ശവക്കല്ലറയിലെ കൊലയാളി 15

ശവക്കല്ലറയിലെ കൊലയാളി 15
Story : Shavakkallarayile Kolayaali 15 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

കിടയ്ക്ക വിട്ടെഴുന്നേറ്റ ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് മേശയ്ക്ക് മുകളില്‍വെച്ച കൂജയിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ചു . തിരികെ കിടയ്ക്കയില്‍ ഇരുന്നുകൊണ്ട് പന്ത്രണ്ട് വർഷംമുമ്പ് നടന്ന കഥയുടെ കെട്ടഴിക്കാൻ തുടങ്ങി …

ഡോക്ടര്‍ അഞ്ജലി പറയുന്നത് കേൾക്കാൻ തയ്യാറായി നാലുപേരും ആ മുറിയില്‍ കാത്തിരുന്നു.

അഞ്ജലിയുടെ മനസ്സ് ഭൂതകാലത്തേക്ക് പറന്നുയർന്നു . അവള്‍ പറയാന്‍ തുടങ്ങി

“ഞങ്ങൾ മൂന്ന് പേരും കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരേ ബാച്ചുകാരാണ് . ഒരേ ഹോസ്റ്റൽ മുറിയിലായിരുന്നു താമസവും . എപ്പോഴും ഞങ്ങള്‍ മൂന്ന് പേരേയും ഒരുമിച്ചല്ലാതെ കാണില്ല . “

ഡെവിൾസ് എന്നറിയപ്പെട്ടിരുന്ന ആ മൂവർ സംഘത്തെ എല്ലാവരും ഭയപ്പെട്ടിരുന്നു . അറിയപ്പെടുന്ന പണക്കാരുടെ മക്കൾ. ‍ രാഷ്ട്രീയ മേഖലകളില്‍ വരെ പിടിപാടുള്ളവരായിരുന്നു മൂന്ന് പേരുടേയും പിതാക്കൾ . അല്പ സ്വല്പ്പം മദ്യവുംമയക്കു മരുന്നുമായി അവര്‍ ആ മെഡിക്കല്‍ കോളേജില്‍ വിലസിനടന്നു .

“കോട്ടയത്ത് പഠിച്ച നിങ്ങള്‍ക്ക് എങ്ങനെയാണ് രാജകുമാരിയുമായും സെന്റ് ആന്റണീസ് പള്ളിയുമായും ബന്ധം? “

ഫാദർ ഗ്രിഗോറിയോസ് ചോദിച്ചു.

“പറയാം ഫാദർ..” അല്പസമയം എന്തോ ആലോചിച്ച പോലെ അഞ്ജലി വീണ്ടും പറഞ്ഞു തുടങ്ങി .

“ഞങ്ങള്‍ മൂന്ന് പേരില്‍ നാൻസിയായിരുന്നു ലീഡർ. അവള്‍ക്ക് എന്തിനും അപാരമായ ധൈര്യമായിരുന്നു . നന്നായി ഡ്രൈവ് ചെയ്യുന്ന നാൻസി എപ്പോഴും യാത്രകൾ ഇഷ്ടപ്പെട്ടിരുന്നവൾ കൂടിയായിരുന്നു.

പന്ത്രണ്ട് വർഷം മുമ്പ് ഒരു അവധിനാളില്‍ ഞങ്ങള്‍ കോളേജില്‍ നിന്നും നേരെ പോന്നത് നാൻസിയുടെ വീട്ടിലേക്കായിരുന്നു. അന്ന് ഉച്ചയോടടുത്ത സമയത്ത് ചെറുതായി മഴപെയ്യാൻ തുടങ്ങിയപ്പോഴാണ് നാൻസി അവളുടെ അപ്പച്ചന്‍റെ രാജകുമാരിയിലെ തേയിലത്തോട്ടത്തെപ്പറ്റി പറഞ്ഞത് .

അങ്ങനെ ആ എസ്റ്റേറ്റ് കാണാനും അവിടത്തെ ഇടുക്കി ഗോൾഡിന്റെ ലഹരിയറിയാനുമായാണ് ഞങ്ങൾ അവളുടെ പുതിയ കാറില്‍ അങ്ങോട്ട് യാത്ര തിരിച്ചത്. പോകും വഴി ബിയർപാർലറിൽ നിന്നും ബിയർ വാങ്ങി അതും കുടിച്ചോണ്ടായിരുന്നു യാത്ര . നാൻസിയായിരുന്നു കാർ ഓടിച്ചിരുന്നത് .

ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ രാജകുമാരി ടൗണും കടന്ന് കുന്ന് കയറിത്തുടങ്ങി.
സാമാന്യം നല്ല വേഗതയിലായിരുന്നു നാൻസി കാർ ഓടിച്ചിരുന്നത് .

പെട്ടെന്നായിരുന്നു ഒരു കൂട്ടം ആടുകൾ വണ്ടിയുടെ മുന്നിലേക്ക് ചാടിയത് . ബ്രേക്കിൽ കാലമർത്തിയെങ്കിലും വണ്ടി നിൽക്കുന്നതിനു മുന്നേ പൂർണ്ണ ഗർഭണിയായ ഒരാട് വണ്ടിക്കടിയിൽ പെട്ടിരുന്നു .

