മകരധ്വജൻ

മകരധ്വജൻ
Makaradwajan Author : സജി.കുളത്തൂപ്പുഴ

1993 വാരണാസി
°°°°°°°°°°°°°°°°°°°°°
രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന
ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ ആ കാഴ്ച കാണുന്നുണ്ടായിരുന്നു…അയാൾ രാഗിണിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും അവളുടെ ജീവനെടുത്ത് അക്രമികൾ ഇരുളിൽ മറഞ്ഞു…!!!

2018 ഫെബ്രുവരി 12 തിങ്കൾ
••••••••••••••••••••••••••••••••••••••
ആലത്തൂരിൽ നിന്നും കൊല്ലങ്കോട്ടേക്കുള്ള യാത്രയിലായിരുന്നു മഹാദേവൻ തമ്പി.

” പുനർജനിച്ചതല്ല തമ്പീ… അവളെ പുനരുജ്ജീവിപ്പിച്ചതാണ്…!! “

ദേവദത്തൻ തിരുമേനിയുടെ വാക്കുകൾ നൽകിയ നടുക്കം മണിക്കൂറൊന്ന് കഴിഞ്ഞിട്ടും മാറിയിരുന്നില്ല.

“ആരെന്ന’ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ഒന്ന് പറഞ്ഞു…!

“യമജം കൈവശമുള്ള അഘോരികൾക്ക് മാത്രം സാധ്യമായ ഒന്നാണത്…മഹാദേവൻ കനിഞ്ഞു നൽകിയ വരം…ദേവകൾക്ക് പോലും അസാധ്യമത്രേ…!! “

ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം രാഗിണി മനുഷ്യരൂപം പൂണ്ട് തന്നെ ശല്ല്യം ചെയ്യുന്നതിന്റെ പൊരുളറിയാൻ വേണ്ടിയാണ് “പൂമള്ളിയിലെ ദേവദത്തൻ” തിരുമേനിയെ കാണാനെത്തിയത്. തിരുമേനിയിൽ നിന്നും കേട്ടത് കൂടുതൽ ഭയപ്പാടുണ്ടാക്കാനേ ഉപകരിച്ചുള്ളൂ…!
പ്രതിവിധി ആരാഞ്ഞപ്പോൾ…

“ഇവിടെ ഉത്തമത്തിലുള്ള പൂജകൾ മാത്രമേ നടത്താറുള്ളൂ അധമ കർമ്മങ്ങൾ ചെയ്യാറില്ല”.

എന്ന മറുപടിയാണ് ലഭിച്ചത്.അദ്ദേഹമാണ് “കൊല്ലങ്കോട് കാളിയൻ” എന്ന മാന്ത്രികന്റെയടുത്തേക്ക് പോകാൻ നിർദ്ദേശിച്ചതും…!!

ഏ.സി യുടെ കുളിരിലും തമ്പിയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നിരുന്നു.

മഹാദേവൻ തമ്പി ഓർമ്മയിലേക്ക് തിരികെപ്പോയി…ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക്..തണുത്തുറഞ്ഞു കിടക്കിടക്കുന്ന ഗംഗാ നദിക്കരയിൽ….കാശിനാഥന്റെ മണ്ണിലേക്ക്…!!

തന്റെ അനുജൻ വാസുദേവൻ തമ്പി കോളേജിൽ പഠിച്ചിരുന്ന കാലത്ത് അഷ്ടിക്ക് പോലും ഗതിയില്ലാത്തൊരു ദരിദ്ര ബ്രാഹ്മണ ഇല്ലത്തെ രാഗിണിയുമായി പ്രണയത്തിലായി…ഒരുപാട് ഉപദേശിച്ചിട്ടും,വിലക്കിയിട്ടും അവൻ വാശിയിൽ തന്നെ ഉറച്ചു നിന്നു.ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവളെ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അതിനും ഫലമുണ്ടായില്ല.ഒരുനാൾ ഇരുവരും നാട് വിട്ടുപോയി. ഒരുപാടിടങ്ങളിൽ അവരെ തേടിയലഞ്ഞു.രണ്ട് വർഷങ്ങൾക്ക് ശേഷം കാശിയിൽ തീർത്ഥയാത്രയ്ക്ക് പോയിവന്ന കുമാരക്കുറുപ്പ് അനിയനെ അവിടെവച്ച് കണ്ടുവെന്നും,അവിടെയൊരു പൂജാ സ്റ്റോർ നടത്തുന്നുവെന്നും അറിഞ്ഞ് അവിടേക്ക് തിരിച്ചു.അവർ നൽകിയ അടയാളം വച്ച് അനുജനെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല.പ്രശ്നങ്ങളൊന്നുമില്ലെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും അറിയിച്ചപ്പോൾ വാസുവിന്റെ മുഖത്ത് വിരിഞ്ഞ ആനന്ദത്തിന് അതിരില്ലായിരുന്നു.

താനും,കൂട്ടാളികളുമെത്തിയത് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനായിരുന്നില്ല.മറിച്ച് വാസുദേവനെ ജീവശ്ചവമാക്കി തിരികെ കൊണ്ടുവരാൻ…അവന് വിലയില്ലെങ്കിലും അവന്റെ തള്ളവിരലിന് വിലയുണ്ടായിരുന്നു… കോടികളുടെ വില…തന്റെ ധൂർത്ത് കാരണം അച്ഛൻ വളരെ ചെറിയൊരു ഓഹരി മാത്രമേ തനിക്ക് തന്നിരുന്നുള്ളൂ.ബാക്കി സ്വത്തുക്കൾ മുഴുവൻ വാസുവിന്റെ പേരിലായിരുന്നു.അതും അവന് മുപ്പത്തിയഞ്ച് വയസ്സാകുമ്പോൾ അവൻ തീരുമാനിക്കും,എങ്ങിനെ വീതിച്ചു തരണമെന്ന്.ബിസിനസ് പൊട്ടിപ്പൊളിഞ്ഞു നാമാവശേഷമായപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും തന്റെ മുന്നിലില്ലായിരുന്നു….!

