രക്തരക്ഷസ്സ് 21

ചതി പറ്റിയല്ലോ ദേവീ.രുദ്രൻ ദുർഗ്ഗാ ദേവിയുടെ മുഖത്തേക്ക് നോക്കി.

രക്ഷിക്കാം എന്ന് വാക്ക് കൊടുത്ത് പോയല്ലോ അമ്മേ.കാളകെട്ടിയിലെ മാന്ത്രികന്മാരെയും ഇവിടുത്തെ ഉപാസനാ മൂർത്തികളെയും ആളുകൾ തള്ളിപ്പറയുമോ.

രുദ്രൻ ദേവിക്ക് മുൻപിൽ ആവലാതികളുടെ ഭാണ്ഡമഴിച്ചു

എല്ലാം അറിയുന്ന മഹാമായ തന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നത് പോലെ രുദ്രന് തോന്നി.

“വിധിയെ തടുക്കാൻ മഹാദേവനും സാധ്യമല്ല ഉണ്ണീ”എന്ന് ഉള്ളിലാരോ മന്ത്രിക്കും പോലെ.

ഇല്ലാ അച്ഛനെ വിവരം അറിയിക്കണം.അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട് വാതിലിന് നേരെ നടന്നു.

യജമാനൻ അപകടം ക്ഷണിച്ചു വരുത്താൻ പോകുന്നുവെന്ന് വ്യക്തമായ സുവർണ്ണ സർപ്പം ഞൊടിയിടയിൽ രുദ്രന്റെ കാലിൽ ചുറ്റി വരിഞ്ഞു.

മുൻപോട്ട് നീങ്ങാൻ സർപ്പ ശ്രേഷ്ഠൻ തടസ്സം നിന്നതും രുദ്രന് സിദ്ധവേധപരമേശിന്റെ വാക്കുകൾ ഓർമ്മ വന്നു.

ജപം പൂർണ്ണമാവാതെ തനിക്ക് അറ വിട്ടിറങ്ങാൻ സാധിക്കില്ല.താൻ അപകടത്തിലാവുമെന്ന് സർപ്പം അറിഞ്ഞിരിക്കുന്നു.

യജമാനന് കാര്യ ബോധം കൈവന്നുവെന്ന് മനസ്സിലായതും സർപ്പം ചുറ്റഴിച്ചു.

സ്വന്തം യജമാനന്റെ വഴി മുടക്കി ആ കാലിൽ ബന്ധനം തീർത്തത്തിന്റെ പാപ ബോധത്താൽ ആ സർപ്പം രുദ്രന്റെ കാലിൽ തന്റെ തല തല്ലി മാപ്പിരന്നു.

നിറ കണ്ണുകളോടെ രുദ്രൻ അതിന്റെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.അതോടെ ആ ശ്രേഷ്ഠ സർപ്പം വീണ്ടും അറ വാതിൽക്കൽ കാവലുറപ്പിച്ചു.
**********************************
നീ എന്തിനാ പേടിക്കുന്നെ.ഞാൻ ഒന്നും ചെയ്യില്ല.പറയുന്നത് അനുസരിച്ചു നിന്നാൽ നിനക്ക് നല്ലതാ.രാഘവൻ അമ്മാളുവിനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

വേണ്ടാ എനിക്ക് പേടിയാ.തമ്പ്രാൻ പുറത്ത് പോ.ഇല്ലേൽ ഞാൻ ഒച്ച വയ്ക്കും.

രാഘവന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.നായിന്റെ മോളേ.ശബ്ദം പുറത്ത് വന്നാൽ കൊന്ന് തള്ളും നിന്നെ.

അയാൾ അരയിൽ നിന്നും തോക്കെടുത്ത് അവളുടെ നേർക്ക് ചൂണ്ടി.

പെട്ടന്ന് കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.പടിപ്പുരയുടെ മുകളിൽ രുദ്രൻ കാവൽ നിർത്തിയ കൃഷ്ണ പരുന്തുകൾ അങ്ങോട്ടേക്ക് ചീറിയടുത്തു.

ജനലഴികൾക്കപ്പുറം പരുന്തുകൾ ചിറകടിച്ചു ശബ്ദമുയർത്തി.

നാശം.രാഘവൻ ഒച്ചയിട്ട് അവയെ ഓടിക്കാൻ ശ്രമിച്ചു.എന്നാൽ പരുന്തുകൾ പിന്തിരിഞ്ഞില്ല.

അടുത്ത നിമിഷം അയാളുടെ പിസ്റ്റൾ തീ തുപ്പി.കൂട്ടത്തിൽ ഒരു പരുന്ത് വെടിയേറ്റ് നിലം പതിച്ചു.

