ത്രിപുരസുന്ദരി
Thripurasundari Author : സ്ജ് സൂബിന്
കിഴക്കൻ ഗോദാവരിതീരത്തെ രാജമന്ദ്രിയിൽ കരിമ്പനകൾ നിറഞ്ഞ കല്യാണ ഗ്രാമത്തിലെ മാതികസമുദായത്തിൽപെട്ട അമ്പണ്ണയുടെ കൊച്ചു വീട്ടിൽ വിവാഹ നിശ്ചയത്തിന്റെ ആഘോഷത്തിമിർപ്പാണ്. പുരോഹിതൻ ഇനിയും എത്തിയിട്ടില്ല. വിവാഹ വാഴ്ത്തൽച്ചടങ്ങ് നിർവഹിക്കേണ്ടത് വിശ്വവേശ്വര ചന്ദ്രശേഖര സ്വാമി കോവിലിലെ പ്രധാന പുരോഹിതൻ സദാനന്ദ ബക്കഡേവിത്തല് ഗൗഡയാണ് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഏവരും അക്ഷമരാണ്. കൗമാര ലാവണ്യം വമിഞ്ഞൊഴുകുന്ന രുക്മിണി അന്ന് കടുംനീല സാരിയാണ് ധരിച്ചിരുന്നത്; കറുത്ത ബോർഡറും. കുട്ടിത്തം സാവധാനം വിട്ടുമാറിക്കൊണ്ടിരിക്കുന്ന അവളുടെ മുടിയൊരുക്കവും വസ്ത്രധാരണവും അവൾക്ക് ഒരു വശ്യമായ ചാരുത നല്കിയിരുന്നു. ആമ്പൽപ്പൂപോലെ പാതികൂമ്പിയ മിഴികളിൽ പരൽമീൻ പോലെ തുടിക്കുന്ന നീല കൃഷ്ണമണികൾ..ആകാശത്തിന്റെ നീലിമ മുഴുവൻ കടമെടുത്തിട്ടുണ്ടാ മിഴികൾ.. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു വശ്യതയുണ്ടവയ്ക്കിപ്പോഴും..എന്ന് സാമന്തനു തോന്നി ഇന്നൊരു ദിവസംകൂടി കടന്നു കിട്ടിയാൽ തനിക്കു മാത്രമാകുന്ന ഒന്ന് .. കണ്ണുകൾ തമ്മിലുടക്കിയപ്പോൾ വേഷവിധാനത്തിൽ സാമന്തൻ ഏറെ അഴകർന്നതായി അവൾക്ക് തോന്നി ആ തോന്നലിൽ അവളുടെ മുഖം അരുണോദയത്തിലെന്നവണം തിളക്കമാർന്നതായി.
നാല് കുതിരകളെ പൂട്ടിയ ചന്ദ്രശേഖര സ്വാമി കോവിലിലെ ആസ്ഥാന രഥം പൊടിപറത്തി അമ്പണ്ണയുടെ വിട്ടുമുറ്റത്ത് വന്നു നിന്നു പിന്നാലെ ഗ്രാമ പ്രെമുഖന്മാരുടെ വാഹനങ്ങളും ഉടൻതന്നെ അമ്പണ്ണയുടെ ഭാര്യ വിശാലാക്ഷി രഥത്തിനു സമീപമെത്തി പ്രധാന പുരോഹിതനെയും കൂട്ടാളികളെയും കാലുകഴുകി പൂവിതറി ആചാരാനുഷ്ടാന ഭവ്യതയോടെ സ്വീകരിച്ചു വധുവരന്മാരുടെ സവിധത്തിലേക്ക് ആനയിച്ചു. ചടങ്ങുകൾ ആരംഭിക്കാനിരിക്കെയാണ് അമ്പണ്ണയുടെ സഹോദരൻ രുദ്രപ്പയും സഹോദരി കെഞ്ചമ്മയും ഹനുമമ്മയും മകളും അവിടേക്ക് കടന്നു വന്നത്.