അന്ന് രാത്രി അനുജനോടൊപ്പം കിടക്കാനെന്ന വ്യാജേന രാഗിണിയെ മറ്റൊരു മുറിയിലേക്ക് മാറ്റി.വെളുപ്പാൻ കാലത്ത് തങ്ങൾ കണക്കുകൂട്ടിയതുപോലെ കാര്യങ്ങൾ നടപ്പിലാക്കി.ജീവന്റെ തുടിപ്പ് മാത്രം ബാക്കി വച്ച് വാസുദേവനെ വണ്ടിയിലേക്ക് കയറ്റുമ്പോഴാണ് രാഗിണി ഉണർന്ന് പുറത്തേക്ക് വന്നത്…!!

” ബ്രഹ്മഹത്യ കൊടും പാപമാണ് തമ്പീ….അതും നിറ ഗർഭിണിയായൊരുവളെ….അതിന്റെ ഫലം അനുഭവിക്കാതെ തരമില്ല… ! “

ആ വാക്കുകളോരോന്നും ഉരുകിയ ഈയം പോലെ ചെവിയിലേക്ക് ഇറ്റിറ്റ്
വീഴുന്നുണ്ടായിരുന്നു.

” സാർ…സ്ഥലമെത്തി “..
എന്ന ഡ്രൈവറുടെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

പടിപ്പുര കടന്ന് കരിങ്കല്ല് പാകിയ വഴിയിലൂടെ തമ്പി മുന്നോട്ട് നടന്നു.റോഡിൽ നിന്നും കുറച്ച് ദൂരമുണ്ട് മഠത്തിലേക്ക്.വഴിയുടെ വലത് ഭാഗത്തായി നിറയെ പൂവിട്ട് നിൽക്കുന്ന നാഗലിംഗം.ഇളം റോസ് നിറമുള്ള പൂവുകൾ ഞെട്ടറ്റ് വീണ് വൃത്താകൃതിയിൽ മരത്തിന് ചുറ്റും പുഷ്പ തല്പമൊരുക്കിയിരിക്കുന്നു.കാടും,കാട്ടുവള്ളികളും കാവിനെ അനുസ്മരിപ്പിച്ചു.വിളക്കെണ്ണ വീണ് കറുത്ത് കരുവാളിച്ച സിമന്റ് പീഠത്തിന് മുകളിൽ മഞ്ഞൾപൊടിയിൽ അഭിഷിക്തരായി തലയുയർത്തി ഉപവിഷ്ടരായ നാഗ ദൈവങ്ങൾ…

ചെറിയ ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തിനപ്പുറം നാല് വലിയ മരത്തൂണുകൾ ഉമ്മറം താങ്ങുന്ന കൂറ്റൻ ഇരുനില മാളികയ്ക്ക് മുന്നിലായ് ചെറുതും മനോഹരവുമായ “ചാത്തനമ്പലം.

ഉമ്മറക്കോലായിൽ തമ്പിയെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ശുഭ്ര വസ്ത്രധാരിയായൊരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.ചെറു ചിരിയോടെ ‘വരിക’യെന്ന് പറഞ്ഞ് തമ്പിയുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അയാൾ അകത്തേക്ക് നടന്നു.മാളികയുടെ ഉള്ളിലേക്ക് കടന്ന തമ്പി വിസ്മയിച്ചു പോയി.തഴക്കം വന്ന തച്ചന്മാരുടെ കരവിരുതിൽ വിരിഞ്ഞ ദേവസ്പർശമുള്ള കൊത്തുപണികളാൽ അലംകൃതമായ മരഉരുപ്പടികൾ.മച്ച് മാത്രമല്ല ചുവരിലും തടി പാകി മിനുസപ്പെടുത്തിയിരിക്കുന്നു.വിശാലമായ തളത്തിന്റെ ഒത്ത നാടുവിലായ് തൂക്കിയിട്ടിരിക്കുന്ന കാലപ്പഴക്കം ചെന്ന വലിയ ചില്ല് വിളക്കിൽ അങ്ങിങ്ങായി മാറാല പറ്റിപ്പിടിച്ചിരിപ്പുണ്ട്.അയാളോടൊപ്പം മുകളിലേക്ക് കയറുമ്പോൾ മരഗോവണി വല്ലാതെ ഒച്ചയുണ്ടാക്കിക്കരഞ്ഞു.അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിരിയുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം.പടി കയറി മുകളിലെത്തി പിന്നാലെ ഗമിക്കുമ്പോൾ അയാൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കുകയോ ഉരിയാടുകയോ ചെയ്തില്ല.തമ്പിക്ക് എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു.ഇഷ്ടമായില്ലെങ്കിലോ എന്ന് എന്നുകരുതി മിണ്ടാതെ ഒപ്പം നടന്നു.അടഞ്ഞു കിടന്ന രണ്ട് മുറികൾക്കപ്പുറമുള്ള ചുവന്ന വിരിമാറ്റി ഇരുവരും മറ്റൊരു മുറിയിലേക്ക് പ്രവേശിച്ചു.

