സ്വത്തുവിന്റെ സ്വന്തം – 2

ദേവി..! നിധിയേട്ടൻ കൊന്നത് കാവിലെ പാമ്പാകാതെ ഇരുന്നാൽ മതിയായിരുന്നു……

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, മനസ്സിൽ മുഴുവൻ ആ കുന്നിൻ ചെരിവും, നിഗൂഢതകൾ നിറഞ്ഞ ആ വീടും, ഗന്ധർവ്വനും, ഇതുവരെ കാണാത്ത അതിലെ കുളവും താമരയും ഒക്കെ ആയിരുന്നു …..

നല്ല തണുത്ത കാറ്റ്, പൊഴിഞ്ഞു വീഴുന്ന മഞ്ഞു ശകലങ്ങൾ തന്റെ മുടിമേൽ മുത്തുപോൽ പറ്റിച്ചേർന്നിരുന്നു…
കുന്നിനപ്പുറത്തെ പുഴയിലേക്ക് വീണുപോയ നക്ഷത്രങ്ങൾ …..
തെളിഞ്ഞ ആകാശത്തു പാതിമാത്രം ദൃശ്യമായ ചന്ദ്രക്കല…
പൂർണ്ണചന്ദ്രനല്ലാതെ ഇങ്ങനെ ചന്ദ്രക്കല കാണുമ്പോളൊക്കെ അതിനുതാഴെ അദൃശ്യമായൊരു ശിവരൂപത്തെ സങ്കല്പിച്ചു നോക്കും താൻ …
പകുതിയും പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന നീലക്കടമ്പിലെ പൂക്കൾ എല്ലാം പൊഴിഞ്ഞു തീരാറായി….
അതിലെ താഴ്ന്ന കൊമ്പിൽ ആരോ ഇരിക്കുന്നുണ്ട് …..ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈരടികൾ അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു….. കാറ്റുപോലും ഏറ്റുപാടുന്ന മാസ്മരിക സംഗീതം ……..

ഇതാവും ഗന്ധർവ്വൻ… മനസ് പറഞ്ഞുകൊണ്ടിരുന്നു….. മഞ്ഞിൽ അവ്യക്തമായ രൂപത്തിലേക്ക് നോക്കി നോക്കി നിൽക്കവേ… പുഴയുടെ അറ്റത്തു സൂര്യനുദിക്കും മുന്നേയുള്ള ശോണിമ പടർന്നു ….. മഞ്ഞുവീഴ്ച നിന്നുവെന്നു തോന്നി,… ഗന്ധർവ്വൻ ഇരിക്കുന്ന നീലക്കടമ്പിൽ ചേക്കേറിയ പക്ഷികളെല്ലാം കൂട്ടമായി പറന്നകന്നു….

മഞ്ഞിനേക്കാൾ തണുപ്പുള്ള കാറ്റ് … അവ്യക്തതയിൽ നിന്നും വ്യക്തമായി വരുന്ന രൂപം ….. കസവുമുണ്ടും കാതിലെ

കടുക്കനും.. നെഞ്ചോടു പറ്റിച്ചേർന്നു കിടക്കുന്ന കല്ലുമാലയും…. മുത്തശ്ശിക്കഥയിലെ ഗന്ധർവ്വൻ, ദേവലോകത്തു നിന്നും ഇറങ്ങിവന്ന പോലെ…… കഴുത്തിലൂടെ ചുറ്റിയ മേൽമുണ്ട് കാറ്റിലിളകുന്നു…

തന്നെ നോക്കി ചിരിക്കുകയാണോ …? കൺചിമ്മി ഒന്നുകൂടെ നോക്കി … വാത്സല്യവും സ്നേഹവും നിറയുന്ന നിഷ്കളങ്കമായ ചിരി…. ആ ചിരി, ആ നുണക്കുഴി, എത്രയോ കാലം മുന്നേ പരിചയമുള്ളതാണ് ……

ദേവീ..! അത് നിധിയേട്ടനല്ലേ ….? കുന്നിൻചെരിവിൽ പൊഴിഞ്ഞു വീണ മഞ്ഞുകണങ്ങളെല്ലാം തന്റെ നെഞ്ചിൽ കൂടുകൂട്ടിയ പോലെ, ഒരു മഞ്ഞുശിലയായി താനവിടെ ഉറഞ്ഞു പോകുമെന്ന് തോന്നി ……
അതെ നിധിയേട്ടൻ തന്നെ… അതേ രൂപം … ഇത്ര മനോഹരമായ ചിരി നിധിയേട്ടൻ ഇത്രയുംകാലം എവിടെ ഒളിപ്പിച്ചു വച്ചിരുന്നു …..

