രാജകുമാരി

രാജകുമാരി
Rajakumari Author : മെഹറുബ

ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും.ഇവൻ റാഷിദ്… സ്ഥലം എസ് ഐ ആണ്. ഇവനാണ് നമ്മുടെ കഥയിലെ ഹീറോ. എനിക്ക് നിങ്ങളോട റാഷിദ് ന്റെ ഒരു കൊച്ചു പ്രണയകഥ പറയാനുണ്ട്. അപ്പൊ നമുക്ക് തുടങ്ങാം.

അങ്ങ് ദൂരെ ഒരിടത്തൊരു ഗ്രാമത്തിൽ… അല്ലെങ്കിൽ വേണ്ട ഈ സ്റ്റാർട്ടിങ് ഒക്കെ ഓൾഡ് ഫാഷൻ ആണ്.നമ്മുടെ ഈ കൊച്ചു പട്ടണത്തിൽ ആണ് റാഷിദ് ന്റെ വീട്. വീട്ടിൽ റാഷിദ് നെ കൂടാതെ ആരൊക്കെയുണ്ടെന്ന നോക്കാം . അടുക്കളയിൽ രണ്ടു പേർ സൊറ പറഞ്ഞിരിപ്പുണ്ട്. വേറെയാരും അല്ല റാഷിദ് ന്റെ ഉമ്മ ആയിഷുമ്മയും താത്ത (ഇക്കാക്ക റമീസ് ന്റെ ഭാര്യ) സറീനയും.2 പേരും നല്ല സ്നേഹത്തിൽ ആണ്. അമ്മയാമ്മയും മരുമോളും ആണെന്ന് കണ്ടാൽ പറയൂല. പിന്നെ ഇക്കാക്ക റമീസ്, അവൻ അങ്ങ് ദൂരെ ദുഫായിൽ ആണ്. അവിടെ 2 പേരും കൂടി ടിവി റിമോട്ടിനു തല്ല് കൂടുന്നുണ്ട്. നമ്മുടെ ഹന യും ഹാദി യും. റമീസിന്റെയും സറീനയുടെയും മക്കളാണ്. ഹന 5ലും ഹാദി 3 ലും പഠിക്കുന്നു. ഇത്തയും അനിയനും ആണ്, പറഞ്ഞിട്ടു കാര്യമില്ല തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആണ്. അവർക്കിടയിലെ പ്രധാന വില്ലൻ നമ്മുടെ പാവം ടി വി റിമോട്ട് ആണ്. പിന്നെ ഒരു പൂച്ചയും 2 കോഴിയും … വേറെ ആരും ഇല്ല .

ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും. അതും പറഞ്ഞു അവൻ വേഗം ജീപ്പെടുത്തിറങ്ങി. വാതിൽക്കൽ നിന്ന് ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു അല്ലെങ്കിലും എന്നാ ഇവൻ നേരത്തെ വന്നിട്ടുള്ളത് എപ്പഴും തിരക്കല്ലേ. സറീന വേഗം ലഞ്ചു ബോക്സോക്കെ റെഡിയാക്കി കുട്ടികളുടെ ബാഗിൽ വെച്ചു. ഓട്ടോ ഇപ്പൊ വരും രണ്ടു പേരുംടി വി ന്റെ മുന്നിൽ ആണ്. രാവിലെ ടി വി വെക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. ടി വി കാണാതെ അവർക്ക് ഫുഡ് ഇറങ്ങില്ലല്ലൊ. ഓട്ടോയുടെ ഹോൺ കേൾക്കുന്നു. രണ്ടു പേരും ബാഗുമെടുത്തു ചാടിത്തുള്ളി ഓട്ടോയിൽ കയറിപ്പോയി. സറീന വേഗം കിച്ചണിൽ ചെന്ന് ബാക്കിയുള്ള ജോലിയൊക്കെ തീർത്തു. അപ്പോഴേക്കും ലൻഡ്‌ലൈൻ ബെല്ലടിച്ചു. റാഷിദ് ആണ്. “ഉമ്മാ ഞാൻ വരുമ്പോൾ ടൗണിൽ നല്ല പുഴമീൻ വിൽക്കുന്നത് കണ്ടു. ഞാൻ കുറച്ചു വാങ്ങി നമ്മുടെ സമീർ ന്റെ കയ്യിൽ കൊടുത്ത വിട്ടിട്ടുണ്ട്. ” കുറച്ചു കഴിഞ്ഞു കാളിങ് ബെൽ കേട്ട് സറീന ഡോർ തുറന്നു. കയ്യിൽ മീനുമായി സമീർ. അവൻ റാഷിദ് ന്റെ ബെസ്റ്റ് ഫ്രണ്ടാണ്‌ .ടൗണിൽ ഒരു ഫർമസി നടത്തുന്നു. റാഷിദ് ന്റെ വീടിന്റെ അടുത്താണ് അവന്റേം വീട്.