ചെമ്പട്ട് വിരിച്ച ചുവരുകൾ,ചന്ദനത്തിരിയിൽ നിന്നുതിർന്ന ധൂമപാളികൾ മഞ്ഞുകണക്കെ മുറിയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.നിലവിളക്കിന്റെ മഞ്ഞ വെളിച്ചം ജനാലകളില്ലാത്ത മുറിയിൽ പ്രഭ പരത്തുന്നുണ്ട്.തിളക്കമുള്ള ചുവന്ന പട്ട് വിരിച്ച പീഠത്തിൽ പഞ്ചലോഹത്തിൽ തീർത്ത കാളീ വിഗ്രഹത്തിന്റെ ചുവട്ടിലായി ചെമ്പകപ്പൂക്കൾ ചിതറിക്കിടക്കുന്നു. വിഗ്രഹത്തിന് മുന്നിൽ ചമ്രം പടഞ്ഞിരുന്ന് ഇരുകൈകളും കാൽമുട്ടിന് മുകളിൽ വച്ച് “അഫൻ” മുദ്രയിൽ ധ്യാന നിമഗ്നനായിരിക്കുന്ന മഹാ മാന്ത്രികനായ “കൊല്ലങ്കോട് കാളിയൻ”…!!

ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ധ്യാനത്തിൽ നിന്നുണർന്ന കാളിയൻ, അർജ്ജുനൻ തമ്പിയെ നോക്കി മന്ദഹസിച്ചു.ഉപവിഷ്ടനാകുവാൻ ആംഗ്യം കാട്ടി…!
തമ്പി കാളിയനെ അംഗപ്രത്യംഗം വീക്ഷിച്ചു.

കറുത്ത് പരന്ന വലിയ കൂട്ട് പുരികവും,ചുവന്ന് തീക്ഷണതയേറിയ കണ്ണുകളും.നീണ്ട് വളഞ്ഞ നാസികത്തുമ്പിലായ്‌ അല്പം ഉയർന്ന് നിൽക്കുന്ന കാക്കപ്പുള്ളി.വിടർന്ന നെറ്റിയിൽ സൂര്യനെപ്പോലെ വലിയ സിന്ദൂരപ്പൊട്ട്.സിംഹത്തിന്റെ ജഡപോലെ മുടിയും താടിയും.
യോദ്ധാവിന്റേത് പോലുള്ള ശരീര ഭാഷ…തമ്പിയുടെ ആശങ്കയ്ക്ക് ഒരല്പം ആശ്വാസം കൈവന്നു.

“തമ്പീ…നാമറിയുന്നു അങ്ങയെ ബാധിച്ചിരിക്കുന്ന ആപത്തിന്റെ ആഴം…ഭയപ്പെടേണ്ട ഏത് ശക്തിയേയും എതിരിടാനും,നശിപ്പിക്കുവാനും ശേഷിയുള്ള മഹാകാളിയും, ഉഗ്രമൂർത്തികളും,ഉപാസകരായ നാഗത്താന്മാരും കൂടെയുള്ളപ്പോൾ ഭയക്കുന്നതെന്തിന്…? ധൈര്യമായിരിക്കൂ..”

ഘനഗംഭീരമായ ശബ്ദത്തിൽ കാളിയന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ…!

” ദത്തൻ തിരുമേനിയിൽ നിന്നും അറിഞ്ഞ വാർത്തകൾ കേട്ടിട്ട്
ഭയമടങ്ങുന്നില്ല സ്വാമീ…!”

കാളിയൻ മെല്ലെ ചിരിച്ചു.

“തമ്പീ….നമ്മിൽ വിശ്വസിക്കുക…താങ്കളുടെ ഏത് ശത്രുക്കളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കും ഈ “കൊല്ലങ്കോട് കാളിയൻ’. അപേക്ഷിച്ചു വന്നവരെ ഉപേക്ഷിച്ച ചരിത്രമില്ല കൊല്ലങ്കോട് തറവാടിന്. ജീവൻ പകരം നൽകിയും സഹായമഭ്യർത്ഥിച്ചവരെ സംരക്ഷിച്ചവരാണ് കാളിയന്റെ തായ്‌വഴിയിലുള്ളവർ…ആ പാരമ്പര്യത്തിന് ഇന്നും മാറ്റം വന്നിട്ടില്ല…!!”

അത് പറയുമ്പോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.കാളിയന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

“ഞാനെന്താണ് ചെയ്യേണ്ടത് സ്വാമീ…!

“ഉച്ഛാടനവും,ആവാഹനവും വേണ്ടി വരും…കാശിത്തിരി ചിലവാകും…!!

“പണം എനിക്കൊരു പ്രശ്‌നമേയല്ല സ്വാമീ…എനിക്കെന്റെ മനസ്സമാധാനം തിരികെ വേണം…!!

“എങ്കിൽ പൂജാകർമ്മത്തിനുള്ള സാധനങ്ങൾ ഒരുക്കിക്കോളൂ..ചാർത്ത് തരാം..അതിലെ ചില സാധനങ്ങൾ വാങ്ങാൻ കിട്ടില്ല.അത് ഏജന്റ് വഴിയേ ലഭിക്കുകയുള്ളൂ…എല്ലാം കിട്ടിയാൽ മാർച്ച് ഒന്ന് വ്യാഴാഴ്ച്ച പൗർണ്ണമി നാളിൽ തമ്പിയുടെ വീട്ടിൽ വച്ച്…!!!

ഇനിയുമുണ്ട് പതിനാറ് ദിനങ്ങൾ…അത്രയും നീട്ടിക്കൊണ്ട് പോകണോ എന്ന അർത്ഥത്തിൽ തമ്പി കാളിയനെ നോക്കി.

“വേറെ വഴിയില്ല തമ്പീ…മറ്റന്നാൾ തമിഴ്‌നാട്ടിലെ കൊല്ലിമലയിലെ ‘എട്രുകൈ അമ്മൻ കോവിലിൽ’ ഒരു കാളീപൂജയുണ്ട്.കൊല്ലങ്ങളായി നാം അത് മുടക്കാറില്ല.മാത്രവുമല്ല, ശത്രുവിനെ എതിരിടുമ്പോൾ നമ്മൾക്കത് ഗുണം ചെയ്യുകയും ചെയ്യും…!!!

