ഒഴുകിനടക്കുന്നവർ

അടയ്ക്കാ മരത്തിൽ നിന്ന് പഴുത്ത അടയ്ക്കാ താഴെ വീണു, വെയിൽകൊണ്ടുണങ്ങി. അവൻ ചുറ്റും നോക്കി, എല്ലായിടത്തും മരങ്ങൾ, അവന്റെ സംശയം, അമ്മ മരത്തോടു ചോദിച്ചു.

‘അടയ്ക്കയാണോ ആദ്യമുണ്ടായത് മരമാണോ “?

പോടാ ദൂരെ അമ്മ മരം ദേഷ്യപ്പെട്ടു. അമ്മമാരോട് ഇത്തരം ചോദ്യം ചോദിക്കുന്നവർ നരകത്തിൽ പോകും. എനിക്ക് നിന്നെ ഇഷ്ടമില്ല.

അടയ്ക്കാ തിരിഞ്ഞു കിടന്നു. എന്നാലും ചോദ്യത്തിന് ഉത്തരം വേണ്ടേ? അവൻ അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിച്ചു. ആ ചോദ്യം, അവൻ സൂര്യനെ നോക്കി ചോദിച്ചു, കാറ്റിനോട് ചോദിച്ചു കാർമേഘങ്ങളോട് ചോദിച്ചു.

അന്തരീക്ഷമാകെ മാറിയത് പെട്ടന്നായിരുന്നു, കാറ്റ് ശക്തിയായി വീശിയടിച്ചു, ഇടി വെട്ടി, മിന്നലിൽ അവൻ ആദ്യമൊന്നു പേടിച്ചു, ഒന്നും കാണാൻ വയ്യാ…..മഴ ,വെള്ളത്തിൽ അവൻ ഒഴുകി പോയി. അവൻ തോട്ടിലൂടെ ഒഴുകി. കരയ്ക്കു അടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി. ഇല്ല ആവുന്നില്ല.

തിമർത്തു പെയ്യുന്ന മഴയിൽ അവൻ്റെ മനസ്സ് കുളിർത്തു. അവൻ വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കളിച്ചു. ഇരുകരകളിലും പൂത്തുനിൽക്കുന്ന കൈതകൾ, തുമ്പയും, തെച്ചിയും. കൈതപ്പൂമണം അവൻറെ സിരകളിലേക്ക് പടർന്നു. കൈതപ്പൊന്തകളിൽ ഇണചേരുന്ന കുള കോഴികളുടെ കുറുകൽ അവൻ കേട്ടു. ജീവിതത്തിൽ ആദ്യമായി അവൻ പൂമണം ആസ്വദിച്ചു. മഴ നിന്നിരിക്കുന്നു, വെയിൽ തെളിഞ്ഞു, ഒഴുക്കിൻെ വേഗത കൂടിയിരിക്കുന്നതായി അവൻ തിരിച്ചറിഞ്ഞു. പൂത്തുനിൽക്കുന്ന വാക മരത്തിൻറെ ചില്ലകൾ ആറ്റിലെ വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്നു, വള്ളി പടർപ്പിനിടയിലൂടെ കാട്ടുമുല്ല പൂത്തു നിൽക്കുന്നതു കാണാം. ചിത്രശലഭങ്ങൾ എങ്ങും പറന്നു നടക്കുന്നു, തുമ്പികൾ വെള്ളത്തിൽ മുത്തിയിട്ടു പറന്ന് പോകുന്നു. കരയിൽ നാലുമണിപ്പൂക്കൾ വിടർന്നു നിൽക്കുന്നു. അവൻ കാഴ്ചകൾ കണ്ട് ആറ്റിലൂടെ ഒഴുകി നീങ്ങി.

ജീവിതം എത്ര സുന്ദരം എന്നു തോന്നിയ നിമിഷങ്ങൾ.

മിന്നാമിന്നുകൾ പറന്നു കളിക്കുന്ന വയൽപ്പറമ്പുകൾ. തെക്കേക്കോണിലെ കാവിൽനിന്ന് പാലപ്പൂവിൻറെ മണം ഒഴുകി വരുന്നു. അവൻ ആകാശത്തിലെ ചന്ദ്രികയെ നോക്കി. പുഴയിലെ ഓളങ്ങൾ അവനെ താരാട്ടി, നിലാവിൽ അവൻറെ കണ്ണുകൾ പതിയെ അടഞ്ഞു. അവൻ ഒഴുകി കൊണ്ടിരുന്നു .പെട്ടെന്നെപ്പൊഴോ ദേഹം മുഴുവനും അതിശക്തമായ നീറ്റൽ അനുഭവപ്പെട്ടപ്പോൾ അവൻ നടുങ്ങി ഉണർന്നു. തിരമാലകളുടെ ഗർജ്ജനം ദൂരെ കേൾക്കാം. പതിയെ തിരമാലകളിൽ നിന്നു തിരമാലകളിലേക്കു അവൻ എടുത്തെറിയപ്പെട്ടു. ദിവസങ്ങളെടുത്തു, എങ്കിലും പതിയെ അവന്റെ ശരീരം അഴിഞ്ഞുതുടങ്ങിയതിന്റെ മനംപിരട്ടലുണ്ടാക്കുന്ന ഒരു ദുർഗന്ധം കടൽക്കരയിലാകെ പടർന്നുതുടങ്ങി. മീനുകളും,കടലാമകളും, കടൽ പാമ്പുകളും മുന്നിലൂടെ നീന്തി യൊഴുകുന്നു. നീരാളികളുടെ കയ്യുകൾ അവനെ തൊട്ടു തലോടി. നീറ്റൽ കൂടിക്കൊണ്ടിരുന്നു.

ഓർമ്മകൾ നഷ്ടപ്പെടുന്നു താഴേക്ക്, താഴേക്ക് ഏതോ ഇരുണ്ട ഗർത്തങ്ങളിലൂടെ അവൻ സംഞ്ചരിക്കുകയാണ്. അലറിയടിക്കുന്ന തിരമാലകൾ കടലിനോടു ചോദിക്കുന്നതും അവൻ കേട്ടു…. ?

മുട്ട വിരിഞ്ഞു പുറത്തു വന്ന മീൻ കുഞ്ഞുങ്ങൾ പരസ്പരം ആ ചോദ്യം ചോദിക്കുന്നതു അവൻ കേട്ടു…… ? പ്രപഞ്ചം തന്നെ ഈ പ്രഹേളികയ്ക്കുള്ള ഉത്തരം തേടുകയാണെന്നു അവനു തോന്നി. അണയാൻ പോകുന്ന അവസാനത്തെ ഓർമ്മയിലും ആ ചോദ്യം ഉടക്കിക്കിടന്നു.