അവൾ ട്രീസ

അവൾ ട്രീസ
Aval Tresa ✍? മനു ശങ്കർ

“പ്രഫസർ ഞാൻ തെറ്റുകാരിയാണോ….? പ്രഫസർ.പറയു..”
ഈ മഞ്ഞുപെയ്യുന്ന ഡിസംബറിന്റെ കുളിരുള്ള പ്രഭാതത്തിൽ..വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ടാണ് ഞാൻ എണീറ്റത് ,
ഞാൻ ഹാളിലേക്ക് നടക്കുമ്പോൾ സോഫയിൽ ഉറങ്ങിയിരുന്ന എന്റെ ചക്കി പൂച്ചയും ഭയന്നു എണീറ്റിരുന്നു.. കൊളോണിയാൻ രീതിയിൽ നിർമ്മിച്ച വാതിലിന്റെ പൂട്ട് തുറക്കുവാൻ ഞാൻ എന്നത്തേയും പോലെ ബുദ്ധിമുട്ടി അപ്പോളും വാതിലിൽ മുട്ട് കേൾക്കുന്നുണ്ടായിരിന്നു……
വാതിൽ തുറന്നതും ഒരു നിലവിളിയോടെ അവൾ എൻ്റെ കയ്യിൽ പിടിച്ചു….
‘ട്രീസ ‘അവളുടെ പെരുമാറ്റത്തിൽ നിന്നും അവൾ എന്തോ വലിയ പ്രശ്‌നത്തിൽ അകപ്പെട്ട പോലെ തോന്നി…
ആരും അന്വേഷിച്ചു വരാത്ത എന്നെ തേടി മൂന്നാറിന്റെ ഈ തണുപ്പിൽ ഇവൾ എന്തിനു വന്നതാവും..
അവൾ നന്നായി വിറയ്ക്കുന്നുണ്ട്….
ഞാൻ ഫ്ലാസ്കിൽ കരുതിയ കോഫി അവൾക്കു നൽകി..
അവളുടെ കണ്ണുകളിലെ തിളക്കം നഷ്ടമായിരിക്കുന്നു..മുടി ചെമ്പിച്ചിരിക്കുന്നു…മൂന്നുവർഷങ്ങൾക്ക് ശേഷം കാണുകയാണ് അവളെ..
പ്രശസ്തമായ മൂന്നാറിലെ കോളജിൽ പഠിക്കാൻ വന്നതായിരുന്നു അവൾ കോട്ടയത്തുള്ള തന്റെ സുഹൃത്തു പ്ലാന്റർ ബേബിയുടെ മകൾ..ഞാൻ വിശ്രമം ജീവിതം തുടങ്ങുമ്പോളാണ് അവൾ വരുന്നത്….
മാലാഖയുടെ കണ്ണുകൾ ഉള്ള വെളുത്ത സുന്ദരി കുട്ടി…ബേബി എന്നെ അവളുടെ ലോക്കൽ ഗാർഡിയനാക്കി.., അവളേ ഹോസ്റ്റലിൽ നിർത്തി അവർ മടങ്ങി…
ഞാൻ എന്റെ വാർദ്ധക്യം ഈ സായിപ്പ് ബംഗ്ലാവിൽ ഭിത്തിയിൽ തൂങ്ങുന്ന ഏതോ പേരറിയാത്ത സായിപ്പന്മാരോടൊപ്പം ആഘോഷപൂർവ്വം എന്റെ ഭൂതകാല ഓർമകൾ പങ്കുവച്ചു ജീവിച്ചു തിർക്കുകയായിരിന്നു ……
എന്റെ പെൻഷൻ വാങ്ങുവാൻ മാത്രം പുറത്തു യാത്രകൾ നടത്തി..
എന്റെ ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ നടത്തിയിരുന്നത് അലക്സ് എന്ന ചെറുപ്പക്കാരൻ വഴിയായിരുന്നു.ചുറുചുറുക്കുള്ള, ദൃഡഗാത്രനായ ചെറുപ്പക്കാരൻ സാമൂഹിക പ്രവർത്തകൻ പള്ളിയിൽ ”പിയാനോ ആർട്ടിസ്റ്റ്” പിന്നെ തേയില കമ്പനിയിൽ ജോലി…ഇതൊക്കെയായിരുന്നു അവൻ….. ഞായറാഴ്ചകളിൽ കുർബാന കഴിഞ്ഞു എന്റടുത്തു വരും സന്ധ്യവരെ ഞങ്ങൾ ഓരോ കഥകൾ പറഞ്ഞു ഇരിക്കും….

പുതിയ തരം ഭക്ഷണങ്ങൾ ഉണ്ടാക്കുകയും , നിറഞ്ഞു പതയുന്ന വൈൻഗ്ലസ്സുകൾ കാലിയാകുന്നതിനൊപ്പം രുചികരമായ ആ ഭക്ഷണം പങ്കിട്ട് കഴിക്കുകയും , ഇടയ്ക്ക് അവൻ ഉച്ചത്തിൽ കവിത ചൊല്ലുകയും അങ്ങനെ കൂടും……
ചിലപ്പോൾ ഞാൻ വെയ്ക്കാറുള്ള പഴയ ഹിന്ദി ഗാനങ്ങളിൽ മുഴുകി മഞ്ഞുപെയ്തിറങ്ങുന്ന മല നിരകളുടെ വേഷപകർച്ചകൾ നോക്കിയിരിക്കും…പലപ്പോഴും അവന്റെ കുഞ്ഞു സന്തോഷങ്ങളും , ദുഃഖങ്ങളും പോലും എന്നോട് പങ്കുവച്ചിരുന്നു…
ഒരിക്കൽ അവൻ എന്നോട് എന്തോ പറയാൻ തപ്പി തടയുന്നത് കണ്ടു എനിക്ക് അത്ഭുതം തോന്നി…
പള്ളിയിൽ പുതിയതായി വന്നു തുടങ്ങിയ ഒരു പെൺകുട്ടി അവന്റെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നുയെന്നു,
നാട് കോട്ടയമാണെന്നും കെട്ടപ്പോൾ എനിക്ക് തോന്നി അവൻ ട്രീസയുടെ കാര്യമാവും പറയുന്നത് എന്നു..
ഞാൻ അവളുടെ കുടുംബത്തിന്റെ സ്ഥിതി ഒക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു പക്ഷെ..അവൻ പിൻതിരിയുന്നില്ല..
ഗാർഡിയൻ എന്ന നിലയിൽ എനിക്കവളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമാവാം ,
കൂടികാഴ്ചയ്ക്കിടയിൽ ഈ വിഷയവും കടന്ന് വന്നത്…. അവനെ കുറിച്ച് പറഞ്ഞപ്പോൾ… പള്ളിയിൽ വെച്ച് കാണാറുണ്ടെന്നു പറയുന്നതിനൊപ്പം …മനോഹരമായ ആ കണ്ണുകൾ ഒന്നു കൂടി വിടർന്നു… കാര്യങ്ങൾ ഞാൻ അവളോട്‌ പറഞ്ഞു ദുർബലമായ ഒരെതിർപ്പുണ്ടായങ്കിലും കവിളുകളിൽ പടർന്ന ശോണിമ അവനോടുള്ള ഇഷ്ടം വിളിച്ചോതുന്നതായിരിന്നു ….
അവന്റെ അവശ്യംപ്രകാരം ഞാൻ പിന്നെയും അവളെ കണാൻ പോയി
ഇപ്പോൾ അവൾ അവനെ ഇഷ്ടമാണെന്ന് പറയാൻ മനസ്സ് കാണിച്ചു..
ആ ഇഷ്ട്ടത്തിൽ അവനും പതിവിലധികം പ്രസരിപ്പുള്ളവനായ് മനസിൽ സന്തോഷം നിറഞ്ഞു …
രണ്ടു പേരും പരസ്പരം ഇഷ്ട്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞട്ടും സംസാരിക്കാൻ അവസരമില്ലായിരിന്നു ….