“ഈ വിവാഹം നടത്തരുത് വീടിന് ദോഷം ഇവളെ ദേവദാസി ആക്കണം അങ്ങനെയാണ് സാമാവ്വദേവി സ്വപ്നത്തില് പ്രത്യക്ഷപെട്ടിട്ടു തങ്ങളോട് പറഞ്ഞിരിക്കുന്നത് ‘ അവർ പറഞ്ഞു.
‘അവസാന നിമിഷമോ ഈ തീരുമാനം!! എന്തെ രുദ്രപ്പ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം .??’ സാമന്തന്റെ മാമൻ കുപ്പുരാജൻ രുദ്രപ്പയോടു തിരക്കി.
“ഞങ്ങളുടെ കുടുംബത്തിന്റെ പഴയ ഐശ്വര്യം വീണ്ടുകിട്ടാൻ ഈ വീട്ടിൽനിന്ന് ഒരു ദേവദാസിയെങ്കിലും വേണം. …”
ഏവരെയും നോക്കി തീർപ്പ് എന്നോണം കെഞ്ചമ്മപറഞ്ഞു .അത് കേട്ട് സദാനന്ദ ഗൗഡയുടെ കണ്ണുകൾ വന്യമായൊന്നു തിളങ്ങി ഗ്രാമ പ്രമുഖരുടെ മുഖത്തൊരു മന്ദഹാസം മിന്നി പൊലിഞ്ഞു .
അവരുടെ ആ തീരുമാനത്തിൽ വലിയ അസ്വാഭാവികതയൊന്നും ആർക്കും തോന്നിയില്ല….കാരണം ആ ഗ്രാമത്തിലും അടുത്തുള്ള പല ഗ്രാമങ്ങളിലും ഇതൊരു സാധാരണ സംഭവമാണ്…യെല്ലമ്മയുടെ പിന്മുറക്കാരി എന്നത് ഐശ്വര്യദായകം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ആശ്രയമേതുമില്ലാതെ രുക്മിണി സമാന്തന്റെ കണ്ണുകളിലേക്കു നോക്കി ‘ദേവരെ.. ഇതെന്ത് പരീക്ഷണം തനിക്കിതുവരെ സർവ്വസ്വവും അവൾ ആയിരുന്നു വാക്കുകൾകൊണ്ടുപോലും അവളെ സഹായിക്കാൻ കഴിയാത്ത നിസ്സഹായൻ ആയിരിക്കുന്നു താൻ’ അവളുടെ കണ്ണുകളെ നേരിടാനാവാതെ അവൻ കണ്ണുകൾ നിലത്താഴ്ത്തി നിശ്ചയത്തിനെത്തിയവരിൽ പലരും മടങ്ങിപോയിരിക്കുന്നു .മൂകത നൃത്തമാടിയ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ടു രുക്മിണിയുടെ ഉയർന്ന ഉറച്ച ശബ്ദം ആ അവസ്ഥയെ മുഖരിതമാക്കി
“ഇല്ല ദേവദാസിയാവാൻ എനിക്കു സമ്മതമില്ല.”
ആശ്ചര്യത്തോടെ അവളെ ഏവരും നോക്കി കുടുംബത്തിന്റെ വലിയ ഐശ്വര്യത്തിന് ഒരു പെൺകുട്ടി എതിരു നിൽക്കുക. ഇന്നേവരെ കുടുംബത്തിന്റെ തീരുമാനത്തെ പെൺകുട്ടികൾ എതിർക്കുന്നത് കല്യാണ ഗ്രാമത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. എരിയുന്ന കണ്ണുകളോടെ സദാനന്ദ ഗൗഡ രുദ്രപ്പയെ നോക്കി .
