”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു…
പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു…
അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി…
”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…”
അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു…
”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു…
”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു പെണ്‍കുഞ്ഞാണെങ്കില്‍ അവള്‍ക്ക് ഭദ്ര എന്ന പേരിടണം…”
അവള്‍ മന്ത്രിച്ചു…
ദേവാനന്ദ് അവളുടെ താടി മെല്ലെ ഉയര്‍ത്തി…
അപ്പോള്‍ അവളുടെ ചെംചുണ്ടുകള്‍ ദാഹാര്‍ത്തമായിരുന്നു…
മെല്ലെയവന്‍റെ അധരങ്ങള്‍ അവളുടെ ചെംചുണ്ടില്‍ അമര്‍ന്നു…
മഴത്തുളളികള്‍ നാണത്തോടെ ചിരിച്ച് കൊണ്ട് പരസ്പരം മൊഴിഞ്ഞു:
”ഭദ്ര… ഭദ്ര…. ഭദ്ര”
വാടിത്തളര്‍ന്ന് ദേവനന്ദന്‍റെ നഗ്നമായ മാര്‍വ്വിടത്തില്‍ കവിള്‍ ചേര്‍ത്തു ഒരിക്കല്‍ കൂടി അവള്‍ മന്ത്രിച്ചു:
“നമ്മള്‍ക്ക് ഒരു കുഞ്ഞുണ്ടാകും ദേവേട്ടാ… ഒരു പെണ്‍കുഞ്ഞ്…”
”നിനക്ക് എന്തുപറ്റിയെടീ… പനി വന്നപ്പോള്‍ ബാധ കയറിയോ…?” അവളുടെ നഗ്നമായ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പൂര്‍വ്വാധികം അവളെ തന്നിലേക്കമര്‍ത്തി ദേവാനന്ദ് ആശ്ചര്യത്തോടെ ചോദിച്ചു…
സ്നേഹത്തോടെ അവന്‍ അവളുടെ മൂര്‍ദ്ധാവ്വില്‍ ചുംബിച്ചു…
***************
”ശ്രീനന്ദനാ…”
ആരാണ് തന്നെ പേര് ചൊല്ലി വിളിക്കുന്നത്… ഒരു മന്ത്രണം പോലെ
അവള്‍ എഴുന്നേറ്റ് കനത്ത ഇരുട്ടിലേക്ക് തറച്ച് നോക്കി….
”ശ്രീനന്ദനാ….” വീണ്ടും തന്നെ ആരോ പേര് ചൊല്ലി വിളിക്കുന്നു..
ആ മന്ത്രണം കേള്‍ക്കുന്നത് എവിടെയെന്ന് ചെവി വട്ടംപിടിച്ചു..
അവളുടെ നോട്ടം മേശമേല്‍ നീണ്ടു…
മേശമേലിരുന്ന കടലാസ്സുകളും തൂലികയും തന്നെ അങ്ങോട്ടേക്ക് മാടി വിളിക്കുന്നു…
അവള്‍ പെട്ടെന്ന് എഴുന്നേറ്റ് മേശയ്ക്ക് അരികില്‍ ചെന്നു….
കൈകളിലേക്ക് ഒരു തരിപ്പ് പടര്‍ന്ന് കയറുന്നു…
അവള്‍ തൂലിക കയ്യിലെടുത്തു…
തൂലിക തുമ്പില്‍ തുളുമ്പി നിന്ന ആ രഹസ്യം എഴുതുന്നതിനോടൊപ്പം അവള്‍ വായിച്ചു…
ഭദ്ര പറഞ്ഞ് തുടങ്ങി:
”എന്തായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകം….?”
ശ്രീനന്ദന ഉദ്വേഗത്തോടെ തുടര്‍ന്ന് വരുന്ന വാക്കുകള്‍ വായിച്ചു…
”ഒരേ രക്തത്തില്‍ പിറന്ന സ്വന്തം സഹോദരനെ പ്രണയിച്ചത്… സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭം ധരിച്ചത്…!!!”
അതിശക്തമായ ഞെട്ടലോടെ അവിശ്വസനീയമായി ശ്രീനന്ദന വീണ്ടും വീണ്ടും ആ വരികള്‍ വായിച്ചു…
അത് കണ്ട് മഴത്തുളളികള്‍ അസ്വസ്ഥമായി ചിലമ്പി കൊണ്ടിരുന്നു…
”സ്വന്തം സഹോദരനെ പ്രണയിച്ചെന്നോ…?
സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭം ധരിച്ചെന്നോ…?
അപ്പോള്‍…?”
ശ്രീനന്ദനയുടെ മനസ്സിലെ സമസ്യയ്ക്ക് ഉത്തരം നല്‍കാന്‍ കൈകളിലെ തൂലിക വീണ്ടും ചലിച്ച് തുടങ്ങി…
”അതെ… നരേന്‍ എന്‍റെ സ്വന്തം സഹോദരന്‍ തന്നെയായിരുന്നു…!!!”
