തിരുവട്ടൂർ കോവിലകം 22

തിരുവട്ടൂർ കോവിലകം 22
Story Name : Thiruvattoor Kovilakam Part 22
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ആ പാലമരം നിലംപതിച്ചതും അതിൽ തറച്ചിരുന്ന സ്ത്രീരൂപം തെറിച്ച് മാഡത്തിന്റെ കാൽ കീഴിൽ വന്നു പതിച്ചു.പമ്പരം കറങ്ങുന്ന പോലെ കറങ്ങാൻ തുടങ്ങി ആ രൂപത്തിൽ നിന്നും പെട്ടെന്ന് പുക ഉയരാൻ തുടങ്ങി.പുകച്ചുരുളുകൾ അടങ്ങിയതും ആ രൂപം ചിന്നി ചിതറി.ഇത് കണ്ട മാഡം ബോധരഹിതയായി വീണു.ഞാനും ഡ്രൈവറും കൂടി മാഡത്തെ കാറിൽ കിടത്തി അടുത്തുള്ള ആശുപത്രിയിലേക്ക് ഡ്രൈവർ ആ കാർ ഓടിച്ച് പോയി.

പെട്ടെന്ന് ആകാശം ഇരുണ്ടു തുടങ്ങി ഇടിവാൾ തുടരെ മിന്നി കൊണ്ടിരുന്നു ഇടിമുഴക്കം ശക്തിയാർജിച്ചു.മലയിലെ ശേഷിച്ച മരങ്ങൾ പെട്ടെന്നുണ്ടായ കാറ്റിൽ ആടിയുലയാൻ തുടങ്ങി.കിളികൾ എന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ കൂടുകൾ ഉപേക്ഷിച്ച് ഒരുതരം ശബ്ദം പുറപ്പെടുവിച്ച് പറന്ന് പോയി.

എങ്ങു നിന്നോ പാറി വന്ന ഒരു വലിയ മൂങ്ങ ഭയപ്പെടുത്തുന്ന പോലെ മൂളികൊണ്ട് അവിടെ അല്പ സമയം ചുറ്റി കറങ്ങി പറന്നകന്നു.മരം വെട്ടുകാർ ഭയന്ന് പണി മതിയാക്കി.കുറച്ച് കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി.

“ഇതാണ് അന്ന് നടന്നത്”

സേവ്യർ പറഞ്ഞു നിർത്തിയപ്പോൾ തിരുമേനി ഒന്ന് മൂളി.

“ഹാ , തിരുമേനി ഒന്ന് പറയാൻ വിട്ടു”

“എന്താണത്?”

ഈ പ്രശ്നങ്ങൾ നടക്കുന്ന സമയം ഇവിടെയൊന്നും ഇതിന് മുൻപ് കാണാത്ത ഒരു കറുത്ത തടിച്ചു കൊഴുത്ത ഒരു നായ പ്രത്യക്ഷപ്പെട്ടു പിന്നെ ആകാശത്തേക്ക് നോക്കി സാധാരണ നായകൾ ഓരിയിടുന്നതിൽ നിന്നും വ്യത്യസ്തമായ ശബ്ദത്തിൽ ഓരിയിട്ടു.ആ മൂങ്ങ പറന്ന് പോയ ഭാഗത്തേക്ക് ഓടി പോയി.

“ആ നായയുടെ രൂപം ഒന്ന് വ്യക്തമായി പറയാൻ പറ്റുമോ സേവ്യറിന്”

തിരുമേനി ചോദിച്ചപ്പോൾ സേവ്യർ അതോർക്കാനെന്നോണം ഒരു നിമിഷം ചിന്തയിലാണ്ടു ശേഷം പറഞ്ഞു.

“ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ , മറ്റു നായകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രീതിയിൽ വായിൽ നിന്നും തൂങ്ങി കിടക്കുന്ന നാവ്.ആ നാവിൽ നിന്നും ചോര പോലെ ഒരു ദ്രാവകം ഇറ്റുന്നുണ്ടായിരുന്നു.

തിരുമേനി എല്ലാം മൂളി കേട്ടു.

അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങിയ തിരുമേനി കാറിൽ കയറാൻ നേരം പറഞ്ഞു

” വിശ്വം ഞാൻ ഊഹിച്ചതിലും പ്രശ്നമാണല്ലോ കാര്യങ്ങൾ”

“എന്താ തിരുമേനി”

“അവളുടെ മോചനം തന്നെ ഭീതിപ്പെടുത്തി കൊണ്ടാണ് പിടിച്ചു കെട്ടൽ ശ്രമകരം തന്നെ”

“ഹാ……പരദേവത കൈവിടില്ല്യാ”

തിരുമേനി പിന്നീട് എന്തോ ആലോചനയിൽ കണ്ണുകൾ അടച്ച് അൽപ്പ നേരം ഇരുന്നു.ആ സമയം കാർ അവരെയും കൊണ്ട് കുറെ ദൂരം ഓടിയിരുന്നൂ.

അൽപ്പ സമയത്തിന് ശേഷം കണ്ണ് തുറന്ന തിരുമേനി പറഞ്ഞു.

“ദിവസങ്ങളില്ല പെട്ടെന്ന് എന്തെങ്കിലുമ ചെയ്താലെ രക്ഷയുള്ളൂ. മേടം രാശിക്കാരിയാണ് ഉമ,മേടം രാശിക്ക് ഇനി രണ്ടാഴ്ചയെ ബാക്കിയുള്ളൂ.”

