ദേവകിയമ്മ

“അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു.

“ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “

ദേവകിയമ്മയും വിട്ടു കൊടുത്തില്ല.

“അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “

“അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ മാറ്റിയിട്ടില്ലെങ്കിൽ ഈ വിവാഹം നടക്കും. “

ദേവകിയമ്മയെ മറി കടക്കാൻ ആർക്കും ആകില്ലെന്ന് അറിയാമായിരുന്നിട്ടും ഹരി തന്റെ ചേച്ചി ദീപ്തിയുടെ അരികിലെത്തി.

“നോക്കു ചേച്ചി എവിടെയോ കിടക്കുന്നവളെ വീട്ടിൽ കേറ്റാൻ പോകുവാ.. ചേച്ചി അവൾക്കു എന്റെ കൂടെ നിൽക്കാനും മാത്രം സൗന്ദര്യം ഇല്ല എന്നതോ പോട്ടെ പണവും പ്രതാപവും ഒന്നുമില്ലാത്തവളെ ആണോ അമ്മ എനിക്ക് വേണ്ടി കണ്ടെത്തിയത്? “

പണം എന്ന് കേട്ടാലേ ചേച്ചി ചാടി വീഴും എന്നറിയാമായിരുന്നിട്ടു തന്നെയാണ് ഇഷ്ടമില്ലാത്ത വിഷയം ആയിട്ടു കൂടി ഹരി അത് എടുത്തിട്ടത്. എങ്ങനെയും ഹരിയ്‌ക്കു ഈ വിവാഹം മുടക്കണം.

കേട്ട പാതി കേൾക്കാത്ത പാതി ദീപ്തി അമ്മയുടെ അടുക്കലേക്കു പോയി.

ദൈവം എന്നോട് ക്ഷമിക്കും എന്ന് മനസ്സിലോർത്തു ഹരി മുറിയിലേക്ക് പോയി.

ദീപ്തി :”അമ്മ എന്ത് പരുപാടിയാ അമ്മേ കാണിച്ചേ? ഒരു ഭംഗിയും ഇല്ലാത്ത ഒരു പെണ്ണിനെയാണോ അമ്മ അവനു വേണ്ടി കണ്ടെത്തിയേ? “

ദേവകിയമ്മ അവളെ ഒന്ന് അടിമുടി നോക്കി.
വയസ്സ് 24 ഒള്ളു എങ്കിലും കണ്ടാൽ 38 തോന്നിക്കും. ഒന്ന് പെറ്റെണീറ്റപ്പോഴേക്കും വീപ്പ കുറ്റി പോലായി. ദേവകിയമ്മ പുച്ഛഭാവത്തിൽ മുഖം തിരിച്ചു ബാക്കി ജോലി നോക്കി .

അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നോണം ദീപ്തി സൗന്ദര്യത്തെ കുറിച്ച് പിന്നെ ഒന്നും മിണ്ടീല.

“അമ്മ എന്ത് ഉദ്ദേശത്തിലാ ഉരിയ അരിയ്ക്കു വകയില്ലാത്ത ഒരുത്തിയെ ഇങ്ങോട്ട് കൊണ്ട് വരുന്നത്? ഇവളുമാരൊക്കെ പൈസ കണ്ടാൽ പിന്നെ ഞെളിയാൻ തുടങ്ങും. “

ഇത്തവണ ദേവകിയമ്മ അറിഞ്ഞു അവളെ ഒന്ന് നോക്കി. നോട്ടത്തിന്റെ തീക്ഷ്ണതയിലാകാം ദീപ്തി ഒന്ന് പിന്നിലേക്ക് പോയി.

“നീ എന്ന് മുതലാ മോളെ പണം കണ്ടു തുടങ്ങിയത്? ഉരിയ അരിയ്ക്കു ഗതിയില്ലാതെ കിടന്നതും ഇപ്പൊ ഞെളിഞ്ഞതും ആരാണെന്നു മോളു ഒന്നുടെ ഒന്ന് ഓർത്തു നോകിയെ “

ഇത്രയും പറഞ്ഞു ദേവകിയമ്മ വീണ്ടും ജോലിയിലേക് തിരിഞ്ഞു. തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ദീപ്തിയെ കേൾപ്പിക്കാനെന്നോണം ദേവകിയമ്മ പറഞ്ഞു brain beats beauty.

