ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി…
പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍…
തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല…
മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നത്…
ഒരു തണുത്ത കാറ്റ് കോവിലകത്തിന്‍റെ മുന്നിലെ പടര്‍ന്ന് പന്തലിച്ച മാവിനെ പുല്‍കി കടന്നു പോയി…
ആ കാറ്റിന്‍റെ കുളിര്‍മ്മയില്‍ ശ്രീനന്ദന കോരിത്തരിച്ചു…
ആകാശത്ത് ഉരുണ്ട് കൂടുന്ന കാലവര്‍ഷ മേഘങ്ങളുടെ ഭംഗിയില്‍ കണ്ണുനട്ട് ലയിച്ച് നില്‍ക്കുമ്പോള്‍ അവ എന്തോ പറയാന്‍ വെമ്പുന്നതായി ശ്രീനന്ദനയ്ക്ക് തോന്നി…
മെല്ലെ ശ്രീനന്ദന പിന്തിരിഞ്ഞു നടന്നു…
മേശമേലിരിക്കുന്ന തൂവെളളക്കടലാസുകളും തൂലികയും എഴുതാന്‍ വെമ്പി നില്‍ക്കുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു…
പക്ഷെ തന്‍റെ മനസ്സ് തീര്‍ത്തും ശൂന്യമാണെന്ന് തിരിച്ചറിഞ്ഞതും നിരാശയോടെ ശ്രീനന്ദന പടിക്കെട്ടുകള്‍ ഇറങ്ങി താഴേക്ക് നടന്നു…
**************
ശ്രീനന്ദന..
തൂലികത്തുമ്പില്‍ നിന്നുതിരുന്ന ഒരോ വാക്കിലും ജീവന്‍റെ തുടിപ്പുകളുളള ഒരു നല്ല എഴുത്തുകാരി…
ഭര്‍ത്താവ് ദേവാനന്ദ് റൂറല്‍ എസ്.പി..
കോവിലകത്തിനോട് ചേര്‍ന്നുളള വീട് ഒരു റൂറല്‍ എസ്.പിയ്ക്ക് കൊടുക്കുന്നതിനോട് മഹാദേവന്‍ തമ്പുരാന്‍ വലിയ വിയോജിപ്പ് ഒന്നുമില്ലായിരുന്നു…
വീട് അടച്ചിട്ട് പൊടി കയറുന്നതിനേക്കാള്‍ നല്ല കുടുംബങ്ങള്‍ ആണെങ്കില്‍ വാടകയ്ക്ക് കൊടുക്കുന്നതാണ് നല്ലതെന്ന വിദേശത്തുളള മകന്‍റെ ഉപദേശം കിട്ടിയതോടെ ആദ്യനറുക്ക് വീണത് ട്രാന്‍സ്ഫറായി വന്ന ദേവാനന്ദിനായിരുന്നു…
ശ്രീനന്ദനയ്ക്ക് വീടും സ്ഥലവും ഒറ്റ കാഴ്ചയില്‍ തന്നെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു…
കോവിലകത്തോട് ചേര്‍ന്ന് ആധുനികതയും പഴമയും കലര്‍ന്ന ഒരു മനോഹരമായ ഇരുനില വീട്…
കോവിലകവുമായി വേര്‍തിരിച്ച് മതിലുകളുണ്ടെങ്കിലും കോവിലകത്തെ ബന്ധിപ്പിച്ച് ഒരു ഗെയിറ്റിട്ട ചെറിയ വാതിലുണ്ടായിരുന്നു…
മുറ്റത്തെ പുല്‍ത്തകിടും ക്രമമായി നട്ട് വളര്‍ത്തിയ ഭംഗിയുളള പൂച്ചെടികളും ഒരു ചെറിയ ആമ്പല്‍ കുളവും പടര്‍ന്ന് പന്തലിച്ച തൈമാവും എല്ലാം മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തുന്നവയായിരുന്നു..
കാലവര്‍ഷം വന്നെത്തിയതിന്‍റെ സൂചന അറിയിച്ച് നനവിന്‍റെ സ്പര്‍ശമുളള കാറ്റ് വീശിക്കൊണ്ടിരുന്നു..
