പടിപ്പുര കടന്നൊരാൾ

പടിപ്പുര കടന്നൊരാൾ
Padippura kadannoral bY ശാമിനി ഗിരീഷ്

തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം കലർന്ന വായു എന്റെ ഉള്ളിലേക്ക് കടന്ന് ശ്വാസകോശത്തിനോളം എത്തി. പിന്നെ അത് തിരികെ മൂക്കിലൂടെ പുറത്തേക്ക് പ്രവഹിച്ചു. എന്തോ ഒരു നിർവൃതി ലഭിച്ചതുപോലെ ഞാൻ കണ്ണുകളടച്ച് നിന്നു. പിന്നെ ആ പടവുകളിൽ ഇരിപ്പുറപ്പിച്ചു.

സുഖകരമായ അനുഭൂതിയായിരുന്നു അൽപനേരം. സിഗരറ്റ് വലിക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഈ കുളപ്പുരയിൽ വന്നിരിക്കുന്നത്. അല്ലെങ്കിലും എനിക്ക് ഈ സ്ഥലത്തിനോട് അല്പം ഇഷ്ടക്കൂടുതൽ ഉണ്ട്. ഇവിടെ ഈ പച്ചനിറം കലർന്ന വെള്ളവും പായൽ നിറഞ്ഞ പടവുകളും കാണുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. കൂട്ടിന് ഈ സിഗരറ്റും…

ആ സുഖത്തിലങ്ങനെ ആറാടി ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്. എന്റെ രസച്ചരട് പൊട്ടിയതിന്റെ എല്ലാ അലോസരത്തോടും കൂടി ഞാൻ തിരിഞ്ഞ് നോക്കി. സൗമ്യ. അമ്മാവന്റെ മകളാണ്. ഓടിക്കിതച്ച് വന്നിരിക്കുകയാണ്. അല്ലെങ്കിലും എനിക്ക് ഇത്തിരി നേരം തനിച്ചിരിക്കാൻ പോലും സ്വസ്ഥത തരാതെ അവൾ എപ്പോഴും പുറകെ കാണും. അസ്വസ്ഥതയോടെ ഞാൻ അവളെ നോക്കി ചോദിച്ചു.

“എന്താടി… കുറച്ച് നേരം തനിച്ചിരിക്കാനും വിടില്ലേ നീ…?”

അവൾ നിന്നു കിതച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ മുഖഭാവത്തിൽ എന്തോ ഗൗരവമുള്ള വിഷയം പറയാനാണ് വന്നതെന്ന് തോന്നി. സംശയത്തോടെ ഞാൻ അവളെ നോക്കി. അല്പം നേരം കഴിഞ്ഞപ്പോൾ അവൾ കിതപ്പൊതുക്കി പറഞ്ഞു.

“അവിടെ… അവിടെ… കിച്ചുവെട്ടനെ അന്വേഷിച്ച്…”

“എന്നെ അന്വേഷിച്ചോ? ആര്?”

“ആ… അറിയില്ല… ഒരു പെണ്ണാ…”

“പെണ്ണോ…?”

ആശ്ചര്യത്തോട് കൂടിയാണ് ഞാൻ ചോദിച്ചത്. എന്നെ അന്വേഷിച്ച് സ്ത്രീകൾ ആരെങ്കിലും വരാനുള്ള ഒരു സാഹചര്യവും ഉള്ളതായി എനിക്കപ്പോൾ തോന്നിയില്ല. കൈയിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞ് ഞാൻ കുളപ്പുരയിൽ നിന്ന് പുറത്തേക്ക് നടന്നു. ഒപ്പം അവളും. നടത്തിനിടയിൽ എന്റെ ചിന്ത മുഴുവൻ എന്നെ തേടി വന്ന സ്ത്രീ ആരെന്നുള്ളതായിരുന്നു. അതറിയാനുള്ള ആകാംക്ഷയിൽ കാലുകൾ വലിച്ചു വച്ച് ഞാൻ അതിവേഗം നടന്നു. എനിക്കൊപ്പം എത്താൻ സൗമ്യ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.