സ്വത്തുവിന്റെ സ്വന്തം – 1

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് ….

എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി …..

ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു …..

“ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം തോന്ന്നിയിട്ടുണ്ട് …. അതിനിപ്പോ ഞാൻ എന്ത് വേണം …. ഉള്ളിൽ തോന്നുന്നത് ഒക്കെ എന്നോട് പറയാൻ നിൽക്കണ്ട ….”

അത്രയും പറഞ്ഞൊപ്പിച്ചു , വല്ലാത്തൊരു ജയിച്ച ഭാവത്തോടെ,. അവിടെ നിന്ന് പോന്നപ്പോൾ, എന്റെ പിൻവിളി കേട്ട് തിരിഞ്ഞു നിന്ന നിധിയേട്ടന്റെയും, കൂട്ടുകാരുടെയും ചിരി ഒന്നും കേട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ട് എന്ന് തോന്നി ………

കുറച്ചു ദിവസമായി തോന്നിയിരുന്നു … നിധിയേട്ടന് തന്നോട് എന്തോ ഒരിത് ഉണ്ടെന്ന്……

നിധിയേട്ടൻ ഇല്ലാതെ ഒരു സ്കൂൾ ഓർമ പോലും ഉണ്ടാകാതെ ഇരുന്നത് കൊണ്ടും,…. പത്താം ക്ലാസ്സിലെ രാത്രികാല ട്യൂഷൻ കഴിഞ്ഞു, ശ്രീലക്ഷ്മിയെ കൂട്ടാൻ കാത്തുനിൽക്കുന്ന അവളുടെ ഏട്ടനെ, ….

എനിക്ക് മാത്രമല്ല കൂടെയുള്ള മിക്ക പെൺകുട്ടികൾക്കും ഇഷ്ടമാണെന്നു അറിഞ്ഞത് കൊണ്ടുമാവാം,

സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തിൽ, നിധിയേട്ടന്റെ കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞപ്പോൾ, അച്ഛന്റെ കൈ പിടിച്ചു ഗമയോടെ നടന്നത്……

തെല്ലൊന്നു അഹങ്കരിച്ചോ…? അഹങ്കരിച്ചു കാണണം … അതിപ്പോ ഇങ്ങനെയായല്ലോ എന്റെ ദേവി …..

എന്നാലും എന്തിനാവും, നിധിയേട്ടൻ തന്നെ ഇങ്ങനെ കൂട്ടുകാരുടെ മുന്നിൽ കളിയാക്കിയത് …..

ഓരോ നോട്ടങ്ങളിലും, പഴയ സ്കൂളിലെ കാര്യങ്ങൾ ഒക്കെ മനസ്സിൽ വച്ച് തന്നെ പരിഹസിക്കുകയാണെന്നു ഓർക്കുമ്പോൾ …

തൊണ്ടയിൽ കുരുങ്ങുന്ന അലമുറകൾക്കു ഒരു സ്കൂൾ കാലഘട്ടത്തിന്റെ നീളം ഉണ്ടായിരുന്നു…

മഷിത്തണ്ടുകൾക്കും, മണമുള്ള റബ്ബറിനും, ഓടിയാത്ത സ്ലേറ്റ് പെൻസിലിനും ഒക്കെ മുന്നിൽ ഏറ്റവും നിഷ്കളങ്കമായ പുഞ്ചിരി വിരിയുന്ന വയസ്സിൽ … സ്ലേറ്റ് പെന്സില് പൊട്ടിച്ചത് താനാണെന്ന് പറഞ്ഞു ശ്രീലക്ഷ്മി കരഞ്ഞത്, ഇപ്പോഴും കണ്മുന്നിൽ കാണുന്ന പോലെ …..

