ഒരു ചുംബനം

ഒരു ചുംബനം
Oru Chumbanam Author : അന്ന ബെന്നി

രാവിലത്തെ തിരക്കിൻ ഇടയിൽ കാൽ വിരൽ ഒന്നു തട്ടി.
ചെറിയ പൊള്ളലുകൾ….. ഇടതു കൈയിലെ ചൂണ്ടു വിരളിലെ മുറിവുകൾ….. ഒക്കെ ഒരു വീട്ടമ്മക്കു പുത്തരിയല്ല… പലപ്പോഴും ഇങ്ങനെ ഓരോന്ന് കിട്ടുമ്പോൾ മാത്രമാണ്. ആ ചെറിയ അവയവങ്ങളെ കുറിച്ചു ആലോചിക്കാറുള്ളത് പോലും. എന്നാലോ അതും അവയുടെ കുറ്റമായി കരുതി- “ഹോ! ഈ നാശം പിടിച്ച വിരലിനു മുറിയാൻ കണ്ടൊരു നേരം.” എന്ന് പിറുപ്പിറുക്കും.

കാൽ വിരൽ തട്ടിയപ്പോൾ കണ്ണിൽ പൊൻഈച്ച പറന്നു. ഇന്നലെ ഓഫീസിലെ മോളി ചേച്ചി “ശ്രുതിയുടെ വിരലിലെ മിഞ്ചി കാണാൻ നല്ല രസമുണ്ടല്ലോ. പക്ഷേ ഭർത്താവ് മരിച്ചവർ ഇതു ഇടുവോ” എന്ന് ചോദിച്ചപ്പോൾ അവരുടെ മുഖത്ത് എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും മറയ്ക്കാൻ പറ്റാത്ത ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു. അതു കാണാത്ത മട്ടിൽ പതുക്കെ ഒന്ന് ചിരിച്ചെന്നും വരുത്തി വീണ്ടും ഫയലിലോട്ട് തന്നെ കണ്ണുകളെ മേയാൻ വിട്ടു…
ഇന്നിപ്പോൾ വിരൽ തട്ടിയപ്പോൾ ആദ്യം അതാണ് ഓർമവന്നത്.
പിന്നെ ആകെ സമാധാനം……. അല്ലേൽ വേണ്ട അതു ഞാൻ പിന്നെ പറയാം.
ഇതിപ്പോൾ മോളി ചേച്ചി മാത്രം അല്ല. തന്നെ കാണുന്ന പലരും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. ഒരു വിധവയുടെ ഡ്രസ്സ്‌ കോഡ് അല്ല തന്റേത് എന്ന്.
താൻ ഇപ്പോളും പല നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അവക്ക് ചേരുന്ന വള, മാല, കമ്മൽ…. ഇടക്ക് പൊട്ടും കുത്തും.
തന്നെ വിളിക്കാറുള്ള ചടങ്ങുകൾക്ക് ഒക്കെ മക്കളേം കൂട്ടി പോകാറുണ്ട്.
ഫേസ്ബുക്കും വാട്സ്ആപ്പും ട്വിറ്ററും ഒക്കെ ഉപയോഗിക്കാറുണ്ട്.
മക്കൾക്ക്‌ ഒപ്പം ബാഡ്മിന്റൺ കളിക്കാറുണ്ട്.
പണ്ടേങ്ങനെയോ അതൊക്കെയുണ്ട് ഇപ്പോളും.
പലർക്കും ഇതൊന്നും സുഖിക്കാറില്ല. രണ്ടു പെണ്മക്കൾ ആണെന്ന് എങ്കിലും ഓർക്കണ്ടേ….അങ്ങനെ പലതും പലവട്ടം കേട്ടിരിക്കുന്നു….
കിടക്കും മുന്നേ കുളിക്കുമ്പോൾ ആണ് വിരലിലെ ചതവു കണ്ടത്. അതിൽ കുറച്ചു ഒമിനി ജെല്ലും പുരട്ടി മക്കൾക്ക്‌ ഒപ്പം പുതപ്പിനുള്ളിൽ കയറി.സ്കൂളിലെ കഥ ഒക്കെ പറഞ്ഞു ഉറങ്ങാൻ കുറച്ചു അധികം സമയം എടുത്തു. അവർ ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ശബ്ദം ഉണ്ടാക്കാതെ പുതപ്പു മാറ്റി എണീറ്റു..
ചെരിപ്പ് ഇടാതെ കാൽ പാദം മാർബിൾ തറയിൽ തൊട്ടപ്പോൾ പെട്ടെന്നു കുളിരുകേറി. ഓരോ ചുവടും കരുതലോടെ വച്ചു. പതിവുപോലെ ലോക്ക് ചെയ്തിട്ടില്ലതത്തു കൊണ്ടു ഹാൻഡിൽ താഴ്ത്തി വാതിൽ തുറന്നു. എത്ര ശ്രദ്ധിച്ചിട്ടും ഇരുമ്പിന്റെ വാതിൽ കരഞ്ഞു. ഫാനിന്റെ ഒച്ചയിൽ ആ കരച്ചിൽ അലിഞ്ഞു ചേർന്നു.

