തിരുവട്ടൂർ കോവിലകം 19

തിരുവട്ടൂർ കോവിലകം 19
Story Name : Thiruvattoor Kovilakam Part 19
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ധ്യാനത്തിൽ നിന്നും മുഖമുയർത്തിയ തിരുമേനി വലിയ തമ്പുരാട്ടിയെയും തമ്പുരാനെയും നോക്കി പറഞ്ഞു,

“പരദേവതയുടെ കോപമല്ല പ്രശ്നത്തിൽ കാണുന്നത് ഗതി കിട്ടാതെ ഒരാത്മാവ് അലഞ്ഞു തിരിയുന്നുണ്ട്.പ്രശ്നത്തിൽ അത് ഉമയുടെ ആത്മാവായാണ് കാണുന്നത്”

“ഉമയുടെ ആത്മാവോ”

രണ്ട് പേരും ഒരേ ശബ്ദത്തിൽ ചോദിച്ചു.

“അതെ ഉമ തമ്പുരാട്ടിയുടെ ആത്മാവ് തന്നെ”

“മൂത്തേടം അതൊരു സാധാരണ മരണമല്ലേ കർമങ്ങളെല്ലാം ചെയ്തതുമാണല്ലോ”

വാസുദേവൻ തിരുമേനിയാണ് ചോദിച്ചത്.

“അല്ലാ അതൊരു സാധാരണ മരണമല്ല കൊലപാതകമാണ് എവിടെയോ പിഴച്ചിട്ടുണ്ട്”

“ശിവ ശിവ” എന്തായീ കേക്കണേ? കൊലപാതകമോ??ന്റെ കുട്ടിയെ കൊല്ലാൻ മാത്രം ആർക്കാ ഇവിടെ ശത്രുത??

തമ്പുരാട്ടി ചോദിച്ചു.

“നോം പ്രശ്നത്തിൽ കണ്ടത് പറഞ്ഞു.പരിഹാരം കാണണം ഇല്ലെങ്കിൽ കുലം മുടിച്ചേ പോകൂ”.

മൂത്തേടത്തിന്റെ വാക്കുകൾ കേട്ട തമ്പുരാട്ടി ദേവി മഹാമായെ എന്ന് വിളിച്ച് കരയാൻ തുടങ്ങി.

“തല്ക്കാലം ഈ ഏലസ് എല്ലാവരും കെട്ടിക്കോളൂ.”

ജപിച്ചു വെച്ച ഏലസുകളുടെ കൂട്ടത്തിൽ നിന്നും കുറച്ച് ഏലസ് എടുത്ത് മൂത്തേടം തിരുമേനിയുടെ കൈകളിലേക്ക് കൊടുത്തു.

ശേഷം നാല് ചെമ്പ് തകിട് എടുത്ത് നെഞ്ചോട് ചേർത്ത് മന്ത്രങ്ങൾ ഉരുവിട്ട് നൽകി കൊണ്ട് പറഞ്ഞു

” ഇത് നാലും കോവിലകത്തിന്റെ നാല് കോണിലും കുഴിച്ചിട്ടോളൂ.”

“ആവാഹിക്കണം താമസം വേണ്ട സമയം വൈകുന്തോറും അപകടം കൂടും” മനസിലായോ തമ്പുരാട്ടിക്ക്.”

“ഉവ്വ് ചെയ്യാം മൂത്തേടം”

“ഹോമം ചെയ്യണം വേണ്ട സാധനങ്ങളുടെ ചാർത്ത് ഞാൻ കൊടുത്തു വിടാം എല്ലാം ശരിയാക്കിയിട്ട് എന്നെ വിളിച്ചാൽ മതി ഞാൻ വരാം.”

“ശരി അങ്ങനെ ആവട്ടെ”

മൂത്തേടം കോവിലകത്ത് നിന്ന് പോയ ശേഷവും കോവിലകത്തുള്ളവർ ഭയപ്പാടോടെയാണ് കഴിഞ്ഞത്.അപ്പോഴും അവരുടെ ഉള്ളിൽ ഒരു ചോദ്യ ചിഹ്നമുണ്ടായിരുന്നു. ആരാണ് ഉമയെ കൊന്നത് എന്താണ് കാരണം??