തിരുവട്ടൂർ കോവിലകം 23

തിരുവട്ടൂർ കോവിലകം 23
Story Name : Thiruvattoor Kovilakam Part 23
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കോവിലകം കുളത്തിൽ മന്ത്ര ജപത്തോടെ ഏഴു തവണ മുങ്ങി നിവർന്ന ശങ്കരൻ കിഴക്കേ കോണിൽ നേരത്തെ തയ്യാറാക്കിയ കുഴിക്കടുത്തെത്തി.ചെമ്പട്ടിൽ പൊതിഞ്ഞ തകിടുകൾ കുഴിയിലേക്ക് നിക്ഷേപിക്കാൻ ഒരുങ്ങവെ ഇരുളിൽ നിന്നും ഒരു നായയുടെ മുരൾച്ച കേട്ടു തിരിഞ്ഞു നോക്കിയ ശങ്കരൻ ഞെട്ടി വിറച്ച് രുദ്രാക്ഷ മാലയിൽ പിടിത്തമിട്ടു.

പിൻകാലിലേക്ക് ശക്തി സംഭരിച്ച് തനിക്ക് നേരെ കുതിക്കാൻ തയ്യാറായി നിൽക്കുന്ന നായയുടെ കണ്ണ് ചെങ്കനൽ പോലെ തിളങ്ങി ഒരു നിമിഷം പകച്ചു നിന്ന ശങ്കരൻ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.ഈ സമയം കണ്ണുകളടച്ച് പരദേവതയെ ധ്യാനിച്ചിരുന്ന മൂത്തേടം തിരുമേനി പെട്ടെന്ന് കണ്ണുകൾ തുറന്നു അദ്ദേഹത്തിന്റെ പുരികം വില്ലു പോലെ വളഞ്ഞു.കണ്ണുകൾ ചുവന്ന് ചെറുതായി.പൂജാപാത്രത്തിൽ നിന്നും രണ്ട് അരളിയുടെ പൂക്കളെടുത്ത് പൂജാമുറിയിൽ തയ്യാറാക്കിയിരുന്ന ഹോമകുണ്ഡത്തിലേക്ക് ശക്തിയായി എറിഞ്ഞു.

ഇതേ സമയം ആ നായ ശക്തിയായി ഭീതിപ്പെടുത്തുന്ന രീതിയിൽ കുരച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് പ്രകൃതിയുടെ രൂപം മാറാൻ തുടങ്ങി ആകാശം മേഘാവൃതമായി മിന്നൽ പിണരുകൾ കോവിലകത്തെ വിഴുങ്ങാനെന്ന മട്ടിൽ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നൂ കാറ്റിന്റെ ശക്തി കൂടി എല്ലാ. ശങ്കരൻ മന്ത്രോച്ചാരണം ഉച്ചത്തിലാക്കി തൊടിയുടെ ഭാഗത്ത് നിന്നും ആളി കത്തിക്കൊണ്ട് ഒരു ജ്വാല ശങ്കരനടുത്തേക്ക് നീങ്ങി.

ഈ രംഗങ്ങൾ തന്റെ മാന്ത്രി ശക്തി കൊണ്ട് തിരുമേനി പൂജാമുറിയിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു . കോപം കൊണ്ട് തിരുമേനിയുടെ മുഖം ചുവന്നു . തിരൂമേനി പരദേവതക്ക് മുന്നില്‍ ഇരുന്നു കൊണ്ട് മന്ത്രങ്ങൾ മുറിയാതെ ചൊല്ലി കൊണ്ടിരുന്നു .

പെട്ടെന്ന് ആ നായ സുന്ദരിയായ ഒരു സ്ത്രീ രൂപം പൂണ്ട് ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാൻ തുടങ്ങി . അവളുടെ വിരലിലെ നഖങ്ങൾ വളര്‍ന്നു വന്നു . ഉളിപ്പല്ലുകൾ പുറത്തേക്ക് നീണ്ടു
ശങ്കരന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന അവളുടെ കണ്ണുകള്‍ കോപത്തിൽ ജ്വലിച്ചു കാറ്റില്‍ പറന്നു വീണ ശങ്കരന്റെ മേല്‍ മുണ്ടിലേക്ക് അവള്‍ കണ്ണുകള്‍ കൂർപ്പിച്ചു നോക്കിയതും അവളുടെ കണ്ണുകളില്‍ നിന്നും പുറത്തേക്ക് വന്ന രശ്മികൾ മേൽമുണ്ടിനെ അഗ്നിക്കിരയാക്കി .

