അറിയാൻ വൈകിയത്

‘ഗീതൂ, ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു, എന്താ നിനക്ക് കുഴപ്പം?’

‘എനിക്കോ? ഒന്നൂല്ല്യ’

‘അല്ല. നമ്മുടെ കല്യാണം കഴിഞ്ഞ് ആറ് മാസമായി, ഇതുവരെയും നിന്നെ പൂർണ്ണസന്തോഷത്തോടെ കാണാൻ എനിക്ക് പറ്റിയിട്ടില്ല. ഓരോ ദിവസവും പ്രതീക്ഷയായിരുന്നു എല്ലാം ശരിയാവുമെന്ന്. പറയ് എന്താ നിന്റെ പ്രശ്‍നം? എന്തായാലും തുറന്ന് പറയ്, ഇങ്ങനെ ജീവിതം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല’

‘എനിക്ക് ഇവിടെ സന്തോഷമാണ്, ഏട്ടന് തോന്നുന്നതാവും’

‘അല്ല, ഈ കല്യാണത്തിൽ നിനക്ക് പൂർണ്ണസമ്മതമായിരുന്നോ എന്ന്പോലും എനിക്ക് സംശയമാണ്. പെണ്ണ്കണ്ട് ഇന്ന് ഈ നിമിഷം വരെ ഒരു കാമുകിയായോ ഒരു ഭാര്യയായോ നിന്നെ അനുഭവിക്കാൻ സാധിച്ചിട്ടില്ല. പലപ്പോഴും നീ എന്നിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു’

ഈശ്വരാ എന്താ അനിയേട്ടൻ ഈ പറയുന്നത്. ഏട്ടന് എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ആവോ.

കാലവർഷം പടികടന്നെത്തി, ഇന്ന് ഉച്ചയ്ക്ക് ശേഷം നല്ല കാറ്റും മഴയുമായിരുന്നു. മണ്ണും മാനവും തണുത്ത് തുടങ്ങി, പക്ഷെ അനിയുടെ മുന്നിൽ നിന്ന് ഗീതു വിയർക്കാൻ തുടങ്ങി.

‘അനിയേട്ടാ…’

‘ഗീതു, നിനക്ക് പറയാൻ ഞാൻ സമയം തരാം. അതിന് മുൻപ് എനിക്ക് കുറച്ച് പറയാൻ ഉണ്ട്. കുറേ ദിവസമായി മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യമാണ്, പക്ഷേ ഇന്ന് എനിക്കത് നിന്നോട് പറഞ്ഞേ പറ്റൂ’

തുറന്ന് കിടക്കുന്ന ജനൽ വാതിലിലൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് വരുന്നുണ്ടായിരുന്നു. കട്ടിലിൽ ചുമരിനോട് ചേർന്നിരിക്കുന്ന അനിയുടെ നെഞ്ചിലെ രോമങ്ങളിൽ ആ ഇളം തെന്നൽ തഴുകിത്തലോടി കടന്നുപോയി. അവന് തണുപ്പ് തോന്നിയില്ല, ആ കാറ്റിന് അവന്റെ ശരീരത്തെ തണുപ്പിക്കാനേ കഴിയൂ, മനസ്സിനെ പറ്റില്ല. ചില ഉറച്ച തീരുമാനങ്ങൾ എടുത്തിട്ടാണ് അവൻ ഇരിക്കുന്നത്, പറയാൻ പോകുന്ന കാര്യത്തിന്റെ ഗൗരവം അവന്റെ മുഖത്ത് അലതല്ലുന്നുണ്ടായിരുന്നെങ്കിലും പതിവ് പോലെ സൗമ്യമായ ഭാഷയിൽ അവൻ തുടർന്നു,