മഴയുടെ സംഗീതത്തിനായി കാതോര്‍ത്ത് ശ്രീനന്ദന പൂമുഖത്തെ ചാവടിയില്‍ ചാരിയിരുന്ന…
ഇളംകാറ്റിന്‍റെ സ്നേഹ സ്പര്‍ശത്താല്‍ ശ്രീനന്ദനയുടെ നീണ്ട ഈടതൂര്‍ന്ന മുടിയിഴകള്‍ താളത്തില്‍ നൃത്തമാടി…
ശ്രീനന്ദന മഴയെ സ്നേഹിക്കുന്ന എഴുത്തുകാരിയാണ്…
മഴ അവളുടെ ഹൃദയത്തില്‍ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, ഒരു നനുത്ത സംഗീതമായി പെയ്തിറങ്ങാറുണ്ട്…
ചില സമയങ്ങളില്‍ മഴ ഒരു കളിക്കൂട്ടുകാരിയായി വന്നു അവളുടെ കാതുകളില്‍ എന്തൊക്കെയോ മന്ത്രിക്കാറുണ്ട്…
കാര്‍മേഘങ്ങള്‍ കാണുമ്പോള്‍ മഴ കണ്ട കാര്‍മുകിലെന്ന പോലെ അവളുടെ ഹൃദയം പീലി നിവര്‍ത്തിയാടാറുണ്ട്…
മഴത്തുളളികളിലൊന്ന് വന്ന് അവളുടെ കവിളില്‍ തലോടി…
രോമാഞ്ചപുളകിതയായി ശ്രീനന്ദന എഴുന്നേറ്റു…
മഴത്തുളളികളുടെ കിലുക്കം ഒരു സംഗീതധാരയായി അവളുടെ കാതുകളിലേക്ക് ഒഴുകി…
മഴത്തുളളികളുടെ മന്ത്രണം അവളുടെ കാതുകളില്‍ പതിച്ചു…
അവള്‍ സൂക്ഷ്മമായി അത് ശ്രവിച്ചു…
എന്താണ് മഴത്തുളളികള്‍ തന്നോട് മന്ത്രിക്കുന്നത്…
”എനിയ്ക്ക് ഒരു കഥ പറയാനുണ്ട്…”
ശ്രീനന്ദനയുടെ കണ്ണുകള്‍ വിടര്‍ന്നു…
”ആരുടെ കഥ…?”
അവള്‍ മഴത്തുളളികളോട് ചോദിച്ചു..
മഴത്തുളളി കിലുക്കം ഒരു കുലുങ്ങി ചിരിയായി അവള്‍ക്ക് അനുഭവപ്പെട്ടു …
ആ ചിരി അവളുടെ കാതുകളില്‍ മുഴങ്ങി കേട്ടു…
മുന്നിലെ മഴത്തുളളികളില്‍ അവ്യക്തമായ ഒരു രൂപം തെളിഞ്ഞു…
മഴത്തുളളികളുടെ ആ കുലുങ്ങിച്ചിരി ഒരു നേര്‍ത്ത തേങ്ങലായി ശ്രീനന്ദനയുടെ കാതില്‍ പതിഞ്ഞു…
മുന്നിലെ മഴനൂലാല്‍ സൃഷ്ടിച്ച അവ്യക്തം രൂപം ഒരു പെണ്‍കുട്ടിയുടേതാണെന്ന് ശ്രീനന്ദന ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു..
”ആരാണ് നീ…?”
ഭയപ്പാടോടെ ശ്രീനന്ദന ചോദിച്ചു…
ഒരു വല്ലാത്ത ഇരമ്പം ശ്രീനന്ദനയുടെ കാതുകളില്‍ പതിച്ചു…
അവളുടെ കാതില്‍ ആരോ മന്ത്രിച്ചു…
ഒരു മഴത്തുളളി കിലുക്കം പോലെ…
”ഭദ്ര….!!!”
