ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ
Unnikuttante Swantham Varada
ഞാനും ഒരു കൊച്ചു കൃഷ്ണനായതുകൊണ്ടാകും ഞങ്ങളുടെ കൃഷ്ണൻ കോവിലെനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നത്‌.അവിടുത്തെ ആലിൻ ചുവട്ടിലിരുന്ന് കൂട്ടുകരോട്‌ സൊറ പറഞ്ഞ്‌ അമ്പലത്തിൽ വരുന്ന സുന്ദരിമാരെ വായിനോക്കുന്ന കൗമാര വികൃതികൾ നിർത്തിയത്‌ എന്റെ പെങ്ങൾ വലുതായതോടെയാണ്‌…ഞങ്ങൾ നോക്കിയിരുന്ന സുന്ദരിമാരും ആരുടെയെങ്കിലും സഹോദരിയായിരിക്കുമല്ലൊ എന്ന ചിന്ത അതിൽ നിന്നും വിലക്കുവാൻ തുടങ്ങി.

ജോലി കിട്ടിയതിനു ശേഷവും കുട്ടിക്കാലം മുതലുള്ള ശീലമായ ക്ഷേത്ര ദർശ്ശനം മുടക്കിയിരുന്നില്ല.ഒരാഴ്ച ട്രെയിനിംഗ്‌ പോയിട്ട്‌ വന്ന ദിവസം വൈകിട്ട്‌ വന്ന ഉടനെ കുളിച്ചിട്ട്‌ നേരെ പോയത്‌ അമ്പലത്തിലേക്കാണ്‌…കണ്ണനെ ഒരു നേരമെങ്കിലും കണ്ടില്ലെങ്കിൽ മനസ്സിനാകെയൊരു ഉണ്മ്മേഷക്കുറവാണ്‌…

ഒരാഴ്ച കാണതിരുന്നേന്റെ പിണക്കം തീർക്കാൻ ഒരു തുളസിമാല വാങ്ങി അർപ്പിക്കാമെന്ന് കരുതി.ഞാനും കണ്ണനും അങ്ങനെയാണ്‌… ചില സമയത്ത്‌ കണ്ണനെന്റെ കളിക്കൂട്ടുകാരൻ ആണെന്നാ എന്റെ വിചാരം.എനിക്കെന്തേലും സങ്കടമുണ്ടാകുമ്പോൾ ആദ്യം പറയുന്നത്‌ കണ്ണനോടാണ്‌.ആ ചിരി തൂകിയുള്ള നിൽപു കാണുമ്പോൾ എന്റെ സങ്കടത്തിനുള്ള പരിഹാരവും മനസ്സിൽ തെളിഞ്ഞുവരും.എന്നെ കണ്ടില്ലെങ്കിൽ കണ്ണൻ പിണങ്ങുമെന്ന എന്റെ കുട്ടിക്കാലം മുതലുള്ള ചിന്ത ഇത്ര വലുതായിട്ടും മാറുന്നില്ല.

‘ഒരു തുളസിമാല….’ – അമ്പല നടയിൽ മാല കെട്ടുന്ന പെൺകുട്ടിയോട്‌ പറഞ്ഞു.ഏതാണീ കുട്ടി?നേരത്തെ മാല കെട്ടിയിരുന്ന ലക്ഷ്മി അമ്മയുടെ മകളാണോ?ഏയ്‌ അല്ല..ലക്ഷ്മി അമ്മയ്ക്ക്‌ രണ്ടാൺ മക്കളാണല്ലോ .ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നതിനിടയിൽ അവൾ മാല തന്നിട്ട്‌ ഇരുപത്‌ രൂപ എന്ന് പറഞ്ഞു.

“ഇരുപത്‌ രൂപയോ?കഴിഞ്ഞയാഴ്ച ഞാൻ ലക്ഷ്മി അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങിയത്‌ പതിനഞ്ചു രൂപയ്ക്കാണല്ലോ?ഇത്രപെട്ടെന്ന് അഞ്ച്‌ രൂപ കൂട്ടിയോ?താനാളു കൊള്ളാല്ലോ?”

‘കഴിഞ്ഞയാഴ്ച ഉള്ളിക്കുള്ള വിലയല്ലല്ലോ ഇന്നുള്ളത്‌?എല്ലാ സാധനങ്ങൾക്കും ഓരോ ദിവസവും വില കൂടുവല്ലേ ?ഭഗവാനു വേണ്ടി മാത്രം പിന്നെയീ പിശുക്കെന്തിനാ കാണിക്കുന്നത്‌?’

“ഇയാൾ ലക്ഷ്മിയമ്മയുടെ ആരാണ്‌?

