സംശയക്കാരി

“ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട”

ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു.

“ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ”

“നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട്‌ പോയി ഇരുന്നാലെന്താ..”

“ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം എന്ത് കുഴപ്പമാണ് നീ കണ്ടത്?”

“ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ..ഈ ഉടുപ്പിടാന്‍ അല്ലെ പറഞ്ഞുള്ളൂ..” അവള്‍ മുഖം വീര്‍പ്പിച്ചു.

“ഞാന്‍ ഇടുന്നില്ല..നീ ഒന്ന് പോയെ..”

“ഗോപുവേട്ടാ..എനിക്കറിയാം നിങ്ങളുടെ ഉള്ളിലിരിപ്പ്..ഞാന്‍ പൊട്ടി ഒന്നുമല്ല…”

“എന്തോന്ന് ഉള്ളിലിരിപ്പ്..?’

ഗേറ്റിന്റെ അരികില്‍ ആരോ വന്നത് കണ്ടപ്പോള്‍ അവള്‍ മറുപടി നല്‍കാതെ അങ്ങോട്ട്‌ നോക്കി. അതോടെ അവളുടെ മുഖം കൂടുതല്‍ കറുത്തു. രണ്ടു വീടുകള്‍ക്ക് അപ്പുറത്തുള്ള ഗിരീശന്റെ ഭാര്യ രാധികയാണ് കക്ഷി. കാണാന്‍ അതിസുന്ദരി. പോരാത്തതിന് എല്‍ ഐ സി ഏജന്റും. ചേട്ടന്‍ വന്നെന്നറിഞ്ഞു പോളിസി എടുപ്പിക്കാനുള്ള വരവാണ്. അവളുടെ ചന്തത്തില്‍ മയങ്ങി ഇങ്ങേര്‍ എടുക്കുകയും ചെയ്യും. മഞ്ജു അനിഷ്ടത്തോടെ ഉള്ളില്‍ പിറുപിറുത്തു.

“യ്യോ ചേട്ടാ ഈ ഉടുപ്പിട്..ആ രാധിക ഇങ്ങോട്ട് വരുന്നു” മഞ്ജു ശബ്ദം തീരെ താഴ്ത്തി അവനോട് പറഞ്ഞു.

“സൌകര്യമില്ല..അവള് വരുന്നതിന് ഞാന്‍ എന്തിനാ ഉടുപ്പിടുന്നത്”

“ഹും..കണ്ട പെണ്ണുങ്ങളെ ഒക്കെ കാണിക്കാന്‍..നാണമില്ലാത്ത മനുഷ്യന്‍..” അവള്‍ ചാടിത്തുള്ളി ഉള്ളിലേക്ക് പോയപ്പോള്‍ അന്നനടയായി വരുന്ന രാധികയെ ഗോപു നോക്കി.

“മഞ്ജു എന്നെ കണ്ടതുകൊണ്ടാണോ ഗോപുവേട്ടാ ഉള്ളിലേക്ക് പോയത്?” വിടര്‍ന്ന ചിരിയോടെ രാധിക ചോദിച്ചു.

‘യ്യോ..അവള്‍ടെ ഒരു ഒലിപ്പീര്..പഞ്ചാര കലക്കിയല്ലേ ഗോപുവേട്ടാ എന്ന് വിളിക്കുന്നത്’ കതകിന്റെ മറവില്‍ നിന്നുകൊണ്ട് മഞ്ജു കോപത്തോടെ ആത്മഗതം ചെയ്തു.

“എന്തൊക്കെ ഉണ്ട് രാധികേ? ഗിരീശന്‍ എന്ത് പറയുന്നു? ഈയിടെ എങ്ങാനും അവന്‍ വന്നിരുന്നോ?” ഗോപു കുശലം ചോദിച്ചു.

“ഓ..അങ്ങേര്‍ക്ക് ഗോപുവേട്ടനെപ്പോലെ അവധി കിട്ടുമോ..വന്നാല്‍ വന്നു എന്ന് പറയാം… ഏട്ടന്‍ അവിടെ ഗള്‍ഫില്‍ നല്ല തീറ്റിയും കുടിയും ആണെന്ന് തോന്നുന്നല്ലോ..ആള്‍ അങ്ങ് തടിച്ചു പഴയതിനേക്കാള്‍ സുന്ദരനായി..”

രാധികയുടെ സംസാരം കേട്ടപ്പോള്‍ മഞ്ജുവിന്റെ കോപം ആളിക്കത്തി. ഹോ..അവള് സുഖിപ്പിക്കുകയാണ് അങ്ങേരെ. സ്വര്‍ണമാലയും നെഞ്ചും കാണിച്ച് നാണമില്ലാതെ അങ്ങേരുടെ ഒരു ഇരുപ്പ്. ഇറങ്ങി ചെന്ന് അവളെ ഓടിക്കാനുള്ള കോപം വളരെ പ്രയാസപ്പെട്ട് മഞ്ജു അടക്കി.

“രാധികയും പഴയതിനേക്കാള്‍ മിനുത്തിട്ടുണ്ട്….പക്ഷെ ഇവിടെ ഒരുത്തിയുണ്ട്..നന്നായി ഭക്ഷണം കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..കണ്ടില്ലേ അവളുടെ കോലം”