ട്രീസ എന്നോട് അവനെ എന്റെ വീട്ടിൽ വച്ചു കാണാനും മിണ്ടാനും ആഗ്രഹം ഉണ്ടന്നു പറഞ്ഞു ….
പള്ളി മുറ്റത്തും മറ്റും ഹോസ്റ്റൽ സുപ്പീരിയറിന്റെ ആളുകൾ ഉണ്ടാവും..അതാണ് എന്റെ വീട്ടിൽ വെച്ച് മതിയെന്നവൾ പറഞ്ഞതു…
നഷ്ടസ്വപ്നങ്ങളുടെ ഓർമ്മകൾ ചിതലരിച്ചു തുടങ്ങിയ എന്റെ വീട്ടിൽ തന്നെ ഒരു പ്രണയ വസന്തം വിരിയുന്നതിൽ എനിക്കേറെ സന്തോഷം തോന്നി…

അന്ന് അലക്സ് പതിവുപോലെ എന്നെ കാണാൻ വന്നു…സംസാരങ്ങൾകൊടുവിൽ അവൻ പോകാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു “ഞായർ പള്ളി കഴിഞ്ഞു ഉറപ്പായും ഇവിടെ വരണം.. ട്രീസ നിന്നെ കാണനിവിടെ വരുമെന്ന് പറഞ്ഞിരിന്നു…”
അവൻ്റെ കണ്ണുകളിൽ പെട്ടന്ന് നിറഞ്ഞ അപരിചിതത്ത്വവും ആകാംക്ഷയും എന്നെ തെല്ലമ്പരപ്പിച്ചു….ഏതു ട്രീസ!!..”
എൻ്റെ കണ്ണുകളിൽ ഇരുൾ മൂടുന്നത് പോലെ തോന്നി….
ഞായറാഴ്ച കളിൽ നീ പള്ളിയിൽ വച്ചു കാണാറുള്ള….
ആ കുട്ടി..
,”അത് ട്രീസയല്ല റാണിയാണ് പ്രൊഫസർ”
ഞാൻ വീണ്ടും ഞെട്ടി..
അവൻ ഇഷ്ടപ്പെടുന്നത് അതേ കോളേജിൽ പഠിക്കുന്ന കോട്ടയംകാരിയായാ റാണിയാണ് ….
ട്രീസയെന്ന് എന്നു ഞാനാണ് തെറ്റിദ്ധരിച്ചത്….
അപ്പോൾ ട്രീസയോട് ഞാൻ എന്തുപറയും..
എനിക്ക് അവളെ കാണാനുള്ള ധൈര്യമില്ലാതായി….
പള്ളയിൽ കഴിഞ്ഞു ഞായറാഴ്ച അവൾ വന്നു….
അവളുടെ ആകാംക്ഷയും സന്തോഷവും കണ്ടപ്പോൾ സത്യം തുറന്ന് പറയാൻ കഴിയാതെ ഞാൻ കുഴങ്ങി….
അവനു ഇന്ന് വരാൻ പറ്റില്ല ഒരു യാത്ര പോയേക്കുവാണെന്നു പറഞ്ഞു…അവൾ നിരാശയായ് മടങ്ങുന്നത് നോക്കി നിൽക്കുമ്പോൾ ഒരു ഭയം എന്നെ വന്ന് മൂടി…..
എനിക്ക് മനസമാധാനം നഷ്ടപ്പെട്ടു തുടങ്ങി പണ്ട് ഒരു നുണപറച്ചിലിന്റെ ബാക്കിയാണ് എന്റെയീ ഏകാന്ത വാസം..
പിന്നീട് അവൾ ചോദിച്ചപ്പോഴൊക്കെ പഠനം കഴിഞ്ഞു ആലോചിക്കാം എന്നു പറഞ്ഞു ഒഴിവാക്കി..
പക്ഷെ ഞാൻ വിചാരിച്ചതിലും ഞാൻ കണ്ടതിൽ വച്ചേറ്റവും ആത്മാർത്ഥമായ് അവൾ അവനെ മനസിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു..
