എന്റെ കാന്താരി

ഈറൻ പുലരികളിലും
നിലാവ് പെയ്യുന്ന സന്ധ്യകളിലും
പുൽനാമ്പും പുൽക്കൊടിയും മഞ്ഞു തുള്ളികളെ പ്രണയിക്കാറുണ്ടത്രെ..
നേരാണോ അഭിയേട്ടാ…

ആ ….. എനിക്കറിയില്ല …. അത് അവരോട് പോയ് ചോദിക്ക്

കൊരങ്ങൻ….. റൊമാൻസ് തീരെ ഇല്ല അവൾ കപട ഗൗരവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു
പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം
കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു

അഭിയേട്ടാ….

ഒന്ന് കൊഞ്ചാതെ പെണ്ണെ..

അഭിയേട്ടാ…

ഇങ്ങട്ട് നോക്കിയേ…

നീ ഒന്ന് പറയ് അമ്മൂട്ടീ…

എന്റെ കണ്ണിലൊന്നു നോക്കിക്കേ

നോക്കിയല്ലോ

ഇനി പറയൂ, ഏട്ടന് എന്നോട് എത്ര ഇഷ്ടം ഉണ്ട്..

മുഖം വക്രിച്ചു കൊണ്ട് അവൻ കളിയായി പറഞ്ഞു
ഇഷ്ടം കൂടാൻ പറ്റിയ മുതൽ …. നിനക്ക് കോങ്കണ്ണ് ഉണ്ടോ? ഞാനിപ്പോഴാ ശ്രദ്ധിച്ചത്. ഛേ വെറുതേ സമയം കളഞ്ഞു

ഇത്രയും പറഞ്ഞ് അവൻ മുഖം തിരിച്ചു.പിന്നെ കേട്ടത് മുളം തണ്ട് ചീന്തും പോലെ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.അമ്മു രണ്ട് കൈകളും കൊണ്ട് മുഖം പൊത്തി ഏങ്ങലടിച്ച് കരയുന്നു. വളരെ പാവമാണ് അവൾ.എന്നും കുട്ടിക്കളി മാത്രം. ഇടയ്ക്ക് കുറുമ്പ് ഇത്തിരി കൂടുതലാണ്. അതൊന്ന് കുറയ്ക്കാൻ വേണ്ടി പറഞ്ഞതാണ്. ഇങ്ങനാവുമെന്ന് കരുതിയില്ല. ഇതിപ്പോൾ കളി കാര്യമാകുന്ന ലക്ഷണമാണ്. സമാധാനിപ്പിച്ചില്ലെങ്കിൽ കളി മാറും. അഭി അവളുടെ നേർക്ക് തിരിഞ്ഞിരുന്നു
പിന്നെ ബലം പിടിച്ച് അവളുടെ കൈകൾ അകറ്റി കുമ്പിട്ടിരുന്ന ആ മുഖം രണ്ട് കൈവെള്ളയിലുമായി സ്നേഹത്തോടെ പിടിച്ചുയർത്തി ആ നിറഞ്ഞ് ഒഴുകുന്ന കണ്ണുകളിലേക്ക് നോക്കി. അവനും തന്റെ കണ്ണുകൾ നിറയുന്നത് അറിയുന്നുണ്ടായിരുന്നു.
അവന്റെ ഹൃദയത്തിന്റെ കോണിൽ ഒളിപ്പിച്ചിരുന്ന സ്നേഹം വാക്കുകളായി പുറത്തേക്ക് വന്നവളുടെ കാതുകളിലെത്തി
അമ്മൂ… നിന്റെ കണ്ണുകളെ നീ എത്ര സ്‌നേഹിക്കുന്നു അത്രത്തോളം… അത്രത്തോളം തന്നെ… നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നിട്ട് ഇനിയും എന്നെ നീ പരീക്ഷിക്കുകയാണോ?

ഇത് കേൾക്കാൻ കാത്തിരുന്നത് പോലെ അവളുടെ മുഖം വിടർന്നു.
സത്യാണോ

അതേ അമ്മു സത്യമാണ്

ഉറപ്പാണോ ?

ഉറപ്പ്!
ഇത് കേട്ടതും രണ്ട് കയ്യും എടുത്ത് അവനെ പിന്നിലേക്ക് തള്ളിക്കൊണ്ട് അവൾ കുസൃതി നിറഞ്ഞ പൊട്ടിച്ചിരിയോടെ ചാടി എണീറ്റു എന്നിട്ട് ഓടുന്നതിനിടയിൽ വിളിച്ച് പറഞ്ഞു…. അത് എനിക്കറിയാടാ കുരങ്ങാ നിന്നെ കൊണ്ട് അത് പറയിക്കാനാ ഞാൻ കരഞ്ഞത്
ടീ കാന്താരീ നിന്നെ എന്റെ കയ്യിൽ ഇനിയും കിട്ടും അഭിയും ഉറക്കെ വിളിച്ചു പറഞ്ഞു…