രക്തരക്ഷസ്സ് 13

ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം.

മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്.

ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി.

കുമാരേട്ടൻ മംഗലത്ത് കൃഷ്ണ മേനോന്റെ വലം കൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനായ കാര്യസ്ഥൻ ല്ല്യേ.

ആഗതന്റെ ചോദ്യം കേട്ടതും അഭിയെപ്പോലെ കുമാരനിലും അമ്പരപ്പ് പ്രകടമായി.

എന്നാൽ അഭിയുടെ ചിന്ത തലേന്ന് കേട്ട അശരീരിയിൽ തന്നെ വട്ടം കറങ്ങി.

കൃഷ്ണ മേനോൻ അദ്ദേഹം ഇല്ലേ.ആഗതൻ കുമാരനെ നോക്കി.ഊവ്വ്.കയറി വരൂ.

മൂവരും അകത്തേക്ക് കയറി.ആരാ കുമാരാ എന്ന ചോദ്യവുമായി കൃഷ്ണ മേനോൻ അപ്പോഴേക്കും റൂമിൽ നിന്നും പുറത്തേക്ക് വന്നു.

നമസ്കാരം,വിശേഷങ്ങൾ അറിഞ്ഞു വരാൻ തക്ക സാഹചര്യം അല്ലാത്തതിനാലാണ് വരാതിരുന്നത്. ആഗതൻ കൃഷ്ണ മേനോനോടായി പറഞ്ഞു.

ഹാ എല്ലാം കഴിഞ്ഞു.ന്റെ ഒരു ഭാഗം നഷ്ട്ടമായി.ഇരിക്കൂ.അയാൾ സെറ്റിയിലേക്ക് കൈ ചൂണ്ടി.

മ്മ്മ്.ഞാൻ ആരാണ് എന്ന സംശയം എല്ലാവരിലും ഉണ്ട് ല്ലേ.എനിക്ക് നിങ്ങളെ എല്ലാവരെയും അറിയുന്ന സ്ഥിതിക്ക് ഞാൻ എന്നെ പരിചയപ്പെടുത്താം.

ഞാൻ ഉണ്ണി.ഉണ്ണീന്ന് പറയുമ്പോൾ അത് പേരല്ല.വിളിപ്പേരാണ് ചിലർ രുദ്രൻ എന്നും വിളിക്കും.ഹാ താനും ഒരുണ്ണി ആണ് ല്ല്യേ.

അഭിക്ക് അത്ഭുതം അടക്കാൻ സാധിച്ചില്ല.അയാൾ അർദ്ധശങ്കയോടെ തല കുലുക്കി.

ആ അപ്പോൾ പറഞ്ഞു വന്നത്.ശരിയായ പേര് രുദ്ര ശങ്കരൻ.

രുദ്ര ശങ്കരൻ,ഉണ്ണിയെന്ന രുദ്ര ശങ്കരൻ.ആർക്കും ആ പേര് മുൻപെവിടെയും കേട്ടതായി ഓർമ്മയിൽ വന്നില്ല.

ഹേ.ആലോചിച്ചു തല പെരുക്കേണ്ട.നിങ്ങൾക്ക് എന്നെ അറിയില്ല.ഈ പേര് പോലും.

പക്ഷേ.എന്റെ അച്ഛനെ പറഞ്ഞാൽ അറിയും.ശങ്കര നാരായണ തന്ത്രി.
ഇടി വെട്ടിയത് പോലെ കൃഷ്ണ മേനോൻ ചാടിയെഴുന്നേറ്റു.

അഭിയും കുമാരനും സമാന അവസ്ഥയിൽ തന്നെയായിരുന്നു.

കാളകെട്ടിയിലെ മഹാമാന്ത്രികന്റെ മകൻ,എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല്യാ.

തൊഴുതു കൊണ്ട് ആ കാലിലേക്ക് സാഷ്ട്ടാംഗം പ്രണമിച്ചു കൃഷ്ണ മേനോൻ.

ഹേ.എന്താണിത്.എന്നേക്കാൾ എത്രയോ മൂത്ത അങ്ങ് എന്റെ കാല് പിടിക്കുകയെ ശിവ ശിവ.

എഴുന്നേൽക്കൂ.രുദ്രൻ അയാളെ പിടിച്ചെഴുന്നേല്പിച്ചു.

രക്ഷിക്കണം ഞങ്ങളെ രക്ഷിക്കണം.തന്ത്രിയദ്ദേഹം പറഞ്ഞിരുന്നു ഉണ്ണിത്തിരുമേനിക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കൂ എന്ന്.