ദേവകിയമ്മ കണ്ടെത്തിയ മുഹൂർത്തത്തിൽ ഹരിയ്ക്കു താലി കെട്ടേണ്ടി വന്നു.

ദേവകിയമ്മ :” മീനാക്ഷി, മോൾക്ക് അമ്മ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ. മോളു മുറിയിലേക്ക് പൊയ്ക്കോളൂ. “

മീനാക്ഷിയെ വേദനിപ്പിക്കാനെന്നോണം അവൾ അകത്തേയ്ക്കു കാലെടുത്തു വച്ചതും ഹരി പറഞ്ഞു

“നീ അമ്മയുടെ കാര്യങ്ങൾ നോക്കിയാൽ മതി താലി കെട്ടി എന്ന് കരുതി എന്റെ കാര്യങ്ങൾ നോക്കാൻ വരണ്ട. “

കണ്ണ് നിറയ്ക്കും എന്ന് കരുതിയ ഹരിയെ ഞെട്ടിച്ചു കൊണ്ട് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് കട്ടിലിനടുത്തേയ്ക് പോയി തലയണകളാൽ ഒരു വേലി തീർത്തു ഒരു സൈഡിൽ കിടന്നു.

ഒന്നും മനസിലാകാതെ ഹരി മറുവശത്തു കിടന്നു. കൂട്ടചിരി കേട്ടാണ് ഹരി പിറ്റേന്ന് കണ്ണ് തുറന്നത്. മുറിയ്ക്കു പുറത്തേക് ഇറങ്ങിയപ്പോ കണ്ട കാഴ്ച ഹരിയെ ഞെട്ടിച്ചു. അവളെ പുകച്ചു പുറത്തുചാടിക്കാം എന്ന് വാക്കും പറഞ്ഞു പോയ ചേച്ചിയും അവളും കൂടെ ചക്കരയും അടയും പോലെ ഇരിക്കുന്നു. ഇവൾ ഇത് ഏതാ സാധനം ദൈവമേ. ഹരി ദേഷ്യത്തിൽ മുറിയിലേക്കു പോയി. മീനാക്ഷി അപ്പോൾ റൂമിലേക്ക്‌ എത്തി.

ഓ ചായയും ആയി വന്നേക്കുവാരിക്കും എന്റെ പട്ടി കുടിക്കും എന്ന് പറഞ്ഞു ഹരി തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്തോ ഫയലും എടുത്തോണ്ട് പോയി. ഹരി പിന്നേയും ശശി ആയ കലിപ്പിൽ കുളിക്കാൻ പോയി. പുറത്തു വന്നപ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല. അമ്മയോട് ചോദിക്കണോ ചോദിച്ചാൽ കളിയാകുമോ എന്നൊക്കെ ഓർത്തു നിന്ന ഹരിയേയും വീണ്ടും ഞെട്ടിച്ചു ദേവകിയമ്മ പറഞ്ഞു “അവൾ പോയി നോക്കണ്ട “

“അവൾ ഇത്ര പെട്ടന്ന് പോയോ? “

“നീ കൂടുതൽ സന്തോഷിക്കണ്ട അവൾ പഠിപ്പിക്കാൻ പോയതാ. അവൾ ഇവിടെ അടുത്ത നെറ്റ് കോച്ചിംഗ് ക്ലാസ്സ്‌ എടുക്കുന്നുണ്ട്.നിന്നെ പോലത്തെ മന്ദബുദ്ധിയൊന്നും അല്ല. ആ കൊച്ചു നെറ്റ് പാസ്സായതാ. നല്ല മാർക്കോടെ. മിക്കവാറും ഉടനെ തന്നെ ജോലിയും ആകും. “

ഇവൾക്ക് അതിനൊക്കെയുള്ള ബുദ്ധി ഉണ്ടോ എന്ന് ആലോചിച്ചു ഹരി കോളേജിലെക് പോയി. ഹരി അവിടെ അടുത്തൊരു ഗവർമെന്റ് കോളേജിലെ അധ്യാപകനാണ്. കല്യാണത്തിന്റെ പിറ്റേന്ന് തന്നെ ഹരിയെ കണ്ടു എല്ലാവരും ഞെട്ടി.