അമ്മുവിന്റെ സ്വന്തം ശ്രീ…..

തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു….
വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും അമ്മുവിൽ നിന്ന് അകന്നുനിൽകാൻ ശ്രമിക്കുമ്പോൾ അവൾ വീണ്ടും ശ്രീയെ തന്നിലേക്ക് അടിപ്പിക്കുക ആയിരുന്നു..
അമ്മുവിന് വീട്ടിൽ വിവാഹാലോചന വന്നു തുടങ്ങുമ്പോൾ ആണ് അവൾ ശ്രീയോട് തന്നെ കെട്ടുമോ എന്ന് ചോദിച്ചത്. ആദ്യം ശ്രീ ഒഴിഞ്ഞു മാറി.തന്നെക്കാൾ പതിനഞ്ചു വയസോളം മൂത്ത ആളിനെ കെട്ടേണ്ടി വന്നാൽ ചത്തുകളയും എന്ന് കരഞ്ഞു കൊണ്ടാണ് അമ്മു ശ്രീയെ വിളിച്ചു പറഞ്ഞത്.. അവളുടെ പ്രണയം കണ്ടില്ല എന്നുനടിക്കാൻ അവനും ആയില്ല. പിന്നെ തന്റെ ജീവിതത്തിലേക്ക് അമ്മുവിന്റെ കയ്യും പിടിച്ചു കയറ്റുകയായിരുന്നു..
പാവം ഒരുപാട് കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന കുട്ടി ആയിരുന്നു.പലതും ഇതുവരെ സാധിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാലും അതിന്റെ പിണക്കമോ പരിഭവങ്ങളോ ആ മുഖത്ത് ഇല്ല.. ശ്രീ പതിയെ അമ്മുവിന്റെ അടുത്ത് വന്നിരുന്ന് അഴിഞ്ഞു കിടക്കുന്ന അവളുടെ മുടികൾ മെല്ലെ തഴുകി ആ കവിളിൽ പതിയെ ചുംബിച്ചു..
“ദേ ഈ കവിളിൽ കൂടി… ”
എഴുന്നേൽക്കാൻ ശ്രമിച്ച ശ്രീയുടെ കൈകൾ തന്റെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് അമ്മു പറഞ്ഞു..
“താൻ ഉറങ്ങിയില്ലാരുന്നോ.. ”
“ശ്രീ ഒന്നനങ്ങുമ്പോൾ ഞാൻ അറിയും, ആദ്യം എന്റെ ഉമ്മ താ.. ”
അവൾ ചിണുങ്ങി കൊണ്ട് അവന്റെ കൈകൾ പിടിച്ചു വലിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു
” നല്ല നിലാവ് ഉണ്ട് കുറച്ചുനേരം ഉമ്മറത്ത് പോയി ഇരുന്നാലോ.. ”
അമ്മുവിന്റെ കവിളിൽ ചുംബിച്ചു കൊണ്ടാണ് ശ്രീ അതുപറഞ്ഞത്.. അത് കേട്ടപ്പോൾ തന്നെ അമ്മുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. ഉമ്മറത്ത് വന്നിരുന്ന ഉടനെ ശ്രീയുടെ മടിയിലേക്ക് അമ്മു കിടന്നു. ശ്രീ മെല്ലെ അമ്മുവിന്റെ മുടികൾ തഴുകികൊണ്ടിരുന്നു..
“അമ്മുട്ടാ…. ”
“എന്തോ….. ”
“അമ്മുട്ടാ… ”
“എന്താടാ…… ”
“നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..”
“എന്തിനാ ദേഷ്യം… ”
“നിന്നോടൊപ്പം സമയം ചിലവഴിക്കുന്നില്ല, നിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും സാധിച്ചു തരാൻ കഴിയുന്നില്ല… ”
“നീ എന്നെ ഇടയ്‌ക്കൊക്ക ദേ ഇങ്ങനെ ചേർത്തു പിടിച്ചാൽ മതി അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട.. ”
അതുപറഞ്ഞവൾ അവന്റെ വയറിലേക്ക് മുഖം ചേർത്ത് കിടന്നു… അന്ന് മതിവരുവോളം അവർ പരസ്പരം സംസാരിച്ചും സ്വപ്‌നങ്ങൾ പങ്കുവെച്ചുമാണ് കിടന്നുറങ്ങിയത്. പിറ്റേന്ന് കയ്യിലൊരു ഗ്ലാസ്‌ ചായയുമായി ശ്രീ തട്ടി വിളിച്ചപ്പോൾ ആണ് അമ്മു ഉണർന്നത്…
“അയ്യോ ഞാൻ ഉറങ്ങിപ്പോയി ശ്രീ.. ”
എന്നുപറഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ധൃതികൂട്ടുന്ന അമ്മുവിനെ തന്റെ അരുകിൽ പിടിച്ചിരുത്തി ശ്രീ..
“നീ പറയാറില്ലേ എഴുന്നേൽക്കാൻ മടിച്ചുകിടക്കുന്ന നിന്നെ ബെഡ് കോഫിയും കൊണ്ട് വന്ന് വിളിക്കണം എന്ന്…. ദാ നിന്റെ ബെഡ് കോഫി… ”
അമ്മു സന്തോഷത്തോടെ ആ കണ്ണുകളിൽ നോക്കി, കയ്യിലിരുന്ന ചായയും വാങ്ങി ശ്രീയുടെ കവിളിൽ ഒരു നുള്ളും വെച്ചുകൊടുത്ത് അടുക്കളയിലേക്ക് പോയി. പതിയെ ശ്രീയും അവളുടെ പിറകെ പോയി…
” അല്ല എന്തുപറ്റി… സാറിന്ന് വല്യ സ്നേഹത്തിൽ ആണല്ലോ… ”