ബുള്ളറ്റ്

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വീണ്ടും അവളെ അതേ പൂക്കടയുടെ മുൻപിൽ വെച്ച് കണ്ടുമുട്ടിയത്..

ഓരോ കൂടിക്കാഴ്ചയിലും ഒരു പനിനീർ പൂവെനിക്ക് സമ്മാനമായി തന്നിരുന്നവൾ..

ഏറ്റവും നല്ല സ്വപ്‌നങ്ങൾ കാണാൻ എന്നെ പഠിപ്പിച്ചവൾ…

പക്ഷേ എനിക്കേറ്റവും ആവശ്യമുള്ള സമയത്ത് എന്നെ ഉപേക്ഷിച്ചു പോയവൾ..

പെട്ടെന്നവളെ മനസ്സിലായില്ലെങ്കിലും ആ വെള്ളാരം കണ്ണുകളിലെവിടെയോ അവളുടെ ആ പഴയ മുഖമുണ്ടായിരുന്നു..
പക്ഷെ എന്നെ തിരിച്ചറിയാൻ അവൾ ഒരു നിമിഷം പോലുമെടുത്തില്ല..

തണ്ടോടുകൂടിയ ഒരു പനിനീർ പൂ അവളെനിക്കു നൽകികൊണ്ടു ചോദിച്ചു:

” ഇപ്പോഴും പഴയതപോലെ നീ പനിനീർ പൂക്കൾ വാങ്ങാറുണ്ടോ മജ്‌നൂ ”

ഞാൻ പറഞ്ഞു : ” ഇല്ല.. ഇന്നാദ്യമായിട്ടാ.. നിന്നോടുകൂടെ പനിനീർ പൂക്കളിലെ സുഗന്ധവും എനിക്ക് നഷ്ടമായിരുന്നു..”

അണയാൻ പോയ തിരിനാളം ഒന്ന് തെളിഞ്ഞു കത്തിയപോലെ അവളുടെ മുഖമൊന്നു തിളങ്ങി..

” എന്താണീ മുഖത്തൊരു വെളിച്ചക്കുറവ് ” വീണ്ടും ചോദ്യം അവളുടേത്‌ തന്നെ..

നമുക്കേറ്റവും പ്രിയപ്പെട്ടൊരാൾ, ഒരു നിമിഷനേരത്തേക്കാണെങ്കിൽ പോലും നമ്മിൽ നിന്നകന്നു നിന്നാൽ മുഖത്തിന് ഇത്രയൊക്കെയല്ലേ വെളിച്ചമുണ്ടാകൂ..”

അവളുടെ വെള്ളാരം കണ്ണുകളിൽ കൂടുതൽ വെളിച്ചം പടരുന്നതായി എനിക്ക് തോന്നി..

” എനിക്കു ശേഷം ഒരാളെയും പ്രണയിച്ചില്ല എന്നാണോ” ? വീണ്ടും അവളുടെ പ്രതീക്ഷ മുറ്റിയ ചോദ്യം..

” പ്രണയമെന്ന വാക്ക് ഞാൻ എന്നേ മറന്നുകളഞ്ഞതായിരുന്നു, വീണ്ടുമൊരിക്കൽ ഞാൻ നിന്റെ പൂക്കടയുടെ മുന്നിൽ എത്തുന്നത് വരെ..”

ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വന്നവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.. ദാഹജലം തേടുന്ന വേഴാമ്പലിനെ പോലെ..

” എങ്കിൽ ജീവിതം എന്താണെന്ന് എനിക്കും കൂടൊന്നു പഠിപ്പിച്ചു തരാമോ? വീണ്ടും ചോദ്യം അവളുടേത്‌ തന്നെ..

പക്ഷേ.. ധക് ധക് ശബ്ദവുമായി ഞങ്ങൾക്ക് മുന്നിൽ വന്നു നിന്ന ബുള്ളറ്റിന്റെ പിൻസീറ്റിൽ കയറിയിരുന്ന് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവളോട് പറഞ്ഞു:

“ജീവിതം.. അതെന്താണെന്ന് എന്നെ പഠിപ്പിച്ചത് ഇവളാണ്.. എന്റെ ജീവന്റെ പാതി.. എന്റെ വീഴ്ചയിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയ എന്റെ ലൈല..” ?