എന്താടി നായെ സൊന്നത് , പൈത്യകാരി നിനക്ക് ഇതിന്റെ പരിണിത ഫലം എന്താണ് എന്നറിയുമോ ?? കുടുംബം സുട്ടു സാമ്പലാക്കും ദേവതെ..’നന്നെന്നു നോടി അവളിഗെ മധുവേയാഗാബേണ്ടി..’ !! നിന്റെ ഭ്രാന്തിനു ഞങ്ങൾ എല്ലാം അനുഭവിക്കണൊ..? ഹനുമമ്മ മുടിയഴിചിട്ടു ഉറഞ്ഞു തുള്ളുന്ന കരിമ്പന കണക്കെ ആയി.
‘നീ യെല്ലമ്മ സേവകി ആവേണ്ടത് കുടുംബത്തിന്റെ ആവശ്യം’. രൂദ്രപ്പ ഇതാണ് തീരുമാനം എന്നകണക്കെ പറഞ്ഞു.
എല്ലാവരിലും ചില അടക്കം പറച്ചിലുകൾ കൂട്ടമായും ഒറ്റക്കായും ഉയർന്നു കേട്ടുതുടങ്ങി.ഒരു ആശ്രയത്തിനു എന്നവണ്ണം അവൾ വിശാലാക്ഷിയെ നോക്കി, കരയാൻ പോലും അശക്തയായ ഈ അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ മകളുടെ മുൻപിൽ അവരും നിസ്സഹായ ആയി. നിമിഷങ്ങൾ അതിദൂഗ്രം മുന്നോട്ടു ഓടികൊണ്ടിരിക്കുന്നു. സദാനന്ദ ഗൗഡ പ്രമുഖനെ ഒന്ന് പാളി നോക്കി ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ഗ്രാമ മുഖ്യൻ മുന്നോട്ടുകയറി ഒരു തീർപ്പ് എന്നവണ്ണം പറഞ്ഞു.
രുദ്രപ്പ പറഞ്ഞതാണ് നടത്തപ്പെടേണ്ടത് പിത്തനം ചൊല്ലുന്ന ഇവൾ ഗ്രാമത്തിനേ ആപത്ത് വീടിന് ആപത്ത് യെല്ലമ്മയുടെ ശാപം വീണാൽ ഗ്രാമം മുടിയും കൃഷിനശിക്കും മഴകിട്ടാതെ ഭൂമി ചുടലപറമ്പ് പോലെയാവും എത്രയും വേഗം ഇവളെ ദേവിക്കു സമർപ്പിക്കണം ദേവദാസിയായി അവരോധിച്ചുകൊണ്ടുള്ള ചടങ്ങുകൾ എത്രയും വേഗം തുടങ്ങട്ടെ ആരെങ്കിലും പോയി സുമിത്രാമ്മവേ കൂട്ടിട്ടു വരൂ ഗ്രാമമുഖ്യൻ എല്ലാരോടുമായി പറഞ്ഞു.
ഏവരും രുക്മിണിയെ നോക്കി ആ കണ്ണുകളിലപ്പോഴും വിവേചിച്ചറിയാനാവാത്ത ഭാവം.സമാന്തന്റെ കണ്ണുകൾ ഞാന് ഭ്രാന്തമായി നിന്നെ സ്നേഹിക്കുന്നു പക്ഷെ ആചാരങ്ങളെ വെല്ലുവിളിക്കുവാൻ ഞാൻ അശക്തനാണ് പ്രിയേ എന്ന് വിളിച്ചു പറയുന്നതായി അവൾക്ക് തോന്നി .
“കാം മക നീവു നിർദ്ദസരിസലു ഇല്ല. ഹൊഗോനാ .. നീവു അവളെന്നു മാറേറ്റുബിഡി ” എന്നു പറഞ്ഞു അളകാന്തി തന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളെ ഒരുകൈയാൽ തുടച്ചു മറുകൈയിൽ മകന്റെ കൈയും പിടിച്ചു വലിച്ചു നടന്നു.