“അത് വരെ എന്തെങ്കിലും മുൻകരുതലുകൾ…?

” വേണ്ടിവരും…!

കാളിയൻ ചില നിർദ്ദേശങ്ങൾ നൽകി ഒപ്പം…മന്ത്ര തകിടുകൾ,ഏലസുകൾ,വീടിന് ചുറ്റും ഇടമുറിയാതെ വരയ്ക്കാനുള്ള ഭസ്മവും നൽകി തമ്പിയെ യാത്രയാക്കി…!!

വ്യഴാഴ്ച്ച :-

ത്രിസന്ധ്യയോടെ ഉച്ഛാടനത്തിനും,ആവാഹനത്തിനുമുള്ള ഒരുക്കങ്ങളാരംഭിച്ചു.മന്ത്രകളമൊരുങ്ങി…താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിലെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിച്ചു.സ്വർണ്ണ വർണ്ണമാർന്ന തീ ജ്വാലയിലേക്ക് നെയ്യ്,കടലാടി,ഇടംപിരി വലംപിരി,തിപ്പലി,പാൽമുതുക്,എരുക്ക്,ആട്ടിൻരോമം,നീല ഉമ്മം,ഒട്ടക കാഷ്ഠം,നീർനായയുടെ കാഷ്ഠം…എന്നിവ കൃത്യമായ ഇടവേളകളിൽ മന്ത്രോച്ചാരണങ്ങളോടെ നിക്ഷേപിച്ചു…
ഇതിനിടയിൽ ശിക്ഷ്യന്മാർ വലിയ ഓട്ടുരുളിയിൽ മഞ്ഞളും,ചുണ്ണാമ്പും,സിന്ദൂരവും കൂട്ടിക്കലർത്തിയ “ഗുരുതിവെള്ളം” തയ്യാറാക്കിക്കഴിഞ്ഞിരുന്നു.ശിരസ്സിൽ നിന്നും വയർ വരെ തുളച്ച സ്ത്രീരൂപമുള്ള കാഞ്ഞിരപ്രതിമകൾ നൂറ്റിയൊന്നാവർത്തി കുരുതിവെള്ളം കൊണ്ട് ധാര കോരി…കാളിയൻ മിഴികളടച്ച് ഘോരമന്ത്രങ്ങൾ ഉരുവിട്ടു.

“ഷഷ്ഠായഃ സ്വാഹാ..സപ്ത മാഷ്ടഭ്യാം സ്വാഹാ…നീല നഖേദ്യഃ സ്വാഹാ… ഹരിതേഭ്യഃ സ്വാഹാ..ഷുദ്രേഭ്യഃ സ്വാഹാ…!

മന്ത്രം മുറുകിയതോടെ കറുത്ത വെട്ടുകിളികളുടെ കൂട്ടം പോലെ എന്തോ ഒന്ന് അന്തരീക്ഷത്തിലൂടെ ഒഴുകിവന്ന് രാഗിണിയായി രൂപം പ്രാപിച്ചു മന്ത്രകളത്തിന് നടുവിൽ നിന്നു…ചിതറിപ്പരന്ന കാർകൂന്തലും,കോപത്താൽ ചുവന്ന് തുടുത്ത മുഖവും..അവൾ കത്തുന്ന മിഴികളോടെ തമ്പിയെ നോക്കി.ആ നോട്ടം എതിരിടാനാകാതെ അയാൾ മിഴികൾ താഴ്ത്തിക്കളഞ്ഞു.

തന്നെയും,പതിയേയും കൊന്ന തമ്പിയെ ഇല്ലായ്മ ചെയ്യാൻ അവളുടെ അന്തരംഗം തുടിച്ചു.പക്ഷേ ചലിക്കാൻ കഴിയുന്നില്ല.കാലുകൾ മണ്ണിൽ തറഞ്ഞുത് പോലെ.കാളിയന്റെ മാന്ത്രിക വലയത്തിനുള്ളിലാണ് താനെന്നവൾ തിരിച്ചറിഞ്ഞു…!!

ഈ സമയം കാളിയൻ രാഗിണിയെ ശ്രദ്ധിക്കാതെ കാഞ്ഞിരപ്രതിമ കൈയിലെടുത്ത് അതിലേക്ക് ഓട്ടുപാത്രത്തിൽ നിന്നും പോത്തിൻ ചോര ശ്രദ്ധയോടെ സുഷിരത്തിലേക്ക് പകരുവാനരഭിച്ചു..

“അരുത് കാളിയാ…അവിവേകം പ്രവർത്തിക്കരുത്,മരണം ഇരന്നു വാങ്ങാൻ തക്ക വിഡ്ഢിയല്ല നീയെന്നറിയാം…!!

അവളുടെ ജല്പനങ്ങൾക്ക് മറുപടി പറയാതെ കാളിയൻ തന്റെ ജോലി തുടർന്നു.

തന്റെ തലയോട്ടി തുളച്ച് ഉരുകിയ ലാവപോലെ എന്തോ ഒന്ന് തലച്ചോറിലൂടെ ഊർന്നിറങ്ങന്നത് അവളറിഞ്ഞു.തിളയ്ക്കുന്ന ലോഹദ്രവം അന്നനാളത്തിലൂടെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കുടൽമാലകളെ ചിന്നഭിന്നമാക്കി വയർ പിളർന്ന് രക്തമായി പുറത്തേക്ക് ഒഴുകി…!

കാളിയൻ ക്രൂരമായ ആനന്ദത്തോടെ തന്റെ പ്രവൃത്തി തുടർന്നുകൊണ്ടേയിരുന്നു.അവളിലെ അവസാന പിടച്ചിലും തീർന്ന് നിശ്ചലമാകുന്നതുവരെ..!