കണ്ടുമുട്ടലുകൾക്കുമപ്പുറം മനസുകൊണ്ട് സ്നേഹിക്കുന്ന മാനസികഅവസ്‌ഥയിൽ അവൾ എത്തുകയായിരുന്നു….
പഠനം കഴിഞ്ഞതോടെ എന്നിൽ വിശ്വാസമർപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരിന്നു അവൾ….
അവളുടെ മനസ്സിലുള്ളത് തിരുത്താനുള്ള ധൈര്യം അപ്പോഴെനിക്കുണ്ടായില്ല …
കാലം അവളിൽ നിന്നാ ഇഷ്ടം മായ്ച്ച് കളയുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു…

അലക്സ് റാണിയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു കല്യാണമുറപ്പിച്ചു…ഇതറിഞ്ഞു രാത്രിയിൽ വിട്ടിൽ നിന്നും ചാടി പോന്നതാണ് ട്രീസ….എല്ലാം അറിഞ്ഞിരിക്കുന്നു അവൾ…
പക്ഷെ അവനെ മറക്കുവാൻ അവൾക്കു കഴിയുന്നില്ല..അലമുറയിട്ടു കരയുന്നു…
“പ്രഫസർ ഞാൻ തെറ്റുകാരിയാണോ” വീണ്ടും തേങ്ങി കരയുന്നു..
ചിത്തഭ്രമം ബാധിച്ചപോലെ ഇടയ്ക്കവൾ എന്തൊക്കെയോ പുലമ്പുന്നു ,
എൻ്റെ കാലുകൾ ശില പോലെ ഉറച്ചു പോയ് , ഒന്നു ആശ്വപ്പിക്കാൻ കഴിയാതെ അണയാൻ പോകുന്ന ദീപം പോൽ എൻ്റെ മനസ്സ് ആളിക്കത്താൻ തുടങ്ങി ,
എന്ത് മഹാപാപമാണ് ഞാൻ ചെയ്തത് …
ഈ ഏകാന്ത ജീവിതം കൊണ്ട് ഇങ്ങനൊരു ദുരന്തം കൂടി…
പുറത്തു വന്നു നിന്ന വണ്ടിയിൽ നിന്നും ബേബിച്ചനും ട്രീസയുടെ ആങ്ങളയും ഇറങ്ങി വന്നു… അവൾ എന്റെ കണ്ണിലേക്ക് ദയനീയമായി നോക്കി ,അവർ അവളെ എനിക്ക് മുന്നിലൂടെ പിടിച്ച് വലിച്ച് കൊണ്ട് പോയി….
അവൾ എന്റെ പേര് മനപൂർവം ഒഴിവാക്കിയതാവാം..അവർ അതിനെ കുറിച്ചൊന്നുമെന്നോട് ചോദിച്ചില്ല…. ബേബിച്ചൻ തിരിച്ചു വന്നു..”എന്റെ കുഞ്ഞിനെ എവിടെ കൊണ്ടുപോയി ആണെങ്കിലും ഭേദമാക്കും..” അവൾക്കെന്താണ് സംഭവിച്ചതെന്നറിയില്ല
അവർ പോയി കഴിഞ്ഞും എന്റെ കാതിൽ അവളുടെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..
”പ്രഫസർ ഞാനാണോ തെറ്റുകരി….”
ഞാൻ കാലങ്ങളായി കാത്തുവെച്ചിരുന്ന ആ കുപ്പിയിൽ നിന്നും രണ്ടു തുള്ളി വൈനിൽ പകർന്നു…വായിലേക്ക് ഒഴിക്കുമ്പോൾ… പൊട്ടാസ്യം സയനൈഡ് കുപ്പി എൻറെ കയ്യിൽ നിന്നും തറയിൽ വീണു ചിതറിയിട്ടുണ്ടാവാം ….
അകലയെങ്ങോ ഒരു കൂറ്റൻ പക്ഷിയുടെ ചിറകടിയോച്ച ഭയാനകമായ നിശബ്ദതയെ കീറിമുറിച്ചകന്നു
പോകുന്നു……