ആ മന്ത്രണം അവളുടെ കാതുകളില്‍ ഒരു പ്രതിധ്വനിയായി മാറ്റൊലി കൊണ്ടു…
മെല്ലെ മെല്ലെ ആ മഴനൂല്‍ രൂപം മഴയില്‍ അലിഞ്ഞില്ലാതായി…
ഒന്ന് വെട്ടിവിറച്ചെന്ന പോലെ ശ്രീനന്ദന കണ്ണുകള്‍ തുറന്നു…
അവള്‍ പകച്ച് ചുറ്റുപാടും നോക്കി…
മുന്നില്‍ ഇരച്ച് പെയ്യുന്ന മഴ…
താന്‍ കണ്ടത് സ്വപ്നമാണോ….?
“ഭദ്ര…” ആ ശബ്ദം കാതില്‍ വന്ന് അലയ്ക്കുന്നത് പോലെ…
ശ്രീനന്ദനയുടെ ശരീരമാകെ വിയര്‍ത്ത് കുളിച്ചിരുന്നു…
”ഇതെന്താ മേഡം… മേഡം മഴ നനഞ്ഞതോ വിയര്‍ത്തതോ…?”
ആ ശബ്ദം കേട്ട് ശ്രീനന്ദന ഞെട്ടിത്തിരിഞ്ഞ് നോക്കി..
അടുക്കളയില്‍ സഹായത്തിന് നിര്‍ത്തിയിരിക്കുന്ന മന്ദാകിനിയാണ്..
ശ്രീനന്ദനയ്ക്ക് ഒരു പതര്‍ച്ചയുണ്ടായി..
സാരിത്തലപ്പ് കൊണ്ട് മുഖവും കൈകളും തുടച്ചിട്ട് ആ പതര്‍ച്ച് മറച്ച് കൊണ്ട് ശ്രീനന്ദന പറഞ്ഞു:
“കാറ്റില്‍ തൂവാനം അടിച്ച് കയറിയതാണ്…”
”സൂക്ഷിക്കണം മേഡം.. പുതുമഴയാ.. ജലദോഷമുണ്ടാകാന്‍ ഇത് മതി…”
”മ്…” മന്ദാകിനിയുടെ ഉപദേശം കേട്ട് മൂളിക്കൊണ്ട് ശ്രീനന്ദന അകത്തേക്ക് നടന്നു…
”അയ്യാ…. മഴ നനയാന്‍ കൊച്ചു പ്രായമല്ലേ… ഹിം… ഒരു കൊച്ചില്ലാത്തതിന്‍റെ എല്ലാ ദോഷവുമുണ്ട്…. വേറെ ജോലിയൊന്നുമില്ലല്ലോ… പിന്നെ മഴ നനഞ്ഞാലെന്ത്…” ഒരു പ്രത്യേക താളത്തില്‍ മുറുമുറുത്ത് കൊണ്ട് മന്ദാകിനി അടുക്കളയിലേക്കും നടന്നു…
വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷം കഴിഞ്ഞു… ഒരു കുഞ്ഞിക്കാല് കാണാനുളള ഭാഗ്യം ദേവാനന്ദിനും ശ്രീനന്ദനയ്ക്കും ഉണ്ടായിട്ടില്ല…
പല പരിശോധനകളും നടത്തി…
പക്ഷെ രണ്ട് പേര്‍ക്കും എന്തെങ്കിലും പ്രശ്നമുളളതായി പരിശോധനാഫലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല…
എല്ലാം വിധിയ്ക്ക് വിട്ടുകൊടുത്തു ഇരുവരും യാതൊരുവിധ പരിഭവങ്ങളുമില്ലാതെ പരസ്പരം സ്നേഹിച്ച് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നു…
*************
”എങ്ങനെയുണ്ട് ശ്രീ വീട്…?”