അതിന് ശേഷം ആ കാഞ്ഞിരക്കുറ്റി ഹോമകുണ്ഡത്തിലേക്കിട്ടു.രാഗിണിയുടെ ചേതനയറ്റ ശരീരം മഞ്ഞുപോലെ അലിഞ്ഞില്ലാതാകുന്നത് തമ്പിയും,ശിക്ഷ്യന്മാരും അത്ഭുതത്തോടെ നോക്കി നിന്നു…!

പെട്ടന്ന് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നൊരു പൊട്ടിച്ചിരികേട്ട് കിഴക്ക് ദിക്കിലേക്ക് നോക്കിയ കാളിയൻ നടുങ്ങിപ്പോയി…മധ്യാഹ്ന സൂര്യനെപ്പോൽ ജ്വലിച്ചു നില്ക്കുന്ന രാഗിണി…!!

” കാളിയാ…നീയെന്ത് കരുതി ആഭിചാരത്തിലൂടെ എന്നെ ഇല്ലാതാക്കാൻ കഴിയുമെന്നോ…നിനക്ക് തെറ്റി, ഞാൻ പുനരുജ്ജീവിപ്പിക്കപ്പെട്ടവളാണ്….
എന്നിൽ കുടികൊള്ളുന്നത് ഒന്നല്ല, രണ്ടാത്മാവാണെന്നത് നീ മറന്നുപോയോ…മരിച്ചപ്പോഴുള്ളതും,പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ ലഭിച്ചതും..നിനക്കെന്നല്ല ലോകത്തൊരാൾക്കും എന്നെ ഒന്നും ചെയ്യാനാകില്ല…!!!

കാളിയന്റെ കണ്ണുകൾ ചുവന്ന് കുറുകി.ഒരു സ്ത്രീയുടെ മുന്നിൽ ചെറുതാക്കപ്പെട്ടതിന്റെ കോപത്താൽ ഒരുപിടി ചുവന്ന അരളിപ്പൂവ് താലത്തിൽ നിന്നും വാരിയെടുത്ത് ശക്തിയിൽ അഗ്നിയിലേക്കെറിഞ്ഞു…കനൽ പൊരികൾ ഇളകി പറന്നു…!

” തമ്പീ…ഇവിടെ തുടങ്ങുന്നു നിന്റെ നാശം…എന്നെയും,വാസുവേട്ടനെയും കൊന്നതിനും…വീണ്ടും ഇല്ലാതാക്കാൻ ശ്രമിച്ചതിനും പലിശയും മുതലും ചേർത്ത് തിരിച്ചു തരാൻ എനിക്കൊരു മകൻ ജീവിച്ചിരിപ്പുണ്ട്…”മകരധ്വജൻ…!!! സംശയിക്കേണ്ട നിന്റെ അനുജന്റെ ചോരതന്നെയാണ്…നിന്റെ വിധി തിരുത്തുന്നത് അവനായിരിക്കും…!!

ഇടിമുഴക്കം പോലെ രാഗിണിയിൽ നിന്നും വാക്കുകൾ ചിതറി വീണു.

” വാസുദേവന്റെ മകനോ…? അതെങ്ങിനെ…ഇവളുടെ മരണമുറപ്പാക്കിയിട്ടാണ് വാരണാസിയിൽ നിന്നും മടങ്ങിയത്…!!

പകച്ചു നിന്ന തമ്പിയെ നോക്കി രാഗിണി മൊഴിഞ്ഞു.

” ഒരു ജീവൻ ഭൂമിയിൽ പിറക്കണമെന്ന് ദൈവനിശ്ചയമുണ്ടെങ്കിൽ, ആരൊക്കെ തടുക്കാൻ ശ്രമിച്ചാലും ആ ജനനം നടക്കുകതന്നെ ചെയ്യും…അന്ന് മരണം ഉറപ്പുവരുത്തിയ ശേഷം വൃദ്ധനായ ആഘോരാധിപതി എന്റെ ശരീരം കൈകളിൽ കോരിയെടുത്ത് ‘മണികർണിക് ‘ ഘാട്ടിലേക്ക് നടക്കുമ്പോൾ വീർത്തുന്തിയ വയറ്റിനുള്ളിലെ ജീവന്റെ തുടിപ്പ് ആ മഹാമനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹം എന്റെ ശരീരം നിലത്തേക്ക് കിടത്തി.എന്നിട്ട് ശൂലത്തലപ്പുകൊണ്ട് വയറിന് കുറുകേ കീറൽ വീഴ്ത്തി ഉള്ളിലേക്ക് കൈകടത്തി കുഞ്ഞിനെ പുറത്തെടുത്തു.സൂര്യപ്രഭയുള്ളൊരു ആൺകുട്ടി… ശൂലമുനയാൽ തന്നെ പൊക്കിൾക്കൊടി വിശ്ചേദിച്ച് കെട്ടി.അവനെ ഗംഗയിൽ മുക്കി ചോരയും മറ്റ് അശുദ്ധങ്ങളും നീക്കി.
അസ്ഥി തുളയ്ക്കുന്ന തണുപ്പുകാരണം അലറിക്കരഞ്ഞ കുഞ്ഞിന്റെ മേലാസകലം ഇളം ചൂടുള്ള ചുടല ഭസ്മം ലേപനം ചെയ്തു.അപ്പോഴേക്കും കിഴക്കൻ ചക്രവാളത്തിൽ നിന്ന് തീർത്ഥാടന മിഹിരന്റെ കിരണങ്ങൾ ഗംഗയുടെമേൽ പതിച്ചു തുടങ്ങിയിരുന്നു.കത്തിയെരിയുന്ന എന്റെ മൃതശരീരത്തിൽ നിന്നും നട്ടെല്ലിന്റെ ഭാഗത്തെ ഒരു ചെറുകഷണം അടർത്തിയെടുത്തു…ആ മാംസക്കഷ്ണം വലംകൈയാൽ പിഴിഞ്ഞ് മകരധ്വജന്റെ വായിലേക്കിറ്റിച്ചു…അമൃതിനെ വെല്ലുന്ന ദിവ്യഔഷധം മുലപ്പാലിന് പകരമായവൻ നുണഞ്ഞിറക്കി…പാതിവെന്ത ദേഹം ഗംഗയിലൊഴുക്കി അവർ യാത്രയായി…!!

