തിരുവട്ടൂർ കോവിലകം 14

തിരുവട്ടൂർ കോവിലകം 14
Story Name : Thiruvattoor Kovilakam Part 14
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ കോളാമ്പിയിലേക്ക് തുപ്പി തിരുമേനി വീണ്ടും പറഞ്ഞു തുടങ്ങി .

അന്നത്തെ കച്ചേരി കഴിഞ്ഞു കോവിലകത്ത് എത്തിയപ്പോഴും ഉമയുടെ കണ്ണില്‍ ദത്തന്റെ രൂപം നിറഞ്ഞു നിന്നു. രാത്രികളില്‍ ദത്തനെ പറ്റിയുള്ള സ്വപ്നങ്ങള്‍ അവളുടെ നിദ്രയേ പോലും അകറ്റി .

പല രാത്രികളിലും ദത്തന്റെ വിരിഞ്ഞ രോമാവൃതമായ നെഞ്ചില്‍ തലചായ്ച്ചു നിൽക്കുന്നത് കണ്ട് അവള്‍ ഞെട്ടി ഉണർന്നു. മൂളിയെത്തുന്ന തെക്കന്‍ കാറ്റില്‍പോലും ദത്തന്റെ സ്വരം ലയിച്ചു ചേര്‍ന്ന പോലെ അവള്‍ക്ക് തോന്നി .

ഇതേ അവസ്ഥയിലായിരുന്നു ദത്തനും കണ്ണടച്ചാൽ കൈകൾ കൂപ്പി നിൽക്കുന്ന ദേവി ശില്പം . അവളുടെ അഞ്ജനമെഴുതിയ മിഴികൾ ശോണ വർണ്ണമാർന്ന ചുണ്ടുകളും കനകം പോലെ തിളങ്ങുന്ന മുഖവും ഒരിക്കല്‍ കൂടി അടുത്ത് കാണുവാന്‍ അവന്റെ മനസ്സ് തുടിച്ചു കൊണ്ടിരുന്നു .

ദത്തനെ കണ്ടശേഷം ഉമയിൽ വന്ന മാറ്റം കോവിലകത്തുള്ള മറ്റാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അവളുടെ മുത്തശ്ശി , കോവിലകത്തെ വലിയ തമ്പുരാട്ടി ശ്രദ്ധിച്ചിരുന്നു .

മുത്തശ്ശിയുടെ മടിയില്‍ തലവെച്ച് കിടക്കുന്ന ഒരു ദിവസം അവളുടെ മുടിയിഴകളെ തലോടി മുത്തശ്ശി അവളോട് ചോദിച്ചു .

“എന്താ ന്റെ ഉമകുട്ടിക്ക് പറ്റ്യേ”

“ഒന്നൂല്ല്യ മുത്തശ്ശി , എന്തേ ചോദിക്കാന്‍ “

“ഒന്നൂല്ല്യ കുട്ട്യേ രണ്ടൂസായി മുത്തശ്ശി കാണുന്നു. ഏത് സമയത്തും ഒരു ആലോചന “

അവള്‍ ഒന്നും പറഞ്ഞില്ല . മുത്തശ്ശി തുടർന്നു.

“ഒന്നും ഒളിക്കണ്ട കാവിലെ സംഗീത കച്ചേരിക്ക് വന്ന മിടുക്കനെ നോക്കുന്നത് മുത്തശ്ശി കണ്ടിരുന്നൂട്ടോ”

മുത്തശ്ശിയുടെ മടിയില്‍ നിന്നും എഴുന്നേറ്റ് അവള്‍ പറഞ്ഞു

“ഞാൻ പോവാ, ഈ മുത്തശ്ശിയുടെ ഒരു കാര്യം “

“പൊയ്ക്കൊ …… പൊയ്ക്കൊ”

ചിരിച്ചു കൊണ്ട് തലയാട്ടി വലിയതമ്പുരാട്ടി പറഞ്ഞു.

പിറ്റേന്ന് കാലത്ത് വലിയ തമ്പുരാട്ടി ഉമയുടെ അച്ഛന്‍ വാസുദേവനോട് കാര്യം അവതരിപ്പിച്ചു .
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു .

“അതു വേണോന്നുണ്ടോ “