തിരുവട്ടൂർ കോവിലകം 21

തിരുവട്ടൂർ കോവിലകം 21
Story Name : Thiruvattoor Kovilakam Part 21
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കിഴക്കൻ മലയിൽ എത്തിയപ്പോൾ ആ പാലമരം അവിടെ കാണുന്നില്ല
പകരം വളർന്നു വരുന്ന റബ്ബർ തൈകൾ കൊണ്ട് അവിടെ എസ്റ്റേറ്റായി രൂപാന്തരം പ്രാപിച്ചിരിന്നു.

അതിനുള്ളിലേക്ക് കയറുന്ന വഴിയിൽ കൂറ്റൻ ഇരുമ്പ് ഗെയ്റ്റിൽ എസ്.എസ് പ്ലാന്റേഷൻ എന്നെഴുതിയിട്ടുണ്ട്.
ഉള്ളിൽ നിന്നും പൂട്ടിയ ഗെയ്റ്റിൽ രണ്ട് മൂന്നു തവണ തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ അതിന്റെ മധ്യത്തിൽ കെട്ടിയുണ്ടാക്കിയ ഷെഡിൽ നിന്നും ഒരാൾ ഇറങ്ങി വന്നു.

ഗെയിറ്റിനടുത്തെത്തിയ അയാൾ തിരുമേനിയോട് ചോദിച്ചു

“ആരാ?”

“കുറച്ച് ദൂരേന്നാ”

“ഈ എസ്റ്റേറ്റ് ആരുടേതാണ്”

തിരുമേനി അയാളോട് ചോദിച്ചപ്പോൾ

“ഞാൻ ഇവിടെ പുതിയതാ ഇതിന്റെ നോട്ടക്കാരൻ സേവ്യറച്ചായനാ അദ്ദേഹത്തോട് ചോദിച്ചാൽ അറിയാൻ കഴിയും”.

എന്നയാള്‍ മറുപടി പറഞ്ഞു

” അയാളുടെ വീടെവിടെയാണ്”
ഈ മലയിറങ്ങി കാണുന്ന അങ്ങാടിയിൽ ചോദിച്ചാൽ മതി”

“ശരി ഞങ്ങൾ മടങ്ങട്ടെ”

അയാൾ അകത്തേക്ക് കയറി പോയി.

മലയിറങ്ങിയെത്തിയ ആ ചെറിയ അങ്ങാടിയിലുള്ള ഒരു കടയില്‍ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് പറഞ്ഞു തന്നു.

രണ്ട് വളവ് തിരിഞ്ഞതും ആ കടക്കാരന്‍ പറഞ്ഞ കുരിശടിക്കെതിർവശത്തായി വെള്ള ചായം പൂശിയ വീട് കണ്ടു.
തിരുമേനി വണ്ടിയിൽ നിന്നും ഇറങ്ങി സേവ്യറിന്റെ വീട്ടിലേക്ക് നടന്നു ചെന്നു.ബെല്ലമർത്തിയതും മധ്യവയസക്നായ ഒരാൾ വന്ന് വാതിൽ തുറന്നു.

“ആരാ”

“ഞാൻ മൂത്തടം തിരുമേനി”

“തിരുമേനിയോ”

അയാൾ അദ്ഭുതത്തോടെ ചോദിച്ചു.

“കയറി വരൂ അകത്തേക്കിരിക്കാം കുടിക്കാൻ എന്താ വേണ്ടത്”

അയാൾ ചോദിച്ചു.

മഹാമാന്ത്രികനാണ് തന്റെ വീടു തേടി വന്നിരിക്കുന്നത്.

“ഇപ്പോൾ ഒന്നും വേണ്ട” ഞാനൊരു കാര്യമറിയാനാണ് വന്നത്.

തിരുമേനി സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.