അവളുടെ പ്രവർത്തികൾ ശങ്കരന്റെ മനസ്സില്‍ ഭീതി നിറക്കാൻ തുടങ്ങിയത് തന്റെ അകക്കണ്ണിൽ കണ്ട തിരുമേനി പൂജാ മുറിയില്‍ ഇരുന്ന് കോപത്തോടെ ശങ്കരനെ വിളിച്ചു .

“ശങ്കരാ………… ഉപാസനാ മൂർത്തിയെ മറന്നോ നീ”

“അരുത് പിൻമാറരുത് പരദേവതയേ പ്രീതിപ്പെടുത്തി ഞാന്‍ സംഭരിച്ച മാന്ത്രിക ശക്തി ഇതാ ഞാന്‍ നിന്നിലേക്ക്‌ കടത്തി വിടുന്നു “

“രുദ്രാക്ഷ മാല കയ്യിലുള്ളത് മറന്നോ നീ ”
തിരുമേനിയുടെ ഈ വാക്കുകള്‍ ശങ്കരന്റെ കാതിലേക്ക് ഒരശരീരി പോലെ വന്നലച്ചു.
സമചിത്തത കൈകവരിച്ച ശങ്കരന് എവിടെ നിന്നോ ശരീരത്തില്‍ ഒരു പുത്തനുണർവ് കൈവന്ന പോലെ തോന്നി .

ശങ്കരൻ ഉപാസന മൂർത്തിയെ മനസ്സില്‍ ധ്യാനിച്ച്
ധ്യാനിച്ച് തിരുമേനിയുടെ രുദ്രാക്ഷമാലയിൽ നിന്നും ഒരു രുദ്രാക്ഷമൂരി ശങ്കരൻ നിലത്തേക്ക് ഉരുട്ടി വിട്ടു.പിന്നീട് കണ്ട കാഴ്ച ശങ്കരന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല .

നിലത്തേക്ക് പതിച്ച രുദ്രാക്ഷം പത്തടി അകലേക്ക് ഉരുണ്ട് നീങ്ങി ആരോ കറക്കി വിട്ടപോലെ ശങ്കരനു ചുറ്റും ശക്തമായി കറങ്ങാൻ തുടങ്ങി
ശങ്കരനടുത്തേക്ക് പാഞ്ഞടുത്ത ആ യക്ഷി രുദ്രാക്ഷം തീർത്ത സംരക്ഷണ വലയത്തിൽ ചവിട്ടിയതും പൊള്ളേറ്റ പോലെ കാല്‍ പിൻ വലിച്ചു .

ശക്തമായി മൂളിയും പൊട്ടിച്ചിരിച്ചും അവള്‍ ആ വലയത്തിനും ചുറ്റും കോപത്തോടെ ഓടി നടന്നു . തകിടുകൾ കുഴിയിൽ നിക്ഷേപിച്ചതും അവള്‍ ഒരു മൂങ്ങയായ് മാറി .

പൂജാമുറിയിൽ പ്രാർത്ഥനയിലായിരുന്ന തിരുമേനിയുടെ മാന്ത്രിക ശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ശങ്കരനെ വിട്ട് മൂങ്ങ പറന്നു പോയി.

പ്രകൃതി ശാന്തമായി പൊട്ടിച്ചെടുത്ത രുദ്രാക്ഷം തനിയെ വന്ന് രുദ്രാക്ഷ മാലയിൽ കയറി.നാലു കോണിലും തകിടുകൾ നിക്ഷേപിച്ച് ശങ്കരൻ ഈറൻ മാറ്റി നാമം ജപിച്ച് ഉറങ്ങാൻ കിടന്നു.

അന്നത്തെ ദിവസം കോവിലകം ശാന്തമായി ഉറങ്ങി.അപ്പോഴും അങ്ങ് ദൂരെ മൂത്തേടം തിരുമേനി പരദേവതയുടെ മുന്നിൽ ശക്തമായ ധ്യാനത്തിലായിരുന്നു.ശക്തി പ്രാപിച്ച ആത്മാവിനെ തളയ്ക്കാൻ പരദേവതയുടെ പ്രീതി കൂടിയെ തീരൂ എന്ന് മനസിലാക്കിയ തിരുമേനി ഹോമകുണ്ഡമൊരുക്കി പൂജാമുറിയിൽ കഴിച്ചു കൂട്ടി.

സൂര്യന്റെ പ്രഭ കോവിലകത്തിന് മുകളിൽ ചൊരിഞ്ഞപ്പോൾ കോവിലകം ഉണർന്നു.പ്ലാവ് മുറിക്കാനുള്ള മരം മുറിക്കാർ കാലത്ത് തന്നെ വന്ന് പണി തുടങ്ങി ഉച്ചയോടെ ആ വലിയ പ്ലാവ് മുറിച്ച് അവർ മടങ്ങുകയും ചെയ്തു.ശ്യാം ഫോൺ ചെയ്ത് പറഞ്ഞതിനാൽ ആ സമയത്ത് തന്നെ ശിൽപിയും അവിടെയെത്തി.അയാൾ ആ മരത്തടിയിൽ അടയാളങ്ങൾ വരച്ചു തന്റെ ജോലി തുടങ്ങി.

അതിസൂഷ്മതയോടെ ഉയരവും വണ്ണവും സമന്വയിപ്പിച്ച അവന്തികയുടെ രൂപം രാപകലുകൾ വ്യത്യാസമില്ലാതെ കൊത്തി കൊണ്ടിരുന്നു.അയാളുടെ കരവിരുതിൽ ആ ശില്പം ജീവൻ തുടിക്കുന്ന രൂപത്തിലേക്ക് മാറാൻ അധിക ദിവസം വേണ്ടി വന്നില്ല.

ശില്പം പൂർത്തിയായ ദിവസം മൂത്തേടം വീണ്ടും കോവിലകത്തേക്ക് വന്നു. ശില്പത്തെ ആകെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു.

“മിടുക്കൻ നന്നായിരിക്കുന്നു”

ഇനി ഇതിൽ മൂന്നു നാൾ പാലും മൂന്നു നാൾ നെയ്യും അഭിഷേകം ചെയ്യണം ശേഷം ഹോമകുണ്ഡം ഒരുക്കണം ചാർത്തിൽ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങണം പരികർമിക്ക് വേണ്ട നിർദേശങ്ങൾ നൽകി തിരുമേനി തിരിച്ചു പോയി.

ആറ് ദിവസത്തെ അഭിഷേകങ്ങൾക്ക് ശേഷം കോവിലകത്ത് തയ്യാറാക്കിയ ഹോമകുണ്ഡത്തിനടുത്തേക്ക് മൂത്തേടം തിരുമേനി വന്നു.ഒന്ന് വലം വെച്ച ശേഷം തിരുമേനി ചാർത്തിൽ പറഞ്ഞ ചന്ദനമുട്ടികൾ റെഡിയായോ എന്ന് ചോദിച്ചു.

“ഉവ്വ് എല്ലാം റെഡിയാണ്.

“എങ്കിൽ ഇന്ന് രാത്രി തന്നെ തുടങ്ങാം
കുറച്ച് അപകടകരമാണ്.ഒഴിഞ്ഞു പോകുമ്പോൾ പകരമായി ഒരു ജീവൻ തന്നെ എടുത്തേക്കാം അത് ചിലപ്പോൾ ആ കുട്ടി ആവാനും മതി”

“എന്റെ ഭഗവതി”

മേനോൻ അറിയാതെ നിലവിളിച്ചു.

“ശ്രമിക്കാം മേനോനെ…..”

അന്നത്തെ തൃസന്ധ്യയിൽ ഹോമ കുണ്ഡത്തിൽ അഗ്നി പകർന്നു പരദേവതയേ ധ്യാനിച്ച് മൂത്തേടം ഹോമ കുണ്ഡത്തിനു മുന്നിലെ പീഠത്തിൽ ഉപവിഷ്ഠനായി അകിലും നെയ്യും പകർന്നു അഗ്നി ആളികത്താൻ തുടങ്ങി . അകിലിന്റേയും നെയ്യിന്റേയും സമ്മിശ്ര ഗന്ധം അന്തരീക്ഷത്തില്‍ ഉയര്‍ന്നു …..

(തുടരും………)