ശവക്കല്ലറയിലെ കൊലയാളി 16

ശവക്കല്ലറയിലെ കൊലയാളി 16
Story : Shavakkallarayile Kolayaali 16 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫാദർ ഗ്രിഗോറിയോസിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് മറ്റുള്ളവര്‍ കേട്ടത് .

“ആരാണ് ഫാദർ അദ്ദേഹം ? ആരാണെങ്കിലും നമുക്ക് കണ്ടെത്തി കൊണ്ടുവരാം ഫാദർ”

“അദ്ദേഹത്തെ കണ്ടെത്തുക പ്രയാസമാണ് ജോണ്‍ , അദ്ദേഹം എവിടെയാണെന്ന് അറിയുന്നതുപോലും ശ്രമകരമാണ്.എങ്കിലും നമുക്കൊന്ന് നോക്കാം. “

ഫാദർ ഗ്രിഗോറിയോസ് അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതംനിറഞ്ഞ കണ്ണുകളോടെയാണ് അവര്‍ ഫാദറിനെ നോക്കിയത് .

ഫാദർ ഗ്രിഗോറിയോസ് അഞ്ജലിയുടെ മുറിയില്‍ നിന്നും ഇറങ്ങാന്‍ സമയം ഒരു ചെറിയ മരക്കുരിശെടുത്ത് അഞ്ജലിയുടെ നെറ്റിയില്‍ തൊട്ടശേഷം അതുകൊണ്ടുതന്നെ അവിടെ കുരിശ് വരച്ച് അവളുടെ കയ്യില്‍ ഏൽപ്പിച്ചു .

“പ്രതിസന്ധികൾ കാണുന്നുണ്ട്. ജീവൻ വരെ അപകടത്തിലാവാനും സാധ്യതയുണ്ട്. എന്ത് സംഭവിച്ചാലും ഈ കുരിശ് കൈമോശം വരുത്തരുത്, അത് കൂടുതല്‍ അപകടം വിളിച്ചുവരുത്തും . പിന്നെ എല്ലാം കർത്താവിലാണ്, പ്രാർത്ഥിക്കുക… “

ഫാദറിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് അഞ്ജലി കേട്ടത് . പേടിയോടെ തന്നെ അവള്‍ കൈനീട്ടി ആ മരക്കുരിശ് വാങ്ങി .

മുറിയില്‍നിന്നും പുറത്തിറങ്ങാൻ സമയം എസ് ഐ ജോണിന്റെ ഫോണിലേക്ക് എസ്പി ഓഫീസില്‍നിന്നും കാൾ വന്നു .

ഡോക്ടര്‍ നാൻസി വട്ടേകാടന്റെ കൊലപാതകത്തിന്റെ അന്വേഷണപുരോഗതി അറിയിക്കാന്‍ എസ്പി ഓഫീസില്‍ എത്തി എസ്പിയെ കാണാൻ വിളിപ്പിച്ചതായിരുന്നു ആ ഫോണ്‍ .

ഹോസ്പിറ്റലില്‍ നിന്നും പുറത്തിറങ്ങി ജോണ്‍ എസ്പി ഓഫീസിലേക്ക് തിരിച്ചു, കൂടെ ഫാദര്‍ ഗ്രിഗോറിയോസും പോയി.

എസ് പി മരുതനായകം ഐഎഎസ് ആ സമയം തന്റെ ഓഫീസില്‍ നാൻസി വട്ടേകാടന്റെ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

“മേ ഐ കം ഇൻ സർ… “

“യെസ്…കം. “

അകത്തേക്ക് കയറിയ ജോണ്‍ ബാറ്റൺ കക്ഷത്തിൽ വെച്ച് എസ് പി മരുതനായകത്തെ സല്യൂട്ട് ചെയ്തു .

“യെസ് മിസ്റ്റര്‍ ജോണ്‍
… ഉക്കാറ് , നാൻ അന്ത ഡോക്ടറുടെ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് ഇപ്പതാ പാത്തത് . സംതിങ്ങ്സ് ഈസ് റോങ്ങ് മിസ്റ്റര്‍ ജോണ്‍… “

“അതേ സർ, പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദ് എന്നോട് പറഞ്ഞിരുന്നു . സർജിക്കൽ ബ്ലേഡ് വെച്ചപ്പോൾ തന്നെ ഡോക്ടര്‍ ആ കാര്യം മനസ്സിലാക്കിയിരുന്നു.”

“ഹൗ മിസ്റ്റര്‍ ജോണ്‍ ? അതെപ്പടി അന്തമാതിരി വന്തത് ? എനി ഐഡിയ ?”