മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 2
Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍

”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?”
ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി…

”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു…

”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?”
അവള്‍ സ്വയം ചോദിച്ചു…

”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു…

ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു…

മിടിക്കുന്ന ഹൃദയത്തോടെ അവള്‍ കഴിഞ്ഞുപോയ രാത്രിയില്‍ എഴുതിയ തുടങ്ങിയ വാചകത്തിലേക്ക് കണ്ണുകളോടിച്ചു…

”മഴയുളള ഒരു പകല്‍നേരം….”

ശ്രീനന്ദനയിലേക്ക് മെല്ലെ മെല്ലെ ഭദ്രയെന്ന കഥാപാത്രം ആവേശിച്ചു…

കാലവര്‍ഷം കലിതുളളി പെയ്യുന്ന ഒരു പകല്‍ നേരം…

”ഭദ്രത്തമ്പുരാട്ടീ…”
നരേന്‍റെ വിളിയൊച്ച കേട്ട് ഭദ്ര കട്ടിലില്‍ നിന്നെഴുന്നേറ്റു…

മുറി വാതില്‍ക്കല്‍ നനഞ്ഞ് കുളിച്ച് നരേനെ കണ്ട് ഭദ്ര അമ്പരന്നു…

”ഇതെന്തെയ് നരേന്‍ ആകെ നനഞ്ഞ് കുളിച്ചൂല്ലോ..”
തളര്‍ന്ന കണ്ണുകളോടെ ഭദ്ര ചോദിച്ചു…

”അച്ഛന്‍ പറഞ്ഞു… കോലോത്ത് നിന്നും എല്ലാവരും ഏതോ കല്ല്യാണത്തിന് പോയീന്ന്… കൊച്ച് തമ്പുരാട്ടിയ്ക്ക് ശരീരത്തിന് അസ്ക്യത ആയത് കൊണ്ട് പോയീല്ലെന്ന്…”
അവന്‍ തലമുടിയില്‍ നിന്നും നെറ്റിയിലേക്ക് ഊര്‍ന്നിറങ്ങിയ മഴത്തുളളികള്‍ വടിച്ച് എറിഞ്ഞ് കൊണ്ട് ചോദിച്ചു:
“എന്താ തമ്പുരാട്ടിയ്ക്ക് പറ്റിയത്…?”

അവന്‍റെ ആകുലത നിറഞ്ഞ കണ്ണുകള്‍ അവളുടെ വാടിത്തളര്‍ന്ന മുഖത്ത് തറഞ്ഞു…

ആ നോട്ടം നേരിടാനാകാതെ അവള്‍ കണ്ണുകള്‍ താഴ്ത്തി..

അവന്‍ അരികിലെത്തി അവന്‍റെ നെറ്റിത്തടത്തിന്‍മേല്‍ തന്‍റെ ഇൗറനണിഞ്ഞ് തണുത്ത കൈപ്പടം വച്ചുനോക്കി…
”ചെറിയ ചൂടുണ്ട്…”

അവന്‍ സ്പര്‍ശിച്ചപ്പോള്‍ തന്‍റെ ശരീരമാകെ ഒരു വൈദ്യുതിപ്രഭാവം പടര്‍ന്ന് കയറിയത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു…

അവളുടെ ശരീരത്തിലെ ഓരോ അണുവും പൊട്ടിത്തരിച്ചു…

അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി….

