രക്തരക്ഷസ്സ് 23

എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്.

തലേന്ന് രാത്രിയിൽ രാഘവനെ ശ്രീപാർവ്വതി എടുത്തെറിഞ്ഞപ്പോൾ തകർന്ന് വീണ ജനൽ യാതൊരു കേടുപാടുമില്ലാതെ പൂർവസ്ഥിതിയിൽ ആയിരിക്കുന്നു.

ചെന്നായ്ക്കൾ കടിച്ചു കീറിയ രാഘവന്റെ ശരീരം പോയിട്ട് ഒരു തുള്ളി രക്തം പോലും അവിടെങ്ങുമില്ല.

ന്താ കൊച്ചമ്പ്രാ നോക്കണേ.ചോദ്യം കേട്ട് അഭി ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ചോദ്യ ഭാവത്തിൽ അമ്മാളു.

ഹേ.ഒന്നൂല്ല്യ.ഇന്നലെ രാത്രിയിൽ ഇവിടെ എന്തോ വീഴുന്ന ഒച്ച കേട്ടു.അഭി ഒഴിഞ്ഞു മാറി.

ചിന്താഭാരവുമായി മുൻപോട്ട് നീങ്ങുമ്പോൾ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല.
**********************************
പതിവായുള്ള പൂജയും ഹോമവും കഴിച്ച് സാഷ്ട്ടംഗ പ്രണാമം നടത്തി നിവരുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് അസാധാരണമായ ഗൗരവം നിറഞ്ഞിരുന്നു.

നെയ്യ് നിറച്ച് കൊളുത്തി വച്ച വിളക്കുകളിൽ രണ്ടെണ്ണം അണഞ്ഞിരിക്കുന്നു.

ശ്രീപാർവ്വതിയുടെ പടുമരണത്തിന് ഉത്തരവാദികളായ 2 പേർ മാത്രം മംഗലത്ത് ഇനി അവശേഷിക്കുന്നു.

വാഴൂർ,കിഴ്ശ്ശേരി,പന്തിയൂർ ഇല്ലങ്ങളിൽ നിന്നുള്ള മാന്ത്രികന്മാർ പുലർകാലത്ത് തന്നെ കാളകെട്ടിയിൽ എത്തിച്ചേർന്നിരുന്നു.

കാര്യങ്ങളുടെ ഗൗരവാവസ്ഥ ഏവർക്കും മനസ്സിലായതിനാൽ അന്ന് തന്നെ വേണ്ട ഒരുക്കങ്ങൾ ആരംഭിക്കാൻ അവർ തീരുമാനിച്ചു.

മാന്ത്രികപ്പുരയുടെ വാതിൽ അടച്ച് തിരിഞ്ഞു നടക്കുമ്പോൾ അകത്ത് മൂന്നാമത്തെ നെയ്യ് വിളക്കിന്റെ നാളമുലയുന്നത് തന്ത്രി അറിഞ്ഞില്ല.

ആദിത്യ കിരണങ്ങൾക്ക് അകമ്പടി സേവിച്ച് കിഴക്ക് നിന്നും ആഞ്ഞു വീശിയ തണുത്ത കാറ്റിൽ ഉലയുന്ന മേൽമുണ്ട് ഒന്ന് കൂടി വാരിപ്പുതച്ച് തന്ത്രി ഇല്ലത്തിന്റെ പൂമുഖത്തേക്ക് കാൽ വച്ചതും ഉത്തരത്തിലിരുന്ന ഗൗളി താഴേക്ക് വീണതും ഒന്നിച്ച്.

അപശകുനം നെറ്റി ചുളിച്ചു കൊണ്ട് ശങ്കര നാരായണ തന്ത്രികൾ മന്ത്രിച്ചു.ദേവീ ന്താ ഇപ്പോ ഇങ്ങനൊരു ലക്ഷണം.

പടുമരണം തന്നെ.അകത്ത് നിന്നും താംബൂലത്തിൽ നൂറ് തേച്ചു കൊണ്ട് പുറത്തേക്ക് വന്ന വാഴൂർ മനയിലെ വസുദേവൻ ഭട്ടതിരിയുടെ വാക്കുകൾ ശങ്കര നാരായണ തന്ത്രിയുടെ കാതിൽ വന്നലച്ചു.

ആര്.അങ്ങനെ ചോദിക്കാൻ വാ തുറന്നെങ്കിലും അതിന് പകരം കുമാരൻ എന്ന് തന്ത്രി മനസ്സാ മന്ത്രിച്ചു.പക്ഷേ എങ്ങനെ.

കാളകെട്ടിയിലെ മാന്ത്രികന്മാരുടെ രക്ഷയ്ക്ക് ശക്തി പോരായ്മകൾ വന്നുവോ.

