Kambikathakal രഹസ്യം

രഹസ്യം
Rahasyam A Malayalam Short Story BY Vilasini Pushkaran Manamboor

ജീവിതകാലമത്രയും കടലിനെ പോഷിപ്പിയ്ക്കാന്‍ നിരന്തരം ഒഴുകിയ പുഴയുടെ ജീര്‍ണ്ണിച്ചു വീര്‍ത്ത ശവം പോലെ, പാലത്തിനടിയില്‍ കറുത്തുകൊഴുത്ത ജലം കെട്ടിക്കിടന്നു. അതിനു മീതെ, ആരോ എടുത്തെറിഞ്ഞ ഒരഴുക്കു തുണി പോലെ പാലത്തിന്‍റെ നിഴല്‍ പരന്നു കിടന്നു. കൊടുംവേനലിനാല്‍ നഗ്നമാക്കപ്പെട്ട മണല്‍പ്പുറം, കരകളിലുള്ള പൊന്തക്കാടുകളോടൊപ്പം നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്തു തപസ്സിരുന്നു.

പാലത്തില്‍ നിന്ന്‍ ബാലകൃഷ്ണന്‍ താഴേയ്ക്കു നോക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ നദിയില്‍ ഒഴുക്കില്‍ പെട്ടു പോയത്‌ ഓര്‍മ്മ വന്നു. അന്ന് ആരൊക്കെയോ ചേര്‍ന്നു തന്നെ രക്ഷിച്ചു. ഇന്ന് ജീവിതത്തിന്‍റെ ഒഴുക്കില്‍പെട്ടു കൈകാലിട്ടടിയ്ക്കുമ്പോള്‍ ആരുണ്ട്‌ ഒന്നു രക്ഷിയ്ക്കാന്‍ ?

വീട്ടിലേയ്ക്കു നടക്കുമ്പോള്‍ സ്വന്തം ജീവിതപ്രശ്നങ്ങളായിരുന്നു അവന്‍റെ മനസ്സു നിറയെ. വസ്തുവകകള്‍ വിറ്റു തന്നെ ഒരു ബിരുദധാരിയാക്കിയപ്പോള്‍ എന്തെന്തു സ്വപ്നങ്ങളായിരിയ്ക്കും തന്‍റെ മാതാപിതാക്കളുടെ മനസ്സില്‍ വിരിഞ്ഞത്? ഇന്നവയെല്ലാം മണ്ണടിഞ്ഞു. പാസ്സായിട്ട് വര്‍ഷം നാലായി. ഇതുവരേയും ഒരു ജോലി ലഭിച്ചില്ല. തന്‍റെ ഡിഗ്രിയെപ്പറ്റി ഒരുവക പ്രതികാരത്തോടെയാണ് അവനിപ്പോള്‍ ചിന്തിയ്ക്കുന്നത്. ആ കടലാസ്സാണ് തന്നെ ഒന്നിനും കൊള്ളരുതാത്തവനാക്കിയത്. ഇല്ലെങ്കില്‍ കൂലിവേലയ്ക്കെങ്കിലും ആരെങ്കിലും വിളിയ്ക്കുമായിരുന്നു. പക്ഷെ ഒരു ഡിഗ്രിക്കാരന് കൂലിവേലക്കാരനാകാന്‍ ഒക്കുമോ?

അപേക്ഷകളയയ്ക്കാന്‍ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് അവന്‍ വേദനയോടെ ഓര്‍ത്തു. അപേക്ഷകളയയ്ക്കാന്‍ ചെലവാക്കിയ രൂപയുണ്ടായിരുന്നെങ്കില്‍ ഒരു ചെറിയ കട തുടങ്ങാനുള്ള മൂലധനമുണ്ടാകുമായിരുന്നു!