തന്‍റെ മാര്‍വ്വിടത്തില്‍ മുഖം ചേര്‍ത്ത് കിടക്കുന്ന ശ്രീനന്ദനയുടെ മുടിയിഴകളില്‍ മെല്ലെ തലോടി ദേവാനന്ദ് ചോദിച്ചു…
”എനിക്കിഷ്ടപ്പെട്ടു ദേവേട്ടാ ഈ വീടും പരിസരവുമെല്ലാം… എന്തൊക്കെയോ പ്രത്യേകതകള്‍… എന്തിനോ ഞാന്‍ ഇവിടെ വന്നെത്തിയത് പോലെ ഒരു തോന്നല്‍… എന്‍റെ തോന്നലാകാം…”
അവള്‍ ഒരു മന്ത്രണം പോലെ പറഞ്ഞു…
”ഒരു കഥയ്ക്ക് സ്കോപ്പ് വല്ലതുമുണ്ടോ കുട്ടാ..”
ദേവാനന്ദ് അവളുടെ താടി മെല്ലെ ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു…
”തീര്‍ച്ചയായും…”
അവള്‍ ഒരു പുഞ്ചിരിയോടെ അവന്‍റെ മാര്‍വ്വിടത്തില്‍ വീണ്ടും കവിളുകള്‍ അമര്‍ത്തി…
”ഒരു കുഞ്ഞിക്കാലിനോ…?” കുസൃതിയോടെ ദേവാനന്ദ് അവളെ നോക്കി..
അവളുടെ കണ്ണുകളില്‍ നാണം കലര്‍ന്നിരുന്നു…
”അത് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ…”
അവള്‍ വിരലുകള്‍ കൊണ്ട് അവന്‍റെ രോമാവൃതമായ വിരിമാറില്‍ വെറുതെ ചിത്രം വരച്ചു…
”നമ്മള്‍ക്കൊന്ന് ശ്രമിച്ച് നോക്കാം…” അവന്‍റെ പ്രേമാതുരമായ കണ്ണുകള്‍ നേരിടാനാകാതെ അവള്‍ കണ്ണുകള്‍ താഴ്ത്തി…
ജാലകവാതിലിലൂടെ എത്തി നോക്കിയ മഴ കാറ്റിനെ നാണത്തോടെ നോക്കി തലതാഴ്ത്തി…
ഒരു കുസൃതിച്ചിരിയോടെ കാറ്റ് ആ ജാലക വാതില്‍ മെല്ലെ മെല്ലെ അടച്ചു…
”ഒരു കൊച്ച് കുഞ്ഞിന്‍റെ കരച്ചില്‍ വിദൂരതയില്‍ നിന്ന് എന്നവണ്ണം എവിടെ നിന്നോ കേള്‍ക്കുന്നുവോ…?”
ശ്രീനന്ദന കാതോര്‍ത്തു…
മുന്നിലെ ഇരുട്ടിലേക്ക് അവള്‍ തറച്ച് നോക്കി…
തന്‍റെ മേല്‍ ചുറ്റിപ്പിടിച്ചിരുന്ന ദേവനന്ദന്‍റെ കൈകള്‍ അവനെ ഉണര്‍ത്താതെ മെല്ലെ തന്‍റെ ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റിയ ശേഷം ശ്രീനന്ദന സ്ഥാനം തെറ്റിയ വസ്ത്രങ്ങള്‍ നേരെയാക്കി കട്ടിലില്‍ നിന്നെഴുന്നേറ്റു…
മഴയുടെ ഇരമ്പലിന് ഇടയില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ വീണ്ടും കേള്‍ക്കുന്നു… വളരെ വിദൂരയില്‍ നിന്നെന്ന പോലെ…
മെല്ലെയവള്‍ ജാലകം വലിച്ച് തുറന്നു…
മഴയുടെ കുളിര്‍മ്മ അകത്തേക്ക് അരിച്ച് കയറി അവളുടെ ശരീരമാകെ പടര്‍ന്നു…
മഴത്തുളളികള്‍ അവളെ കുസൃതിയോടെ നോക്കി അടക്കം പറയുന്നത് പോലെ തോന്നി…
കാറ്റില്‍ മാറിടങ്ങളെ മറച്ചിരുന്ന സാരിത്തലപ്പ് അല്പം നീങ്ങിയത് അവള്‍ നേരെ വലിച്ചിട്ടു…
”എവിടെ നിന്നാണ് ആ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്…?”
അവള്‍ മഴത്തുളളികളോട് ചോദിച്ചു..