സൈലൻസർ ഉള്ളത് കൊണ്ട് വെടി ശബ്ദം ആരും കേട്ടില്ല.രണ്ടാമത്തെ പരുന്തിന് നേരെ ഉന്നം പിടിച്ചപ്പോഴേക്കും അത് എങ്ങോട്ടോ പറന്നകന്നു.

കാറ്റിന് അകമ്പടി പോലെ മഴ പെയ്തിറങ്ങി.ജാലക വാതിൽ ശക്തമായ കാറ്റിൽ തുറന്നടഞ്ഞു.

നിലാവെളിച്ചം മാഞ്ഞതോടെ രാഘവൻ ലൈറ്റിന്റെ സ്വിച്ചിട്ടു.
മുറിയിൽ ഇരുണ്ട വെളിച്ചം പരന്നു.

ഒന്നും സംഭവിക്കാത്തത് പോലെ അയാൾ അമ്മാളുവിന്‌ നേരെ തിരിഞ്ഞു.

എന്നോട് സഹകരിക്കുന്നതാണ് നിനക്ക് നല്ലത്.അയാൾ അവളെ നോക്കി ചിരിച്ചു.

മങ്ങിയ വെളിച്ചത്തിൽ അയാളുടെ മുഖത്തെ ക്രൂരഭാവം കണ്ട അമ്മാളു ഭയന്ന് വിറച്ചു.

ന്നെ ഒന്നും ചെയ്യല്ലേ.അവൾ കൈ തൊഴുതു കെഞ്ചിക്കൊണ്ട് പിന്നിലേക്ക് നിരങ്ങി.

അയാൾ തല കുടഞ്ഞു കൊണ്ട് അവളുടെ നേരെ അടുത്തു.പിന്നോട്ട് നീങ്ങിയ അമ്മാളു ചുവരിൽ ഇടിച്ചു നിന്നു.

ഭയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.ശരീരം വിറയ്ക്കാൻ തുടങ്ങി.

അടുത്ത നിമിഷം ഇരയെ കണ്ട വേട്ട മൃഗത്തെ പോലെ അയാൾ അവളെ കടന്ന് പിടിച്ചു.

നിമിഷ നേരം കൊണ്ട് അവളുടെ വസ്ത്രങ്ങൾ അയാൾ വലിച്ചഴിച്ചു.

അമ്മാളു ഉറക്കെ കരഞ്ഞെങ്കിലും ആർത്തലച്ച് പെയ്യുന്ന മഴ അവളുടെ വിലാപത്തെ മുക്കിക്കളഞ്ഞു.

അടുത്ത നിമിഷം അതിശക്തമായൊരു ഇടി മുഴങ്ങി.തൊട്ട് പിന്നാലെ കറന്റ് പോയി.എങ്ങും കനത്ത ഇരുട്ട് പരന്നു.

അപ്പോഴേക്കും അമ്മാളുവിനെ രാഘവൻ കീഴ്പ്പെടുത്തിയിരുന്നു.മുറിയിൽ ഇരുട്ട് പരന്നതും അവൾ അയാളെ തള്ളി മാറ്റി.

രാഘവൻ കലിപൂണ്ട് രണ്ടും കൈയ്യും ഇരുട്ടിൽ ആഞ്ഞു വീശി. ഇടയ്ക്ക് എപ്പോഴോ അമ്മാളുവിന്റെ മുടിയിൽ അയാൾക്ക്‌ പിടി കിട്ടി.

അയാൾ അവളുടെ മുടി ചുറ്റിപ്പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു.
ഇന്നോളം കൊതിച്ചതും കൊതിപ്പിച്ചതും ഈ രാഘവൻ സ്വന്തമാക്കിയിട്ടുണ്ട്.

എതിർത്തവരെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയിട്ടുണ്ട്.പിന്നല്ലേ നിന്നെപ്പോലെ ഒരു നരന്ത് പെണ്ണ്. അയാൾ മുരണ്ടു.

അടങ്ങി ഒതുങ്ങി എന്നോട് സഹകരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ കൊന്ന് കുഴിച്ചു മൂടും. .

ന്നെ കൊല്ലല്ലേ തമ്പ്രാ ഞാൻ അനുസരിച്ചോളാ.അവൾ ഭയം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

ഹ ഹ മിടുക്കി.അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് കൈ അയച്ച് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലൈറ്ററെടുത്ത് തെളിച്ചു.

ലൈറ്ററിന്റെ ഇളം ജ്വാല അയാൾ അമ്മാളുവിന്റെ മുഖത്തോട് അടുപ്പിച്ചു.

പുൽക്കൊടിയിലെ മഞ്ഞു തുള്ളി പോലെ അവളുടെ മുഖത്തെ വിയർപ്പ് കണികകൾ തിളങ്ങി.