മുന്നിലേക്ക് നടക്കുമ്പോളും അവൻ നിസഹായനായി തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് കാഴ്ച അവ്യക്തമാക്കുന്ന ലവണ സ്രവത്തിലൂടെ നിഴൽപോലെ ക്രമരഹിതമായി അവൾക്കു കാണാമായിരുന്നു….. ഇതിനകംതന്നെ ദേവദാസികളും കുട്ടികളും വീടിനോട് ചേർന്നുള്ള കെട്ടു പന്തലിൽ ഇരുന്നുകഴിഞ്ഞു. ജാതിയില് ‘കുറവു’ള്ളതിനാല് അവർക്ക് വീടിനുള്ളിലേക്ക് പ്രവേശനമില്ല. അവർ കൊണ്ടുവന്ന യെല്ലമ്മപ്പേടകങ്ങള് വരാന്തയില് നിരത്തിക്കഴിഞ്ഞിരുന്നു. പൂജയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ കഴിഞ്ഞപ്പോൾ വലിയൊരു യെല്ലമ്മപ്പേടകവുമായി സുമിത്രബായി എത്തി കല്യാണഗ്രാമത്തിൽ യെല്ലമ്മയെ പ്രതിനിധാനംചെയ്യുന്നത് സുമിത്രയെന്ന മുതിർന്ന ദേവദാസിയാണ്.
പെണ്കുട്ടിയെ ക്ഷേത്രത്തിനും ദേവിക്കുമായി സമർപ്പിക്കുന്നത് അടയാളപ്പെടുത്തികൊണ്ടു കറുത്ത രുദ്രാക്ഷമാല സുമിത്ര വിശാലാക്ഷിയുടെ കഴുത്തിലണിയിച്ചു. ഇനി ഈ മാല അടുത്ത മാഘപൗർണമിയിൽ രുക്മിണിയുടെ കഴുത്തിലണിയിക്കുന്നതോടെ അവൾക്ക് ജാതി നഷ്ടപ്പെട്ടു ദേവദാസിയായി മാറും . നട്ടുവൻ അവളെ കലയുടെ പാഠങ്ങൾ പഠിപ്പിച്ച് തുടങ്ങും. അവളെ രതിയുടെ പാഠങ്ങൾ പഠിപ്പിക്കാൻ പ്രായം ചെന്ന ജോഗിതി എന്ന ദേവദാസിമാരും ഉണ്ടായിരിക്കും. ചടങ്ങു കഴിഞ്ഞു എല്ലാവരും മടങ്ങി അതിനു മുന്നേ നിശ്ച്ചയത്തിനു എത്തിയവർ പോയിരുന്നു. അമ്പണ്ണയുടെ വിളക്കണഞ്ഞ ആ കൊച്ചു വീട് ശോകതയിൽ മുങ്ങി കിടക്കുന്നു ഇടക്ക് ഇടക്ക് ഉയരുന്ന തേങ്ങലുകൾ ഇരുട്ടിന്റെ ശബദ മുഖരിതമായ നിശബ്ദതയെ ഭേദിച്ച്കൊണ്ട് ഉയർന്നു കേൾക്കാമായിരുന്നു. ദിനരാത്രങ്ങൾ മായിക സൂക്തങ്ങൾ ഉരുവിട്ട വെൺചകോരങ്ങളോടൊപ്പം അതിരഥന്റെ തെരിനൊപ്പം സഞ്ചരിച്ചു ഓർമകളുടെ വള്ളിപടർപ്പിൽ വിശ്രമിച്ചു .
