് ചിരി വിടർന്നു.

അവരെ കണ്ടോ.ഇന്ന് നിന്റെ ഈ വൃത്തികെട്ട ശരീരം അവർ കടിച്ചു കീറും.

ഇഞ്ചിഞ്ചായി മരിക്കുന്നതിന്റെ വേദന നീ അറിയണം.ന്റെ അച്ഛൻ,അമ്മ ഞാൻ ഒക്കെ അനുഭവിച്ച വേദന നീ അറിയണം.അവളുടെ കണ്ണുകളിൽ നിന്നും രക്തം തിളച്ചിറങ്ങി.

ഭയം നിറഞ്ഞ രാഘവന്റെ കണ്ണുകൾക്ക് നേരെ അവളുടെ മറുകൈ ഉയർന്നു.

ഈ കണ്ണുകൾ കൊണ്ടല്ലേ നീ എന്റെയും എന്റെ അമ്മയുടെയും പിന്നെ എത്രയോ പാവങ്ങളുടെ നഗ്നത കണ്ട് രസിച്ചത്.ഇനിയിത് ഞാൻ എടുക്കുവാ.

അവൾ ക്രൗര്യമായ ചിരിയോടെ അയാളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. രാഘവൻ വേദന കൊണ്ട് പുളഞ്ഞു.

കണ്ണുകളുടെ സ്ഥാനത്ത് രൂപം കൊണ്ട് ചോരക്കുഴികളിൽ നിന്നും രക്തം ഒഴുകിയിറങ്ങി.

വേദനയും നെഞ്ചിൽ കുടുങ്ങിയ പ്രാണവായുവും മൂലം അയാളുടെ നാവ് പുറത്തേക്ക് തള്ളി.

പെൺ മാനത്തിന് വില പറഞ്ഞ ആ വൃത്തികെട്ട നാവ് അവൾ വലിച്ചു പറിച്ചെടുത്തു.

പാതി ജീവനോടെ തന്റെ കൈയ്യിൽ പിടയുന്ന രാഘവനെ നോക്കി ആനന്ദം കൊണ്ട് പൊട്ടിച്ചിരിച്ചു ശ്രീപാർവ്വതി.

ഈ കൈകൊണ്ടല്ലേ നീയെന്റെ അച്ഛന്റെ ജീവനെടുത്തത്.ഇതേ കൈ കൊണ്ടല്ലേ ന്റെ പാവം അമ്മയുടെ മടിക്കുത്തഴിച്ചത്.ഒടുവിൽ ഇതേ കൈ കൊണ്ട് നീയെന്നെ കൊന്നില്ലേ.

ചോദ്യങ്ങൾ പൂർണ്ണമായതും അവൾ അയാളുടെ വലതു കൈ ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ വലിച്ചു പറിച്ചു.

ഒടുവിൽ പുറത്ത് ഊഴം കാത്തിരുന്ന ചെന്നായ്ക്കളുടെ അരികിലേക്ക് അയാളെ വലിച്ചെറിഞ്ഞു.

ഒരാർത്ത നാദത്തോടെ ജനലഴികൾ തകർത്തു കൊണ്ട് രാഘവന്റെ തടിച്ച ശരീരം പുറത്ത് നിന്ന ചെന്നായക്കൂട്ടത്തിന്റെ ഇടയിലേക്ക് വീണു.

നിമിഷ നേരം കൊണ്ട് നൂറ് കണക്കിന് ചെന്നായ്ക്കൾ അയാളെ കടിച്ചു കുടഞ്ഞു.

ആർത്തലയ്ക്കുന്ന മഴയിൽ അയാളുടെ രോദനം മുങ്ങിപ്പോയി.
ഭ്രാന്ത് പിടിച്ച പോലെ ചെന്നായ്ക്കൾ അയാളെ കടിച്ചു കീറാൻ മത്സരിച്ചു.

എല്ലാം കണ്ട് നിന്ന ശ്രീപാർവ്വതി പൊട്ടിച്ചിരിച്ചു.അവളുടെ മുഖത്ത് ശത്രുക്കളിൽ ഒരുവനെ ഇല്ലായ്മ ചെയ്തതിന്റെ സന്തോഷം നിറഞ്ഞു നിന്നു.

എല്ലാം ഒളിഞ്ഞു കണ്ട അഭിമന്യുവിന്റെ പാതി ജീവൻ പോയി.അയാൾ ഭയന്ന് വിറച്ചു കൊണ്ട് തിരിച്ചോടി.

അടുക്കളയിൽ ഇരുന്ന വിളക്ക് കൈയ്യിലെടുത്തതും അനുസരണയില്ലാത്ത കുളിർ കാറ്റ് അത് ഊതിയണച്ചു.

വിളക്ക് വലിച്ചെറിഞ്ഞ അഭി തപ്പിത്തടഞ്ഞ് പടികൾ കയറി ഇടയിലെവിടെയോ കാലുടക്കി തെറിച്ചു വീണു.

പിടഞ്ഞെഴുന്നേറ്റ അഭിക്ക് തന്റെ പിന്നാലെ ആരോ വരുന്നത് പോലെ തോന്നി.ശരീര വേദന വക വയ്ക്കാതെ അവൻ ഓടി മുറിയിൽ കയറി വാതിലടച്ചു.

നിമിഷ നേരം കൊണ്ട് അയാളുടെ ദാഹം ഭയത്തിന് വഴി മാറി. തീവ്രമായഭയം ഉച്ചസ്ഥായിൽ നിലകൊണ്ടു.

താഴെ കണ്ട കാഴ്ച്ചകൾ അവന് വിശ്വസിക്കാൻ സാധിച്ചില്ല.പക്ഷേ എല്ലാം പകൽ പോലെ വ്യക്തം.

രാഘവൻ എന്തിന് ഈ സമയം അവിടെ പോയി.അമ്മാളു എങ്ങനെ ശ്രീപാർവ്വതിയായി. അഭിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല.

ഭയത്തിന്റെ കാഠിന്യം അവന്റെ ഹൃദയമിടിപ്പിന്റെ താളം വേഗത്തിലാക്കി.അടുത്ത നിമിഷം വെട്ടിയിട്ട മരം പോലെ അഭി ബോധമറ്റ് വീണു.

പുറത്ത് മഴ തിമർത്താടുകയാണ്. നീതി നിർവ്വഹണത്തിന് മൂക സാക്ഷികൾ ആയ വൃക്ഷ-ലതാതികൾ തലകുലുക്കി നിന്നു.
********************************
ഉണ്ണ്യേട്ടാ.ഒന്നെണീറ്റെ.ന്തൊരു ഉറക്കാ ഇത്.കാതിൽ ലക്ഷ്മിയുടെ നനുത്ത ശബ്ദം പതിച്ചതും അഭി കണ്ണ് തുറന്നു.

ആദിത്യന്റെ ഇളം കൈകൾ ജനലഴികളെ തഴുകിത്തലോടി ജാലകത്തിലൂടെ അകത്തേക്ക് ഒഴുകിയെത്തി.

ദാ.സൂര്യൻ മുഖത്ത് വീണു.എന്നിട്ടും ഇവിടെ ഒരാൾക്ക് നേരം വെളുത്തിട്ടില്ല്യ.