റാഷിദ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും രണ്ടുമൂന്നു പേർ പരാതിയുമായി എത്തിയിരുന്നു. റാഷിദ് സത്യസന്ധനായ ഒരു മിടുക്കൻ പോലീസ് ഓഫീസർ ആണ്. ജോയിൻ ചെയ്തു 3 വർഷം ആയപ്പോൾ സ്വന്തം നാട്ടിൽ തന്നെ പോസ്റ്റിംഗ് കിട്ടി. നാട്ടുകാർക്കെല്ലാം റാഷിദ് നെ വല്ല്യ കാര്യം ആണ്. അത്കൊണ്ട് ആർക്കും എപ്പോഴും പരാതിയുമായി സ്റ്റേഷനിൽ ചെല്ലാൻ ഒരു പേടിയും ഇല്ല. അങ്ങനെ പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലാത്ത നാടയതിനാൽ വല്ല്യ ക്രിമിനൽ കേസൊന്നും ഉണ്ടാകാറില്ല. റാഷിദ് നു ആകെ പേടിയുള്ളത് നമ്മുടെ ബ്രോക്കർ മമ്മദ്നെ യാണ്. പുള്ളി എപ്പോ കണ്ടാലും ഓരോ കല്യാണലോചനയുടെ കാര്യം പറഞ്ഞു വരും. അയാളെ കാണുമ്പോൾ മുങ്ങാറാണ് പതിവ്. അയാൾക്കീ ബാച്ചിലർലൈഫ് ന്റെ സുഖമൊന്നുമറിയില്ലല്ലൊ. പെണ്ണ് കെട്ടിയാൽ പിന്നെ ഒന്നിനും സമയം കിട്ടില്ല. കുറച്ചു നാളുകൂടി ഇങ്ങനെ പോകട്ടെ. അത് കഴിഞ്ഞു നോക്കാം പെണ്ണും പിടക്കോഴിയും.

മുറ്റത്തു ജീപ്പിന്റെ ശബ്ദം കേട്ട് ഹനയും ഹാദിയും ഓടി വന്നു. അവന്റെ കയ്യിലെ ഡയറിമിൽകിനായിരുന്നു അവരുടെ തല്ല്. ഉമ്മയുടെ മുഖം കണ്ടാൽ അറിയാം പുള്ളിക്കാരി ദേഷ്യത്തിലാണ്. റാഷിദ് ഇന്നും ലേറ്റയിരുന്നു. ഉമ്മ തുടങ്ങി നീയൊക്കെ പെണ്ണ് കെട്ടിയാൽ നേരെയാവൂ. നിന്നെ നിലക്ക് നിർത്തുന്ന ഒരു പെണ്ണിനെ കാണിച്ചു തരണം റബ്ബേ.. അതിനിടയിൽ ഉമ്മ സൂചിപ്പിച്ചു, സറീനത്താത്ത ന്റെ അമ്മാവന്റെ മോൾ ഉണ്ട്. നല്ല കുട്ടിയാണ്. നല്ല പഠിപ്പൊക്കെ ഉണ്ട്. നിനക്ക് നന്നായി ചേരും. ഉമ്മാന്റെ ചാട്ടം എങ്ങോട്ടാണെന്ന മനസ്സിലായപ്പോൾ അവൻ ഫോണും ഞെക്കിപ്പിടിച്ച്‌ റൂമിലേക്ക് പോയി. ഉമ്മക്ക് മനസ്സിലായി അവൻ തടിതപ്പിയതാണെന്ന് .

രാവിലെ യൂണിഫോമൊക്കെ അയേണ് ചെയ്‌ത് പോകാൻ റെഡി ആവുമ്പോൾ വീട്ടിലേക്കൊരു ഫോൺ വന്നു. കുട്ടികളെ സ്‌കൂളിൽ കൊണ്ട് പോവുന്ന നാരായണൻ ചേട്ടൻ. ആളെ ഇന്നലെ നെഞ്ചു വേദനയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുറച്ചു ദിവസം റെസ്റ്റ് വേണം. അതുകൊണ്ട് കുട്ടികളെ കൊണ്ടുപോവാൻ വേറെയാരെങ്കിലും എൽപ്പിച്ചോ എന്നു പറയാൻ വിളിച്ചതാണ്. റാഷിദ് താത്തയോട് കാര്യം പറഞ്ഞു. ഇന്ന് വേണമെങ്കിൽ താൻ കൊണ്ട്പോവാം. നാളെ വേറെയാരെങ്കിലും എൽപ്പിച്ചോ എന്ന്. ഹനയ്ക്കും ഹാദിക്കും അവന്റെ കൂടെ ജീപ്പിൽ പോകാൻ ഭയങ്കര ഇഷ്ടമാണ്. അവർക്ക് പോലീസ് ജീപ്പിൽ പോയി ഫ്രണ്ട്സിന്റെ മുമ്പിൽ ഷൈൻ ചെയ്യാമല്ലോ. അവരെ കൊണ്ട് വിട്ടാൽ സ്റ്റേഷനിൽ എത്തുമ്പോഴേക്കും ലേറ്റാവും. അതുകൊണ്ട് വല്ലപ്പോഴുമേ അവൻ ആ പണിക്ക് നിക്കാറുള്ളൂ. ജീപ്പിൽ കൊണ്ട് വിടാമെന്ന് പറഞ്ഞതോടെ കുട്ടികൾക്ക് ഉത്സാഹമായി.