നോക്കിനിൽക്കവേ ഒഴുകി നീങ്ങുന്ന മേഘപാളികളെല്ലാം താഴേക്ക് പറന്നിറങ്ങി…. കണ്ണടച്ച് തുറക്കും മുന്നേ അവ കാറ്റിൽ അലിഞ്ഞില്ലാതെയായി …

സ്വത്തൂ…. ദൂരെ നിന്നെവിടെന്നോ അമ്മയുടെ വിളിക്കൊപ്പം, മഴയുടെ നനുത്ത തുള്ളികൾ മുഖത്തേക്ക് വീണുകൊണ്ടിരുന്നു….

കണ്ണുചിമ്മി തുറക്കുമ്പോൾ, ‘അമ്മ കൺമുന്നിൽ ഒരു യക്ഷിയെ പോലെ നിൽക്കുന്നു…. ഇൻഡോർ ചെടികൾ നനയ്ക്കുന്ന സ്‌പ്രേ ബോട്ടിൽ ഒരു കയ്യിൽ … ഇതാണോ ഇപ്പൊ പെയ്ത മഴ …. അപ്പൊ ഗന്ധർവ്വൻ ….?

“ഗന്ധർവ്വൻ താഴെ ചായ കുടിച്ചോണ്ടു പേപ്പർ വായിക്കുന്നുണ്ട്…. എഴുന്നേറ്റുപോടി… അവളുടെ ഒരു ഗന്ധർവ്വൻ . ഇന്ന് തിങ്കളാഴ്ചയാണ് സ്കൂളിൽ പോണം … അവിടെ ചടഞ്ഞിരിക്കാതെ എഴുന്നേറ്റേ…

” ‘അമ്മ പുതച്ചിരുന്ന വിരി വലിച്ചു മാറ്റിയതും, അങ്കലാപ്പോടെ തന്റെ കാലിലേക്ക് നോക്കി “ഇതെന്താ പെണ്ണെ നിന്റെ കാലിൽ …? എന്താ ഒന്നും മനസ്സിലാകാതെ ഞാനും നോക്കി …. പച്ചമണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നു രണ്ടുകാലിലും…. നീ മുറ്റത്തിറങ്ങിയോ….? ഇതെങ്ങനെ …? അതിനു മഴ ഒന്നും പെയ്തില്ലലോ…. മുറ്റമൊക്കെ ഉണങ്ങി കിടക്കുകയാണല്ലോ ….. ആശങ്കയോടെ ഓരോന്ന് പറഞ്ഞു ‘അമ്മ മുറിവിട്ടിറങ്ങി…

വിശ്വസിക്കാനാവാത്ത സ്വപ്നത്തിന്റെ കൂടെ, കാലിലെ പച്ചമണ്ണും… എന്തൊക്കെയാണ് സംഭവിക്കുന്നത് ദേവീ….

കുളിച്ചു യൂണിഫോമിട്ടു താഴേക്കിറങ്ങുമ്പോൾ, അമ്മയോട് എന്ത് പറയുമെന്നായിരുന്നു മനസ്സിൽ …..

ഒന്നും മിണ്ടാതെ ഡൈനിങ്ങ് ടേബിളിനു മുന്നിൽ ഇരിക്കുമ്പോൾ,എന്തൊക്കെയോ നിഗൂഢത തന്റെ പിന്നാലെയുണ്ടെന്നു അറിയുകയായിരുന്നവൾ ….

“രാവിലെ തന്നെ മുറ്റത്തു ഇറങ്ങിയല്ലേ …. ആ മഞ്ഞ റോസാപ്പൂവ് പറിച്ചെടുക്കാനായിരിക്കും …. വിരിയാൻ സമ്മതിക്കില്ല … എന്നിട്ടു വീണ്ടും പോയി ഉറങ്ങിയിരിക്കുന്നു…. മനുഷ്യനെ പേടിപ്പിക്കാൻ…. അച്ഛനിന്നു പതിവില്ലാതെ രാവിലെ തന്നെ പൂന്തോട്ടം നനച്ചിരുന്നു… അത് കണ്ടപ്പോഴാണ് സമാധാനം ആയത്…. നീ കേൾക്കുന്നുണ്ടോ സ്വത്തൂ ..