അയാൾ ജനലിനോട് ചേർത്ത് വച്ചിരുന്ന വിളക്കിന്റെ തിരിയിലേക്ക് ലൈറ്റർ അടുപ്പിച്ചു.

മുറിയിൽ വീണ്ടും മങ്ങിയ പ്രകാശം പരന്നു.പുറത്ത് മഴ ശക്തി പ്രാപിച്ചു കഴിഞ്ഞു.

വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ അമ്മാളുവിന്റെ സൗന്ദര്യം വർദ്ധിച്ചതായി രാഘവന് തോന്നി.

രാഘവന്റെ കൂർത്ത നോട്ടം താങ്ങാൻ പറ്റാതെ അവൾ നാണത്തോടെ തല കുനിച്ചു.കൈകൾ കൊണ്ട് മാറ് മറച്ച് ഒതുങ്ങി നിന്നു.

ഇങ്ങ് അടുത്തേക്ക് വാ.രാഘവൻ ചെറു ചിരിയോടെ അവളെ കൈ കാട്ടി വിളിച്ചു.പതിയെ അവൾ അയാളുടെ അടുത്തേക്ക് നീങ്ങി.

അയാളവളെ വലിച്ചടുപ്പിച്ച് വാരിപ്പുണർന്നു.അവളുടെ നെഞ്ച് ക്രമാതീതമായി മിടിക്കുന്നത് അയാൾ അറിഞ്ഞു.

പിൻകഴുത്തിൽ മുഖമർത്തിയതും അവളുടെ കൈകൾ രാഘവനെ വരിഞ്ഞു മുറുക്കി.

പതിയെ അവർ ഇരുവരും കട്ടിലിലേക്ക് ചാഞ്ഞു. കൈവിരലുകൾ പരസ്പരം കോർത്തിണക്കി കാലുകൾ കൂടിപ്പിണഞ്ഞു.

മഴയുടെ ആസുര താളത്തിൽ കുളിച്ചു നിന്ന മരങ്ങളിലിരുന്ന നിശാസഞ്ചാരികളായ പക്ഷികൾ നാണം കൊണ്ട് മുഖം ചിറകുകൾക്കിടയിൽ ഒളിപ്പിച്ചു.

അമ്മാളുവിന്റെ കൈകൾ രാഘവനെ വരിഞ്ഞു മുറുക്കി.ഇപ്പോ സന്തോഷായോ തമ്പ്രാ.അവൾ കുറുകി.

മ്മ്മ്.നിന്റെയീ സൗന്ദര്യം ന്നെ മത്ത് പിടിപ്പിക്കുന്നു.അയാൾ അവളുടെ അധരങ്ങളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

കാര്യം കഴിയുമ്പോൾ ന്നെ കൊല്ലുവോ തമ്പ്രാ.അവൾ അടുത്ത ചോദ്യം ഉന്നയിച്ചു.

കൊല്ലാനോ.ഒരിക്കലുമില്ല.എനിക്ക് വേണം നിന്നെ.അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു.

അല്ലെങ്കിലും മരിച്ചവരെ കൊല്ലാൻ പറ്റില്ല്യ ലോ.അവൾ കുണുങ്ങി ചിരിച്ചു.

രാഘവന്റെ ഉള്ള് കിടുങ്ങി.എന്താ പറഞ്ഞേ.അയാളുടെ ഒച്ച വിറച്ചു.

അമ്മാളുവിനെ വിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അയാൾക്കതിന് സാധിച്ചില്ല.

തമ്പ്രാൻ ഇത്ര പെട്ടന്ന് ന്നെ മറന്നോ.അവൾ അയാളെ ഒന്ന് കൂടി വരിഞ്ഞു മുറുക്കി.

അവളുടെ സ്വരം പണ്ടെങ്ങോ കേട്ട് മറന്നത് പോലെ രാഘവന് തോന്നി.

അമ്മാളുവിന്റെ കഴുത്തടിയിൽ പൂഴ്ത്തിയ തന്റെ മുഖത്തേക്ക് എന്തോ ഒഴുകിപ്പടരുന്നത് അയാൾ അറിഞ്ഞു.

സർവ്വ ശക്തിയും ഉപയോഗിച്ച് രാഘവൻ അവളെ തള്ളി മാറ്റിക്കൊണ്ട് കവിളിൽ തൊട്ട് നോക്കി.

കൈയ്യിൽ രക്തം പറ്റിയത് കണ്ട അയാൾ ഞെട്ടി വിറച്ചു.പകപ്പോടെ രാഘവൻ അമ്മാളുവിന്റെ മുഖത്തേക്ക് നോക്കി.

അവളുടെ മുഖം കണ്ടതും അലറിക്കൊണ്ടയാൾ പിന്നോട്ട് മറിഞ്ഞു.