ജീപ്പിൽ കൊണ്ട് വിടാമെന്ന് പറഞ്ഞതോടെ കുട്ടികൾക്ക് ഉത്സാഹമായി. വേഗം ഫുഡ് കഴിച്ചു യൂണിഫോം ഒക്കെ ഇട്ട് റെഡി ആയി വന്നു. കുട്ടികളേം കൂട്ടി അവൻ ജീപ്പെടുത്തിറങ്ങി. നേരെ സ്‌കൂളിലേക്ക്. ഹനയും ഹാദിയും ഫ്രണ്ട് സീറ്റിൽ തന്നെ ഞെളിഞ്ഞിരിപ്പുണ്ടായിരുന്നു. സ്കൂളിലെത്തിയതും രണ്ടുപേരും ബാഗെടുത്തു ചാടിയിറങ്ങി. റാഷിദ് നു ടാറ്റയും കൊടുത്തു പോവൻ തുടങ്ങുമ്പോൾ അവരുടെ പിന്നിൽ ഒരാൾ വന്നു. അവരെ കണ്ടതും ഹന
പറഞ്ഞു ” ഗുഡ്മോണിങ് ടീച്ചർ”. റാഷിദ് നെ ചൂണ്ടിക്കൊണ്ടു ആരാ അതെന്ന് ടീച്ചർ അവരോട് ചോദിച്ചു . ഹന പറഞ്ഞു ഞങ്ങളുടെ അങ്കിൾ ആണ്. ടീച്ചർ എന്നെ നോക്കി ചിരിച്ചു. അവനും ടീച്ചറിനെ നോക്കി നല്ലൊരു ചിരി പാസ്സാക്കി. അപ്പോഴേക്കും സ്റ്റേഷനിൽ നിന്ന് എസ് പി യെ കാണണമെന്ന് കാൾ വന്നു. അവൻ വേഗം ജീപ്പെടുത്തു എസ് പി യെ കാണാൻ പോയി. ഒരാഴ്ച മുൻപു ആ സ്റ്റേഷനു കീഴിൽ ഒരു പെണ്കുട്ടി ആത്മഹത്യ ചെയ്തിരുന്നു. അതിന്റെ ഡീറ്റൈൽസ് അറിയാൻ വിളിപ്പിച്ചതായിരുന്നു.

3 മണി ആവുമ്പോൾ താത്തയുടെ കോൾ വന്നു. 4 മണിക്കാണ് സ്‌കൂൾ വിടുന്നത്. അത് ഓര്മിപ്പിക്കാനാണ് വിളിച്ചത്. അതിനിടയിൽ ഒരു അർജന്റ് കോൾ വന്നു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. സ്‌കൂളിൽ എത്തുമ്പോഴേക്കും 4.30 ആയി. കുട്ടികളെല്ലാം പോയകഴിഞ്ഞിരുന്നു. ഹനയെയും ഹാദിയെയും ഗ്രൗണ്ടിൽ കാണാത്തത് കൊണ്ട് അവൻ ഓഫീസിലേക്ക് പോയി. രണ്ടു പേരും അവിടെ ഇരിപ്പുണ്ടായിരുന്നു. കൂടെ രാവിലെ കണ്ട ടീച്ചറും. റാഷിദിനോട് പറഞ്ഞു ” ഞാൻ ഹനയുടെ ക്ലാസ് ടീച്ചർ ആണ്. കുട്ടികൾ പോകാതെ ഇവിടെ നിൽക്കുന്നത് കണ്ട് പോകാതിരുന്നതാണ് “. അവൻ പറഞ്ഞു “സോറി . ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരു ആർജൻറ് കോൾ വന്നു. അതു കൊണ്ടാ ലേറ്റയത്. അപ്പോഴേക്കും ബസ് ടൈം ആയെന്നു പറഞ്ഞു ടീച്ചർ വേഗത്തിൽ ബസ്റ്റോപ്പിലേക്ക് നടന്നു. അവൻ കുട്ടികളെയും കൂട്ടി ബസ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും ടീച്ചറും നടന്നെത്തി. തൊട്ടുമുമ്പിൽ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ടീച്ചർ അതിന്റെ പിന്നാലെ ഓടി. അത് നിർത്തിയില്ല. ടീച്ചർക് ബസ്സ് മിസ്സായി എന്ന് അവനു മനസ്സിലായി. ആ റൂട്ടിൽ അരമണിക്കൂർ ഇടവിട്ടാണ് ബസ് ഉള്ളത്. അവൻ ടീച്ചറോട് ചോദിച്ചു “വരുന്നോ. പോകുന്ന വഴിക്ക് ടൗണിൽ വിടാം. ഞാൻ കാരണം അല്ലെ ബസ് മിസ്സായത് “. ടീച്ചർ വേണ്ടന്ന് പറഞ്ഞു. ഹന കുറെ നിർബന്ധിച്ചു. ടീച്ചർ മനസ്സില്ലാ മനസ്സോടെ വണ്ടിയിൽ കയറി. അവൻ പറഞ്ഞു ” ഞാൻ റഷീദ്. ഇവിടുത്തെ എസ് ഐ ആണ്. ടീച്ചറുടെ പേരെന്താ. വീടെവിടെയാ ” . ടീച്ചർ പേര് പറഞ്ഞു റസിയ. സ്ഥലം പറഞ്ഞപ്പോൾ അവനു അറിയാം. അവൻ പറഞ്ഞു എന്റെ വീടിനു 2 km മുന്പാണ് . പോകുന്ന വഴിക്ക് ടീച്ചറിനെ അവിടെ ഇറക്കാം. അപ്പോഴേക്കും താത്തയുടെ കോൾ വന്നു. കാണാഞ്ഞിട്ട് വിളിച്ചതാണ്. അവൻ പറഞ്ഞു വീട്ടിലേക്കു വരുന്നുണ്ട്. കുറച്ചു ലേറ്റായിപ്പോയി. അപ്പോഴേക്കും ടീച്ചറുടെ വീടിനടുത്തെത്തി. ടീച്ചർ പറഞ്ഞു റോഡിൽ ഇറക്കിയാൽ മതി. പോലീസ് ജീപ്പ് കണ്ടാൽ വീട്ടുകാരൊക്കെ പേടിക്കും. അവൻ വണ്ടി നിർത്തി. ടീച്ചർ കുട്ടികൾക്ക് ടാറ്റ കൊടുത്തിട്ട് പോയി. അവൻ കുട്ടികളെ വീട്ടിലിറക്കി നേരെ സ്റ്റേഷനിലേക് പോയി .