അവളുടെ കണ്ണുകളിലെ ഭാവമാറ്റം അവന്‍ ശ്രദ്ധിച്ചു…

മെല്ലെ മെല്ലെ അവന്‍റെ ശരീരത്തിലും മനസ്സിലും പ്രകടമായ മാറ്റം കൈവന്നു…

അവന്‍റെ നോട്ടം നേരിടാനാകാതെ അവള്‍ നാണത്തോടെ തലതാഴ്ത്തി കാല്‍നഖം കൊണ്ട് ചിത്രം വരച്ചു…

അവളുടെ ആ ഭാവം കണ്ട് തണുത്ത് വിറച്ച്‌ നിന്ന അവന്‍റെ ശരീരത്തിന് ചൂട് പിടിച്ച് തുടങ്ങിയിരുന്നു…

”ഭദ്രേ….”
അവന്‍റെ ശബ്ദത്തിലെ ഭാവമാറ്റം അവള്‍ തിരിച്ചറിഞ്ഞു…

പിടയ്ക്കുന്ന കണ്ണുകളോടെ ഭദ്ര അവനെ നോക്കി…

ഭദ്രത്തമ്പുരാട്ടിയെന്ന അവന്‍റെ വിളി ഭദ്രയിലേക്ക് വഴിമാറിയിരിക്കുന്നു..

അവന്‍റെ ചുടുശ്വാസം തന്‍റെ മുഖത്ത് അടിച്ചപ്പോഴാണ് അവന്‍ തനിയ്ക്കടുത്ത് നില്‍ക്കുകയാണെന്ന ബോധം അവള്‍ക്കുണ്ടായത്…

മഴത്തുളളികള്‍ തുളുമ്പുന്ന നാസികയ്ക്ക് താഴെ നനവാര്‍ന്ന അവന്‍റെ പൊടി മീശയിലേക്കും ചുണ്ടുകളിലേക്കും നനഞ്ഞ് ശരീരത്തോട് ഒട്ടിച്ചേര്‍ന്ന ഷര്‍ട്ടിന്‍റെ അഴിഞ്ഞ ബട്ടണ്‍സുകള്‍ക്കിടയിലെ നനഞ്ഞ നേര്‍ത്ത രോമമരാജികളിലേക്കും അവളുടെ കണ്ണുകള്‍ ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടി നടന്നു…

അവളുടെ ദാഹാര്‍ത്തമായ തുടിക്കുന്ന ചെംചുണ്ടിലേക്ക് നരേന്‍ പ്രണയാതുരമായി നോക്കി…

അവന്‍റെ വിറയാര്‍ന്ന കൈപ്പടങ്ങള്‍ അവളുടെ ഇരു ചുമലിലും അമര്‍ന്നപ്പോള്‍ അവളുടെ ശരീരമാകെ കോരിത്തരിച്ചു…

”ഭദ്രേ…” അവന്‍റെ വികാരാര്‍ദ്രമായ മന്ത്രണം അവളുടെ കാതുകളില്‍ തേനൊലിയായ പതിച്ച് ശരീരമാകെ പടര്‍ന്ന് കയറി…

”ഉം…” അവള്‍ ഒരു മാസ്മരികലോകത്ത് എത്തപ്പെട്ടന്നത് പോലെ മൂളി…

അവളുടെ മുഖമുയര്‍ത്തി അവളുടെ പാതി കൂമ്പിയ മിഴികളില്‍ നോക്കി അവന്‍ അവളുടെ ദാഹാര്‍ത്തമായ ചെംചുണ്ടുകളില്‍ തന്‍റെ അധരം ചേര്‍ത്തു…

മഴ ഉന്മാദ രൂപം കൈക്കൊണ്ട് ശക്തമായ പേമാരിയായി പെയ്തിറങ്ങി…

തളര്‍ന്ന ശരീരത്തോടെ നരേന്‍ ഭദ്രയില്‍ നിന്നുമകന്നു… കുറ്റബോധത്തോടെ തലയില്‍ കൈവച്ചിരുന്നു….

