പത്തു പൈസേടെ നെല്ലിക്ക

ആശുപത്രിക്കുള്ളിലെ മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ ഷൈല സ്വയം നഷ്ടപ്പെട്ടു നിന്നു..
ഒരു രക്ഷയുമില്ല.. പരിചയമുള്ള ഒരു മുഖം പോലുമില്ല…
മരുന്ന് വാങ്ങി കൊടുത്തില്ലെങ്കിൽ അദ്ധേഹത്തിന്റെ കുത്തി വയ്പ്പ് മുടങ്ങും…
ഇനി എന്ത് ചെയ്യും…
പരിചയമുള്ള എല്ലാരോടും കടം വാങ്ങി കഴിഞ്ഞു..
മരുന്ന് കൃത്യമായി കൊടുത്താൽ ഭർത്താവിന്റെ ജീവൻ നഷ്ടപ്പെടില്ല എന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്….
ഒരുപാടു നാളായി …
കരഞ്ഞു കരഞ്ഞു ഷൈലക്കു ഇപ്പോൾ കണ്ണ്നീരേ വരുന്നുണ്ടായിരുന്നില്ല……
അപ്പോൾ ഒരാൾ മരുന്ന് വാങ്ങാൻ അങ്ങോട്ട്‌ വന്നു…
ഒരു ഓയിന്റ്മെന്റ് വാങ്ങി
ഷൈലയെ ഇമ വെട്ടാതെ നോക്കി…
‘നിങ്ങളുടെ പേരെന്താ..?’
“ഷൈല..”
…………ത്തെ ഷൈല അല്ലെ…?
‘അതെ”
എന്താ ഇവിടെ.. ആരാ ഇവിടെ…?
അയാളുടെ ചോദ്യങ്ങൾ കഴിഞ്ഞിട്ട് വേണമല്ലോ അയാൾ ആരാണെന്നു ചോദിക്കാൻ…
പിന്നെ അയാൾ ഷൈല യുടെ കയ്യിലെ ചീട്ടു വാങ്ങി മെഡിക്കൽ ഷോപ്പിലെ പെണ്‍കുട്ടിയുടെ കയ്യിൽ കൊടുത്തു…
മുഴുവൻ മരുന്നിന്റെ പൈസയും കൊടുത്തു..
ഭർത്താവു കിടക്കുന്ന ബെഡ് ഏതു വാർഡിൽ ആണെന്ന് ചോദിച്ചു..
ഷൈല മരുന്ന് വാങ്ങവേ.. അയാളോട് അയാൾ ആരാണെന്നു ചോദിക്കാൻ തുനിയവെ..
പിന്നെ കാണാം ട്ടോ.. എന്ന് മൊഴിഞ്ഞു അയാൾ വരാന്തയിലൂടെ നടന്നു പോയി…
ഷൈല കയ്യിലുണ്ടായിരുന്ന പൈസക്ക് ചായ വാങ്ങാനും പോയി….
കുറച്ചു നേരം കഴിഞ്ഞു
ഭർത്താവിന്റെ ബെഡിനരികിലെത്തി .. നടന്ന അത്ഭുതത്തെ പറ്റി വചാലയവാൻ ശ്രമിക്കുമ്പോൾ..
ഭർത്താവു തലയിണക്കടിയിൽ നിന്നും ഒരു കെട്ട് നോട്ടുകൾ എടുത്തു അവളുടെ കയ്യിൽ കൊടുത്തു..
‘ഒരാൾ ഇവിടെ വന്നിരുന്നു. അധികം സംസാരിച്ചില്ല… ഇനിയും വരാമെന്ന് പറഞ്ഞു.. ഈ പണം തന്നു.
ഞാൻ ഇതൊക്കെ എന്തിനാണ് എന്ന് ചോദിച്ചതിനു അയാൾ ഇത്രയും പറഞ്ഞു…
” 1978 ൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 പൈസക്ക് രണ്ടു നെല്ലിക്ക വാങ്ങി , അവളോട്‌ കൂട്ട് വെട്ടാതിരിക്കാൻ രണ്ടു നെല്ലിക്കയും എനിക്ക് തന്നു ഒരു പെണ്‍കുട്ടി..” ആ കടം വീടാൻ ഇതൊന്നും പോര….”
ഷൈലക്കു എത്ര ചിന്തിച്ചിട്ടും ആളെ കിട്ടുന്നില്ലത്രേ… എന്തായാലും ഇനിയും അയാൾ വരുമല്ലോ..
ആ വരവിനു വേണ്ടി, ഷൈല യും , അവളുടെ ഭർത്താവും ഒടിഞ്ഞ കാലിന്റെ വേദന മറന്നു തൊട്ടടുത്ത ബെഡിൽ ഞാനും വാർഡിന്റെ വാതിലിലേക്കും നോക്കി ഇരിപ്പാണ്… രണ്ടു ദിവസമായി….