ബസ്സുകളും കാറുകളും ഇരമ്പിപ്പാഞ്ഞുകൊണ്ടിരുന്ന ആ നിറത്തില്‍ കൂടി ഒറ്റപ്പെട്ട ഒരു യാത്രികനെപ്പോലെ അവന്‍ നടന്നു. ഇപ്പോള്‍ത്തന്നെ വീട്ടിലേയ്ക്കു പോയിട്ട് എന്തു ചെയ്യാനാണ്? ദുര്‍മ്മുഖം കാണിയ്ക്കാതിരിയ്ക്കാന്‍ എല്ലാവരും ശ്രദ്ധിയ്ക്കുന്നെങ്കിലും അവരുടെ മനസ്സിലെ നീറ്റല്‍ തനിയ്ക്കു നന്നായറിയാം. തനിയ്ക്കു വിഷമമുണ്ടാകാതിരിയ്ക്കാന്‍ ഇപ്പോഴും കരുതുന്ന സാധുക്കള്‍ . പക്ഷെ ഇതെത്ര നാള്‍ തുടരും? എന്നെങ്കിലും എപ്പോഴെങ്കിലും ഇതിനൊരു പരിഹാരമുണ്ടായല്ലേ മതിയാകൂ.

എതിരേ വരുന്ന ബസ്സുകളിലേയ്ക്ക് അവന്‍ തുറിച്ചു നോക്കി. അതിലെ യാത്രക്കാര്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. പക്ഷെ തനിയ്ക്കോ? ആ ബസ്സിലെങ്ങാനും കയറി ആരും തിരിച്ചറിയാത്ത ഏതെങ്കിലും നാട്ടില്‍ച്ചെന്ന് എന്തെങ്കിലും പണിയെടുത്തു ജീവിയ്ക്കുന്നതിനെപ്പറ്റി അവന്‍ ആലോചിച്ചു. എന്തെങ്കിലുമൊക്കെ ചെയ്തു ജീവിതമാര്‍ഗ്ഗമുണ്ടാക്കുക. അങ്ങനെ അജ്ഞാതനായി ജീവിയ്ക്കുന്നതിലുള്ള രസം ഭാവനയില്‍ അവന്‍ ആസ്വദിച്ചു. അങ്ങനെ ജീവിച്ചു ജീവിച്ച് ഒരു ദിവസം പെരുവഴിയില്‍ കിടന്നു മരിയ്ക്കുക. സ്വന്തം ജീവചരിത്രം എഴുതി കൈയ്യില്‍ വച്ചുകൊണ്ടു മരിയ്ക്കണം. മരിയ്ക്കാനായി ഈ തെരുവുകളിലേയ്ക്കു തിരിച്ചെത്തണം. ആ അജ്ഞാതമൃതദേഹവും, നാട്ടുകാരുടെ താത്പര്യവും, ഒടുവില്‍ ആ ജീവചരിത്രം നാട്ടുകാര്‍ വായിയ്ക്കുന്നതും, എന്തിന്, സ്വന്തം ശവമടക്കുപോലും അയാള്‍ മനസ്സില്‍ കണ്ടു. പരിപാടികള്‍ പ്രാവര്‍ത്തികമാക്കാനും താത്പര്യം തോന്നി. പക്ഷെ തല്‍ക്കാലം ആ ബസ്സുകളിലൊന്നില്‍ കയറിപ്പറ്റാനുള്ള പണം പോലും കൈവശമില്ലല്ലോ!

ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന മണിമന്ദിരം കണ്ണില്‍പ്പെട്ടത് അപ്പോഴാണ്‌. ഓട്ടുകമ്പനിയുടമസ്ഥന്‍ എസ്തപ്പാന്‍ മുതലാളിയുടെ വീട്. ഓട്ടുകമ്പനി കൂടാതെ, മറ്റെന്തൊക്കെയോ ബിസിനസ്സുള്ള ആള്‍ . പക്ഷെ ബാലകൃഷ്ണന്‍റെ മനസ്സില്‍ എസ്തപ്പാന്‍ മുതലാളിയ്ക്കുള്ള വിശേഷണം ഒന്നു മാത്രമായിരുന്നു. ഒരു ജോലി തരാന്‍ കഴിവുള്ളയാള്‍ . പക്ഷെ എന്തുഫലം? നേരിട്ടു പരിചയമില്ല. ഒരിയ്ക്കല്‍ കമ്പനി വരെ ചെന്നു. വാതില്‍ക്കല്‍ നിന്നും തിരികെ പോരേണ്ടി വന്നു. ഒഴിവില്ല പോലും. വേണമെങ്കില്‍ ഒരാളിനെക്കൂടി എടുക്കാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നു. പക്ഷെ ആര്‍ക്കു വേണമെങ്കില്‍ എന്നതാണു പ്രധാനം. മുതലാളിയുടെ മകള്‍ ജോളി കോളേജ്മേറ്റാണ്. പക്ഷെ ഇപ്പോള്‍ കണ്ടാലറിയുമോ എന്നു കൂടി സംശയമാണ്.

മണി ഏതാണ്ട് രണ്ടര കഴിഞ്ഞു കാണും. ഇനി വീട്ടിലേയ്ക്കു തിരിച്ചു പൊയ്ക്കളയാമെന്നു കരുതി തിരിയുമ്പോഴാണു കണ്ടത്‌. മുതലാളിയുടെ ബംഗ്ലാവിന്‍റെ ഗേറ്റു തുറക്കുന്നു. മുതലാളിയാണോ? നേരിട്ടൊന്നു സമീപിച്ചാലോ?

അപ്പോഴേയ്ക്കും ഗേറ്റു തുറന്നയാള്‍ വെളിയിലെത്തിക്കഴിഞ്ഞിരുന്നു. രണ്ടു രണ്ടര വയസ്സുള്ള ഒരു കുട്ടി. കൂടെ ആരുമില്ല. മുതലാളിയുടെ മക്കളുടെ കുട്ടികള്‍ ആരെങ്കിലുമായിരിയ്ക്കും. കഴുത്തിലും കൈയ്യിലും സ്വര്‍ണ്ണാഭരണങ്ങള്‍. നല്ല ഓമനയായൊരു കുഞ്ഞ്. അവന്‍ മുന്‍പോട്ടു നടക്കുകയാണ്.

എതിരേ വന്ന ബസ്സ്‌ തൊട്ടടുത്തു കൂടി ചീറിപ്പാഞ്ഞു കടന്നു പോയപ്പോള്‍ ഞെട്ടിപ്പോയി. ആ ഞെട്ടലില്‍നിന്നുണര്‍ന്നപ്പോള്‍ ഒരു പുതിയ ചിന്ത: ഒരു പുതിയ പരിപാടി മനസ്സില്‍ തെളിഞ്ഞു. ഒന്നു പരീക്ഷിച്ചുനോക്കിയാലോ?

ബാലകൃഷ്ണന്‍ പതുക്കെ കുഞ്ഞിന്‍റെ നേരേ നടന്നു. ഹൃദയം മിടിയ്ക്കുന്ന ശബ്ദം ബംഗ്ലാവിനുള്ളില്‍ കേള്‍ക്കുമെന്നു തോന്നി. ചെവികളില്‍ രക്തം ഇരമ്പുന്നു. ഭഗവാനേ, ഇതാരെങ്കിലും അറിഞ്ഞാല്‍ !

അപ്പോഴേയ്ക്ക് ചിരിച്ചുകൊണ്ട് കുഞ്ഞ് ബാലകൃഷ്ണന്‍റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. ബാലകൃഷ്ണന്‍ ചുറ്റും നോക്കി. ആരും തന്നെയില്ല.

