ശവക്കല്ലറയിലെ കൊലയാളി 9
Story : Shavakkallarayile Kolayaali 9 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts
തുടരെയുള്ള മുട്ട്കേട്ടാണ് ഷേർളി ഡോർ തുറന്നത്. മുന്നില്‍ നിൽക്കുന്ന ആളെ കണ്ടപ്പോള്‍ പകച്ചുപോയി.
“അഞ്ജലി നീയായിരുന്നോ ? നാളെ കാലത്ത് എത്താമെന്നല്ലെ പറഞ്ഞത് , പിന്നെ എന്തു പറ്റി…? ”
ഡോർ അടച്ചു തിരിയുന്നതിനിടെ ഡോക്ടര്‍ ഷേർളി ചോദിച്ചു.
അഞ്ജലിയിൽ നിന്നും കൃത്യമായി ഒരുത്തരവും കിട്ടിയില്ല .
“ശരി,നീ ഇവിടെ ഇരി…
വേണെങ്കി ആ കുപ്പിയില്‍ നിന്ന് ഒരണ്ണം അടിച്ചോളൂ, വിഷമം മറക്കാന്‍ നല്ലതാ…”
അഞ്ജലി ആ മദ്യക്കുപ്പിയിലേക്ക് പകപോലെ നോക്കി .
ഷേർളി കുളിക്കാനായി ബാത്ത്റൂമില്‍ കയറി ഷവറിനു താഴെ നിന്ന് ശരീരം നനച്ചു . സോപ്പ് എടുത്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിച്ചു . പത കണ്ണിലേക്കിറങ്ങിയപ്പോൾ കണ്ണുകള്‍ ഇറുക്കിയടച്ച് വീണ്ടും ഷവറിനു താഴെ ചെന്നു നിന്ന് ഷവറിന്റെ ടാപ്പ് തുറന്നു .
ഷവറിൽ നിന്നും വീഴുന്ന വെള്ളത്തിന് ഒരു വഴുവഴുപ്പ് തോന്നിയപ്പോൾ കുറച്ച് വെള്ളം കൈകളില്‍ ശേഖരിച്ച് മുഖംകഴുകാൻ ശ്രമിച്ചു .
കണ്ണുകള്‍ വലിച്ചു തുറന്ന് കൈകളിലേക്ക് നോക്കിയ ഷേർളി ഞെട്ടി നിലവിളിച്ചു .
ഷവറിൽ നിന്നും പച്ചരക്തം ചീറ്റുന്നു. ബാത്ത് ടവൽ വാരിച്ചുറ്റി അർദ്ധനഗ്നയായി ബാത്ത് റൂമിന്റെ വാതില്‍ വലിച്ചുതുറന്നു പുറത്തേക്ക് ഇറങ്ങിയോടി. അപ്പോഴും അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
“അഞ്ജലീ “… അവള്‍ പേടിയോടെ വിളിച്ചു. എന്നാല്‍ അഞ്ജലി ഈ സമയം അവിടെ ഉണ്ടായിരുന്നില്ല . പേടിയോടെ അവള്‍ അവിടമാകെ അഞ്ജലിയെ തിരഞ്ഞു. പെട്ടെന്ന് വീശയടിച്ച കാറ്റില്‍ റൂമില്‍ നിന്നും കോറിഡോറിലേക്ക് തുറക്കുന്ന വാതിൽ ഞരക്കത്തോടെ അകത്തേക്ക് തുറന്നു . അവിടെ ബാൽക്കണിയിൽ സ്വർണ്ണവർണ്ണമായ നഗരത്തെ നോക്കി നിൽക്കുന്ന അഞ്ജലി!!!!
ഡോക്ടര്‍ ഷേർളി അർദ്ധനഗ്ന ശരീരത്തോടെ അഞ്ജലീ എന്ന് വിളിച്ചു അങ്ങോട്ട് ചെന്നു . അഞ്ജലിയുടെ ചുമലിൽ തോണ്ടിക്കൊണ്ട് പറഞ്ഞു
“അഞ്ജലി ദേ അവിടെ …” ബാത്ത്റൂമിലേക്ക് വിരല്‍ ചൂണ്ടിക്കാട്ടി ഭയപ്പാടോടെ ഷേർളി പറഞ്ഞതൊന്നും അഞ്ജലി കേട്ടില്ല .
പുറത്തേക്ക് നോക്കിക്കൊ ണ്ട് അഞ്ജലി ഷേർളിയോട് ചോദിച്ചു….
“നിന്നെ ഈ ആറാം നിലയില്‍നിന്നും താഴേക്ക് തള്ളിയിട്ടാലോ”
ശേഷം ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു .
“അഞ്ജലീ ……….”
ഷേർളി കരയുകയായിരുന്നു …
“ഹഹ….ഹഹ.
അഞ്ജലിയോ ?
നോക്ക് എന്റെ മുഖത്തേക്ക് നോക്ക് അഞ്ജലിയാണോ ഞാന്‍ ”
ഷേർളിക്ക് നേരെ മുഖം തിരിച്ച് മുരൾച്ചയോടെ പറഞ്ഞു .