ഓർമ്മകളിലെ ഏട്ടൻ

1999 ജൂലെ മാസം
ഒരു അലറിയുള്ള കരച്ചിൽ കേട്ടാണ് അടുത്ത ബെഡ്ഡിലെ റീന ചേച്ചി മാളുവിനെ കുലുക്കി വിളിച്ചത്.

“മാളൂക്കുട്ടി എന്താ നിനക്കു പറ്റിയെ! എന്തിനാ അലറി കരഞ്ഞത് ” .

ങ്ങേ ഞാനോ’?

നിഷ്ക്കളങ്കതയോടെ മാളു പറഞ്ഞു. ഞാൻ കരഞ്ഞില്ലല്ലോ ചേച്ചി. ഞാൻ എന്തിന് കരയണം. ഇല്ല ഞാൻ കരഞ്ഞില്ല. ഉത്തരം പറഞ്ഞ് മാളൂവീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….!

അടുത്ത ദിവസം നേരം പുലർന്നപ്പോൾ എല്ലാവരും മാളുവിനെ അതിശയത്തോടെ നോക്കാൻ തുടങ്ങിയിരുന്നു… എന്തൊ അപരാധം ചെയ്തതു പോലെ മാളു അവരുടെ മുന്നിൽ തലകുനിച്ചു നിന്നു ….

ഒറ്റയ്ക്കിരുന്നു മാളു തലേ ദിവസത്തെ കാര്യം ഓർത്തെടുക്കാൻ ശ്രമിച്ചു.. ഇല്ല കൃത്യമായി ഒന്നും ഒാർത്തെടുക്കാൻ സാധിക്കുന്നില്ല …..

രാവിലെ എണീറ്റു പ്രാഥമിക കാര്യങ്ങളെല്ലാം തീർത്ത് രാവിലത്തെ ചായകുടിയും കഴിഞ്ഞിരിക്കുമ്പോയാണ് മാളുവിന്റെജോലി സ്ഥലത്തെക്ക് ഒരു ജീപ്പ് ഇരമ്പി വന്നു നില്ക്കുന്നത് കണ്ടത് . അതിൽ നിന്നും മാളുവിന്റ വീടിന്റെ അടുത്തുള്ളവർ ഇറങ്ങി വന്നു. അവർ ഹോസ്റ്റൽ വാർഡൻ എലിസബത്ത് ചേച്ചിയുമായി എന്തൊക്കെയൊ സംസാരിക്കുന്നത് മാളു കാണുന്നുണ്ടായിരുന്നു !

അൽപ്പസമയത്തിനു ശേഷം വാർഡൻ അടുത്ത് വന്നു പറഞ്ഞു

“മാളു വേഗം റെഡിയാക് – വീടു വരെ പോകണം. ലീവ് ഞാൻ പറഞ്ഞ് എടുത്തോളാം “

മാളുവിന് എന്തെന്നില്ലാത്ത പരിഭ്രാന്തി തുടങ്ങി ..

“എന്തിനാ ചേച്ചി”

അവൾക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു …” എന്തിനാ ചേച്ചി ” എന്ന് വീണ്ടും ആവർത്തിച്ച് ചോദിച്ചിട്ടും വന്നവരോ ചേച്ചിയോ ഒന്നും വിട്ടു പറഞ്ഞതുമില്ല.