പെട്ടെന്നാണ് മഴയുടെ ഭാവം മാറിയത്…
മഴയുടെ ശക്തമായ ഇരമ്പം കേട്ട് അവള്‍ കാതുകള്‍ പൊത്തി…
”നോക്ക് അവിടേക്ക്….” മഴത്തുളളികള്‍ ഉറക്കെപ്പറയുന്നത് പോലെ അവള്‍ക്ക് തോന്നി…
അവളുടെ കണ്ണുകള്‍ അറിയാതെ കോവിലകത്തിന്‍റെ പൂമുഖത്തിലേക്ക് നീങ്ങി…
അവളുടെ കണ്ണുകളില്‍ ശക്തമായ നടുക്കമുണ്ടായി…
കനത്ത മഴ നെയ്തെടുത്ത നൂലുകള്‍ക്കിടയിലൂടെ അവള്‍ കണ്ടു….
പൂമുഖപ്പടിയില്‍ ഒരു നിഴല്‍രൂപം നില്‍ക്കുന്നു…!!!
അതോരു സ്ത്രീരൂപമാണെന്ന് അവള്‍ക്ക് തോന്നി…
ഒന്ന് കണ്ണടച്ച് തുറക്കും മുന്‍പ് ആ രൂപം മറഞ്ഞു…
മഴയുടെ ഭാവവും…
”ആരാണത്…?” അവള്‍ മഴത്തുളളികളോട് ചോദിച്ചു…
”ഭദ്ര….!!!”
മഴത്തുളളികളുടെ ഇരമ്പമെന്ന പോലെ വീണ്ടും ആ പേര് അവളുടെ കാതുകളില്‍ പ്രതിധ്വനിച്ചു…
ശ്രീനന്ദന പെട്ടെന്ന് പിന്തിരിഞ്ഞു നടന്നു…
അപ്പോള്‍ മേശമേലിരിക്കുന്ന കാറ്റില്‍ ഇളകുന്ന കടലാസിലേക്കും അതിന് മേലിരിക്കുന്ന തൂലികയിലേക്കും അവളുടെ ശ്രദ്ധ നീണ്ടു…
ശൂന്യത പടര്‍ന്നിരുന്ന അവളുടെ മനസ്സിലേക്കും കൈവിരലുകളിലേക്കും ഒരു വല്ലാത്ത തരിപ്പ് പടര്‍ന്ന് കയറി…
ഒരു ആവേശത്തോടെ മെല്ലെയവള്‍ എഴുതി തുടങ്ങി…
”ഞാന്‍ ഭദ്ര….”’
*************
ശ്രീനന്ദന കണ്ണുകള്‍ വലിച്ച് തുറന്നു…
മുന്നില്‍ കുസൃതി നിറഞ്ഞ മുഖവുമായി ദേവാനന്ദ്…
കുളിച്ച് യൂണിഫോം അണിഞ്ഞ് പോകാന്‍ തയ്യാറായി നില്‍ക്കുന്നു…
അവള്‍ ചാടിയെഴുന്നേറ്റു ചുറ്റും പകച്ച് നോക്കി….
ക്ലോക്കില്‍ സമയം 8 മണി….
”എന്നുമില്ലാത്ത പോലെ നല്ല ഉറക്കമായിരുന്നല്ലോ ശ്രീ… രാത്രിയിലെ തളര്‍ച്ച് ഇതുവരെയും മാറിയില്ലേ ചക്കരേ…?”
ദേവാനന്ദിന്‍റെ ചോദ്യം കേട്ട് അവളുടെ മുഖം നാണത്താല്‍ ചുവന്ന് പോയി..