ആ മനസ്സ് വായിച്ചിട്ടെന്നവണ്ണം വസുദേവ ഭട്ടതിരി തന്ത്രിയുടെ സംശയങ്ങൾ നിവാരണം ചെയ്തു.

ഇനിയിപ്പോ എന്ത് ചെയ്യും വസുദേവാ തന്ത്രിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി.

കർമ്മഫലം അനുഭവിക്കുക തന്നെ വേണമല്ലോ തന്ത്രിയദ്ദേഹം.
ഇനിയൊരു രക്ഷയില്ല.അയാളുടെ വിധി.അങ്ങനെ സമാധാനിക്കുക.

നീട്ടിയൊന്ന് മൂളുക മാത്രമായിരുന്നു ശങ്കര നാരായണ തന്ത്രികൾ ചെയ്തത്.

അതേ സമയം രാഘവന്റെ ബെൻസ് കാർ വള്ളക്കടത്ത് പുഴയുടെ ഓരത്ത് കൂടി ചീറിപ്പായുകയായിരുന്നു.

വണ്ടിയുടെ ക്രമാധീതമായ വേഗത ഉള്ളിൽ ഭയത്തിന്റെ വിത്ത് വിതച്ചപ്പോൾ കുമാരൻ രാഘവനെ നോക്കി.അതേ അൽപ്പം വേഗത കുറയ്ക്കാ.

രാഘവനിൽ നിന്നും പ്രതികരണം ഉണ്ടായില്ല.വണ്ടിക്ക് വീണ്ടും വേഗത വർദ്ധിച്ചു.

കുമാരൻ ഭയത്തോടെ ചുറ്റും നോക്കി.കാർ റോഡിൽ നിന്നും വിട്ട് വള്ളക്കടത്ത് ദേവീ ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞത് അയാളറിഞ്ഞു.

രാഘവാ.വഴി തെറ്റി.ഇതല്ല കാളകെട്ടിയിലേക്കുള്ള വഴി.അയാൾ അൽപ്പം ഒച്ചയുയർത്തി.

ഹാ.കിടന്ന് പിടയ്ക്കാതെടോ എനിക്കറിയാം.രാഘവൻ വെട്ടിത്തിരിഞ്ഞു.

അയാളുടെ മുഖത്ത് കനത്ത ഗൗരവം തിങ്ങി നിറഞ്ഞിരുന്നു. കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കവും ചുവപ്പ്‌ രാശിയും.

രാഘവനിൽ പെട്ടന്നുണ്ടായ ഭാവ മാറ്റം കുമാരനിൽ ഞെട്ടലുളവാക്കി.
അയാൾ മറുത്തൊന്നും പറയാതെ പുറത്തേക്ക് കണ്ണോടിച്ചു.

കാട് മൂടി ഇരുട്ട് തിങ്ങി നിൽക്കുന്ന ക്ഷേത്രത്തിന് മുൻപിൽ കടിഞ്ഞാൺ വലിച്ച കുതിരയെപ്പോലെ വണ്ടി നിന്നു.

ഡോർ തുറന്ന് പുറത്തിറങ്ങിയ കുമാരൻ ജീവൻ തിരിച്ചു കിട്ടിയ പോലെ ശ്വാസം ആഞ്ഞു വലിച്ചു.

അയാൾ ഭയത്തോടെ ചുറ്റും കണ്ണോടിച്ചു.കാട്ടു വള്ളികൾ സർപ്പങ്ങളെപ്പോലെ മരങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.

പൊളിഞ്ഞു തുടങ്ങിയ ചുറ്റുമതിലിന് മുകളിലൂടെ സ്വര്യവിഹാരം നടത്തുന്ന ഇണ സർപ്പങ്ങൾ.

കഴിഞ്ഞ കാലത്തെ ചില ഓർമ്മകൾ അയാളുടെ മനസ്സിലെ ഭയത്തിന്റെ ആക്കം കൂട്ടി.

നമുക്ക് പോകാം രാഘവാ.പേടി കൊണ്ട് കുമാരന്റെ ശബ്ദം വിറച്ചു. മറുപടിയില്ലതെ വന്നതും അയാൾ പിന്തിരിഞ്ഞു നോക്കി.

ഇല്ലാ രാഘവൻ പിന്നിലില്ലാ. കുമാരന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

കൈവശം ഉണ്ടായിരുന്ന രക്ഷ ഊരി അഭിക്ക് കൊടുക്കാൻ തോന്നിയ നിമിഷത്തെ അയാൾ സ്വയം പഴിച്ചു.

പെട്ടന്ന് ഇരുട്ട് തിങ്ങിയ ക്ഷേത്ര വളപ്പിനുള്ളിൽ ആരോ നിൽക്കുന്നത് പോലെ കുമാരന് തോന്നി.അയാൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.