ശ്രീനന്ദനയുടെ കണ്ണുകളില്‍ ഞെട്ടല്‍ പടര്‍ന്നു…
”എന്‍റെ അച്ഛന്‍ മഹാദേവന്‍ തമ്പുരാനും കാര്യസ്ഥന്‍ മാധവമാമയ്ക്കും മാത്രം അറിയാന്‍ കഴിഞ്ഞിരുന്ന ഒരു വലിയ രഹസ്യം…”
ശ്രീനന്ദന ഉദ്വേഗത്തോടെ എഴുതിവരുന്ന വാചകങ്ങളിലേക്ക് നോക്കി…
”സാവിത്രിയെന്ന സ്ത്രീയില്‍ അച്ഛന് ജനിച്ച മകനാണ് നരേന്‍… സാവിത്രിയെന്ന സ്ത്രീയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച അച്ഛന്‍റെ ഒരു നിമിഷത്തെ ദുര്‍ബലതയില്‍ ജനിച്ച മകന്‍… ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് കണ്ണീരോടെ അച്ഛന് മുന്നിലെത്തിയ അവരെ തളളാനും അച്ഛന്‍റെ മനസ്സ് അനുവദിച്ചില്ല… അമ്മയുടേയും നാല് മക്കളുടെയും മുഖം ഓര്‍ത്തപ്പോള്‍ അവരെ സ്വീകരിയ്ക്കാനും… ധര്‍മ്മസങ്കടത്തില്‍ നില്‍ക്കുന്ന അച്ഛന്‍റെ രക്ഷയ്ക്ക് എത്തിയത് കോവിലകത്തെ വിശ്വസ്ത സേവകനായ മാധവന്‍മാമയാണ്… ഒടുവില്‍ മാധവന്‍ മാമ സ്വന്തം ഇഷ്ടപ്രകാരം സാവിത്രിയെന്ന സ്ത്രീയെ വേളി കഴിച്ചു… നരേന്‍ എന്ന അച്ഛന്‍റെ മകനെ സ്വന്തം മകനെപ്പോലെ വളര്‍ത്തി…
അച്ഛന്‍ നരേന് കോവിലകത്ത് ഞങ്ങള്‍ എല്ലാ മക്കളെയും പോലെ സ്വാതന്ത്യം നല്‍കി… സ്വന്തം കൂടപ്പിറപ്പുകളാണെന്ന അറിവില്‍ ഞങ്ങള്‍ രണ്ട് പേരും അടുത്തിടപഴകുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയില്ല… പക്ഷെ അച്ഛന്‍റെ എല്ലാ ധാരണയും ഞങ്ങള്‍ തകര്‍ത്തു….”
ശ്രീനന്ദന ഭദ്രയുടെ കഥയിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകളിലേക്ക് ഉറ്റുനോക്കി…
”അച്ഛന്‍റെ ഉഗ്രകോപം എന്‍റെ മരണത്തില്‍ കലാശിച്ചതില്‍ എനിയ്ക്കിപ്പോള്‍ ഒരു സങ്കടവുമില്ല… അല്ലായിരുന്നെങ്കില്‍ ഒരു പാപഭാരവും ചുമന്ന് എന്‍റെ ജീവന്‍ എരിതീയില്‍ ഉരുകിത്തീരുമായിരുന്നു…”
ഭദ്ര പറഞ്ഞ് നിര്‍ത്തി…
ഒരു തേങ്ങല്‍ തന്‍റെ കാതുകളില്‍ പതിച്ചുവോ… അവള്‍ കാതോര്‍ത്തു…
ഇപ്പോള്‍ മഴത്തുളളി കിലുക്കം മാത്രം കേള്‍ക്കാം…
ആ കിലുക്കം ഒരു തേങ്ങലായി അവള്‍ക്ക് അനുഭവപ്പെട്ടു…
ഉത്തരം കിട്ടാതെ ചില ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട്
മെല്ലെയവള്‍ കടലാസ്സും തൂലികയും മേശവലിപ്പില്‍ ഭദ്രമായി വച്ച് കട്ടിലിലേക്ക് ചാഞ്ഞു…
മെല്ലെയവള്‍ ഗാഡനിദ്രയിലാണ്ട് കിടക്കുന്ന ദേവാനന്ദിനോട് അമര്‍ന്ന് ചേര്‍ന്നു കിടന്നു…
******************
”ദേവേട്ടാ… എഴുന്നേല്‍ക്ക്…”
ശ്രീനന്ദനയുടെ ശബ്ദം കേട്ട് ദേവാനന്ദ് കണ്ണുകള്‍ വലിച്ച് തുറന്നു..