”ഞാന്‍ ചായ ഇപ്പോള്‍ എടുത്ത് കൊണ്ട് വരാം ദേവേട്ടാ…” അഴിഞ്ഞുലഞ്ഞ തലമുടി ഒതുക്കി പിറകില്‍ കെട്ടി അവള്‍ ധൃതിയില്‍ എഴുന്നേറ്റു…
”വേണ്ട.. വേണ്ട… ആദ്യം എന്‍റെ കുട്ടന്‍ പോയി കുളിച്ച് ഫ്രഷ് ആക്.. എനിക്കുളളതെല്ലാം താഴെ ഡൈനിംഗ് ടേബിളില്‍ മന്ദാകിനി നിരത്തിയിട്ടുണ്ടാകും…”
”എന്നാലും ദേവേട്ടാ…”
”ചെല്ലെടീ… ഞാന്‍ പ്രാതല്‍ കഴിച്ച് തീരുമ്പോള്‍ കുളിച്ച് ഫ്രഷായി നിന്നെ ഉമ്മറത്ത് കണ്ടിരിക്കണം… കേട്ടോ…” മെല്ലെ അവളുടെ കവിളില്‍ തഴുകി ദേവാനന്ദ് പറഞ്ഞു…
ദേവാനന്ദിനെ യാത്രയാക്കി മുറിയിലേക്ക് കടന്നപ്പോള്‍ അവളുടെ നോട്ടം മെല്ലെ മേശമേലേക്ക് നീണ്ടു…
ഒരു അമ്പരപ്പോടെ അവള്‍ അതിനടുത്തേക്ക് നടന്നു നീങ്ങി…
മേശമേലിരിക്കുന്ന കടലാസില്‍ എന്തോ കുത്തിക്കുറിച്ചിരിക്കുന്നു…
അത് തന്‍റെ കയ്യക്ഷരമല്ലേ…?
ഇത് താനെപ്പോള്‍ എഴുതി…
മതിഭ്രമം ബാധിച്ചവളെപ്പോലെ അവള്‍ നിന്നു…
ഒന്നും ഓര്‍മ്മ കിട്ടുന്നില്ല…
മെല്ലെ വിറയാര്‍ന്ന കൈകളോടെ അവള്‍ ആ കടലാസ്സുകള്‍ എടുത്തു…
അതിലെ തന്‍റെ വടിവൊത്ത അക്ഷരത്തിലെഴുതിയ വാക്കുകള്‍ വായിച്ച് തുടങ്ങി…
”ഞാന്‍ ഭദ്ര….
വടക്കേടത്ത് കോവിലകത്തെ മഹാദേവന്‍ തമ്പുരാന്‍റെയും പാര്‍വ്വതിദേവി തമ്പുരാട്ടിയുടെയും ഇളയ പുത്രി…”
ശ്രീനന്ദനയുടെ കണ്ണുകളില്‍ ശക്തമായ ഒരു ഞെട്ടലുണ്ടായി…
മെല്ലെ മെല്ലെ ഭദ്രയെ തന്നിലേക്കാവേശിപ്പിച്ച് ശ്രീനന്ദ വായന തുടര്‍ന്നു…
ഭദ്ര പതിനെട്ടിനടുത്ത് പ്രായം…
വടക്കേടത്ത് കോവിലകത്തെ മഹാദേവന്‍ തമ്പുരാന്‍റെയും പാര്‍വ്വതിദേവി തമ്പുരാട്ടിയുടേയും അഞ്ച് മക്കളില്‍ ഇളയവള്‍…
മൂന്ന് സഹോദരന്‍മാര്‍…
ആദിത്യന്‍, സൂര്യന്‍, ഹര്‍ഷന്‍…
ഒരു സഹോദരി… ലക്ഷ്മി…
ഇളയത് ആയാത് കൊണ്ട് എല്ലാവരുടെയും അരുമയായി വളര്‍ന്നു.. എന്തിനും ഏതിനും കോവിലകത്ത് സ്വതന്ത്യം അവള്‍ക്ക് നല്‍കിയിരുന്നു… ഒരു പൂമ്പാറ്റയെപ്പോലെ കോവിലകമാകെ പാറി നടന്ന് പ്രകാശം പരത്തുന്ന ഭദ്ര കോവിലകത്തിന്‍റെ ഐശ്വര്യമാണെന്ന് മഹാദേവന്‍ തമ്പുരാന്‍ വിശ്വസിച്ചു…
മൂന്ന് ആങ്ങളമാര്‍ക്കും ജ്യേഷ്ഠത്തി ലക്ഷ്മിയ്ക്ക് അവള്‍ പ്രിയപ്പെട്ട അനുജത്തി ആയിരുന്നു…