അമ്മാളുവിന്റെ മുഖത്തിന്റെ ഒരു വശം പൂർണ്ണമായും ചതഞ്ഞു പൊട്ടിയിരിക്കുന്നു.

വായിൽ നിന്നും കൊഴുത്ത രക്തം ഒഴുകിയിറങ്ങുന്നു.പതിയെ പതിയെ അമ്മാളുവിന്റെ രൂപം മാറി.

അവൾ ശ്രീപാർവ്വതിയായി മാറുന്നത് കണ്ട രാഘവൻ ഉറക്കെ നിലവിളിച്ചു.എന്നാൽ ശബ്ദം പുറത്ത് വന്നില്ല.

ശ്രീപാർവ്വതിയായി മാറിയ അമ്മാളു പതിയെ അയാളുടെ അടുത്തേക്ക് ഒഴുകിയെത്തി.

ജനലഴികളിൽ കൂടി കടന്ന് വന്ന കാറ്റിൽ അവളുടെ മുടി ഇളകിപ്പറന്നു.

FacebookTwitterWhatsAppFacebook MessengerShare
കാലുകൾ നിലത്ത് സ്പർശിക്കാതെ അവൾ അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു.

കനത്ത മഴയിലും ദൂരെയെവിടെയോ മരണത്തിന്റെ സംഗീതം പോലെ കുറുനരികൾ നീട്ടിക്കൂവുന്ന ശബ്ദം അവിടെയാകെ അലയടിച്ചു.

രാഘവൻ പിടഞ്ഞെഴുന്നേറ്റു.കട്ടിലിന്റെ അരികിലിരുന്ന തന്റെ തോക്ക് ചാടിയെടുത്ത് അയാൾ അവൾക്ക് നേരെ ചൂണ്ടി.

അടുത്ത് വരരുത് കൊല്ലും ഞാൻ.അയാൾ വിറ പൂണ്ട ശബ്ദത്തിൽ പറഞ്ഞു.

അത് കേട്ട ശ്രീപാർവ്വതി പൊട്ടിച്ചിരിച്ചു.ഹ ഹ ഹ. ഒരിക്കൽ നീ എന്നെ കൊന്നതല്ലേ.ഒരിക്കൽ കൊന്നയാളെ വീണ്ടും എങ്ങനെ കൊല്ലും.

രാഘവൻ നിന്ന് വിയർത്തു.ശ്രീപാർവ്വതി ആ തോക്കിലേക്ക് സൂക്ഷിച്ചു നോക്കി.അടുത്ത നിമിഷം അതിന് തീ പിടിച്ചു.

അയാൾ തോക്ക് ദൂരേക്ക് വലിച്ചെറിഞ്ഞ് വാതിൽ ലക്ഷ്യമാക്കി കുതിച്ചു.

എന്നാൽ അദൃശ്യമായൊരു മതിലിൽ തട്ടിയ പോലെ അയാൾ പിന്നോട്ട് തെറിച്ചു വീണു.

ശ്രീപാർവ്വതി പൊട്ടിച്ചിരിച്ചു കൊണ്ട് അയാളെ സമീപിച്ചു.അവളുടെ കണ്ണുകൾ രക്തവർണ്ണമണിഞ്ഞു.

കൈകളിലെ നഖങ്ങൾ നീണ്ട് വളഞ്ഞു.ഇരു വശങ്ങളിൽ നിന്നും പുറത്തേക്ക് നീണ്ട കൂർത്ത ദംഷ്ട്രകൾ അടിച്ചുണ്ട് തുളച്ചിറങ്ങി.

വിശ്വരൂപം പൂണ്ട് കൊണ്ടവൾ രാഘവന്റെ കഴുത്തിൽ കടന്ന് പിടിച്ചു.

കൊല്ലല്ലേ.അയാൾ കൈ തൊഴുതു കൊണ്ട് അവളെ നോക്കി. കഴുത്തിൽ മുറുകിയ അവളുടെ കൈകൾ വിടുവിക്കാൻ അയാൾ കിണഞ്ഞു ശ്രമിച്ചു.

അവിടമാകെ വിറപ്പിച്ചുകൊണ്ട് കനത്ത ഒരിടി മുഴങ്ങി.

അമ്മേ എന്ന വിളിയോടെ അഭിമന്യു ഞെട്ടി കണ്ണ് തുറന്നു.അയാൾ ആകെ വിയർത്തിരുന്നു.

മുഖം തുടച്ചു കൊണ്ട് അവൻ ചുറ്റും നോക്കി.ദു:സ്വപ്നം കണ്ടതിന്റെ ഭയം അവന്റെ മുഖത്ത് നിഴലിച്ചു.

കുടിവെള്ളം വച്ച ചെറിയ മൺ കൂജ അഭി കൈ നീട്ടിയെടുത്ത് വായിലേക്ക് കമഴ്ത്തി.