മുന്നില്‍ ആവി പറക്കുന്ന ചായയുമായി രാവിലെ തന്നെ കുളിച്ചൊരുങ്ങി നെറ്റിയില്‍ കളഭം ചാര്‍ത്തി നില്‍ക്കുന്ന ശ്രീനന്ദനയെ കണ്ട് ദേവാനന്ദിന്‍റെ കണ്ണുകള്‍ അതിശയത്താല്‍ വിടര്‍ന്നു…
”ഇവിടെ വന്നതിന് ശേഷം ആദ്യമായാണ് രാവിലെ തന്നെയിങ്ങനെ കാണുന്നത്… വരി ക്യൂട്ട്…”
അരക്കെട്ടില്‍ നിന്നും സ്ഥാനത്തെറ്റി മാറിക്കിടന്ന മുണ്ട് അവന്‍ ധരിക്കുന്നത് നാണത്തോടെ നോക്കി നില്‍ക്കുന്നത് കണ്ട് ദേവാനന്ദ് കളിയായി പറഞ്ഞു:
“നീ ആദ്യമായല്ലല്ലോടീ ചക്കരെ എന്നെ ഇങ്ങനെ കാണുന്നത്…”
”ശ്ശെ… പോ ദേവേട്ടാ….” അവള്‍ നാണത്താല്‍ പിന്തിരിഞ്ഞു നടന്നപ്പോള്‍ ദേവാനന്ദ് അവള്‍ കേള്‍ക്കേ മന്ത്രിച്ചു…
”ഭദ്ര….”
ആ പേര് കേട്ടതും അവള്‍ ഒരു ഞെട്ടലോടെ ദേവാനന്ദിനെ നോക്കി…
”എന്‍റെ ഭദ്രമൊളുടെ ജീവന്‍റെ തുടിപ്പ് നിന്‍റെ ഉദരത്തില്‍ പിറവിയെടുത്തോ…?”
ദേവാനന്ദ് അവളുടെ ഉദരത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…
ലജ്ജയില്‍ കുതിര്‍ന്ന ഒരു ചിരിയോടെ ശ്രീനന്ദനയുടെ കൈവിരലുകള്‍ അറിയാതെ തന്‍റെ ഉദരത്തിന് മേല്‍ തലോടിപ്പോയി…
ദേവാനന്ദിനെ യാത്രയാക്കി തിരിയുമ്പോള്‍ മഴത്തുളളികളുടെ ചിലമ്പല്‍ അവള്‍ വീണ്ടും കേട്ടു…
മനസ്സില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ശ്രീനന്ദനയുടെ മനസ്സില്‍ വീണ്ടും ഉയര്‍ന്ന് വന്നു…
”ഭദ്ര തന്നെ പിന്തുടര്‍ന്നതെന്തിന്..?
തന്നെ കണ്ടപ്പോള്‍ മഹാദേവന്‍ തമ്പുരന്‍റെ കണ്ണുകളില്‍ ഞെട്ടലുണ്ടായതിന്‍റെ കാരണം…?
പാര്‍വ്വതിദേവി തമ്പുരാട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞതെന്തിന്…?”
”ശ്രീനന്ദനാ…”
ഒരു മന്ത്രണം പോലെ ആരോ തന്‍റെ പേര് ചൊല്ലി വിളിക്കുന്നു….
അവള്‍ തിരിഞ്ഞു നോക്കി…
”വരൂ… നീയാ മഴത്തുളളികളിലേക്ക് നോക്കൂ… നിന്‍റെ എല്ലാ ചോദ്യത്തിനുമുളള ഉത്തരം അതിലുണ്ട്…”
പൂമുഖപ്പടിയില്‍ മഴത്തുളളികള്‍ പടര്‍ന്ന് കയറി സൃഷ്ടിച്ച ജലകണ്ണാടിയിലേക്ക് ശ്രീനന്ദന യാന്ത്രികമായി നോക്കി പോയി…
അതിന്‍റെ തെളിമയില്‍ ചുവന്ന പട്ട് പാവാടയും ഉടുപ്പുമണിഞ്ഞ ഒരു പതിനെട്ടുകാരിയുടെ പ്രതിരൂപം തെളിഞ്ഞു…
അപ്പോള്‍ മഴയുടെ ഇരമ്പം അവള്‍ക്ക് ചുറ്റും ശക്തമായി പ്രതിഫലിക്കുന്നതായി അവള്‍ക്ക് തോന്നി…
ശ്രീനന്ദനയുടെ കണ്ണുകളില്‍ ആശ്ചര്യമെന്നോ അമ്പരപ്പെന്നോ വേര്‍തിരിച്ചറിയാനാകാത്ത ഒരു വികാരം പടര്‍ന്നു കയറി…
കാരണം ജലകണ്ണാടിയില്‍ തെളിഞ്ഞ ആ പെണ്‍കുട്ടിയുടെ മുഖം ശ്രീനന്ദനയുടെ മുഖവുമായി വേര്‍തിരിക്കാന്‍ പറ്റാത്തത്ര സാമ്യമുളളതായിരുന്നു…!!!