തിരുവട്ടൂർ കോവിലകം 24

തിരുവട്ടൂർ കോവിലകം 24
Story Name : Thiruvattoor Kovilakam Part 24
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

അകിലിന്റെയും നെയ്യിന്റേയും സമിശ്ര ഗന്ധം വായുവിൽ നിറഞ്ഞു. കത്തിച്ചു വെച്ച നിലവിളക്കുകൾ ചുറ്റും ദീപപ്രഭ ചൊരിഞ്ഞു കൊണ്ടിരുന്നു.

ഇടതടവില്ലാതെ മന്ത്ര ധ്വനികൾ ഉരുവിട്ടു കൊണ്ട് എള്ളും പൂവും ഹോമകുണ്ഡത്തിൽ അർപ്പിക്കപ്പെട്ടു.തിരുമേനിയുടെ നിർദ്ദേശ പ്രകാരം കളഭം ചാർത്തി ചുവന്ന പട്ടു ചുറ്റി അവന്തിക തിരുമേനിക്ക് എതിർവശത്ത് ഒരുക്കിയ പീഠത്തിലായി ഇരുന്നു.

“ശങ്കരാ ആ കൈയ്യിലെ ഏലസ് അഴിച്ച് മാറ്റിക്കോളൂ”

തിരുമേനി അവന്തികയുടെ ഇടതു കൈയിലെ ഏലസ് ചൂണ്ടി പറഞ്ഞപ്പോൾ ശങ്കരൻ അവന്തികയുടെ കൈയിൽ തിരുമേനി ധരിപ്പിച്ച ഏലസ് ഊരി തിരുമേനിയെ ഏൽപിച്ചു.

മന്ത്രങ്ങൾ ഉച്ചസ്ഥായിലെത്തിയപ്പോൾ കോവിലകത്തിന്റെ ശാന്തത മാറി ഭീമാകാരം പുൽകാൻ തുടങ്ങി മൂങ്ങകൾ മൂളി കൊണ്ടിരുന്നു.പാലമരത്തിൽ നിന്നും കടവാതിലുകൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി കോവിലകത്തിന് ചുറ്റും പറന്നു നടന്നു.

കോവിലകത്ത് ഹോമകുണ്ഡത്തിൽ നിന്നും ഉയർന്ന പുകച്ചുരുളുകൾ നിറഞ്ഞു.
ആവാഹന പൂജ തുടങ്ങി നാഴികകൾ പിന്നിട്ട് മൂന്നാം യാമത്തിലേക്ക് കടന്നതും കോവിലകത്തിന് മുകളിൽ കാർമേഘം രൂപം കൊണ്ട് ഇരുട്ടിന് കാഠിന്യം കൂട്ടി
വീശിയടിച്ച കാറ്റിൽ നിലവിളക്കിലെ തിരി താഴ്ന്നും പൊങ്ങിയുമിരുന്നു.

“ഓം ഉഗ്ര രൂപായ വിദ്മഹേ
വിജ്ര നാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാദ്”

ദുഷ്ട ശക്തികളിൽ നിന്നും രക്ഷ നേടാനുള്ള ഗായത്രി മന്ത്രം മൂത്തേടം ഉരുവിട്ടു കൊണ്ടിരുന്നൂ.

ഇടിമിന്നലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി കാറ്റിന്റെ ശക്തിയിൽ മരങ്ങൾ ആടിയുലയാൻ തുടങ്ങി.പെട്ടെന്ന് ശക്തമായ ഒരിടി വെട്ടി ഹോമകുണ്ഡത്തിനടുത്തിരുന്ന ശ്യാമും മേനോനും ഞെട്ടിത്തരിച്ചു പോയി.അവന്തിക ഒന്നും മനസിലാകാതെ തിരുമേനിയെയും ശ്യാമിനെയും പകപ്പോടെ മാറി മാറി നോക്കി.ഒന്നുമില്ല എന്ന് ശ്യാം അവന്തികയെ കണ്ണിറുക്കി കാണിച്ചു.

മന്ത്രോച്ചാരണങ്ങൾ ശക്തി പ്രാപിച്ചതും അവന്തികയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.പീഠത്തിൽ ഇരുന്ന അവന്തിക മൂളാൻ തുടങ്ങി അവളുടെ കണ്ണുകൾ ചെങ്കനൽ പോലെ തിളങ്ങി നായകൾ ഓരിയിട്ടു കൊണ്ടിരുന്നു.
പെട്ടെന്ന് അവളുടെ കെട്ടി വെച്ചിരുന്ന മുടി അഴിഞ്ഞു വീണു . അവന്തിക പൊട്ടിച്ചിരിക്കാൻ തുടങ്ങി ഉമയുടെ പ്രേതാത്മാവ് അവന്തികയിൽ പ്രവേശിച്ചു.അവൾക്ക് എതിർ വശത്തായി വെച്ചിരുന്ന പൂജാ സാധനങ്ങൾ അവൾ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.

“എന്നെ പറഞ്ഞയയ്ക്കാൻ നോക്കണ്ട പോകില്ല ഞാൻ എത്ര ശ്രമിച്ചിട്ടും കാര്യല്ല
നിന്റെ മന്ത്ര ശക്തികൾക്ക് എന്നെ പറഞ്ഞയയ്ക്കാൻ സാധിക്കില്ല”

പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു .

“നിർത്ത് ഉപനയന നാൾ തൊട്ട് ഞാൻ കാത്തു സൂക്ഷിക്കുന്ന ബ്രാഹ്മണ്യവും ബ്രഹ്മചര്യവും ഉപാസന മൂർത്തിയെ പ്രീതിപ്പെടുത്തി നേടിയ മന്ത്ര ശക്തിയും എന്നിൽ ഉണ്ടെങ്കിൽ നിന്നെ എന്നന്നേക്കുമായി ആവാഹിച്ചെ ഞാനീ കോവിലകം വിട്ടു പോകൂ.”

” സാധ്യമല്ല,നിനക്കതിന് കഴിയില്ല നീ പണ്ട് പാലമരത്തിൽ തളച്ച ഉമയല്ല ഞാൻ കോവലകവും കുടിയിരിക്കുന്ന ശരീരവും നശിപ്പിച്ചെ ഞാൻ പോകൂ”

അവളുടെ കണ്ണുകള്‍ തീക്ഷണതയോടെ തിളങ്ങി

“അത്രയ്ക്ക് കോവിലകത്തോട് പക തോന്നാൻ എന്ത് തെറ്റാണ് അവര്‍ നിന്നോട് ചെയ്തത് “

തിരുമേനിയുടെ ചോദ്യത്തിന് അവള്‍ കോപത്തോടെ അട്ടഹസിച്ചു

“അറിയണ്ടെ നിനക്ക് ഞാൻ എങ്ങനെയാണ് മരിച്ചതെന്ന്.
ഇവൾ, ഉത്തര ഉമത്തിന്റെ വിത്ത് പാലിൽ അരച്ച് അമ്മാളുവിന്റെ അടുത്ത് കൊടുത്തു വിട്ടു അങ്ങനെയാണ് ഞാൻ മരിച്ചത്.അല്ല ദത്തനെ സ്വന്തമാക്കാൻ ഇവളെന്നെ കൊന്നു.”

“അതിന്റെ പ്രതികാരം നീ വീട്ടിയില്ലെ”

“ഇല്ല അവൾ വീണ്ടും പുനർജനിച്ചു എന്റെ ദത്തനെ സ്വന്തമാക്കി ഞാനോ പുനർജന്മം പോലും നിഷേധിച്ച് നീ എന്നെ ആ പാലമരത്തിൽ തളച്ചില്ലെ ഈ ജന്മത്തിലും അവളെന്നെ ഇല്ലായ്മ ചെയ്യാൻ നോക്കിയില്ലെ”