“ഇന്നവൻ എന്തിനും പോന്നവനാണ്…നിനക്ക് കഴിയുമെങ്കിൽ അവനെ എതിരിട്…!!

“അവന് വേണ്ടിയാണെന്റെ കാത്തിരിപ്പ്…ആദ്യം നീ…നിന്നിലൂടെ അവൻ…രണ്ടിന്റേയും ആയുസ്സ് ഒടുങ്ങുകയാണിന്ന്…!

“ഋഷിഭ്യഃ സ്വാഹാ..ശിഖിഭ്യഃ സ്വാഹാ,
ഗണേദ്യഃ സ്വാഹാ..മഹാ ഗണേദ്യഃ സ്വാഹാ…

മന്ത്രോച്ചാരണത്തോടെ കാളിയൻ വലത് ഭാഗത്തിരുന്ന കാഞ്ഞിര പ്രതിമ കൈയിലെടുത്ത് അതിലേക്ക് ആട്ടിൻ ചോര നിറയ്ക്കാൻ തുടങ്ങി.

രാഗിണിയുടെ ചുണ്ടിലെ ചിരിമാഞ്ഞു….ഫർണസിലെ ഉരുക്ക് ദ്രവം പോലെ എന്തോ ഒന്ന് തന്റെ അന്തരാവയവങ്ങളെ ചിന്നഭിന്നമാക്കുന്നത് അവളറിഞ്ഞു..തൊണ്ടക്കുഴിയിൽ നിന്നും ഉയിർ വലിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ…കണ്ണിൽ ഇരുൾ നിറയുന്നു…അസഹ്യമായ വേദനയാൽ അഷ്ടദിക്കും മുഴങ്ങും വണ്ണം അലറി വിളിച്ചു.

“മകരധ്വജാ…!!!

പെടുന്നനെ നിലാവുദിച്ച വിണ്ണിന് കറുത്ത തിരശ്ശീലയിട്ടെന്ന പോലെ മേഘപാളികൾ കാർനിറമണിഞ്ഞു…കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നൽ,മതിലിനരുകിൽ നിരയിട്ട് നിന്നിരുന്ന സൈപ്രസ് മരങ്ങളുടെ തലയറുത്ത് മണ്ണിലേക്ക് പുളഞ്ഞിറങ്ങി.തൊട്ടുപിന്നാലെ കർണ്ണപടങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരിടി മുഴങ്ങി. അപ്രതീക്ഷിതമായ ആ കനത്ത ഇടിയുടെ ആഘാതത്തിൽ ഭൂമി വിറച്ചു…ആകാശത്തോളം പൊടിപടലങ്ങളുയർന്നുപൊങ്ങി…ഒന്നും കാണാൻ കഴിയാത്ത വണ്ണം.കാളിയന്റെ കൈയിലിരുന്ന കാഞ്ഞിരത്തടിയിൽ തീർത്ത സ്ത്രീരൂപം അനേകം ചെറു കഷണങ്ങളായി ചിന്നിച്ചിതറി. അതിൽ നിറച്ചിരുന്ന ആട്ടിൻ ചോര അയാളുടെയും ശിഷ്യന്മാരുടെയും മേലേക്ക് തെറിച്ചു.മുഖത്തേക്ക് വീണ ചോരത്തുള്ളികൾ അയാൾ ചൂണ്ടുവിരൽകൊണ്ട് വടിച്ചെറിഞ്ഞു.

തലയറ്റ മരങ്ങൾ കുത്തി നിറുത്തിയ പന്തം പോലെ എരിയാൻ തുടങ്ങി. ചെവിയോർത്താൽ പച്ചമരം പൊട്ടുന്നതിന്റെ ഒച്ചകേൾക്കാം.അന്തരീക്ഷത്തിൽ നിറയുന്ന ഡമരുവിന്റെ മുഴക്കത്തിനൊപ്പം കൃഷ്ണപ്പരുന്ത് കാറിക്കരഞ്ഞുകൊണ്ട് മാനത്ത് വട്ടം ചുറ്റി…പുകയൊന്നടങ്ങിയപ്പോൾ തെളിയുന്ന തേജോമയമായ ശിവരൂപം…വലംകൈയിൽ ഗുരുവിന്റെ തലയോടും,ഇടംകൈയിൽ യമജവുമായി മകരധ്വജൻ…സാക്ഷാൽ മഹാദേവന്റെ പ്രതിരൂപം…!!!

ആറടിയിലധികം ഉയരവും.,കരുത്താർന്ന പേശികളും…കഴുത്തിൽ വലിയ രുദ്രാക്ഷ മണികൾ കൊരുത്ത മാല.മുന്നിലേക്കും പിന്നിലേക്കും വീണുകിടക്കുന്ന ജഡപിടിച്ചൊട്ടിയ മുടിനാരുകൾ…ഇരുകൈതണ്ടയിലുംപിത്തള വളയങ്ങൾ….സൂര്യൻ ഇരുകണ്ണിലുമായ് ജ്വലിച്ചു നിൽക്കുന്നു…അത്രയ്ക്കുണ്ട് ആ കണ്ണുകളുടെ തീക്ഷ്ണത…!!