പിറ്റേന്നും അവൻ തന്നെ കുട്ടികളെ സ്‌കൂളിൽ കൊണ്ട് വിട്ടു. ടീച്ചറും അവിടെ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം സ്റ്റേഷനിൽ നിന്ന് വേഗമിറങ്ങി. 4 മണിക്ക് തന്നെ സ്‌കൂളിലെത്തി. കുട്ടികൾ ഓഫീസിനടുത് ഉണ്ടായിരുന്നു. അവരേം കൂട്ടി ജീപ്പിൽ കയറി. ജീപ്പ് തിരിക്കുന്നതിനിടയിൽ സൈഡ് മിററിൽ അവൻ റസിയ ടീച്ചറെ കണ്ടു.ടീച്ചർ തന്നെ നോക്കി നിൽക്കുന്നത് പോലെ അവനു തോന്നി. അന്നു രാത്രി അവനൊരു സ്വപ്നം കണ്ടു. അവന്റെ വിവാഹം.വീടും പരിസരവും നന്നായി അലങ്കരിച്ചിരുന്നു. കൂട്ടുകാരും കുടുംബക്കാരും വന്നിട്ടുണ്ട്. അവന്റെ കയ്യും പിടിച്ച് അതാ മണവാട്ടിപെണ്ണു വീടിന്റെ പടികയറുന്നു. അവൻ പെണ്ണിന്റെ മുഖം ശരിക്കും കണ്ടു. റസിയ ടീച്ചർ.

അപ്പോഴേക്കും ഉമ്മ വന്നു വിളിച്ചു. ” എന്ത് ഉറക്കമാണ്. വേഗം കുളിച്ചു ഡ്യൂട്ടി ക്കു പോകാൻ നോക്ക്” . അവൻ വേഗം റെഡിയായി വന്നു. താത്തയോട് പറഞ്ഞു “ഇനി നാരായണൻ ചേട്ടൻ വരുന്നത് വരെ കുട്ടികളെ ഞാൻ തന്നെ കൊണ്ട് വിട്ടോളം. വേറെ ആളെ നോക്കണ്ട “. തത്താക്കു സന്തോഷമായി. കുട്ടികളെയും കൂട്ടി സ്കൂളിലേക്കിറങ്ങി. അവന്റെ മനസ്സ് മുഴുവൻ രാത്രി കണ്ട സ്വപ്നമായിരുന്നു.സ്‌കൂളിലെത്തി. പതിവ് പുഞ്ചിരിയോടെ റസിയ ടീച്ചർ അവിടെയുണ്ടായിരുന്നു. ടീച്ചറെ കണ്ടത് മനസ്സിനൊരു സന്തോഷം തോന്നി.

തിരികെ വരുമ്പോൾ അവൻ ചിന്തിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരു ഫീൽ. പഠിത്തതിനിടയിലും ജോലിക്കിടയിലും ഒരുപാട് പെണ്കുട്ടികളെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ തോന്നിയിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. ഇനി ഇവളായിരിക്കുമോ ശരിക്കും എന്റെ രാജകുമാരി. അന്ന് റസിയ ടീച്ചറോട് സംസാരിക്കാൻ വേണ്ടി അവൻ മനപ്പൂർവം അല്പം താമസിച്ചു സ്‌കൂളിലേക്ക് ചെന്നു.

അന്ന് റസിയ ടീച്ചറോട് സംസാരിക്കാൻ വേണ്ടി അവൻ മനപ്പൂർവം അല്പം താമസിച്ചു സ്‌കൂളിലേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ റസിയ ടീച്ചർ അവിടെയുണ്ടായിരുന്നു. റസിയ പോകാൻ തുടങ്ങുമ്പോൾ അവൻ പറഞ്ഞു ” വെറുതെ ബസ്സിന്റെ പിറകെ ഓടി കഷ്ടപ്പെടേണ്ട. പോകുന്ന വഴിക്ക് ഞാനിറക്കാം”. റസിയ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി. മനസ്സിൽ വന്ന സന്തോഷം പുറത്തു കാണിക്കാതെ അവളോട്‌ സംസാരിച്ചു. വീട്ടിലാരൊക്കെ ഉണ്ട്. എവിടെയാ പഠിച്ചത് എന്നൊക്കെ ചോദിച്ചു. എല്ലാത്തിനും അവൾ ഉത്തരം പറഞ്ഞു. ഓരോന്ന് ചോദിക്കുന്നതിനിടയിൽ മിററിലൂടെ അവളെ നോക്കുന്നത് റസിയ കണ്ടു. അവൻ ചെറുതായി ചമ്മി. പിന്നെ ഒന്നും ചോദിക്കാൻ പോയില്ല. അവളെ വീടിനടുത്ത് ഇറക്കി കുട്ടികളെയും കൊണ്ട് റാഷിദ് വീട്ടിൽ പോയി. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ബാക്ക് സീറ്റിൽ അവനൊരു ഐ ഡി കാർഡ് കണ്ടു. റസിയയുടെ സ്‌കൂൾ ഐ ഡിയാണ്. അവൻ അതുമെടുത്തു റൂമിൽ പോയി. അവളുടെ ഫോട്ടോയിൽ നോക്കിയിരുന്നു. സ്‌കൂളിൽ പോകുമ്പോൾ അവളുടെ കയ്യിൽ കൊടുക്കാൻ അവൻ അതെടുത്തുവച്ചു.

നേരം വെളുത്തു. കുട്ടികളെ സ്‌കൂളിൽ കൊണ്ടവിടുന്ന കാര്യം ഓർത്തപ്പോൾ അവനു നല്ല ഉന്മേഷം തോന്നി. വേഗംറെഡിയായി കുട്ടികളെയും കൊണ്ട് സ്‌കൂളിലെത്തി. അവൻ ചുറ്റും നോക്കി. കുറച്ചപ്പുറത്ത് റസിയ ടീച്ചർ നിൽപ്പുണ്ടായിരുന്നു. അവൻ പുഞ്ചിരിച്ചു കൊണ്ട് ഐ ഡി കാർഡ് ടീച്ചറുടെ നേരെ നീട്ടി. ടീച്ചർ അത് വാങ്ങി താങ്ക്സ് പറഞ്ഞു. അവൻ അവിടെ നിന്നിറങ്ങി. ഉച്ചയ്ക്ക് ശേഷം കമ്മീഷണർ ഒരു മീറ്റിങ് വെച്ചിരുന്നു. ആവൻ താത്തയോട് വിളിച്ചു പറഞ്ഞു. ഒരു മീറ്റിംഗ് ഉണ്ട്. കുട്ടികളെ കൂട്ടാൻ താത്ത പോകണം എന്ന്. സ്‌കൂൾ വിട്ടു. ഹനയും ഹാദിയും റാഷിദങ്കിളിനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ റസിയ ടീച്ചറും. അവിടേക്ക് സറീനയും ആയിഷുമ്മയും വന്നു. കുട്ടികൾ ചോദിച്ചു റാഷിദങ്കിൾ എവിടെ. താത്ത പറഞ്ഞു അങ്കിളിനു മീറ്റിങ് ഉണ്ട്. അതാ വരാത്തത്.

പിറ്റേന്ന് ഒരു കേസിന്റെ ആവശ്യത്തിന് റാഷിദിനു രാവിലെ തന്നെ പോകേണ്ടി വന്നു. കുട്ടികളെ കൊണ്ട് വിടാൻ അവൻ സമീർ നെ ഏല്പിച്ചിരുന്നു. സ്‌കൂളിൽ കുട്ടികളുടെ കൂടെ റഷീദിനെ കാണാത്തപ്പോൾ റസിയയുടെ മുഖം വാടി. ഹനയോട് ചോദിച്ചപ്പോൾ അങ്കിൾ എവിടെയോ പോയി എന്ന് പറഞ്ഞു. വൈകുന്നേരം ഹനയും ഹാദിയും ഓഫിസിനടുത്തിരിക്കുന്നത് കണ്ടു റസിയ അങ്ങോട്ട് ചെന്നു. ഹനയോട് അവളുടെ വീട്ടുകാരെ കുറിച്ചും റഷീദ് നെ കുറിച്ചുമെല്ലാം ചോദിച്ചു. അപ്പോഴേക്കും റഷീദ് അവിടേക്ക് വന്നു. റസിയയുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ പുഞ്ചിരി വിടർന്നു. റാഷീദും അവളെ ശ്രദ്ധിച്ചിരുന്നു. ആ പിങ്ക് സാരിയിൽ അവൾ കൂടുതൽ സുന്ദരിയായത് പോലെ അവനു തോന്നി. കുട്ടികളെയും കൊണ്ട് ജീപ്പിൽ കയറുമ്പോൾ അവൻ അവളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി അവനുറക്കം വന്നതേയില്ല. കണ്ണടക്കുമ്പോൾ റസിയയുടെ മുഖം മനസ്സിൽ വരും . അവൻ ആലോചിച്ചു റസിയയുടെ കാര്യം ഉമ്മയോടുംതാത്തയോടും പറഞ്ഞാലോ. പിന്നെ വിജാരിച്ചു. വേണ്ട. അവളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു പറയാം.അവസാനം അവൾ ഇഷ്ടമായില്ലെന്ന പറഞ്ഞാലോ. ഇപ്പോഴത്തെ കാലമല്ലേ. പെണ്കുട്ടികളെ ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല.