തന്റെ കയ്യിലെ ഒടിയാത്ത പെൻസിൽ കൊടുക്കണമത്രേ.. ഇല്ലെങ്കിൽ ഉച്ചയ്ക്ക് ഏട്ടന് വിളിച്ചു കൊണ്ട് വരും , ഏട്ടൻ ഇടിക്കും എന്നൊക്കെ പറഞ്ഞിട്ടും പെൻസിൽ കൊടുക്കാതെ ഇരുന്നപ്പോൾ അവളുടെ ദേഷ്യം കൂടി….

അന്ന് ഉച്ചയ്ക്ക് പറഞ്ഞതുപോലെ , അവളുടെ ഏട്ടനും , കൂട്ടുകാരും വന്നു …

“നിധിയേട്ടാ, ഈ കൊച്ചാണ് എന്റെ പെൻസിൽ ഒടിച്ചത്..” എന്നെ ചൂണ്ടിക്കാണിച്ചാണ് ശ്രീലക്ഷ്മി പറഞ്ഞത് …. “ഇവിടെ എന്നെ നല്ലോണം പിച്ചിട്ടും ഉണ്ട്,” കൈ കാണിച്ചു കൊണ്ട് അവൾ കള്ളം പറഞ്ഞപ്പോൾ, കൂട്ടുകാരെല്ലാം അവൾ പറഞ്ഞതുപോലെ തന്നെ മുഷ്ടി ചുരുട്ടി, ഇടി വേണോ നിനക്ക് എന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ വന്നപ്പോൾ, പേടിച്ചു കരഞ്ഞ എന്ന്നെ നോക്കി , വേണ്ടടാ വിട്ടേക്കടാ അവരെ തടഞ്ഞു കൊണ്ട് നിധിയേട്ടൻ എന്റെ അടുത്തേക്ക് വന്നു …

“കരയണ്ട, ഇനി എന്റെ അനിയത്തിയെ പിച്ചിയാൽ ഇവരെല്ലാം നല്ല ഇടി തരും, വെള്ളം ഉണ്ടെങ്കിൽ എടുക്കു …”

പേടിച്ചു ഞാൻ നീട്ടിയ വെള്ളം മുഴുവൻ തീർത്തു , അവർ പോയതയോടെ ശ്രീലക്ഷ്മി ഇതൊരു പതിവാക്കി….

പിച്ചി,മാന്തി, തല്ലി, പെൻസിൽ ഒടിച്ചു ഓരോ കാരണം പറഞ്ഞു ശ്രീലക്ഷ്മി ഏട്ടനെ വിളിച്ചോണ്ട് വരാൻ തുടങ്ങിയതോടെ, ഒരു മുഴുവൻ പെൻസിൽ കൊണ്ട് എഴുതണം എന്നുള്ളത് എന്റെ നടക്കാത്ത ആഗ്രഹം മാത്രം ആയി …..

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങൾക്ക്, ആറാം ക്‌ളാസിൽ പഠിക്കുന്ന നിധിയും കൂട്ടുകാരും ഒരു പേടി സ്വപ്നം യി മാറാൻ അധിക സമയം വേണ്ടി വന്നില്ല …. അവരെ അകലെ നിന്ന് കാണുമ്പോൾ തന്നെ ശ്രീലക്ഷ്മിക്ക് മുന്നിൽ, പെൻസിലും മഷിത്തണ്ടും ഒക്കെ പലരും അടിയറവു വച്ച് തുടങ്ങി …..

ദിവസവും ഉള്ള കേട്ടെഴുത്തു കലാപരിപാടിയിൽ, ടീച്ചറോടൊപ്പം തന്നെ സ്ലേറ്റ് നോക്കുന്ന ലീഡർ, ശ്രീലെക്ഷ്മിക്ക് പതിവായി പത്തിൽ പത്തു കൊടുത്തു തുടങ്ങിയതോടെ, എല്ലാവരും അവളെ അസൂയയോടെ നോക്കി …

സ്വന്തമായി ഒരു ഏട്ടൻ ഉള്ളത് ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് …ഏട്ടനില്ലാത്തതിന്റെ വേദന ഒരു ഒന്നാം ക്ലാസുകാരിയുടെ മനസ്സിൽ ഇത്ര ആഴത്തിൽ പതിയണം എങ്കിൽ, എത്രത്തോളം ആയിരിക്കും ശ്രീലക്ഷ്മി വിലസിയതെന്നു മനസ്സിലാക്കാവുന്നതേ ഉള്ളു ….