ചുട്ടുപൊള്ളുന്ന വെയിലിലും വേയ്ക്കുന്ന കാലുകൾക്ക് ശക്തി കൊടുത്തെന്നവണ്ണം അവൻ ചുവട് വച്ചു.. എണ്ണകറുപ്പാർന്നമുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു.ചൂളംകുത്തുന്ന കരിമ്പനകൾക്ക് താഴെയുള്ള താല്ക്കാലിക കുടിലുകൾക്ക് മുന്നിൽ ചെത്തിയെടുത്ത കള്ള് വില്ക്കാനായി സ്ത്രീകളും പുരുഷന്മാരും ഇരിക്കുന്നു. ദൂരെ തലയുയർത്തി നിൽക്കുന്ന പാണ്ഡവമല.കുന്നിന്മുകളിലെക്ക് നൂറോളം പടികൾ കയറിപോകുന്നു ചെറിയ കാമാനങ്ങൾകൾക്കപ്പുറത്ത് തലയുയർത്തി പിടിച്ചു നിൽക്കുന്നു പാണ്ഡവ മെട്ട് സൂര്യനാരായണ ദേവസ്ഥാനം. ഓരോ തലമുറയിലേയും പെണ്കുട്ടികളെ ദേവദാസികളാക്കുന്നത് അവിടെവച്ചാണ്.
അവൻ ചുറ്റുപാടും നോക്കി വിജയനഗര വാസ്തുവിദ്യയുടെ ഉത്തമ ശൃംഗം അലങ്കരിച്ചിരുന്ന ക്ഷേത്രപരിസരത്ത് നിലത്ത് പാകിയ ഫലകങ്ങളിൽ ദേവദാസിയായി മാറിയ മുഴുവൻ പെണ്കുട്ടികളുടെ പേരുകൾ എഴുതിവെച്ചിരിക്കുന്നു. പുരുഷാധിപത്യത്തിന്റെ കീഴടക്കലുകളിൽ ഞെരിഞ്ഞമർന്ന ആ പേരുകൾക്ക് മുകളിലൂടെ വേച്ചു പോകുന്ന കാലുകളുമായി സാമന്തൻ പതിയെ നടന്നു. മുന്നിലേക്ക് വായിക്കപ്പെടുന്ന കാലുകൾക്കു ഭാരം ഏറിവരുന്നപോലെ ,പെട്ടന്നു ആരോ പിന്നിൽ നിന്ന് തലക്ക് അടിച്ചപോലെ രണ്ടു ചുവടു മുന്നിലേക്കു നിന്നാടി ആ പേരുകൾക്ക് മുകളിലേ ക്ക് മറിഞ്ഞു അവൻ. ബദ്ധപ്പെട്ടു തുറന്ന കണ്ണുകൾക്ക് മുന്നിലേക്കുള്ള നടപ്പാതകൾ അവ്യെക്തമാകുന്നു. തലയിലെ ഞരമ്പുകൾ വേടിച്ചു കീറുന്നു പതിയെ അടഞ്ഞു തുടങ്ങിയ കൺപീലികളിൽ പറ്റി പിടിച്ചിരുന്ന ചെറുമണൽ തരികളും വലിയ പാറക്കഷ്ണം പോലെ തോന്നി അവന് .
പ്രജ്ഞ തിരിച്ചുകിട്ടുമ്പോൾ സാമന്ത് അറിഞ്ഞു താൻ എവിടെയോ കിടക്കുകയാണ് നനുത്ത ഒരു കാറ്റ് തന്നെ തലോടുന്നുണ്ട് സ്വപ്നത്തിലെന്നവണ്ണം ക്ഷീണിച്ചു അവശമായ കണ്ണുകൾ ബദ്ധപ്പെട്ടു തുറന്നു നോക്കുമ്പോൾ സാരിത്തലപ്പു കൊണ്ട് തന്നെ ആരോ വീശുകയാണ് .. സാരിത്തലപ്പിനിടയിലൂടെ കാണുന്ന മുഖത്തിനു എന്തോ ഒരു വശ്യത. മേഘപടലങ്ങളിക്കിടയിലൂടെ എത്തി നോക്കുന്ന ചന്ദ്രനെപ്പോലെ .