റാഷിദ് രാവിലെ തന്നെ റെഡിയായി . കുട്ടികളൊന്നും റെഡിയായിട്ടില്ല. അവരോട് സ്‌കൂളിൽ പോകുന്നില്ലേ എന്ന് ചോദിച്ചു. അവർ ചിരിക്കാൻ തുടങ്ങി. ഞായറാഴ്ച ഏത് സ്‌കൂൾ ആണ് ഉള്ളതെന്ന് ചോദിച്ചു. അവൻ ആകെ ചമ്മിപ്പോയി. റസിയയെ കാണാനുള്ള ആഗ്രഹത്തിൽ ദിവസം ശ്രദ്ധിച്ചിരുന്നില്ല. ഹന പറഞ്ഞു ഇനി ഒരാഴ്ച സ്‌കൂൾ ലീവാണ്‌. അത് കേട്ടതും അവന്റെ മുഖത്തെ ചിരി മാഞ്ഞു. ഇനി അവളെ കാണണമെങ്കിൽ ഒരാഴ്ച കാതിരിക്കണമല്ലേ, അവൻ മനസ്സിൽ പറഞ്ഞു. അന്ന് ലീവായത് കൊണ്ട് കുട്ടികൾ ബീച്ചിൽ പോകണമെന്ന് വാശി പിടിച്ചു. അവൻ സമ്മതിച്ചു. പോകുന്ന വഴിക്ക് അവൻ റസിയ ടീച്ചറെ കുറിച്ച ഹന യോട് ചോദിച്ചു. അവൾക് ടീച്ചറെ വല്യഇഷ്ടമാണ്. അവൾ സ്‌കൂളിലെ ഓരോ കഥകൾ പറയാൻ തുടങ്ങി. ഒരു ദിവസം ടീച്ചർ റാഷിദങ്കിളിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും ചോദിച്ച കാര്യം അവൾ പറഞ്ഞു. അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. എന്തിനായിരിക്കും അവൾ തന്നെ പറ്റി ചോദിച്ചത്. ഇനി ടീച്ചർക്കും തന്നെ ഇഷ്ടമാണോ.

ഒരാഴ്ച കടന്നുപോയി. നാരായണൻ ചേട്ടൻ സുഖമായി വന്നു. നാരായണൻ ചേട്ടൻ കുട്ടികളെ കൊണ്ടുപോകാൻ വന്നപ്പോൾ റാഷിദ് നു വിഷമം തോന്നി. ഇനി എങ്ങനെയാ റസിയയെ കാണുക. അന്ന് വൈകുന്നേരം റാഷിദ് വേഗം വീട്ടിലേക്ക് വന്നു. അന്ന് അവനു ഒന്നിനും മൂഡ് ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഹന ഓടി വന്നു ഒരു കാര്യം പറഞ്ഞത്.

അപ്പോഴാണ് ഹന ഓടി വന്നു ഒരു കാര്യം പറഞ്ഞത്. സ്‌കൂളിൽ നാളെ പാരെന്റ്‌സ് മീറ്റിംഗ് ആണ്. വീട്ടിൽ നിന്ന് ആരെങ്കിലും ഒരാൾ മസ്റ്റായി വരണം. റാഷിദ് വേഗം ചാടിക്കയറി പറഞ്ഞു ഞാൻ പോകാം. താത്ത സമ്മതിച്ചു. റാഷിദ് നു സന്തോഷമായി. നാളെ റസിയയോട് സംസാരിക്കണം. കാര്യങ്ങളൊക്കെ പറയണം. റാഷിദ് വീട്ടിലെത്തി കുളിച്ചു കുട്ടപ്പനായി. 2 മണിക്കാണ് മീറ്റിങ്.

റാഷിദ് കൃത്യസമയത്തു തന്നെ സ്‌കൂളിലെത്തി. ഹനയുടെ ക്ലസ്സിലേക്ക് നടന്നു. റാഷിദ് നെ കണ്ടതും റസിയയുടെ കണ്ണുകൾ വിടർന്നു. മീറ്റിങ് തുടങ്ങി. റസിയയോട് സംസാരിക്കാൻ അവസരം കിട്ടിയില്ല. അവസാനം പ്രോഗ്രസ് റിപ്പോർട്ട് സൈൻ ചെയ്യാൻ വിളിച്ചു. അപ്പോൾ റാഷിദ് ടീച്ചറോട് നമ്പർ ചോദിച്ചു. ഹനയുടെ ഉമ്മയ്ക്കാണു. അവളുടെ പഠിത്തത്തെ കുറിച്ച് ചോദിക്കാനാണ്. റസിയ അത് വിശ്വസിച്ചെന്നു തോന്നുന്നു. അവൾ നമ്പർ എഴുതികൊടുത്തു. അവനു സന്തോഷമായി.

ഉച്ചയ്ക്ക് ശേഷം ലീവ് പറഞ്ഞിരുന്നതിനാൽ അവൻ സമീർ ന്റെ ഫാർമസിയിൽ പോയിരുന്നു. അവനോട് റസിയയെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു. സമീർ പറഞ്ഞു അവൾക്ക് മെസ്സേജ് അയക്ക്. ചാറ്റ് ചെയ്ത് ഫ്രണ്ട്ഷിപ് ഉണ്ടാക്കി അവളോട് ചോദിക്ക് ഇഷ്ടമാണോ എന്ന്. റാഷിദ് സമ്മതിച്ചു.

രാത്രി 8 മണിക്ക് അവൻ റസിയക്ക് ഒരു Hi മേസേജ് അയച്ചു. പ്രൊഫൈലിൽ റാഷിദ് ന്റെ ഫോട്ടോ ഉള്ളത് കൊണ്ട് അവൾക് തിരിച്ചറിയാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. അവളിങ്ങോട്ടും ഒരു Hi അയച്ചു. അവൻ സുഖമാണോ ഫുഡ് കഴിച്ചോ എന്നൊക്കെ മെസ്സേജ് ചെയ്തു. അവൾ മറുപടി പറഞ്ഞു. പിന്നെ ഹനയെയും ഹാദിയെയും കുറിച്ചു ചോദിച്ചു. അങ്ങനെ രണ്ടു മൂന്നു ദിവസം കൊണ്ട് അവർ നല്ല ഫ്രണ്ട്‌സായി. എന്നും രാത്രി അവളോട് ചാറ്റിംഗ് പതിവാക്കി.

ഒരു ദിവസം അവൻ രണ്ടും കൽപ്പിച്ച് അവളോട്‌ പറഞ്ഞു. എനിക്ക് തന്നെ ഇഷ്ടമാണ്. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. വീട്ടിലേക്കു സംസാരിക്കാൻ ആളെ അയക്കട്ടെ. അവൾ മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ രണ്ടു ദിവസത്തേക്ക് അവളുടെ മേസേജ് ഒന്നും ഇല്ലായിരുന്നു. അവൻ വിജാരിച്ചു. വെറുതെ അവളോട് ഒന്നും പറയേണ്ടിയിരുന്നില്ല.

അവളുടെ വിവരമൊന്നും അറിയാത്തത് കൊണ്ട് റാഷിദ് നു ഒരുസമാധാനവുംഉണ്ടായിരുന്നില്ല. ഒരു ദിവസം റാഷിദ് സ്റ്റേഷനിലേക്ക് പോകുമ്പോൾ വഴിക്ക് വച്ചു ഫ്രണ്ട് റിയാസ് നെ കണ്ടു. അവനോട് സംസാരിക്കുന്നതിനിടയിൽ അടുത്തുള്ള വീട്ടിൽ നിന്ന് ഒരു ബഹളം കേട്ടു. എന്താണ് പ്രശ്നം എന്നറിയാൻ അവൻ റിയാസിനെയും കൂട്ടി അവിടേക്കു പോയി. ഒരാൾ അവിടെ നിന്ന് ആ വീട്ടുകാരെ കുറെ അനാവശ്യം പറയുന്നു. റാഷിദ് നെ കണ്ടതും നിന്നെ പിന്നെ ഞാൻ എടുത്തോളംഎന്നു പറഞ്ഞു അവൻ ബൈക്കുമെടുത് സ്പീഡിൽ പോയി. റാഷിദ് റിയാസിനോട് കാര്യമെന്താണെന്നു ചോദിച്ചു. റിയാസ് ന്റെ വീട് ആ പരിസരത്താണ്. അവൻ പറഞ്ഞു “അറിയില്ല. എനിക്ക് പരിചയമുള്ള വീട്ടുകാരാണ്. നമുക്ക് പോയി ചോദിക്കാം. “

അവർ കാളിങ് ബെൽ അടിച്ചു. പ്രായമായ ഉമ്മ വാതിൽ തുറന്നു. റാഷിദി നെ കണ്ടു പരിഭ്രമിച്ചു. റിയാസ് നെ കൂടെ കണ്ടതോടെ അവർക്ക് സമാധാനമായി. റിയാസ് അവരോട് പറഞ്ഞു ഇതെന്റെ ഫ്രണ്ട് റാഷിദ്. ഇവിടുത്തെ എസ് ഐ ആണ്. എന്താ ഇവിടെ പ്രശ്നം. നേരത്തെ ആരാ ഇവിടെ വന്നത്.” . അവർ പറഞ്ഞു ” രണ്ടു വർഷം മുമ്പ് അവനെതിരെ എന്റെ മോൾ സാക്ഷി പറഞ്ഞിരുന്നു . അവനിപ്പോൾ പുറത്തിറങ്ങി പകരം ചോദിക്കാൻ വന്നതാണ്. അവനെ പേടിച്ചു ജീവിക്കുകയാ. ആണുങ്ങളില്ലാത്ത വീടായിപ്പോയില്ലേ. ചോദിക്കാനും പറയാനും ആരുമില്ല ” അതു പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. റാഷിദ് പറഞ്ഞു ” നിങ്ങൾ ഒന്നു കൊണ്ടും പേടിക്കേണ്ട. നിങ്ങളെ പോലുള്ളവർക്ക് വേണ്ടിയല്ലേ ഞങ്ങളൊക്കെ ഈ കാക്കിയിട്ടിരിക്കുന്നത്. അവൻ ആരാണെന്നറിയുമോ…?”.

അവന്റെ പേര് ഫൈസൽ. റാഷിദ് ശബ്ദം കേട്ട ഭാഗത്തേക് നോക്കി. റാഷിദ് നു വിശ്വസിക്കാൻ കഴിഞ്ഞില്ല. റസിയ. ഇത് അവളുടെ വീടാണെന്ന് അറിഞ്ഞിരുന്നില്ല. അവൻ അനാവശ്യം പറഞ്ഞത് തന്റെ റസിയയെയാണ്. റാഷിദ് നു ദേഷ്യം കൊണ്ട് രക്തം തിളച്ചു. അവൻ റസിയായോട് ചോദിച്ചു.ശരിക്കും എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്‌നം.റസിയ പറയാൻ തുടങ്ങി . റസിയയുടെ കൂട്ടുകാരിയായിരുന്നു റുബീന. അവർ എപ്പോഴും ഒന്നിച്ചായിരുന്നു. ഡിഗ്രിക്കും ബി എഡ് നുമെല്ലാം ഒരേ ക്ലാസ്സിൽ. അതിനിടയിൽ റുബിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് അവൾ ആളെക്കുറിച്ചു പറഞ്ഞിരുന്നില്ല. ഫേസ്‌ബുക് വഴിയാണ് പരിചയം എന്ന് മാത്രം പറഞ്ഞിരുന്നു. ഒരുപാട് നിർബന്ധത്തിനൊടുവിൽ ഒരു ദിവസം അവനെ കുറിച്ചു അവൾ പറഞ്ഞു. ഫോട്ടോയും കാണിച്ചു. നാട് കുറച്ചു ദൂരെയാണ്. അവന്റെ വീട്ടിൽ അവൻ എല്ലാം പറഞ്ഞിട്ടുണ്ട്. വീട്ടുകാർക് സമ്മതമാണ്. അവളുടെ വീട്ടിൽ അടുത്ത് തന്നെ പെണ്ണ് ചോദിക്കാൻ വരും എന്നു പറഞ്ഞു വല്ല്യ സന്തോഷത്തിലായിരുന്നു. ആ സമയത്തു വെക്കേഷൻ വന്നു. ഒരു മാസം ഞാൻ വീട്ടിലുണ്ടായിരുന്നില്ല. ഉപ്പയുടെ തറവാട്ടിലായിരുന്നു. തിരിച്ചു വന്ന ഞാൻ കണ്ടത് അവളുടെ മയ്യത്താണ്. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. റുബിക്കെന്താ പറ്റിയത്. നീയും ഫൈസലും തമ്മിൽ എന്താ പ്രശ്നം, റാഷിദ് ചോദിച്ചു.

റുബിക്കെന്താ പറ്റിയത്. നീയും ഫൈസലും തമ്മിൽ എന്താ പ്രശ്നം, റാഷിദ് ചോദിച്ചു. റസിയ പറഞ്ഞു ” മരിക്കുമ്പോൾ റുബി ഗർഭിണിയായിരുന്നു. അവളെ അവൻ ചതിച്ചതാ. ആ ദുഷ്ടൻ ഫൈസൽ. അവനോട് അവൾക്കെന്തു സ്നേഹമായിരുന്നു. വെക്കേഷന് കോളേജ് പൂട്ടിയതിനു പിറ്റേന്നു അവൾ അവനെ കാണാൻ പോയിരുന്നു. അവന്റെ ഉമ്മാക്ക് കാണാൻ വേണ്ടിയാണെന്ന് പറഞ്ഞു അവളെ വിളിച്ചു വരുത്തിയത്. അവിടെയെത്തിയ അവളെ അവൻ പിച്ചിച്ചീന്തി. അവന്റെ കൂടെ കുറെ തെമ്മാടി കൂട്ടുകാരുംഉണ്ടായിരുന്നു. അവർ അതൊക്കെ ക്യമറയിൽ ആക്കിയിരുന്നു. നടന്നതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ ആ വീഡിയോസ് ഒക്കെ നെറ്റിൽ ഇടും എന്ന് ഭീഷണിപ്പെടുത്തി.

പാവം റുബി, അവൾക് അതൊക്കെ താങ്ങാൻ പറ്റുന്നതിലപ്പുറമായിരുന്നു. ജീവന് തുല്യം സ്നേഹിച്ച ഫൈസൽ അവളെ ചതിച്ചെന്നറിഞ്ഞപ്പോൾ അവൾ തകർന്നു പോയി. അവൾ ആരോടും ഒന്നും പറയാൻ കഴിയാതെ അവൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. എല്ലാരോടും കലപില സംസാരിച്ചിരുന്ന അവൾ ആരോടും ഒന്നും മിണ്ടാതെയായി. എന്താ പറ്റിയതെന്ന് എല്ലാരും ചോദിച്ചിട്ടും അവളൊന്നുംപറഞ്ഞില്ല. തറവാട് വീട്ടിൽ പോയ ഞാൻ ഈ കാര്യമൊന്നും അറിഞ്ഞിരുന്നില്ല. അതിനിടയിൽ താൻ ഗർഭിണിയാണെന്ന സത്യം റൂബി മനസ്സിലാക്കി. അവൾ എന്താണ് ചെയ്യേണ്ടതെന്നറിയതെ അവൾ പകച്ചു നിന്നു. നാട്ടുകാരും വീട്ടുകാരുമാറിഞ്ഞാൽ അവളെ പിഴച്ചവളായി മുദ്ര കുത്തും. പിന്നെ മീഡിയക്കാരറിഞ്ഞാൽ അവർക്ക് ആഘോഷിക്കാൻ മറ്റൊരു ഇരയെ കൂടി കിട്ടും. വേണ്ട, ആരും ഒന്നുനറിയേണ്ട. വീട്ടുകാർക്കെങ്കിലും നാണം കെടാതെ സമാധാനമായി ജീവിക്കാമല്ലൊ.