“ആരുമല്ല..ലക്ഷ്മി അമ്മയ്ക്ക്‌ സുഖമില്ല..അതുകൊണ്ട്‌ ഇനിയും മാല കെട്ടുവാൻ വരില്ല.. ഇവിടുത്തെ തിരുമേനി എന്നോട്‌ മാലകെട്ടിക്കോളാൻ പറഞ്ഞു”

തുളസ്സി മാലയും വാങ്ങി അവളെ ‘കാന്താരി ‘ എന്ന് മനസ്സിൽ വിളിച്ചുകൊണ്ട്‌ ഞാൻ കണ്ണന്റെ നടയിലേക്ക്‌ നീങ്ങി.എന്തെന്നറിയില്ല ഇന്ന് കണ്ണന്റെ മുൻപിൽ കൈകൂപ്പി നിന്നപ്പോൾ മനസ്സു നിറയെ അവളാണ്‌…ആ കാന്താരി..കണ്ണനെന്നെ നോക്കി കള്ളച്ചിരി തൂകുന്നപോലെ തോന്നി.
കണ്ണനെ തൊഴുതിറങ്ങി വന്നപ്പോൾ ഞാനവളെ അവിടെ നോക്കിയെങ്കിലും കാണാൻ സാധിച്ചില്ല.അവളാരെന്നറിയാൻ പറ്റിയില്ലല്ലൊ എന്ന് ചിന്തിച്ച്‌ ഞാൻ ആൽതറയിലേക്ക്‌ നടന്നു.ആലിലകൾ കാറ്റത്തുലഞ്ഞ്‌ എന്നെ കളിയാക്കി ചിരിക്കുന്നപോലെ തോന്നിപ്പോയി.ഈ സന്ധ്യക്ക്‌ എന്നത്തേക്കാളും മനോഹാരിത തോന്നുന്നു.അമ്പലപ്രാവുകൾ കൊക്കൊരുമി പ്രണയം പങ്കുവയ്ക്കുന്നു.അസ്തമയ സൂര്യൻ സിന്ദൂരം ചാർത്തി ആകാശത്തെ സീമന്ദിനിയാക്കിയിരിക്കുന്നു.പ്രണയാതുരമായൊരു അന്തരീക്ഷം..

വീട്ടിൽ ചെന്നിട്ടും അവളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.ഒത്തിരി പെൺകുട്ടികളെ കൂട്ടുകാരോടൊപ്പം നോക്കിയിരുന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പെൺകുട്ടിയോടും തോന്നാത്തൊരിഷ്ടം അവളോട്‌ തോന്നുന്നു.

‘ഉണ്ണിക്കുട്ടാ നീ അത്താഴം കഴിക്കാൻ വരുന്നില്ലേ’ എന്ന അമ്മയുടെ ചോദ്യമാണ്‌ എന്നെ ചിന്തകളിൽ നിന്നുണർത്തിയത്‌.ഞാനിത്ര വലുതായി ജോലിക്കാരനൊക്കെ ആയിട്ടും അമ്മയ്ക്കിപ്പോഴും ഞാൻ ഉണ്ണിക്കുട്ടനാണ്‌…സ്വരൂപ്‌ എന്ന എന്റെ പേര്‌ അമ്മയൊന്നു വിളിച്ചു കേൾക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ടെങ്കിലും അമ്മയുടെ സ്നേഹത്തിൽ കുതിർന്ന ഉണ്ണിക്കുട്ടൻ വിളിയാണെനിക്കും ഇഷ്ടം.

ജോലികിട്ടിയതിനു ശേഷം മിക്കപ്പോഴും വൈകിട്ടത്തേക്ക്‌ മാത്രം ചുരുങ്ങിയ ക്ഷേത്ര ദർശ്ശനം അങ്ങനെ രാവിലെകൂടി പുന:രാരംഭിച്ചു.കണ്ണനെയും ദർശ്ശിച്ച്‌ അവളെയുമൊന്ന് കണ്ടിറങ്ങുമ്പോൾ മനസ്സിനാകെയൊരു കുളിർമ്മ തോന്നിത്തുടങ്ങിയിരുന്നു.അന്ന് ഞാനവളോട്‌ പതിവ്‌ പുഞ്ചിരിയോടൊപ്പം പേരെന്താണെന്ന് ചോദിക്കുകയും ചെയ്തു.’മാല വാങ്ങുന്നതിന്‌ പേരറിയണോ മാഷെ എന്ന് ചോദിച്ചെങ്കിലും ‘വരദ’ എന്നാണ്‌ പേരെന്നവൾ പറഞ്ഞു.അവളേക്കുറിച്ച്‌ കൂടുതൽ അറിയണമെന്ന് തോന്നിയെങ്കിലും അവളോട്‌ ചോദിക്കുവാനുള്ള ധൈര്യം ഇല്ലാത്തതുകാരണം ചോദിച്ചില്ല.