“മേടം രാശിക്കെന്താണ് പ്രത്യേകത”

“പന്ത്രണ്ട് രാശികളുള്ള രാശി ചക്രത്തില ഒന്നാം രാശിയാണ് മേടം.മേൽ പന്ത്രണ്ട് രാശികളെയും ഏഴ് ഗ്രഹങ്ങൾ സ്വന്തമാക്കിയിരിക്കുന്നു.അതിൽ മേടം രാശി സ്വന്തമാക്കി അധിപനായി വാഴുന്നത് ചൊവ്വയാണ്.ഈ രാശിയിൽ തന്നെയാണ് ഗ്രഹങ്ങളുടെ ചക്രവർത്തിയായ സൂര്യൻ ഉച്ചനാകുന്നതും അസുഖങ്ങളുടെയും ദുരിതങ്ങളുടെയും ഹേതുവായ ശനി നീചനാകുന്നതും.”

പാർവതീ വിരഹവും ഭൂമീദേവിയുമാണ് ചൊവ്വയുടെ ആവിർഭാവത്തിന് കാരണം.അതിന്റെ പിന്നിൽ ഒരു കഥയുണ്ട് അത് പിന്നീട് പറയാം.അത് കൊണ്ട് തന്നെ ഈ രാശിക്കാർക്ക് പ്രേമവും വിരഹവും കാമവും വൈരാഗ്യവും കൂടും.ഈ രാശിക്കാർ പൊതുവില്‍ ആരോഗ്യമുള്ള ശരീര പ്രകൃതമുള്ളവരും പ്രായം തോന്നിക്കാത്തവരും സൗന്ദര്യമുള്ളവരും എതിർ ലിംഗക്കാരെ ആകർഷിക്കാൻ കഴിവുള്ളവരുമായിരിക്കും.

അതാണ് ഉമയുടേയും ദത്തന്റേയും ആദ്യ കൂടി കാഴ്ചയിൽ തന്നെ മനസുകൾ തമ്മിൽ ആകർഷിക്കാൻ കാരണമായതും.

“ഇതെല്ലാം എനിക്ക് പുതിയ അറിവാണ് തിരുമേനി”

ജ്യോത്സ്യം അനന്തമാണെടൊ സമുദ്രം പോലെ ആഴമുള്ളതും.”

ഈ സമയം ശ്യാം വിളിച്ച് പറഞ്ഞത് പ്രകാരം വാര്യർ അന്വേഷിച്ച് കണ്ടു പിടിച്ച ശില്പി കോവിലകത്ത് എത്തി.അവന്തികയുടെ രൂപം നിമിഷ നേരം കൊണ്ട് കൈയ്യിലുള്ള കടലാസിൽ പകർത്തി ശ്യാമിന് നേരെ നീട്ടി ആ ചിത്രം കണ്ട ശ്യാം അന്തം വിട്ടു.
പ്ലാവ് മുറിക്കാൻ ആളെ ഏർപ്പാടാക്കാനും കാതൽ ഒഴിച്ച് ബാക്കി തൊലികൾ ചെത്തി കളയാനും ഏൽപിച്ച് അയാൾ കോവിലകത്തു നിന്നും മടങ്ങി.

സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോൾ ശങ്കരനു തിരുമേനിയുടെ കോൾ വന്നു.

“ശങ്കരാ………ആ തകിടുകൾ ഇന്നു തന്നെ കുഴിച്ചിടണം വിഘ്നങ്ങൾ ഉണ്ടാകും ഭയപ്പെടണ്ട ഞാൻ പൂജാമുറിയിൽ ഉണ്ടാകും.ക്ഷുദ്ര ജീവികൾ വന്നാൽ രുദ്രാക്ഷ മാലയിലെ രണ്ട് രുദ്രാക്ഷങ്ങൾ താഴേക്ക് ഇട്ടു കൊടുത്താൽ മതി കൈ മോശം വരരുത്”

” ഇല്ല ശ്രദ്ധിച്ചോളാം”

“ശരി അങ്ങനെയാവട്ടെ”

കോവിലകത്തിന്റെ മേൽ ഇരുട്ടിന്റെ കരിമ്പടം പുതച്ചതും ശങ്കരൻ കോവിലകം കുളത്തിൽ ഏഴ് തവണ മുങ്ങി നിവർന്ന് ഈറനണിഞ്ഞ ഒറ്റമുണ്ടുടുത്ത് തിരുമേനി പഠിപ്പിച്ചു കൊടുത്ത മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് കിഴക്കേ കോണിൽ നേരത്തെ തയ്യാറാക്കി വെച്ച കുഴിയിൽ തകിടുകൾ ഇട്ടു മൂടുവാൻ ചെന്നു.

ഈ സമയം തിരുമേനി തന്റെ പൂജാമുറിയിൽ പരദേവതയെ പ്രീതിപ്പെടുത്താൻ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരിക്കുകയായിരുന്നൂ.

പെട്ടെന്നാണ് പ്രകൃതിയുടെ രൂപം മാറാൻ തുടങ്ങിയത്.കുഴിക്കടുത്തെത്തിയ ശങ്കരൻ എന്തോ കണ്ട് ഭയന്ന് രുദ്രാക്ഷത്തിൽ മുറുക്കെ പിടിച്ച് മന്ത്രം ചൊല്ലാൻ തുടങ്ങി…..!!!!

(തുടരും…….)