‘ഗീതുവിന് എന്നെപ്പറ്റി എന്തറിയാം? ഒന്നുമില്ല. എനിക്ക് നിന്നെപ്പറ്റിയും ഒന്നുമറിയില്ല. നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്, അത് മറ്റുള്ളവർക്ക് മുന്നിൽ, നമുക്കുള്ളിൽ അങ്ങനെ ആണോ? അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അമ്മയുടെ നിർബന്ധവും മറ്റുചില കാരണങ്ങളുമാണ് എന്നെ ഒരു കല്യാണത്തിന് പ്രേരിപ്പിച്ചത്. കല്യാണം എന്നുള്ളത് ജീവിതത്തിന്റെ ഒരു അനിവാര്യത ആയത്കൊണ്ട് പതുക്കെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. അങ്ങനെയാണ് ഞാൻ നിന്നെ കാണാൻ വരുന്നത്. എനിക്ക് ആദ്യംതന്നെ നിന്നെ ഇഷ്ടമായി, മുൻപ് കണ്ടിരുന്ന പലരെയും എനിക്ക് ഇഷ്ടമായിരുന്നു എന്നതും അവർക്ക് എന്നെ ഇഷ്ടമായില്ല എന്നതും ഒരു സത്യമാണ്, അതുകൊണ്ട്തന്നെ നിന്റെ കാര്യത്തിലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്റെ കുറവുകളെ പറ്റി എനിക്ക് പൂർണ്ണമായ ബോധ്യം ഉണ്ടായിരുന്നു. പഠിപ്പില്ല, കറുത്തിട്ടാണ്, സ്വഭാവം അത്ര നല്ലതല്ല, എന്നിട്ടും പഠിപ്പും വെളുപ്പും ഉള്ള നീ സമ്മതിച്ചപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. അന്ന് മുതൽ ഞാൻ സ്വപ്നം കാണാൻ തുടങ്ങി, കറുത്തവനാണ് എന്ന എന്റെ അപകർഷതാബോധം നീങ്ങിതുടങ്ങി. കറുത്ത ആണിന് കറുത്ത പെണ്ണിനെ മാത്രേ കിട്ടൂ എന്ന് പറഞ്ഞിരുന്നവരുടെ മുന്നിലൂടെ ഞാൻ നെഞ്ച് വിരിച്ച് നടക്കാൻ തുടങ്ങി. സന്തോഷമായിരുന്നു മനസ്സുനിറയെ. മൂളിപ്പാട്ടുകൾ വന്നുതുടങ്ങി, വെളുക്കാനുള്ള ക്രീമുകൾ തേക്കാൻ തുടങ്ങി, വീട്ടിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി, അങ്ങനെ നിന്നോടുത്തുള്ള ഒരു ജീവിതത്തിനായി എന്റെ മനസ്സിനെയും ശരീരത്തെയും ഞാൻ പാകപ്പെടുത്തി.
മനസ്സിലെ നിറഞ്ഞ സന്തോഷംകൊണ്ടാണോ എന്നറിയില്ല, അപ്പോൾ നിന്റെ മനസ്സിനെ ഞാൻ ശ്രദ്ധിച്ചില്ല. ഇപ്പൊ എനിക്ക് മനസിലാകുന്നു, അന്ന് നീ ഫോണിൽ അധികം സംസാരിക്കില്ല, പത്തോ പതിനഞ്ചോ മിനുട്ടുകൾ സംസാരിക്കുമ്പോഴേക്കും അമ്മ വിളിക്കുന്നു എന്ന് പറഞ്ഞോ ബാറ്ററി തീർന്നു എന്ന് പറഞ്ഞോ നീ ഫോൺ വെക്കുമായിരുന്നു. എനിക്ക് നിന്നെപ്പറ്റി അറിയാൻ വല്ലാത്ത ആഗ്രഹമായിരുന്നു, പക്ഷേ എന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിതരാതെ നീ ഒഴിഞ്ഞുമാറുകയായിരുന്നു. എനിക്ക് എന്നെപ്പറ്റി പറയണമെന്നുണ്ടായിരുന്നു, എന്നെപ്പറ്റി നീ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടായിരുന്നു പക്ഷെ അതൊന്നും കേൾക്കാൻ നീ ഒരിക്കലും തയ്യാറായിരുന്നില്ല. അതെല്ലാം മനസ്സിൽ ഒരു വിങ്ങലായി ഉണ്ടായിരുന്നെങ്കിലും അർഹിച്ചതിലും അധികം കിട്ടിയല്ലോ എന്നോർത്ത് ഞാൻ അതിനെ മനപ്പൂർവം മറന്നു’

‘ഏട്ടാ…’

‘നിൽക്ക്, ഞാൻ പറഞ്ഞ് തീർക്കട്ടെ, ഇന്ന് പറയാൻ പറ്റിയില്ലെങ്കിൽ പിന്നെ പറ്റിയെന്ന് വരില്ല. എനിക്ക് ഇന്ന് എന്റെ മനസിലുള്ളതെല്ലാം പറഞ്ഞേ പറ്റൂ, അത് നീ കേൾക്കണം. ഒരു ഭർത്താവിന്റെ അധികാരം ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ഞാൻ ഈ പറയുന്നത്’

ഗീതുവിന്റെ മുഖം വാടിത്തുടങ്ങിയിരുന്നു, അവളുടെ കണ്ണുകൾ ഏത് നിമിഷവും പെയ്തൊഴിയാൻ തയ്യാറായി നിന്നു. പക്ഷേ അതൊന്നും അനിയെ സ്വാധീനിച്ചില്ല. കുറേ നാളുകളായി മനസ്സിൽ അടക്കിവച്ചിരുന്ന കാര്യങ്ങൾ ഇന്ന് തുറന്ന് പറയാൻ തയ്യാറായിട്ടാണ് അവന്റെ ഇരിപ്പ്.

‘എല്ലാവരെയും പോലെ വിവാഹം ഉറപ്പിച്ച പെണ്ണിനോട് മണിക്കൂറുകൾ ശൃംഗരിക്കണം എന്നുണ്ടായിരുന്നു, അത് നടന്നില്ല, എന്നാലും വിവാഹം എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. അതുകൊണ്ട്തന്നെ എന്റെ സ്വപ്നങ്ങൾക്ക് ചിതയൊരുക്കാൻ ഞാൻ തയ്യാറായില്ല. നല്ല രീതിയിൽത്തന്നെ നമ്മുടെ വിവാഹം നടന്നു. ആദ്യരാത്രി, ഏതൊരു ആണിന്റെയും മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള രാത്രി. ഞാനും സ്വപ്നം കണ്ടിരുന്നു, ഒരുപാട്. പണ്ടത്തെപോലെയല്ല എല്ലാവരും ആദ്യരാത്രിയിലെ ഓരോ നിമിഷത്തെപ്പറ്റിയും മുൻകൂട്ടി ചർച്ചചെയ്യും, നമ്മുടെ കാര്യത്തിൽ അതുണ്ടായില്ല, നീ അതിന് സഹകരിച്ചില്ല എന്നതാണ് സത്യം. അതും ഞാൻ കാര്യമായെടുത്തില്ല, ഒരു പെണ്ണിന്റെ വികാരങ്ങൾ , നാണം അതൊക്കെ കൊണ്ടായിരിക്കും നീ സഹകരിക്കാത്തത് എന്ന് കരുതി ഞാൻ സമാദാനിച്ചു.