ഒരിക്കൽ പോലും ഇടി ഒന്നും തന്നില്ലെങ്കിലും, വാട്ടർബോട്ടിലിലെ വെള്ളം മുഴുവൻ തീർത്തിട്ടേ അവർ പോകൂ …. അന്നൊക്കെ തിളപ്പിച്ച് ആറിയ വെള്ളം അല്ലാതെ മറ്റൊന്നും കുടിക്കാൻ പാടില്ലെന്ന് പറഞ്ഞു ‘അമ്മ തന്നു വിടുന്ന വെള്ളം അമുല്യമായിരുന്നു …. ആ വെള്ളം തീർന്നാൽ വൈകിട്ട് വീട്ടിൽ എത്തുന്നത് വരെ ദാഹിച്ചു വലഞ്ഞു ഇരിക്കുമ്പോൾ ശ്രീലക്ഷ്മിയോടും, അവളുടെ നിധിയേട്ടനോടും, തീർത്താൽ തീരാത്ത ദേഷ്യം ആയിരുന്നു …..

നാലാം ക്ലാസ്സിൽ ആയപ്പോൾ, ശ്രീലക്ഷ്മി സ്കൂൾ മാറി പോയി … ടിസി വാങ്ങി അവൾ പോകുന്നു എന്ന് അറിഞ്ഞ ദിവസം എത്ര സന്തോഷത്തോടെയാണ് വീട്ടിൽ എത്തിയത് …..

ഒച്ചയിട്ടു ഓരിയിട്ടു മുറ്റം മുഴുവൻ ഓടി നടന്നിട്ടും മതിവരാതെ, പറമ്പിലെ ചേമ്പും തണ്ടുകൾക്കൊക്കെ നല്ല ഇഞ്ചക്ഷനും കൊടുത്തു … കുറെ സിറിഞ്ചുകൾ ഉണ്ടായിരുന്നു ആ കാലത്തു വീട്ടിൽ … അതിലൊക്കെ വെള്ളം നിറച്ചു ചേമ്പിൻ തണ്ടിൽ ഇൻജെക്ഷൻ എടുക്കുന്നത് , കളിയ്ക്കാൻ ആരും ഇല്ലാത്ത വൈകുന്നേരങ്ങളിൽ പ്രധാന നേരമ്പോക്കായിരുന്നു…..

അവൾ സ്കൂൾ മാറിയപോയതിനേക്കാൾ കൂടുതൽ തന്നെ സന്തോഷിപ്പിക്കാൻ ആ പ്രായത്തിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് സത്യം ….
*************************

പിന്നെയും വർഷങ്ങൾ കടന്നു പോയി ………. ഹാഫ് പാവാടയിൽ നിന്നും , ഫുൾ പാവാടക്കയിലേക്കുള്ള മാറ്റമായിരുന്നു എട്ടാം ക്‌ളാസ്സിലെ ഏറ്റവും വലിയ സന്തോഷം ………..

എത്ര മറവിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടാലും , ഇടയ്ക്കിടെ തെളിഞ്ഞു വരുന്ന രണ്ടു മുഖങ്ങൾ ശ്രീലക്ഷ്മിയും അവളുടെ നിധിയേട്ടനും …

ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കുന്ന ഉച്ചനേരങ്ങളും, ഒരുപാടു ദാഹം തോന്നി കുടിക്കുന്ന ഓരോ ഗ്ലാസ് വെള്ളവും പോലും ശ്രീലക്ഷ്മിയേയും, അവളുടെ നിധിയേട്ടനെയും, ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ….