മാളവിക

മാളവിക
Malavika Author : ജാസ്മിൻ സജീർ
”ഏട്ടാ… പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?”
”ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..” എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. അത് അവൾക്ക് അത്രക്ക‌് രസിച്ചില്ല.
വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു..
”ഏട്ടൻ പറഞ്ഞതല്ലേ… എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്..
എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ…” എന്റെ കെെ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.
”മാളൂ.. അമ്മ കണ്ടാൽ വഴക്കു പറയും..
മഴ കൊണ്ടാൽ പനി വരും.. പെണ്ണേ ഒന്നടങ്ങി നിക്ക്…” എന്നൊക്കെ ഞാൻ പറയുന്നുണ്ടേലും ഒന്നും അവൾ കേൾക്കുന്നേയില്ല.
ആദ്യമായി മഴ കാണുന്ന പോലെ അവൾ മഴയത്ത് മഴത്തുള്ളികളെ കയ്യിലേക്ക് ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു.
തിമിർത്തു പെയ്യുന്ന രാത്രി മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളെ മാറോട് ചേർത്തി വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ അവളോട് ചോദിച്ചു
” മാളൂ…. ഇനി നീ പറയ്..നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണ്…?”
എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു തുടങ്ങി..
”ഈ രാത്രി മഴയെ സാക്ഷിയാക്കി എന്റെ ആഗ്രഹം ഞാൻ പറഞ്ഞോട്ടേ…. എന്റെ അവസാന ശ്വാസം വരെ ഈ നെഞ്ചിലെ ചൂടേറ്റ് എന്റെ ഏട്ടന്റെ മാളു ആയി ഇങ്ങനെ ചേർന്ന് നിൽക്കണം..”
അതും പറഞ്ഞ് ആ മഴയത്ത് ഒന്നു കൂടി അവൾ എന്നെ മുറുകെപ്പുണർന്നു..

ആ വാക്കുകൾ എന്നുള്ളിലേക്ക് ആഴ്ന്നിറങ്ങി.. കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ പാടുപെട്ടു..

ഈ ജന്മത്തിലെ എന്റെ പുണ്യമാണവൾ..!!

”മാളൂ… നമുക്ക് പോയി കിടക്കാം..”

അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ചേർന്നു നടന്നു.

അകത്തേക്ക് കയറാൻ നിൽക്കുമ്പോൾ മുന്നിൽ അമ്മ നിൽക്കുന്നു. നോട്ടം അത്രക്ക് പന്തിയല്ല.
”എന്താടാ നിങ്ങളീ കാണിക്കുന്നത്.. മഴ കൊണ്ട് വല്ല അസുഖവും വരുത്തി വെക്കാനാണോ..?”
ഞാൻ മറുപടി പറയാൻ തുടങ്ങുന്നേനു മുന്നേ മാളു പറഞ്ഞു
”അമ്മേ ഞാൻ പറഞ്ഞിട്ടാണ് ഏട്ടൻ ..”

ബാക്കി അമ്മക്ക് മനസ്സിലായെന്നു തോന്നുണു.. അമ്മയുടെ ദേശ്യമൊക്കെ മാറി.. മാളു പറഞ്ഞാൽ അതിനപ്പുറത്തേക്ക് വേറെ ഒന്നും ഇല്ല..
അത്രക്കിഷ്ടാണ് അവളെ..
അമ്മ തന്നെയാണ് തോർത്തെടുത്ത് അവളുടെ മുടിയിലെ വെള്ളം മുഴുവൻ തുടച്ചു കൊടുത്തതും, നനഞ്ഞ ഡ്രെസ്സു മാറി പോയി ഉറങ്ങാൻ പറഞ്ഞതും..

ഞാൻ റൂമിലേക്ക് ചെന്നപ്പോഴെക്കും അവൾ കിടന്നിരുന്നു..

FacebookTwitterWhatsAppFacebook MessengerShare