ആരേയും കാണാത്തത് കാരണം പെട്ടെന്ന് ഞങ്ങള്‍ കാറെടുത്ത് പോകാന്‍ തുടങ്ങി . കാർ മുന്നോട്ട് നീങ്ങിയതും പുറകിലെ ഗ്ലാസ്സില്‍ ഒരു കല്ല് വന്നു പതിച്ചു . വണ്ടി നിർത്തി ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ പതിനെട്ടോളം വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കാറിനടുത്തേക്ക് വന്നു .

നഷ്ടപരിഹാരം തരാതെ വണ്ടി എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ബഹളം വെച്ചു . നാൻസിയും വിട്ട് കൊടുത്തില്ല രണ്ട് പേരും വാഗ്വാദമായി അതിനിടയില്‍ ആ പെൺകുട്ടി നാൻസിയുടെ മുഖത്തടിച്ചു .

അപ്പോഴേക്കും വേറെയും തൊഴിലാളികള്‍ അങ്ങോട്ട് വന്നു . അവരെല്ലാം കൂടി പറഞ്ഞത് കൊണ്ട് ആടിന്റെ കാശ് കൊടുത്തിട്ടാണ് ഞങ്ങള്‍ അവിടെനിന്നും പോയത്. “

“പിന്നെ എന്താണ്‌ സംഭവിച്ചത്?… “

എസ് ഐ ജോണ്‍ സക്കറിയ ചോദിച്ചു .

പിന്നെ ഞങ്ങള്‍ എസ്റ്റേറ്റിൽ പോയി അവിടെ ഉണ്ടായിരുന്ന ജോലിക്കാരനെ വിട്ട് ഇടുക്കി ഗോൾഡ് വാങ്ങിച്ച് വലിച്ചുംബിയർ കുടിച്ചും അവിടെ കുറേ നേരം ചിലവിട്ടു. ഏകദേശം സന്ധ്യയോടെ ഞങ്ങള്‍ അവിടെനിന്നും തിരിച്ചു .

സെന്റ് ആന്റണീസ് പള്ളി കഴിഞ്ഞ് അല്പം
മുന്നോട്ട് പോന്നപ്പോൾ നേരത്തെ നാൻസിയെ തല്ലിയ പെൺകുട്ടി കുന്ന് കയറി വരുന്നത് കണ്ടു . നാൻസിയുടെ ഉള്ളില്‍ പക കത്തി… കൂടെ തലയില്‍ ലഹരിയും . നാൻസി അവളെ കണ്ടതും അതിവേഗത്തില്‍ കാർ മുന്നോട്ട് പായിച്ചു. ഒഴിഞ്ഞു മാറാന്‍ സമയം കിട്ടും മുന്നേ കാർ അവളെ ഇടിച്ചു തെറിപ്പിച്ചു . ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അവള്‍ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട് നാൻസി വീണ്ടും കാർ റിവേഴ്സ് വന്ന് അവളെ ഇടിച്ചു . എന്നിട്ടും അരിശം തീരാതെ അവളുടെ ശരീരത്തിലൂടെ കാർ രണ്ട് തവണ കയറ്റി ഇറക്കി.
പുറത്തിറങ്ങി നോക്കുമ്പോള്‍ അവളുടെ മുഖത്തിന്റെ ഇടത് വശം ചതഞ്ഞരഞ്ഞിരുന്നു . കണ്ണ് പുറത്തേക്ക് അറ്റ് തൂങ്ങിയിരുന്നു. തലയോട്ടി പിളർന്ന് തലച്ചോർ പുറത്തു കണ്ടിരുന്നു .
മരണം ഉറപ്പിച്ചതിന് ശേഷമാണ് അവിടെ നിന്നും ഞങ്ങള്‍ പോന്നത്.”

ഡോക്ടര്‍ അഞ്ജലി പറഞ്ഞു നിർത്തിയപ്പോൾ നാലു പേരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു .

“ജോൺ ഞാന്‍ സ്റ്റേഷനില്‍ വെച്ച് താങ്കളോട് പറഞ്ഞപോലെ ആത്മാവ് അത്ര നിസാരയല്ല. പക അടങ്ങാത്ത അവള്‍ ഇതിനകം രണ്ട് പേരുടെ രക്തം കുടിച്ചുകഴിഞ്ഞു . ഇനിയും അവള്‍ കരുത്താർജ്ജിക്കും. അതിന് മുമ്പേ അവളെ തളച്ചേ ഒക്കൂ… “

“പറയൂ ഫാദർ,എന്താണ് ചെയ്യേണ്ടത് ?”

“എന്റെ ശക്തിക്കും അപ്പുറത്താണവളിപ്പോൾ.
നമ്മുടെ ആചാരത്തിലുള്ള പ്രാർത്ഥനകൾ കൊണ്ട് അവളെ തളയ്ക്കാൻ കഴിയല്ല . കാളിയെ പൂജിക്കുന്ന ബ്രഹ്മചാരിയായ ഒരു മാന്ത്രികനെ അതിന് കഴിയൂ “

“അദ്ദേഹത്തെ ഇവിടെ വരുത്തണം . എത്രയും പെട്ടെന്ന് തന്നെ ……..!!!!!!!

(തുടരും……)