” ഹേയ് വിഡ്ഡീ…ആദ്യം നീ നമ്മുടെ മാതാവിനെ സ്വാതന്ത്രയാക്കുക…പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. വെറുമൊരു പോരാളി മാത്രമാണ് നീ. യുദ്ധമുഖത്തേക്ക് എടുത്തെറിയപ്പെട്ട യോദ്ധാവ്.നിന്റെ കർമ്മം യജമാനന് വേണ്ടി യുദ്ധം ചെയ്യുകയെന്നതും.ധർമ്മവും,നീതിയും നിനക്കറിയേണ്ട കാര്യവുമില്ല.അതുകൊണ്ട് ജീവനിൽ ഭയമുള്ളവനെങ്കിൽ നീ,നിന്റെ ചെപ്പടിവിദ്യകളുമായ് സ്ഥലം വിട്ടുകൊൾക…ഇല്ലെങ്കിൽ മരണത്തെ വരിക്കാൻ തയ്യാറാവുക…!!

മകരധ്വജന്റെ യുദ്ധപ്രഖ്യാപനം കേട്ട് തമ്പിയും ശിഷ്യന്മാരും ഭയന്ന് വിറച്ചു.പക്ഷേ…കാളിയൻ തരിമ്പുപോലും പിന്മാറാൻ ഒരുക്കമല്ലായിരുന്നു.

” എന്റെ കൈയിൽ എത്രത്തോളം വിദ്യകളുണ്ടെന്ന് നോക്കാം മകരധ്വജാ….യുദ്ധത്തിൽ ഏത് വിധേനെയും ജയിക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം.ഇനി മരണം,അത് നിന്റെ കൈകൊണ്ടാണെങ്കിൽ അന്തസ്സായി അതിനെ വരിക്കാനും കാളിയൻ ഒരുക്കമാണ്.പക്ഷേ, തൊണ്ടക്കുഴിയിലെ പിടപ്പറ്റുപോകും വരെ വിജയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കും.മരണ മുഖത്തുപോലും പിന്മാറിയ ചരിത്രം കൊല്ലങ്കോട്ടുകാരുടെ പൂർവ്വിക പരമ്പരയിൽ പോലും ഉണ്ടായിട്ടില്ല.ഞാനായിട്ട് അത് തിരുത്തുവാനും തയ്യാറല്ല…!!

കാളിയന്റെ കൂസലില്ലായ്‌മ അവനെ പ്രകോപിപ്പിച്ചു…കോപാകുലനായ മകരധ്വജൻ കാസ്റ്റ് അയൺ കൊണ്ട് നിർമ്മിച്ച ഗേറ്റിൽ ആഞ്ഞു ചവിട്ടി.അത് ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ വലിയ ശബ്ദത്തോടെ നിലം പൊത്തി…ഗേറ്റിനെ മറികടന്ന് അകത്തേക്ക് കാല് വച്ചതും പൊള്ളലേറ്റിട്ടെന്നപോലെ പിൻവലിക്കേണ്ടതായി വന്നു മകരധ്വജന്…

” ഹാ..ഹാ..ഹാ…അത് നാം നിനക്കായ് തീർത്ത ലക്ഷ്മണരേഖയാണ്…അതിനെ മറികടക്കാൻ ശേഷിയുണ്ടെങ്കിൽ നീ വാ…നമുക്ക് പോരാടാം…!!

പരിഹാസം നിറഞ്ഞ കാളിയന്റെ വാക്കുകൾ കേട്ട് അവന്റെ മിഴികൾ കോപത്താൽ തിളങ്ങി..വായുദേവനെ മനസാ സ്മരിച്ചു കൊണ്ട് ശ്വാസം ഉള്ളിലേക്കെടുത്ത് ഒരു നിമിഷം നിർത്തി.എന്നിട്ട്, ശക്തിയായി പുറത്തേക്കൂതി.കൊടുങ്കാറ്റിനെ കെട്ടഴിച്ചു വിട്ടത് പോലെ..!!

അത് സകല ഭസ്മത്തരികളെയും വാരിയെടുത്തുകൊണ്ട് അകലേക്ക് പാറിപ്പോയി…താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിന്റെ തൂണുകൾ ഇളകിയാടി.ഭയന്നുപോയ ശിഷ്യന്മാർ ടെന്റിൽ നിന്നും പുറത്തേക്ക് ചാടി.
ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല കാളിയൻ…വലംകൈ ചുരുട്ടി നെറ്റിമധ്യത്തിൽ വച്ച്

” ബ്രഹ്മ ജേഷ്ഠാ സംഭൃതാഃ
വീര്യാണി ബ്രഹ്മാഗ്രേ
ജേഷ്‌ഠം ദിവമാ തതാന
ഭൂതനാം ബ്രഹ്മ പ്രഥമോത
ജജ്ഞേ തേനാർഹതി
ബ്രഹ്മണാ സ്പർധിതും കഃ…!

പെടുന്നനെ ശൂന്യതയിൽ നിന്നും വലിയ അഗ്നിഗോളങ്ങൾ പ്രത്യക്ഷമായി…അത് മകരധ്വജന് ചുറ്റും വട്ടം ചുറ്റുവാൻ തുടങ്ങി.വൃത്തത്തിന്റെ വ്യാസം ചെറുതായിവന്ന് അഗ്നി ശകലങ്ങൾ ദേഹത്ത് സ്പർശിക്കുമെന്നായപ്പോൾ അവൻ മിഴികളുയർത്തി വിണ്ണിലേക്ക് നോക്കി.അടുത്ത നിമിഷം ജലദേവതയുടെ മുടിക്കെട്ടഴിഞ്ഞെന്നവണ്ണം,മേഘ സ്ഫോടനം കണക്കെ മഴനാരുകൾ അവന് ചുറ്റും പെയ്ത് നിറയാൻ തുടങ്ങി…മിഴികൾ താഴ്ത്തുന്നത് വരെ…!!!

