എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍
Ente chillayil veyilirangumbol Author : Aayisha
Image may contain: flower, text and nature
അഭിയേട്ടാ..
അഭിയേട്ടാാാ..
എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക..
കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ..
ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ..
ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ?
എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. എങ്കിലും ഞാൻ മോഹിച്ചു പോയി. ഇനി മരണം വരെ എന്നെ തനിച്ചാക്കരുത്. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങിയാൽ ഏട്ടൻ പൊയ്ക്കോളണം. ദൂരേയ്ക്ക്.. എന്റെ കണ്ണെത്താത്ത അത്ര ദൂരേയ്ക്ക്.. ഞാനും പോകും വിളിച്ചാൽ വിളി കേൾക്കാത്ത ഒരു ലോകത്തേയ്ക്ക്..
കണ്ണ് നിറഞ്ഞ് ഒഴുകി അവളുടെ സംസാരം കേട്ട്.. നാട്ടിൽ ഇവളേക്കാൾ ഭംഗിയുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ട്.പലരും ഇഷ്ടം പറഞ്ഞിട്ടും ഉണ്ട്.പക്ഷേ ഞാൻ വീണു പോയത് ഇവൾക്ക് മുൻപിൽ മാത്രമാണ്..
നഴ്സിംഗിന് തന്നെ പോവണോ മാളൂട്ടി. പോവണമെന്ന് നിർബദ്ധമാണേൽ നാട്ടിൽ എവിടേലും നോക്കാം. ഇത്രയും ദൂരെ.. നിന്നെ കാണാതെ ഞാൻ എങ്ങിനെയാ മാളൂട്ടി..
ഏട്ടന് എപ്പോൾ വേണേലും എന്നെ വന്ന് കണ്ടൂടേ.. ഒരു ദിവസത്തെ യാത്ര പോലും ഇല്ലല്ലോ.. ഈ നിമിഷം കൂടെ വരാനും ഒന്നിച്ചൊരു ജീവിതത്തിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല ഏട്ടാ.. അച്ഛന് വയ്യാണ്ടായി. കുടുംബം നോക്കാൻ ആൺമക്കളൊന്നും ഇല്ലല്ലോ ഏട്ടാ.. എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്യണ്ടേ..
ഞാനില്ലേ മാളൂട്ടി നിന്റെ അച്ഛന് മകനായിട്ട്. എന്തായാലും എന്റെ അമ്മയെ ഞാൻ നോക്കുന്നുണ്ട്. ആ ഒപ്പം രണ്ട് വയറ് കൂടുതൽ വന്നാലും പട്ടിണി കൂടാതെ നോക്കാൻ എനിക്കാവും..
ഇങ്ങനൊന്ന് പറയാൻ തോന്നിയ മനസ്സിന് നന്ദി ഏട്ടാ.. ഇപ്പോൾ തന്നെ പലപ്പോഴായി പല ആവശ്യങ്ങൾക്കും സഹായിക്കുന്നുണ്ട്.. അതിലൊന്ന് പോലും മടക്കി തരാൻ എനിക്കായിട്ടില്ല.. ഞാൻ വേഗം വരും ഏട്ടാ.. വർഷങ്ങൾ എത്ര വേഗത്തിലാണ് പോകുന്നതെന്നറിയുമോ.. വന്നിട്ട് വേണം പാർട്ടി ഓഫിസിൽ വെച്ചൊരു രക്തഹാരം ചാർത്തി ഈ സഖാവിനെ എന്റേതാക്കാൻ.
അവളുടെ ഇഷ്ടങ്ങൾക്ക് ഒന്നും തടസ്സം നിൽക്കാത്ത ഞാൻ കുറച്ച് സങ്കടത്തോടെ എങ്കിലും ഇതിനും സമ്മതം നൽകി. എന്റെ കണ്ണീരിന്റെ നനവുള്ള കവിളുകളിൽ ഉമ്മകൾ നൽകിക്കൊണ്ടവൾ പറഞ്ഞു..
ഈ ലോകത്ത് എവിടെ പോയാലും ഞാൻ അഭിയേട്ടന്റെ പെണ്ണാണ്. ന്റെ അഭിയേട്ടന്റെ മാത്രം പെണ്ണ്..
എടുത്തുപറയത്തക്ക സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്ത കുടുംബമാണ് അവളുടേത്.ഇവൾ വഴി എങ്കിലും കുടുംബം രക്ഷപ്പെടുമെന്ന് ഓർത്താണ് വീടിന്റെ ആധാരം പണയം വെച്ച് മാളൂട്ടിയെ പഠിക്കാൻ അയക്കുന്നത്. ഓർമ്മ വെച്ച നാൾ തൊട്ട് ഒരിക്കൽ പോലും ഒന്നിന് വേണ്ടിയും പ്രാർത്ഥിക്കാൻ ദൈവങ്ങളെ വിളിക്കാത്ത ഞാൻ ആൽ ചുവട്ടിൽ മറഞ്ഞ് നിന്ന് അവളുടെ യാത്രക്ക് മംഗളങ്ങൾ നേരുമ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു ‘എന്റെ പെണ്ണിനെ ഞാൻ അവിടുത്തെ കൈകളിൽ ഏൽപ്പിക്കുന്നു. ആ അനുഗ്രഹം എന്നും എപ്പോഴും അവൾക്ക് നൽകണേ ദേവീ‘ എന്ന്..
നിമിഷങ്ങൾ പോലും ദിവസങ്ങളായ് തോന്നിയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് അവളിൽ മാത്രം തീരുന്ന ഒരു കൊച്ചു ലോകമായിരുന്നു എന്റേതെന്ന്.. വയ്യ അവളില്ലാത്ത ജീവിതം. അവിടെത്തി അവൾ വിളിക്കും വരെ നെഞ്ചിൽ അഗ്നി എരിയുക ആയിരുന്നു.. മാസത്തിൽ ഒരിക്കൽ അവളെ കാണാൻ പോകാമെന്ന് വിചാരിച്ച ഞാൻ ആഴ്ചയിൽ അവളെ കാണാൻ പോയി തുടങ്ങി..
ഹോസ്റ്റലിലെ രുചിയില്ലത്ത ഭക്ഷണത്തെപ്പറ്റി പറഞ്ഞ് പരിഭവിക്കുന്ന അവൾക്ക് ഉണ്ണിയപ്പവും കടുമാങ്ങാ അച്ചാറും ഇലയടയും ഉൾപ്പെടെ അവൾ കഴിക്കാൻ ആഗ്രഹിച്ചത് എല്ലാം ഞാനെന്റെ വീട്ടിൽ നിന്ന് എത്തിച്ചു കൊടുക്കും. ഒരു മടിയും കൂടാതെ എന്റെ അമ്മ അതെല്ലാം പാചകം ചെയ്യ്ത് തന്നിട്ടും ഉണ്ട്..
നാട്ടിൽ നിന്ന് ഓരോ പ്രാവശ്യം അവളുടെ അടുത്തേക്ക് പോകുമ്പോഴും പുതുവസ്ത്രങ്ങൾ ഉൾപ്പെടെ അവൾക്ക് വേണ്ടതെല്ലാം വാങ്ങി കൊണ്ടു പോയിട്ടുണ്ട് ഞാൻ.
ഒരിക്കൽ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ അവളെന്നോട് അവൾക്ക് പ്രിയപ്പെട്ട ഒരു കവിത പാടി കൊടുക്കാൻ ആവശ്യപ്പെട്ടു.. സഖാവ് എന്ന കവിത..
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും..