തിരുവട്ടൂർ കോവിലകം 13
Story Name : Thiruvattoor Kovilakam Part 13
Author : വിശ്വനാഥൻ ഷൊർണ്ണൂർ
Read from beginning
വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചു കൊണ്ട് മൂത്തേടം തിരുമേനി പറഞ്ഞു തുടങ്ങി,
“മേടമാസം അഞ്ചാംതിയ്യതി വിഷു കഴിഞ്ഞ് അഞ്ചാമത്തേ നാളിലാണ് ഏറെ പേര് കേട്ട തിരുവട്ടൂർ മുത്തശ്ശി കാവിലെ ഉത്സവം. കോവിലകം വകയാണ് കാവ്.
അഞ്ചു ദിവസം നീണ്ട് നിൽക്കുന്ന ഉത്സവ നാളുകളിലൊന്നിലാണ് ദേവദത്തൻ ആദ്യമായി ഉമാദേവി തമ്പുരാട്ടിയെ കാണുന്നത്. അഞ്ജനം കൊണ്ട് വാലിട്ടെഴുതിയ വശ്യതയാ൪ന്ന കണ്ണുകൾ, അരക്കെട്ടോളം എത്തി നിൽക്കുന്ന കേശഭാരം, മുറുക്കി ചുവപ്പിച്ച പോലേയുള്ള അധരങ്ങൾ..
കടഞ്ഞെടുത്ത ശരീരഭംഗി! ഏതോ ശില്പി അതീവ സൂക്ഷ്മതയോടെ വെണ്ണക്കല്ലിൽ കൊത്തിയെടുത്ത തങ്കവിഗ്രഹം പോലെ മനോഹരിയായ ഉമ!
ദീപാരാധന തൊഴുത് ശ്രീകോവിലിനു മുന്നില്‍ നിൽക്കുന്ന അവളെ കണ്ടാല്‍ മുത്തശ്ശിക്കാവിലെ പരദേവതയാണെന്ന് തോന്നി പോകും. അത്രയ്ക്ക് ശ്രീത്വം!
സംഗീതഞ്ജനായ ദേവദത്തൻ കച്ചേരി അവതരിപ്പിക്കാനാണ് അവിടെയെത്തിയത്. കച്ചേരി തുടങ്ങുന്നതിനു മുന്‍പ് ദേവിയേ കണ്ട് തൊഴുത് അനുഗ്രഹം നേടാനായി ശ്രീ കോവിലിനു മുന്നിലെത്തിയപ്പോൾ കണ്ണുകളടച്ച് ദീപാരാധന തൊഴാൻ നിൽക്കുന്ന ഉമയെ കണ്ട് ദത്തൻ സ്വയം മറന്ന് നോക്കി നിന്നു പോയി.
ദത്തൻ ക്ഷയിച്ചു തുടങ്ങിയ ഒരില്ലത്തെ സന്തതിയായിരുന്നു. വെട്ടിയൊതുക്കിയ താടി, പുറകിലോട്ട് ചീകിയ മുടി, തിളക്കമാർന്ന കണ്ണുകള്‍, വീതി കൂടിയ നെറ്റിത്തടം.. വിരിഞ്ഞു നിൽക്കുന്ന നെഞ്ചിലേ കറുത്ത രോമങ്ങൾ മേലേ ചുറ്റിയ മേൽ മുണ്ടും കടന്ന് പുറത്തേക്ക് നിഴലിച്ചു നിൽക്കുന്നു ഏതൊരു പെണ്ണും മോഹിച്ചു പോകുന്ന ശരീര പ്രകൃതം.
തൊഴുത് കണ്ണുകള്‍ തുറന്ന് തിരിഞ്ഞു നോക്കിയ ഉമ കൈകള്‍ കൂപ്പി തന്നെ തന്നെ നോക്കി നിൽക്കുന്ന ആ സുന്ദരനായ ചെറുപ്പക്കാരനെ കണ്ടു. കണ്ണുകള്‍ തമ്മില്‍ കൊരുത്തപ്പോൾ രണ്ട് പേരും പെട്ടെന്ന് അറിയാതെ കണ്ണുകള്‍ പിൻവലിച്ചു .