ങേ, ആ കേട്ടു…. ആ കാര്യത്തിൽ രക്ഷപെട്ടു… ‘അമ്മ തന്നെ ഒരുത്തരവും കണ്ടു പിടിച്ചിരിക്കുന്നു …..

ദിയ സ്കൂളിൽ പോയി കാണും.. വൈകിട്ട് തന്നെ അവളോട് എല്ലാം പറയണം…. എന്നാലും ഗന്ധർവന് എന്താ നിധിയേട്ടന്റെ മുഖം… അതോ നിധിയേട്ടനാണോ ഗന്ധർവ്വൻ … ആരോടും പറയാനാവാതെ വീർപ്പുമുട്ടുന്ന ചിന്തകളുമായാണ് അന്ന് സ്കൂളിലേക്ക് പോയത്….

സ്കൂൾവിട്ടു നേരെ ദിയയുടെ വീട്ടിലേക്കാണ് ചെന്നത്… അവൾക്ക് പനികൂടി ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുവാത്രേ … അവളുടെ ചേട്ടൻ ദീപുവിന്റെ വാക്കുകൾ കേട്ടു നിരാശയോടെ തിരിച്ചുപോന്നു …..

അന്ന് ട്യൂഷൻ ക്ലാസ്സിൽ ശ്രീലക്ഷ്മിയുടെ അടുത്തുതന്നെ പോയിരുന്നു… ടീച്ചർ പുറത്തുപോയ നേരംനോക്കി അവളോട് ചോദിച്ചു …. നിന്റെ നിധിയേട്ടനും, ഗന്ധർവ്വനും തമ്മിൽ എന്താ ബന്ധം….? എന്തിനാ ഗന്ധർവനുള്ള വീട്ടിൽ പോയി പാമ്പിനെ കൊന്നത്….?

പാമ്പിനെയോ..എപ്പോ,,? നിന്നോടാരാ പറഞ്ഞത്…? ശ്രീലക്ഷ്മി തിരിച്ചു ചോദിച്ചു..?

ശനിയാഴ്ചയാ…. എന്റെ അടുത്ത വീട്ടിലെ കുട്ടികളൊക്കെ കണ്ടുന്നു പറഞ്ഞല്ലോ ……!

സ്വാതി, നീയെന്താ പറയുന്നത്…? ഞങ്ങൾ എല്ലാവരും കൂടി വെള്ളിയാഴ്ച വൈകിട്ടത്തെ ട്രെയിനിൽ അമ്മയുടെ വീട്ടിൽ പോയിട്ട്

ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്….. രണ്ടു ദിവസം ഞാൻ ട്യൂഷൻ പോലും വന്നിട്ടുണ്ടായില്ല…. അമ്മമ്മയുടെ ശ്രാദ്ധം ആയിരുന്നു… നിധിയേട്ടനാണ് കർമ്മങ്ങളൊക്കെ ചെയ്തത് ….
നേരാണല്ലോ ദേവീ …. അപ്പൊ ദിയ ആരെയാവും കണ്ടത്….

ശ്രീലക്ഷ്‌മി, നീ വിശ്വസിക്കണം, ഞാൻ സ്വപ്നത്തിൽ കണ്ട ഗന്ധർവന് നിന്റെ നിധിയേട്ടന്റെ മുഖമായിരുന്നു …. മഞ്ഞു മൂടിയ ആ കുന്നിൽ വച്ചാണ് ഞാൻ കണ്ടത് …. നല്ലോണം പാട്ടും പാടുന്നുണ്ടായിരുന്നു ….

എന്നാലും നീ കൊള്ളാലോ…! ശ്രീലക്ഷ്മി എന്റെ തുടയിൽ നുള്ളി …… ഇത് ഞാൻ നിധിയേട്ടനോട് പറയും …. അവൾ ചിരിയടക്കാൻ പാടുപെടുമ്പോൾ,… ദുരീകരിക്കാനാവാത്ത സംശയങ്ങളൊക്കെ ആരോടും ചോദിക്കുമെന്നോർത്തു എന്റെയുള്ളു പുകയുകയായിരുന്നു ….

ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയതും നിധിയേട്ടനെ കണ്ടു….. ഇന്നലെ താൻ ദേഷ്യപ്പെട്ടു പറഞ്ഞതിന്റെ ഒരു ഭാവഭേദവുമില്ലായിരുന്നു ….

താൻ അടുത്തേക്ക് എത്തുംതോറും മനോഹരമായ ചിരി വിടർന്നു ആ മുഖത്ത് …. നിറയെ സ്നേഹവും, വാത്സല്യവും ഒളിപ്പിച്ചു വച്ച് നുണക്കുഴി വിരിയുന്ന, സ്വപ്നത്തിലെ അതെ ചിരി …….

അച്ഛനോടൊപ്പം പാടവരമ്പിലൂടെ നടക്കുമ്പോഴും, ആ ചിരി തന്നെയായിരുന്നു മനസ്സിൽ…. ശ്രീലക്ഷ്മിയുടെ വീട് ഈ ഭാഗത്തു വല്ലതുമായിരുന്നെങ്കിൽ… ഈ വഴിയിൽ നിധിയേട്ടനും കൂടെ ഉണ്ടാകുമായിരുന്നല്ലോ ..

ആ ചിരി കണ്ടു കൊതിതീർന്നില്ല…. ആണുങ്ങൾക്കെന്തിനാ ദേവീ നുണക്കുഴി കൊടുക്കുന്നതെന്നോർത്തു പോയി…

അച്ഛന് പണ്ടുമുതലേ യക്ഷി, ഗന്ധർവ്വൻ ഇതിലൊന്നും ഒരു വിശ്വാസവുമില്ല…. വല്ലതും ചോദിച്ചാലും അങ്ങനെയൊന്നും ഈ ഭൂമിയിൽ ഇല്ലന്നേ പറയൂ… പൂട്ടിയിട്ട ആ വീടിനടുത്തെത്തിയപ്പോൾ ഇത്രനാളും ഇല്ലാതിരുന്ന ഒരു ഭയം തന്റെയുള്ളിൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു …..

ആ ഗേറ്റിനുള്ളിലേക്കു അറിയാതെ കണ്ണുകൾ നീണ്ടപ്പോൾ, ഒരു പറ്റം മിന്നാമിനുങ്ങുകൾ അതിനുള്ളിലാകെ പറന്നു നടക്കുന്നതൊരു കൗതുകമായി തോന്നി… ഇത്രനാളും ഇവ എവിടെയായിരുന്നു… അതോ ഇനി താൻ നോക്കാത്തത് കൊണ്ടാണോ …?

ഓരോന്നോർത്തു വീട്ടിലെത്തി ….മനസ്സിൽ തോന്നിയതൊക്കെ പറയാനും, അനിയത്തിയുടെ വേദനകൾ ചേർത്തുനിർത്തി കേൾക്കാനും ഒരു ഏട്ടനില്ലാതെ പോയത് തീരാത്ത വേദനായി തോന്നി…

അത്താഴം കഴിക്കാനിരിക്കുമ്പോൾ, അച്ഛനും അമ്മയും എന്നിലെ ചിന്തകളെ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നി …

അസ്വസ്ഥമായ മനസ്സോടെയാണ് ഉറങ്ങാൻ കിടന്നത്…. ചിന്തിക്കാതെയിരിക്കാൻ ശ്രമിക്കുംതോറും മനസ്സിലെ ചിന്തകൾ കാടുകയറുകയായിരുന്നു….

ജനലഴികളിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ചത്തിൽ, ഡ്രസിങ് ടേബിളിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന മഞ്ചാടിമണികളും, അതിനുമീതെ മിന്നിയണയുന്ന മിന്നാമിനുങ്ങിനെയും കണ്ടതോടെ, നെഞ്ചിടിപ്പ് കൂടി വന്നു… വല്ലാത്തൊരു തരിപ്പ് കാൽവിരലിലൂടെ കയറി ഉച്ചിവരെ എത്തുന്നതറിഞ്ഞപ്പോൾ, തലയിണയിൽ മുഖമമർത്തി…,

“സർവ്വ സ്വരൂപേ സർവ്വേശ സർവ്വ ശക്തി സമന്വിതെ
ഭയേഭ്യസ്ത്രാഹിനോ ദേവീ.. ദുർഗ്ഗേ ദേവീ നമോസ്തുതേ !!