അവന്‍ കുഞ്ഞിന്‍റെ നേരേ കൈനീട്ടി അതിനെ പൊക്കിയെടുത്തു. ഗേറ്റു കടന്ന് ഉള്ളിലേയ്ക്കു നടക്കുമ്പോള്‍ നെഞ്ചിടിപ്പിന്‍റെ ശബ്ദം ആരെങ്കിലും കേള്‍ക്കുമോ എന്നായിരുന്നു പരിഭ്രമം. കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിയ്ക്കുന്നതു പോലെ.

പൂമുഖത്തിനടുത്തെത്തിയപ്പോള്‍ നിന്നു. ആരെയും പുറത്തു കാണുന്നില്ല. ഇനിയെന്തു ചെയ്യും?

ആലോചിച്ചു നിന്നപ്പോള്‍ മുതലാളി പുറത്തേയ്ക്കു വന്നു. ബാലകൃഷ്ണന്‍റെ കൈയ്യില്‍ കുഞ്ഞിനെക്കണ്ട മുതലാളി ഒരുനിമിഷം ബാലകൃഷ്ണനെ നോക്കിനിന്നു. കണ്ണടയിലൂടെയുള്ള ആ നോട്ടം നേരിടാനുള്ള കരുത്തില്ലാതെ ബാലകൃഷ്ണന്‍ തലകുനിച്ചു. കുഞ്ഞിനെ താഴേ നിറുത്തി. അതു മുതലാളിയുടെ അടുത്തേയ്ക്കോടി. കുഞ്ഞിനെ വാരിയെടുത്തിട്ടു മുതലാളി ചോദിച്ചു:

“എന്തു പറ്റി?”

മറുപടി പറയാന്‍ നെഞ്ചിടിപ്പും കിതപ്പും ബാലകൃഷ്ണനെ അനുവദിച്ചില്ല. ഒടുവില്‍ , ഒരു വിധത്തില്‍ , വിക്കിവിക്കി പറഞ്ഞു:

“കുഞ്ഞ് ഒരു ബസ്സിന്‍റെ…..”

തുടര്‍ന്നു പറയാന്‍ അവനു കഴിഞ്ഞില്ല. പക്ഷെ അത്രയും മതിയായിരുന്നു, ഉദ്ദേശിച്ച ഫലം കിട്ടാന്‍.

അകത്തു നിന്ന്‍ ഒരു സ്ത്രീ ചാടിയിറങ്ങി വന്നു. ജോളി. മുതലാളിയുടെ കൈയ്യില്‍ നിന്നും അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ പിടിച്ചു വാങ്ങി ഉമ്മവയ്ക്കാന്‍ തുടങ്ങി. പൊട്ടിക്കരച്ചിലിനിടയിലൂടെ വാക്കുകളും പുറത്തു വന്നു. എന്‍റെ മോനേ, എന്‍റെ മക്കളേ, എന്നെല്ലാം.

കരച്ചിലും ബഹളവും കേട്ട് മറ്റുള്ളവരും പുറത്തു വന്നു. ആകെ ബഹളം. അതിനിടയ്ക്കാരോ മുതലാളിയോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. മുതലാളി വിശദീകരിച്ചു:

“മോന്‍ ആരും കാണാതെ റോഡിലിറങ്ങിപ്പോയി. ബസ്സിന്‍റെ കീഴില്‍ പെട്ടേനെ.” പിന്നെ ബാലകൃഷ്ണന്‍റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, “ഇയാള്‍ കണ്ടതു കൊണ്ടു രക്ഷപ്പെട്ടു.”

അപ്പോഴാണ്‌ മറ്റുള്ളവര്‍ ബാലകൃഷ്ണനെ ശ്രദ്ധിച്ചത്. ജോളിയുടെ കരച്ചിലും ഇതിനകം അടങ്ങിയിരുന്നു. അവളും ബാലകൃഷ്ണന്‍റെ നേരേ നോക്കി. അവനെ ശ്രദ്ധിച്ചിട്ടു ചോദിച്ചു: