പൂന്തോട്ടക്കാരന്‍

പൂന്തോട്ടക്കാരന്‍
Poonthottakkaran Author: Jagdeesh Kumar

അബു കാസിം, ഹൈദരാബാദിൽ നിന്നും വലിയ മോഹങ്ങളും സ്വപ്നങ്ങളുമായി ഖത്തറിലേക്ക് വിമാനം കയറിയ ഒരുപാട് ഇന്ത്യക്കാരിൽ ഒരാളാണ്. നാട്ടിൽ കാര്യമായി പണിയൊന്നുമില്ലാതെ നടന്നപ്പോൾ ഖത്തറിലെ തന്നെ ഒരു സുഹൃത്ത് തരപ്പെടുത്തിക്കൊടുത്ത ഒരു ജോലിയാണ് ഇപ്പോഴുള്ളത്. ഉള്ളതെല്ലാം വിറ്റു പെറുക്കി കുഞ്ഞു മോളുടെ കാതിൽ കിടന്ന കമ്മൽ പോലും വിറ്റ് കാശ് സ്വരൂപിച്ചാണ് ഇങ്ങോട്ടു കയറിയത്.

പൂന്തോട്ടക്കാരനായി ജോലിയിൽ കയറിയിട്ട് വർഷം രണ്ടു കഴിഞ്ഞു. നാട്ടിലേക്ക് ഇതുവരെ പോയിട്ടില്ല.

നല്ല ഷർട്ടും പാന്റ്സും ഇട്ടു കാറുകളിൽ കുടുംബത്തോടൊപ്പം കറങ്ങുന്ന മറ്റു ഗൾഫുകാരെ കാണുമ്പോൾ അവൻ തന്റെ പച്ച നിറത്തിലുള്ള യൂണിഫോമിലേക്കു നോക്കും. സ്മാർട്ട് ഫോൺ യുഗത്തിലും തന്റെ പഴയ പകിട്ടില്ലാത്ത ഫോൺ അവനു ഒരു ആശ്വാസമായിരുന്നു. ചുരുങ്ങിയ ശമ്പളത്തിൽ എന്നും വീട്ടിലേക്ക് വിളിക്കാൻ പറ്റില്ല. ആഴ്ചയിലൊരിക്കൽ ഭാര്യയുടെയും കുഞ്ഞിന്റെയും ശബ്ദം കേൾക്കും.

വേനൽക്കാലമാണ്. ചെടികൾക്ക് നല്ല സംരക്ഷണം കൊടുക്കേണ്ട സമയം. നഗരം ഉണരുന്നതിനു മുൻപേ അബു കാസിം ഉണരും. പിക്ക് അപ്പ് വാൻ വന്നു ഓരോരുത്തരെയും ഓരോ സ്ഥലത്തു ഇറക്കി വിടും. ഒരോർത്തർക്കും ഓരോ സ്ഥലങ്ങളിലാണ് ഉത്തരവാദിത്തം.

അബു കാസിമിന് ചുമതലയുള്ളതു റയ്യാനിലെ ഒരു റെസിഡൻസി കോമ്പൗണ്ടിലാണ്. അവിടെ വലിയ പുൽത്തകിടിയും, കുറെ മരങ്ങളും, ഈന്തപ്പനകളും, മറ്റു പലതരത്തിലുള്ള ചെടികളുമുണ്ട്. ഒരു കരിയില പോലും ഇല്ലാതെ എല്ലാം തൂത്തു വൃത്തിയാക്കണം. ചെടികൾക്കിടയിലെ കളകൾ പറിക്കണം. ഭംഗിയായി ചെടികൾ ഒതുക്കി നിർത്തണം. വെള്ളം തുറന്നു വിടണം. ഇറിഗേഷൻ ലൈനിൽക്കൂടി എല്ലായിടത്തും വെള്ളം എത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പതിവുപോലെ അവൻ ജോലി തുടങ്ങി. സൂപ്പർവൈസർ എത്തും മുൻപ് ജോലി തീർക്കണം, അല്ലെങ്കിൽ അയാൾ വായിൽ വരുന്നത് വിളിച്ചു പറയും. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ഇടയ്ക്കു അപ്രതീക്ഷിതമായി വരാറുണ്ട്. വലിയ മെഴ്‌സിഡസ് വാഹനത്തിൽ വരുന്ന അദ്ദേഹത്തെ അവിടെയുള്ളവർക്കെല്ലാം ഭയഭക്തി ബഹുമാനമാണ്.

വേനലായതിനാൽ ഈന്തപ്പനകളിൽ കായ്കൾ വന്നു തുടങ്ങി. അവയെല്ലാം അവൻ വല ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിച്ചു. ഒന്നുപോലും താഴെ പൊഴിഞ്ഞു പോവാതിരിക്കാനാണത്. ഈന്തപ്പഴങ്ങൾ കാണുമ്പോളെല്ലാം കാസിമിന് കുഞ്ഞു മോളുടെ ഓർമ്മയുണ്ടാവാറുണ്ട്..അവൾ വിളിക്കുമ്പോഴൊക്കെ പറയും, ഉപ്പ വരുമ്പോൾ ഈന്തപ്പഴം കൊണ്ട് വരണേയെന്ന്. കടയിൽ നിന്നും വാങ്ങാൻ ഒരുപാട് കാശാവും. കൊണ്ടുപോവുമ്പോൾ കുറച്ചു മാത്രം കൊണ്ടുപോകാൻ പറ്റില്ലല്ലോ. മറ്റുള്ളവർക്കും കൊടുക്കണ്ടേ.

ഈ ഈന്തപ്പഴങ്ങൾ വിളഞ്ഞു കഴിയുമ്പോൾ അതിൽ നിന്നും കുറച്ചു ചോദിക്കണം എന്ന് അവനു ആഗ്രഹമുണ്ട്. പക്ഷെ ചോദിക്കാൻ പേടിയാണ്. വിളഞ്ഞ ഈത്തപ്പഴങ്ങൾ കഴിഞ്ഞ വർഷം പായ്ക്ക് ചെയ്തു ഉടമസ്ഥന്റെ വലിയ ട്രക്കിൽ കയറ്റി അയക്കുമ്പോൾ ഒരെണ്ണം പോലും രുചിച്ചു നോക്കാൻ സൂപ്പർവൈസർ അനുവദിച്ചില്ല.

ഉടമസ്ഥൻ അറബി വരുമ്പോൾ അവസരം നോക്കി അനുവാദം ചോദിക്കണം..