അമ്പലത്തിലെ ഹരീന്ദ്രൻ തിരുമേനി എന്റെ സുഹൃത്താണ്‌.വരദയേക്കുറിച്ച്‌ ഹരീന്ദ്രനോട്‌ ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അമ്പലത്തിനടുത്തുള്ള വീട്ടിലാണ്‌ താമസമെന്നും അച്ഛനും അമ്മയും മരിച്ചു പോയെന്നും ആകെയുള്ളത്‌ അമ്മയുടെ അമ്മ മാത്രമാണെന്നും ഹരീന്ദ്രൻ പറഞ്ഞു.നേരത്തെ മാല കെട്ടിക്കൊണ്ടിരുന്ന ലക്ഷ്മി അമ്മയുടെ തറവാടിനടുത്തായിരുന്നു അവരുടെ വീട്‌.അവളുടെ അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കേണ്ടി വന്നു.ആരും സഹായത്തിനില്ലാത്തതുകൊണ്ട്‌ ലക്ഷ്മിയമ്മ അവരെ ഈ നാട്ടിലേക്ക്‌ അന്നേ ക്ഷണിച്ചിരുന്നു.

മുത്ത്ശ്ശിയുടേയും കൊച്ചുമോളുടേയും ജീവിതം വളരെ കഷ്ടത്തിലാണ്‌…ഇവിടുന്നു കിട്ടുന്ന ചെറിയ വരുമാനവും പിന്നെ പടച്ചോറുമൊക്കെയാണ്‌ ആശ്വാസം.ആ കുട്ടി ഡിഗ്രീ ഒന്നാം വർഷം കഴിഞ്ഞപ്പോഴാണ്‌ അവളുടെ അച്ഛൻ കിടപ്പിലായത്‌.ഒരു വർഷത്തിനുള്ളിൽ അച്ഛൻ മരിച്ചു.അവൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം.എവിടെയെങ്കിലുമൊരു ജോലി വാങ്ങിക്കൊടുക്കാമോന്നവൾ ചോദിച്ചിട്ടുണ്ട്‌.കണ്ണനെന്തെങ്കിലും വഴി കാണിച്ചുകൊടുക്കുമായിരിക്കുമെന്ന് പറഞ്ഞ്‌ ഹരീന്ദ്രൻ നടന്നകന്നു.

അന്ന് വൈകുന്നേരം ഞാനും അനുജത്തി മീനൂട്ടിയുംകൂടി കോലായിൽ അമ്മയുടെ മടിയിൽ തലവച്ച്‌ കിടന്ന് നാട്ടു വർത്തമാനം പറയുന്നതിനിടയിൽ അമ്പലത്തിലൊരു പൂക്കാരി ചേച്ചി വന്നിട്ടുണ്ടെന്ന് മീനൂട്ടി പറഞ്ഞു.

“അമ്മേ ആ ചേച്ചി ഒത്തിരി സുന്ദരിയാ..ചേച്ചീടെ മുടിയൊന്ന് കാണണം..എനിക്ക്‌ ചിലപ്പോൾ കുശുമ്പ്‌ തോന്നും കണ്ടിട്ട്‌..ഒരു പാവം ചേച്ചിയാ..അതിന്റെ അച്ഛനും അമ്മയും മരിച്ചുപോയി..ഒരു മുത്തശ്ശി മാത്രമേയൊള്ളു..വരദ എന്നാ പേര്‌…നല്ല പേരല്ലേ ഏട്ടാ”

“നീ അമ്പലത്തിൽ പോകുന്നത്‌ ഭഗവാനേ തൊഴാനാണോ അതോ നാട്ടുകാരുടെ വിശേഷം അറിയാനാണോ ” എന്ന് പറഞ്ഞവളെ ശാസിച്ചപ്പോൾ എല്ലാം അറിഞ്ഞ ഇവളിവിടെ ഉള്ളപ്പോഴാണല്ലോ ഹരീന്ദ്രനോട്‌ അവളേക്കുറിച്ച്‌ തിരക്കിയതെന്നോർത്ത്‌ എനിക്ക്‌ ചെറിയ ലജ്ജ തോന്നി.

“ഞാൻ കണ്ടല്ലോ ഏട്ടൻ കഴിഞ്ഞ ദിവസം ആ ചേച്ചിയോട്‌ ചിരിച്ച്‌ വർത്തമാനം പറയുന്നത്‌”
“അതിനെന്താ?”