“ഇന്ന് എന്താ എന്റെ സുന്ദരിക്കുട്ടിടെ മുഖത്ത് ഒരു വാട്ടം….”
“അതു പിന്നെ മോളിചേച്ചി…..”
“ഹോ അതാണോ…….അതു വിട് എന്റെ പെണ്ണേ….”
“എവിടെ എന്റെ കുഞ്ഞിടെ കാലു ചതഞ്ഞത്.
എന്നും പറഞ്ഞു രഞ്ജിത് അവളുടെ കാലെടുത്തു വിരലിൽ ചുംബിച്ചു…..”
ആ ചുംബനത്തിൽ അവൾ അതുവരെ അനുഭവിച്ച എല്ലാ വേദനയും പമ്പ കടന്നു…..

രാവിലെ അലാറം പാട്ട് തുടങ്ങിയപ്പോഴേ ശ്രുതി ഞെട്ടി ഉണർന്നു. കൈ നീട്ടി അലാറത്തിന്റെ തലക്കിട്ടു നല്ലൊരു തട്ടു കൊടുത്തു കൊണ്ടു പാട്ടു നിർത്തി.
തന്റെ നെഞ്ചിൽ കിടന്ന രഞ്ജിത്തേട്ടന്റെ ഫോട്ടോ ഒന്നൂടി എടുത്തു അമർത്തി ചുംബിച്ചിട്ടു….തുറന്നു കിടന്ന അലമാരയുടെ ഏറ്റവും മുകളിലെ തട്ടിൽ ശ്രദ്ധയോടെ തന്നെ വച്ചു വാതിൽ അടച്ചു…. രാത്രിയിലേതു പോലെ തന്നെ അതു കരഞ്ഞു….പക്ഷേ ഇപ്പോൾ മൂത്ത മോളുടെ ഉറക്കത്തെ അതു ചെറുതായൊന്നു ശല്യപെടുത്തി എന്നു തോന്നുന്നു അവൾ പുതപ്പിന്റെ അകത്തു ഒന്നൂടി ചുരുണ്ടു കൂടി.
അവളുടെ രൂപം തന്റേത് എങ്കിലും ആ കരുതലും സ്വഭാവവും എല്ലാം രഞ്ജിത്തേട്ടന്റെതു തന്നെ. തന്റെ ഈ മക്കൾക്ക്‌ മുന്നിൽ കണ്ണു നിറക്കാതെ എല്ലാം നഷ്ടമായിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഭാവിച്ചു ജീവിക്കാനും അവരെ നന്നായി തന്നെ നോക്കാനും പറ്റുന്നത്…. രഞ്ജിത്തേട്ടൻ തനിക്കു തന്ന ധൈര്യവും സ്നേഹവും ആണ്. ഇപ്പോളും എല്ലാത്തിനും കൂടെ ഉണ്ടെന്നു ഉള്ള വിശ്വാസവും. മറ്റുള്ളവർ പറയുന്നത് കേട്ടല്ല. നമ്മുടെ മനസിന്റെഎം മനസാക്ഷിയുടെഎം ശബ്ദം കേട്ടാണ് ജീവിക്കേണ്ടതെന്നു ഉള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആണു ഇപ്പോളും തന്റെ വേദവാക്യം.