മ്മ്മ്.നോക്കട്ടെ.ഇയാളാണ് വില്ലൻ ല്ലേ. രുദ്രൻ അഭിയെ നോക്കി.അയാൾ ഒന്നും മിണ്ടാതെ തല കുനിച്ചു.

അല്ലാ.തിരുമേനിക്ക് കുടിക്കാൻ എന്താ,സംഭാരമോ അതോ പാലോ?കുമാരൻ പെട്ടന്ന് വിഷയം മാറ്റി.

ആ അതിപ്പോ അല്പം ക്ഷീരം ആവാം.ഇളം ചൂടുണ്ടെങ്കിൽ സന്തോഷം.

അമ്മാളൂ കാര്യസ്ഥൻ അകത്തേക്ക് നോക്കി വിളിച്ചു.ലക്ഷ്മിയുടെ പ്രായമുള്ള ഒരു പെൺകുട്ടി വാതിൽക്കൽ വന്നെത്തി നോക്കി.

തിരുമേനിക്ക് കുടിക്കാൻ ഇളം ചൂടിൽ അൽപ്പം പാൽ എടുക്കൂ.അവൾ തല കുലുക്കിക്കൊണ്ട് അകത്തേക്ക് പോയി.

ആരാ അത് രുദ്രൻ കൃഷ്ണ മേനോനെ നോക്കി.അത് മോൾക്ക്‌ ഒരു സഹായത്തിന്,ദേവകിയമ്മ പോയപ്പോൾ…. മറുപടി പറഞ്ഞത് കുമാരനാണ്.

മ്മ്മ്.രുദ്രൻ ഒന്നിരുത്തി മൂളി.എപ്പോൾ മുതലാണ് അവളിവിടെ.

അധികം ആയിട്ടില്ലാ,ഒരു അഞ്ച് ദിവസം കഴിഞ്ഞു.

അഞ്ച്,മ്മ്മ്.അയാൾ കൈവിരൽ മടക്കി എന്തോ കണക്ക് കൂട്ടി.

അപ്പോഴേക്കും വെള്ളോട്ട് മുരടയിൽ പാലുമായി അമ്മാളു അങ്ങോട്ടേക്ക് എത്തി.

പാലിനായി രുദ്രൻ കൈ നീട്ടിയെങ്കിലും അവൾ മുരട അയാളുടെ മുൻപിൽ ഇട്ടിരുന്ന ചെറിയ ടേബിളിൽ വച്ചിട്ട് മാറി നിന്നു.

ചെറിയൊരു ചിരിയോടെ രുദ്രൻ മുരട കൈയ്യിലെടുത്തു.പെട്ടന്ന് അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.

ന്തേ തിരുമേനി.എന്ത് പറ്റി.രുദ്രന്റെ മുഖത്തെ ഗൗരവം കണ്ട കൃഷ്ണ മേനോൻ ചോദിച്ചു.

ഹേ,ഒന്നുല്ല്യ.ഈ ക്ഷീരം തണുത്തതാണല്ലോ.കൃഷ്ണ മേനോൻ അമ്മാളുവിന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി.

യ്യോ,വല്ല്യമ്പ്രാ ഞാൻ ഇളം ചൂടിൽ തന്നെയാ പാലെടുത്തത്.ദാ ഇപ്പോൾ ചൂടാക്കിയതാണ്.

ഓഹോ.ന്നിട്ട് ഇത് ഇത്ര പെട്ടന്ന് തണുത്തു ല്ലേ.മ്മ്മ് കടന്ന് പോവൂ. മേനോൻ സ്വരം കടുപ്പിച്ചുകൊണ്ട് പാൽ നിറച്ച മുരട കൈയ്യിലെടുത്തു.

പെട്ടന്ന് അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.യ്യോ തിരുമേനി ക്ഷമിക്കണം ഇതിന് ചൂട് ഉണ്ടല്ലോ.

രുദ്രന്റെ നെറ്റി ചുളിഞ്ഞു.അയാൾ മേനോന്റെ കൈയ്യിൽ നിന്നും അത് തിരിച്ചു വാങ്ങി.

ശരിയാണ് മുരടയ്ക്ക് പുറത്ത് ചൂട് അനുഭവപ്പെടുന്നു.അപ്പോൾ ആദ്യം തണുപ്പ് അനുഭവപ്പെട്ടത്.അയാൾ ചിന്തിതനായി.

പെട്ടന്ന് തന്റെ കൈയ്യിൽ വല്ലാതെ ചൂട് അനുഭപ്പെടുന്നത് രുദ്രൻ അറിഞ്ഞു.