അത് കൂടി ആയതോടെ കോപം കൊണ്ട് സംഹാര രുദ്രനായി മാറിക്കഴിഞ്ഞിരുന്നു മകരധ്വജൻ…ശിവന്റെ തൃക്കണ്ണ് തുറന്നത് പോലെ മിഴികളിൽ നിന്നുതിർന്ന തീജ്ജ്വാലകളേറ്റ് പന്തലിൽ തീയാളി പടർന്നു…കാളക്കൂറ്റന്റെ കരുത്തോടെ മുന്നോട്ട് കുതിച്ച അവന്റെ ഓരോ ചവിട്ടടിയിലും ചരൽ കല്ലുകൾ ഇളകിത്തെറിച്ചു.കാളിയന് ചലിക്കാൻ കഴിയുന്നതിന് മുന്നേ ഇടിമിന്നലിന്റെ കരുത്തോടെ കൈവീശി അടിച്ചു കഴിഞ്ഞിരുന്നു മകരധ്വജൻ.കനത്ത പ്രഹരമേറ്റ് നിലത്തു വീണ അവന്റെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട്

“നിനക്ക് രക്ഷപ്പെടാൻ നാമൊരു അവസരം നൽകിയിരുന്നു…പക്ഷേ..നീയത് നിരസിക്കുകയാണുണ്ടായത്…വിഡ്ഢികൾ അങ്ങിനെയാണ്…എന്റെ മാതാപിതാക്കളെ ഇല്ലായ്മ ചെയ്തവന് വേണ്ടി ആഭിചാര കർമ്മങ്ങളിലൂടെ മാതാവിനെ ഇല്ലാതാക്കാനും നീ ശ്രമിച്ചു…ഈശ്വര ശക്തിക്ക് മുന്നിൽ തീയ ശക്തികൾക്ക് നിലനില്പില്ലെന്ന് നീ മറന്നുപോയോ കാളിയാ…!!

കോപം കൊണ്ട് വിറച്ച മകരധ്വജന്റെ ജഡമുടി തോളിൽ നൃത്തം വച്ചു.ഞരമ്പുകളിൽ പകയുടെ അഗ്നി ജ്വലിച്ച അവൻ കാലുയർത്തി കാളിയന്റെ തലയിൽ ആഞ്ഞു ചവിട്ടി…!
കൊട്ടത്തേങ്ങ പൊട്ടുന്നത് പോലൊരു ശബ്ദം…കാളിയന്റെ തലയോട് പൊട്ടിപ്പിളർന്നു തലച്ചോറ് പുറത്തേക്ക് ചാടി…എന്നിട്ടും കലിയടങ്ങാതെ അവന്റെ നെഞ്ചിൽ രുദ്ര താണ്ഡവമാടി…കാലിനടിയിലെ മിടിപ്പ് നിലയ്ക്കുന്നത് വരെ…

ഈ ഭയാനക രംഗങ്ങൾ കണ്ട് വിറുങ്ങലിച്ച് കാലുകൾ മണ്ണിലുറഞ്ഞുപോയ തമ്പിയുടെ അടുത്തേക്ക് കുതിച്ചെത്തിയ മകരധ്വജൻ കൂർത്ത നഖങ്ങൾ അയാളുടെ തൊണ്ടക്കുഴിയിലേക്കാഴ്ത്തി. മാംസത്തോടൊപ്പം കൊരവള്ളിയും പൊട്ടിച്ചെടുത്തു…പന്നി മുക്രയിടുന്നതുപോലൊരു ശബ്ദം..തമ്പി വേദനകൊണ്ട് അലറി വിളിച്ചെങ്കിലും ഒച്ച പുറത്തേക്ക് വന്നില്ല…ടെന്റ് കെട്ടി നിർത്തിയിരുന്ന കമ്പിപ്പാര മണ്ണിൽ നിന്നും വലിച്ചൂരിയെടുത്ത് തമ്പിയുടെ തലയിലേക്ക് ആഞ്ഞടിച്ചു. അടിയേറ്റ് തലയിൽ നിന്നും ചോര ചിതറിത്തെറിച്ചു..തറയിലേക്ക് വീണ് പിടഞ്ഞ തമ്പിയുടെ വയറ്റിലേക്ക് തീർത്താൽ തീരാത്ത പകയോടെ കമ്പിപ്പാര കുത്തിയിറക്കി അയാൾ പിടഞ്ഞില്ലാതാവുന്നത് ക്രൂരമായൊരാനന്ദത്തോടെ ഇരുവരും കണ്ടു നിന്നു.,!!

ശേഷം തെക്കേ തൊടിയിലെ വാസുദേവന്റെ കുഴിമാടത്തിലേക്ക് പോയി….മണ്ണിൽ മുട്ടുകുത്തിയിരുന്ന് വലംകൈ കുഴിമാടത്തിന് മീതെ വച്ച് മന്ത്രം ചൊല്ലുവാനാരംഭിച്ചു…അത്ഭുതമെന്ന് പറയട്ടേ…ഉറക്കത്തിൽ നിന്നെന്നവണ്ണം വാസുദേവൻ ഉയിരിട്ട് എഴുന്നേറ്റു. വർഷങ്ങൾക്ക് ശേഷം രാഗിണിയെ കണ്ടവന്റെ മിഴികളിൽ കണ്ണീരിന്റെ തിളക്കം…മിഴികൾ അവളിൽ നിന്നും മാറ്റി മകരധ്വജനെ നോക്കി..രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷം…വാസു മകനെ ഗാഢമായി ആലിംഗനം ചെയ്തു…ശേഷം, മകരധ്വജൻ ഇരുവരെയും തോളിലേറ്റി ശൂന്യതയിലേക്ക് നടന്നു മറഞ്ഞു…!!!