ശവക്കല്ലറയിലെ കൊലയാളി 3

ശവക്കല്ലറയിലെ കൊലയാളി 3
Story : Shavakkallarayile Kolayaali 3 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫാദർ റൊസാരിയോ പറഞ്ഞു തുടങ്ങി …

“ഇന്നലെരാത്രി ഏകദേശം ഒരുമണി ആയപ്പോള്‍ ഇവിടെ കറണ്ട് പോയിരുന്നു . ആ സമയത്ത് ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല”

ഫാദർ ഒരുനിമിഷം ആലോചിച്ചു .

“പറയൂ, ഫാദർ… പിന്നീട് എന്താണ് സംഭവിച്ചത്? “

നല്ലൊരു വായനക്കാരനായ ഫാദർ റൊസാരിയോ രാത്രി വളരെവൈകുംവരെ ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്നത് പതിവാണ് .

അന്നും പതിവ് പോലെ ഡി.എച് ലോറൻസിന്റെ ‘ദി റയിൻബോ’ എന്ന ഇംഗ്ലീഷ് നോവല്‍ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പള്ളിമേടയിലെ വിളക്കുകള്‍ അണഞ്ഞത്.

ശീൽക്കാരം മുഴക്കിക്കൊണ്ട് പെട്ടെന്ന് ഒരുകാറ്റ് അവിടെ പ്രത്യക്ഷപ്പെട്ടു . കുന്നിൻ മുകളിൾനിന്നും നായകൾ കൂട്ടമായി ഓരിയിടാൻ തുടങ്ങി . അകമ്പടി എന്നോണം കാലൻ കോഴിയുടെ കൂവലും…

എന്തോ പന്തികേട് മനസ്സിലാക്കിയ ഫാദർ റൊസാരിയോ തന്റെ ഊരിവെച്ചിരുന്ന കുരിശുമാല എടുത്ത് കഴുത്തിൽ അണിഞ്ഞു .

പുറത്തേക്കുള്ള വാതില്‍ തുറന്നതും ശക്തമായ മിന്നല്‍ ഭൂമിയിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. ഭയാനകമായ ഇടിമുഴക്കം സൃഷ്ടിക്കപ്പെട്ടു . പെട്ടെന്ന് മിന്നലോടുകൂടി ഒരിടി ഫാദർ റൊസാരിയയുടെ മുന്നില്‍ ഇറങ്ങി വെട്ടിയ പോലെ തോന്നി . ശക്തമായ മിന്നലിന്റെ വെളിച്ചത്തിൽ കണ്ണുകളില്‍ ഇരുട്ട് കയറിയപ്പോൾ ഫാദർ വാതിലടച്ചു ഉറങ്ങാന്‍ കിടന്നു . പിന്നീട് കുഞ്ഞവറ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തില്‍നിന്നും എഴുന്നേറ്റത്.

“മറ്റൊന്നും എനിക്ക് ഓർമയില്ല ഇൻസ്പെക്ടർ”

“ഓക്കെ ഫാദർ , പക്ഷേ ഇവര്‍ ആരാണെന്ന് താങ്കള്‍ക്ക് അറിയുമോ ?ഐ മീൻ പള്ളിയില്‍ വന്നോ മറ്റോ?”

“ഇല്ല ഇവരെ ഞാനിവിടെ ഇതുവരെ കണ്ടിട്ടില്ല , മാത്രമല്ല ഞാന്‍ ഇവിടെ എത്തിയിട്ട് അധികം ആയിട്ടുമില്ല”

“ശരി ഫാദർ താങ്ക്യൂ ഫോർ യുവർ കോർപ്പറേഷൻ”

സബ് ഇൻസ്പെക്ടർ ജോണ്‍ സെക്കറിയ അവിടെ കൂടിയിരുന്നവരോട് തിരക്കി. ആർക്കും മരിച്ചു കിടക്കുന്ന സ്ത്രീ ആരാണെന്നറിയില്ല . അവരാരും ആ സ്ത്രീയെ മുന്‍പ് ഇവിടെയെങ്ങും കണ്ടതായി ഓർക്കുന്നുമില്ല.

ഈ സമയം പോലീസ് ജീപ്പിനു പിറകിലായി കുന്ന് കയറി വന്ന ലാൻസർ കാറില്‍ നിന്നും ഫോറൻസിക് സർജൻ അരുണ്‍ ദേവദാസ് പുറത്തേക്കിറങ്ങി .

“ജോൺ എവിടെയാണ് ബോഡി കിടക്കുന്നത്?… “

വരൂ എന്ന്പറഞ്ഞു എസ് ഐ ജോണ്‍ സക്കറിയ മുന്നേനടന്നു .

മഹസ്സർ തയ്യാറാക്കി ക്കൊണ്ടിരുന്ന പോലീസുകാരനോട് മൃദദേഹത്തെ മൂടിയ വെള്ളത്തുണി മാറ്റാന്‍ പറഞ്ഞ് കൈകളില്‍ കയ്യുറ ധരിച്ച് ആ ബോഡിയിലേക്ക് നോക്കിയ അരുണ്‍ ദേവദാസ് എസ് ഐ ജോണിനോട് പറഞ്ഞു,

“ഇറ്റ്സേ ബ്രൂട്ടൽ മർഡർ . എന്തോ മൂർച്ചയുള്ള വെപ്പൺ കൊണ്ട് ബ്രയിനിലേക്ക് പോകുന്ന വെയിൻ കട്ട് ചെയ്തിരിക്കുന്നു.
ക്രൂരമൃഗങ്ങളുടെ ഉളിപ്പല്ല് പോലെ ഷാർപ്പായ എന്തോ വെപ്പൺ ആണ് യൂസ് ചെയ്തിരിക്കുന്നത് “

“എന്തായാലും ബോഡി പോസ്റ്റ് മോർട്ടത്തിനയച്ചോളൂ , തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചിട്ടില്ല.”

“ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞോ ?”

“ഇല്ല”

“ഓക്കെ ജോണ്‍,സീ യൂ…”

അരുണ്‍ ദേവദാസ് തന്റെ ജോലിതീർത്ത് അവിടെ നിന്നും മടങ്ങി .

എസ് ഐ ജോണ്‍ സക്കറിയ ബോഡി പോസ്റ്റ് മോർട്ടത്തിനയയ്ക്കാനുള്ള നിർദ്ദേശംനൽകി നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിനടുത്തേക്ക് നടന്നു .

ജീപ്പിനടുത്തെത്തിയ ജോണ്‍ സക്കറിയ വയർലെസ്സിലൂടെ നഗരത്തില്‍ നിന്നും കാണാതായ സ്ത്രീകളുടെ ഡീറ്റയില്‍സ് എടുക്കാന്‍ സന്ദേശം നൽകി പോക്കറ്റിൽനിന്നും ഒരു ചാർമിനാർ സിഗററ്റ് എടുത്ത് തീകൊളുത്തി ചുണ്ടില്‍ വെച്ചു …

ഈ സമയം വയർലസ്സിലൂടെ ജോണ്‍ സക്കറിയയ്ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സന്ദേശംഎത്തി . സന്ദേശം സ്വീകരിച്ച ജോണ്‍ സക്കറിയ കൂടെ വന്ന രണ്ട് പോലീസുകാരോട് ബോഡി പോസ്റ്റ്മോർട്ടം ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് എടുക്കാന്‍ നിർദ്ദേശം നൽകി മറ്റു പോലീസുകാരേയും കൂട്ടി അതിവേഗത്തില്‍ ആ പോലീസ്ജീപ്പിൽ കുതിച്ചു ……

(തുടരും….)