എന്ന പേടി തോന്നുമ്പോൾ ചൊല്ലാനുള്ള ദുർഗ്ഗാമന്ത്രം ജപിച്ചു കൊണ്ടുകിടന്നു …..

രാവിലെ ഉണരുമ്പോൾ അസ്വാഭാവികമായ സ്വപ്നങ്ങൾ ഒന്ന്നും കാണാതെ ഇരുന്നതിനാൽ മനസ്സ് കുറെയൊക്കെ ശാന്തമായിരുന്നു ….. പലരും പറയുന്ന പോലെ എല്ലാം തോന്നലുകളാകാമെന്നു ആശ്വസിക്കാൻ ശ്രമിച്ചു…

സ്കൂളിലേക്ക് പോകുംവഴി നിറഞ്ഞ ചിരിയോടെ നിധിയേട്ടൻ മുന്നിൽ ….

” വെള്ളം ഉണ്ടോ കയ്യിൽ എടുക്കൂ” ആ ചോദ്യം കേട്ടപ്പോൾ തന്നെ ദേഷ്യം നടിച്ചുകൊണ്ടു ഞാൻ മിണ്ടാതെ നിന്നൂ …. ” കുറച്ചു വെള്ളം താ രാത്രി മുഴുവൻ ആ കുന്നിൻചെരിവിലിരുന്നു പാട്ടുപാടി തൊണ്ടവറ്റി” നിധിയേട്ടനൊരു കള്ളച്ചിരിയോടെ പറഞ്ഞു …. ദുഷ്ടത്തി ശ്രീലക്ഷ്മി ഒക്കെ ചെന്ന് പറഞ്ഞിട്ടുണ്ട്….

ഹും , വെള്ളം ഒന്നുമില്ല .. ഇന്നലെ എന്നെ കൂട്ടുകാരുടെ മുന്നിൽ വച്ച് കളിയാക്കിയതല്ലേ… മാറിയേ ഞാൻ പോട്ടെ ….

ഞാൻ പോകാൻ ഭാവിച്ചു …. ഹേയ് പോകാതെ… മഞ്ഞിന്റെ മറയില്ലാതെ ഗന്ധർവനെ കാണുമ്പോൾ നോക്കാതെ പോകുകയാണോ…? നിധിയേട്ടൻ ചിരിക്കുകയായിരുന്നു…..

ആ നുണക്കുഴി വിടർന്നു വരുന്ന ചിരിയിൽ താനില്ലാതെയായി പോകുമെന്ന് തോന്നി ….

കുന്നോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും, ദേഷ്യം അഭിനയിച്ചു ഞാൻ നടക്കാൻ തുടങ്ങിയതും, നിധിയേട്ടൻ എന്റെ കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു ……

തന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു …. “കൂട്ടുകാരുടെ മുന്നിൽ കളിയാക്കിയതല്ല… ഇപ്പൊ പ്രേമിച്ചു നടക്കാനുമല്ല…. ഇഷ്ടം ആയതുകൊണ്ട് തന്നെയാ …. ഇയാളുടെ പഠിത്തം ഒക്കെ കഴിഞ്ഞു , എനിക്കൊരു
ജോലിയും കിട്ടിയിട്ട് ഞാൻ വീട്ടിൽ വന്നു ചോദിക്കും ….” എന്തൊക്കെയാ ദേവീ ഈ കേൾക്കുന്നത്… ആ കൈ തട്ടിമാറ്റി ഞാനോടുമ്പോൾ,… വരമ്പിനറ്റത്തെ പാലമരം നിർത്താതെ പൂ കൊഴിച്ചു കൊണ്ടിരുന്നു ….

ആ ചിരി ഒന്ന്നുകൂടെ കാണാൻ മാത്രം, ഓടുന്നതിനിടയിൽ വെറുതെ തിരിഞ്ഞു നോക്കി ….. നിധിയേട്ടൻ നിന്നവിടം ഒരു ഇല പോലും അനങ്ങാത്തയത്രയും നിശബ്ദവും, ശൂന്യമായിരുന്നു….