ശവക്കല്ലറയിലെ കൊലയാളി 14

ശവക്കല്ലറയിലെ കൊലയാളി 14
Story : Shavakkallarayile Kolayaali 14 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫാദർ ഗ്രിഗോറിയോസിന്റെ വാക്കുകള്‍കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ജോണ്‍ സക്കറിയ. ആ സമയത്താണ് പോക്കറ്റില്‍ കിടന്ന മൊബൈല്‍ഫോണ്‍ ശബ്ദിച്ചത്. ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ ഡിസ്പ്ലേയിൽ ഡോക്ടര്‍ ദേവാനന്ദിന്റെ നമ്പര്‍ തെളിഞ്ഞു . ഓക്കെ ബട്ടണ്‍ അമർത്തി ഫോണ്‍ ചെവിയില്‍ വെച്ചു .

“പറയൂ ഡോക്ടര്‍… “

“ജോൺ ഇന്ന് ഇവിടെ ഒരു മരണം സംഭവിച്ചിട്ടുണ്ട്, ഒരു ഡോക്ടര്‍ ഷേർളി ഫിലിപ്പ്. “

“ഫാദർ പറഞ്ഞു ഡോക്ടര്‍… “

“ഡോക്ടർ ഷേർളിയും ഡോക്ടര്‍ നാൻസിയും കൊല്ലപ്പെട്ട രീതി ഒരേ പോലെയാണ് ജോണ്‍ . മാത്രമല്ല ഡോക്ടര്‍ നാൻസിയുടെ മൃതശരീരത്തിൽ കണ്ട അതേ ലക്ഷണങ്ങൾ ഷേർളിയുടെ മൃതശരീരത്തിലും ഞാന്‍ കണ്ടു . ഈ രണ്ട് മരണങ്ങളുടേയും ഫാക്ടർ ഒന്നാണ് . വേറെയും ഉണ്ട് സാമ്യം, ഇവര്‍ രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരേ ബാച്ചുകാരാണ് . ഇവര്‍ രണ്ട് പേരേയും യോജിപ്പിക്കുന്ന എന്തോ ഒന്ന് എവിടെയോ മറഞ്ഞു കിടക്കുന്നുണ്ട്. അത് കണ്ടത്തിയാൽ ഈ കൊലപാതകങ്ങളുടെ ചുരുളഴിയും “.

“വേറെ ഒരു ഇൻഫർമേഷനും കൂടിയുണ്ട് ജോണ്‍.
ഈ കൊല്ലപ്പെട്ട രണ്ട് പേരും അവരുടെ മറ്റൊരു സുഹൃത്ത് ഡോക്ടര്‍ അഞ്ജലി ഗോപിനാഥും നാൻസി വട്ടേകാടൻ കൊല്ലപ്പെടുന്നതിന്റെ അന്ന് രാത്രി സിറ്റിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ട് . ആ റൂമിലാണ് ഡോക്ടര്‍ ഷേർളി ഫിലിപ്പ് കൊലചെയ്യപ്പെട്ടു കിടന്നിരുന്നത് .
ഷേർളിയുടെ മൃതദേഹം കണ്ട് ബോധരഹിതയായി വീണ ഡോക്ടര്‍ അഞ്ജലി വട്ടേകാടൻ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് . ആ ഷോക്കിൽ നിന്നും അവരിപ്പോഴും റിക്കവർ ചെയ്തിട്ടില്ല. ഒരുപക്ഷേ, അവര്‍ക്ക് അറിയാമായിരിക്കും. “

“ഡോക്ടർ ഞാനിപ്പോള്‍ത്ത ന്നെ അങ്ങോട്ട് വരാം. നമുക്ക് ഡോക്ടര്‍ അഞ്ജലിയെ ഒന്ന് കാണാം.”

സംസാരം അവസാനിപ്പിച്ചു ഫോണ്‍ കട്ട് ചെയ്ത ജോണ്‍ സക്കറിയ ഇടുക്കി എസ് ഐ ദേവസ്യയെ വിളിച്ച് ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞു .
ശേഷം ഫാദർ ഗ്രിഗോറിയോസിനേയും കൂട്ടി ഇടുക്കിടൗൺ ലക്ഷ്യമാക്കി പോയി.

ഒരു മണിക്കൂറിന് ശേഷം അവരുടെ വണ്ടികൾ വട്ടേകാടൻ ഹോസ്പിറ്റലിന്റെ പാർക്കിങ്ങ് ഏരിയയില്‍ പാർക്ക് ചെയ്തു . അപ്പോഴേക്കും എസ് ഐ ദേവസ്യയും ഡോക്ടര്‍ ദേവാനന്ദും അങ്ങോട്ടെത്തി.

നാലുപേരും ഡോക്ടര്‍ അഞ്ജലി കിടന്നിരുന്ന മുറിയിലേക്ക് കയറി . മുന്നില്‍ ഫാദർ ഗ്രിഗോറിയോസിനെ കണ്ട അഞ്ജലി നമസ്ക്കാരം പറഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു .

“വേണ്ട കിടന്നോളൂ… ” ഫാദർ കിടന്നോളാൻ കൈകൊണ്ട് ആഗ്യം കാണിച്ചു .
ഫാദർ ഗ്രിഗോറിയോസ് കൂടെവന്നവരെ ഡോക്ടര്‍ അഞ്ജലിക്ക് പരിചയപ്പെടുത്തിക്കൊടുത്തു .

“ഡോക്ടർ നിങ്ങള്‍ മൂവർ സംഘത്തിലെ രണ്ട് പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല . നിങ്ങള്‍ക്കിടയിൽ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. അത് എന്താണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും .
ഫാദർ ഗ്രിഗോറിയോസ് പറഞ്ഞു നിർത്തി.

“അന്ന് രാത്രി നിങ്ങളോട് യാത്ര പറഞ്ഞ് ഡോക്ടര്‍ നാൻസി വട്ടേകാടൻ എങ്ങോട്ടാണ് പോയത്? “

എസ് ഐ ജോണ്‍ ചോദിച്ചു .