“എവിടുന്നാ… ? ഇവിടെങ്ങും ഇതിനുമുന്നേ കണ്ടിട്ടില്ലല്ലോ..? ഇവിടെ ബന്ധുക്കളാരേലും ണ്ടോ..? ആരെയെങ്കിലും അന്വേഷിച്ചു വന്നതാണോ ..?” ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് ചോദിക്കാനുള്ള മനസ്സിന്റെ തിടുക്കം
അവർ ഇരുന്നിടത്തും എണീറ്റു വേഗം അകത്തേക്കോടി. പാത്രത്തിൽ നിറയെ വെള്ളവുമായി തിരിച്ചെത്തുമ്പോൾ അവൻ ക്ഷേത്ര തൂണിൽ ചാഞ്ഞിരുന്നു. നീട്ടിയ പാത്രം വല്ലാത്തൊരാവേശത്തിൽ പിടിച്ചു വാങ്ങി ആർത്തിയോടെ വെള്ളം കുടിച് പാത്രം പടിയിൽ വച്ച് ചുണ്ടില്ലെ വെള്ളം തുടച്ച് വീണ്ടും പുറകോട്ട് ചാരി കണ്ണടച്ചു.
“ഒന്നും പറഞ്ഞില്യാല്ലോ..?” ആകാംഷ അവളെ നിശ്ശബ്ദയാവാൻ അനുവദിച്ചില്ല.
“കുറച്ചകലെ..” ഉത്തരമിപ്പോഴും കണ്ണുകൾ തുറക്കാതെ തന്നെ. “അകലെയെന്നു പറഞ്ഞാൽ…ദേശം…?” ചോദ്യത്തിന് ഉത്തരം കിട്ടിത്തുടങ്ങിയപ്പോൾ ഒന്ന് സംശയിച്ചു നിന്ന മനസ്സ് ആവേശഭരിതമായി.
അവൻ കണ്ണുകൾ തുറന്നു അവരെ നോക്കി ആ മുഖം കണ്ട് സാമന്ത് അത്ഭുതപ്പെട്ടു. നർത്തകിയുടേത് പോലുള്ള മുഖം.കണ്ണുകളിൽ അവനോടുള്ള സഹതാപം നിറഞ്ഞു നില്ക്കുന്നതായി സാമന്തിന് തോന്നി.
“കല്യാണ ഗ്രാമം.. നീ.. ആരാണ് ..?? ” അവളുടെ കണ്ണുകളിൽ നോക്കിയാണ് സാമന്ത് ആ ചോദ്യം ചോദിച്ചത് .
“ഞാൻ… ഞാനൊരു ദേവദാസി..” ശാന്തമായിരുനെങ്കിലും അത് പറയുമ്പോൾ ആ ശബ്ദം ചിലംബിച്ചിരുന്നുവോ
“എങ്ങോട്ടാണീ യാത്ര….?” വീണ്ടും ഉത്തരം മൗനമായപ്പോൾ അവൾ പിന്നെയും ചോദിച്ചു “ഞാൻ ചോദിച്ചത് അബദ്ധമായോ..? എന്റെ ചോദ്യങ്ങളിഷ്ടപ്പെടണില്ലാന്നുണ്ടോ ?” ശാന്തമാകാത്ത മനസ്സിന്റെ തുടിപ്പ് വാക്കുകളിൽ പ്രതിഫലിച്ചു.
“ഏയ്.. ഇഷ്ടക്കേടൊന്നുമില്ല ”
“ക്ഷീണമുണ്ടാച്ചാൽ അകത്തേക്ക് പോന്നോളൂ.. ക്ഷീണം തീർത്തു പോകാം..”
കുറച്ചുനേരം അവൻ അവളുടെ മുഖത്തേക്കു നോക്കിയിരുന്നു. ഇവളുടെ കണ്ണുകളിൽ സ്നേഹഭാവമുണ്ട്.ഓർമ്മകൾ ഒന്നിനു പിറകേ ഒന്നായി ആ അവന്റെ മനസ്സിൽ കടന്നുവന്നു.ദുഃഖഭാരം കൊണ്ട് കനത്ത ഹൃദയം ഒരു മഴമുകിലായി അവൾക്കുമേൽ പെയ്യ്തിറങ്ങി.
ദിവസങ്ങൾക്ക് മുമ്പ് താൻ ഏകനായി, നിസ്സഹായനായി എന്തുചെയ്യണമെന്നറിയാതെ ഭ്രാന്തനെപ്പോലെ നിരവധി ദിവസങ്ങള് അലഞ്ഞു നടന്നത് അവൻ അവളോട് പറയാൻ തുടങ്ങി ഇനി ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങാൻ താൻ അശക്തനാണെന്ന അറിവോടെ
ക്ഷേത്രാങ്കണത്തിലെ ഒരു മൂലയിൽ നിലത്തിരുന്നു. കാല്മുട്ടില് തലചായ്ച്ച് ആരാലും ആശ്വസിക്കപ്പെടാനില്ലാതെ വിങ്ങിവിങ്ങിക്കരഞ്ഞു.
താങ്കള് കരയരുത്.. കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് ഞാൻ പറയുന്നു..
കണ്ണ് തുടച്ചു എന്നോടൊപ്പം വരൂ, ഞാൻ നിങ്ങളെ ചിരിപ്പിക്കാം’. അവളുടെ കണ്ണുകളിൽ ഒരു നിഗൂഢഭാവം തെളിഞ്ഞുവന്നു.
‘എന്നെ ചിരിപ്പിക്കാൻ കഴിയുമെന്ന് നീ കരുതുന്നു. പക്ഷെ സഹോദരീ, ഈ ഭൂമിയിലുള്ള ഒന്നിനും എന്റെ കണ്ണീരിനെ തടയാനാവില്ല’.
“താങ്കൾക്കിപ്പോൾ വേണ്ടത് ഭക്ഷണവും വിശ്രമവുമാണ് എഴുന്നേല്ക്കൂ, എന്റെ കൂടെ വരൂ.’” സാമന്ത് പതുക്കെ എഴുന്നേൽക്കാൻ ആഞ്ഞെങ്കിലും വീണുപോയി .
അവൾ സാവധാനം അവനെ എഴുന്നേൽപ്പിച്ചു ഒരു കുഞ്ഞിന്നെ മാറോടടക്കി പിടിച്ചെന്നവണ്ണം പതിയെ അകത്തേക്ക് കൂട്ടികൊണ്ടു പോയി നഖമാഴ്ത്തുമ്പോൾ പാലൂറി വരുന്ന ഉരുണ്ട മണികളുള്ള ഉപ്പും ചുമന്ന മുളക് പൊടിയും ചാട്ട് മസാലയും കൂട്ടി ചേർത്തതിൽ പകുതിയാക്കി മുറിച്ച ചെറുനാരങ്ങ മുക്കിത്തേച്ച വെന്ത ബുട്ട കഴിക്കാൻ കൊടുത്തു. കുടിക്കുവാൻ ഛാസ് എന്ന മല്ലിയിലയും ചാട്ട് മസാലയും ഉപ്പും ചേർത്ത സംഭാരവും നൽകി.. പതിയെ കഴിച്ചുകൊണ്ട് അവൻ ചുറ്റും നോക്കി കരിമ്പനകളിൽ അട്ടഹാസം മുഴക്കിയെത്തിയ കാറ്റുപോലും അവിടെ നിശ്ചലമായി നിക്കുന്നതായി തോന്നി. വഞ്ചനകളിലും ചതികളിലും മുങ്ങിച്ചത്ത് ദീനമായി നിലവിളിക്കുന്ന ആത്മാവുകള് ആ ക്ഷേത്ര സമുച്ചയത്തിലെ കരവിരുതുകളിൽ മോക്ഷം അന്വേഷിക്കുന്നുണ്ടായിരിക്കാം എന്നവന് തോന്നി . പിന്നെയും സംഭാരം നിറച്ച ഗ്ലാസ് നീക്കി വെച്ചപ്പോൾ ആശ്വാസത്തോടെ ഒറ്റ വീർപ്പിനു കുടിച്ചു തീർത്തു. അവനെ സാകൂതം നോക്കുകയായിരുന്നു അവൾ.
പുഞ്ചിരിയും സ്നേഹപ്രകടനവുമെല്ലാം ജോലിയുടെ ഭാഗമാണ്. തന്നെ സമീപിയ്ക്കുന്നവരുടെ മനസ്സു തുറന്ന് കാണാനുള്ള ആദ്യ പടി. “എങ്ങോട്ടാണീ യാത്ര….?”
“എന്റെ ഹൃദയം തേടി… തേടുകയാണ് ഞാൻ കണ്ടുമുട്ടാതിരിക്കില്ല…” കണ്ണുകൾ അവളുടെ മുഖത്ത് ഉറപ്പിച്ചുകൊണ്ട് ചാഞ്ഞിരുന്നു.
“നിന്റെ പേരെന്താണ് ..??”
” ഞാൻ .. ഞാൻ രേണുക.. ഒരു ബന്ധക സ്യുള”
രേണുക.. ഒരുവട്ടംകൂടി അവൻ ആ പേര് ഉച്ചരിച്ചു .
വിശന്നു വരുന്ന പുരുഷന്മാരെ തൃപ്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ . വരൂ കിടക്കാം ക്ഷീണമുള്ളതല്ലേ ബാക്കി ഉള്ളതെല്ലാം ബ്രഹ്മമുഹൂർത്തത്തിലാവാം .. പറഞ്ഞുകൊണ്ടവൾ കോസടി വിരിച്ചു ആരുടെയൊക്കെയോ കണ്ണീരും വിയർപ്പും അതിന്റെ നിറത്തിനു എന്നപോലെ ചില സ്വപ്നങ്ങളുടെ നിറങ്ങൾക്കും ഭംഗം വരിത്തിരിക്കാം എന്നവന് തോന്നി . സർവ്വതിനും സാക്ഷിയായ ഭിത്തിയിൽ എരിഞ്ഞുനിന്നിരുന്ന പന്തവും തല താഴ്ത്തി ഇരുളിൻ മാറിലൊളിച്ചു .. ചില ജീവിതങ്ങൾ എന്നപോലെ .
താരകളും ചന്ദ്രികയും പോയി മറഞ്ഞപ്പോൾ അരുണൻ തൻ പൊൻ കിരണങ്ങളാൽ വന്നമാത്രേ പുഞ്ചിരിക്കുന്നു..ഓരോ പ്രഭാതവും എന്താണ് ലോകത്തോട് വിളിച്ചു പറയുന്നത് ഞാൻ നിന്നിലേക്ക് കടന്നു വരുന്ന പുതിയൊരു ദിവസമാണ് ഒരിക്കലും ഞാൻ തിരിച്ചു വരികയില്ല എന്നിൽ നിന്ന് നീ നന്മകൾ കൊയ്തെടുക്കുക എന്നാവുമോ ..!! തന്റെ ശാരീരിക ക്ഷീണതെ നിദ്രാദേവി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു പ്രഭാതം പോലെ ഒരു പുതിയ ഊർജ്ജ്യം സിരകളിൽ നിറയുന്നു, സാമന്ത് പതിയെ എണിറ്റു ചുറ്റും നോക്കി രേണുകയെ അവിടെ കാണുവാൻ ഇല്ല . പതിയെ അവിടെനിന്നും പുറത്തിറങ്ങി ആ ക്ഷേത്രത്തിന്റെ നേരെ നടക്കുമ്പോൾ ക്ഷേത്ര പരിസരത്തെവിടെയെങ്കിലും വെച്ച് രുക്മിണിയെ കാണാനാകുമെന്ന് അവൻ പ്രതീക്ഷിച്ചു.
തുടരും …