കുറ്റബോധത്തിന്‍റെ തേങ്ങലുകള്‍ ഭദ്രയില്‍ നിന്നുയര്‍ന്നു…

നിലത്ത് നിന്നും അഴിഞ്ഞ് വീണ ഈറനണിഞ്ഞ ഉടുമുണ്ട് വാരി അരയില്‍ ചുറ്റി ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇടറുന്ന കാലടികളോടെ നരേന്‍ തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നടന്നു…

കഴിഞ്ഞ് പോയ തെറ്റിന്‍റെ ഭവിഷ്യത്തുക്കള്‍ എന്തെന്നറിയാതെ കണ്ണീരണിഞ്ഞ മുഖത്തോടെ ഭദ്ര തളര്‍ന്ന് കിടന്നു…

അന്ന് മഴയുളള രാത്രിയിലാണത് സംഭവിച്ചത്…

കടലാസ്സിലെ വാക്കുകളിലൂടെ സഞ്ചരിച്ച അവളുടെ കണ്ണുകള്‍ നിന്നു…

ശ്രീനന്ദനയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ എന്തെന്നറിയാതെ തുളുമ്പി ഒഴുകി…

കടലാസ്സുകള്‍ ഭദ്രമായി മേശവലിപ്പില്‍ വച്ച് ഇടറുന്ന കാലടികളോടെ അവള്‍ നടന്നു…

ജാലകവാതിലിലൂടെ എത്തിനോക്കുന്ന മഴത്തുളളികള്‍ അവളെ സഹതാപ പൂര്‍വ്വം നോക്കി…

”എന്താണ് ആ രാത്രി സംഭവിച്ചത്…?”
ഒരു മഴയിരമ്പമെന്ന പോലെ ആ ചോദ്യം അവളുടെ കാതുകളില്‍ തട്ടി പ്രതിഫലിച്ച് കൊണ്ടേയിരുന്നു…

”എന്തുപറ്റി തനിയ്ക്ക്…” സ്നേഹപൂര്‍വ്വം ദേവാനന്ദ് അവളുടെ താടി മെല്ലെ പിടിച്ച് ഉയര്‍ത്തി..

”വല്ലാത്ത തലവേദന…” അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു..

”ഹോസ്പിറ്റലില്‍ പോകണോ…?” ദേവാനന്ദ് അവളുടെ നെറ്റിയ്ക്ക് മേല്‍ കൈപ്പടം വച്ച് ചോദിച്ചു…

“ചെറിയ ചൂടുമുണ്ടല്ലോ…?”

”വേണ്ട ദേവേട്ടാ…. അല്‍പ്പം ബാം പുരട്ടിയാല്‍ മാറാവുന്നതേയുളളൂ…”

ദേവാനന്ദ് അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ തലമുടിയിലും നെറ്റിത്തടത്തിലും തലോടി…

അയാള്‍ നല്‍കുന്ന ആ തലോടല്‍ അവളുടെ മനസ്സില്‍ സാന്ത്വനം പടര്‍ന്നിറങ്ങി…

കൊളുത്തിപ്പിടിക്കുന്ന വേദന…!!!

ശ്രീനന്ദന അടിവയര്‍ തപ്പിപ്പിടിച്ച് എഴുന്നേറ്റു…

വേദന അവള്‍ കടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ഒരു തേങ്ങല്‍ അവളില്‍ നിന്നും പുറത്തേക്ക് ഒഴുകി…

ഒരു കുഞ്ഞിന്‍റെ കരച്ചില്‍ അവളുടെ കാതുകളില്‍ വന്ന് അലയടിച്ചു…

മെല്ലെ മെല്ലെ അടിവയറ്റിലുണ്ടായ വേദന ഒരുനീര്‍ക്കുമിള പോലെ അലിഞ്ഞില്ലാതായി…

മെല്ലെ ആ കുഞ്ഞിന്‍റെ കരച്ചില്‍ മഴയുടെ ഇരമ്പലില്‍ അലിഞ്ഞു ചേര്‍ന്നു…

”വരൂ…” മഴത്തുളളികളുടെ ചിലമ്പല്‍…

വീശിയടിക്കുന്ന കാറ്റില്‍ മേശമേലിരുന്ന് ചാഞ്ചാടുന്ന കടലാസ്സുകള്‍ തന്നെ മാടി വിളിക്കുന്നതായി അവള്‍ക്ക് തോന്നി…

മെല്ലെ ഇടറിയ കാലടികളോടെ അവള്‍ നടന്നു…

തൂലികത്തുമ്പ് എന്തോ എഴുതാന്‍ വെമ്പി നില്‍ക്കുന്നു…

അവളുടെ മൃദുലമായ വിരലുകള്‍ക്കിടയില്‍ സ്ഥാനം പിടിച്ച തൂലിക എഴുതിത്തുടങ്ങി…

”അന്ന് രാത്രിയിലെ സന്തോഷകരമായ നിമിഷങ്ങള്‍ സംഭ്രമജനിതമായത് പെട്ടെന്നായിരുന്നു…”

ശക്തമായ കാറ്റില്‍ എഴുതിക്കൊണ്ടിരുന്ന ശ്രീനന്ദനയുടെ മുടിയിഴകള്‍ കാറ്റില്‍ പറന്ന് തുളളിക്കളിച്ചു…

പുറത്ത് കോവിലകത്തിന് മുന്നിലെ പടര്‍ന്ന പന്തലിച്ച തേന്മാവ് ശക്തമായ കാറ്റില്‍ ശിഖരങ്ങള്‍ വിരിച്ച് ഒരു യക്ഷിയെപ്പോലെ ആര്‍ത്ത് അട്ടഹസിച്ചു…

പേമാരിയുടെ കുത്തൊഴുക്കില്‍ പുല്‍നാമ്പുകള്‍ വിലപിച്ചു…

മഴത്തുളളികള്‍ കലിബാധിച്ചവളെ പ്പോലെ ചിലമ്പി…

തൂലികയുടെ ചലനം നിന്നു…

ശ്രീനന്ദന കിതച്ച് കൊണ്ട് ശക്തിയായി ശ്വാസം വലിച്ച് വിട്ടു…

എഴുതിയ കടലാസ്സുകളും തൂലികയും മേശവലിപ്പില്‍ നിക്ഷേപിച്ച് തളര്‍ന്ന കാല്‍പ്പാദങ്ങളോടെ അവള്‍ വേച്ച് വേച്ച് കട്ടിലിനടുത്തേക്ക് നീങ്ങി….

കട്ടിലിലേക്ക് അവള്‍ ബോധരഹിതയായി തളര്‍ന്ന് വീണു…

”ശ്രീ… ശ്രീ…”
കണ്ണുകളില്‍ നനവ് പടര്‍ന്നതും അവള്‍ ദേവാനന്ദിന്‍റെ പരിഭ്രാന്തമായ വിളിയൊച്ച കേട്ടു..

ഒരു ഞെരുക്കത്തോടെ അവള്‍ കണ്ണുകള്‍ വലിച്ച് തുറന്നു…

ശരീരമാകെ ചുട്ട് പൊളളുന്ന ചൂട് അവള്‍ക്ക് അനുഭവപ്പെട്ടു…

”ശ്രീ… വേഗം എഴുന്നേല്‍ക്ക്… ഹോസ്പിറ്റലില്‍ പോകാം… നല്ല ടെംപറേച്ചറുണ്ട് നിനക്ക്…”
ദേവാനന്ദ് അസ്വസ്ഥമായ മനസ്സോടെ ശ്രീനന്ദനെ താങ്ങിയെഴുന്നേല്‍പ്പിച്ചു…

”ഹൈ ഡിഗ്രി ടെംപറേച്ചറുണ്ട്… നല്ല വിശ്രമം ആവശ്യമാണ്… ക്ഷീണം മാറ്റാന്‍ തത്കാലം ഒരു ട്രിപ്പിടാം… പിന്നെ ഒരു ഇന്‍ജക്ഷനും… പ്രിസ്ക്രിപ്ഷന്‍പ്രകാരമുളള ടാബ്‌ലെറ്റുകള്‍ കൃത്യമായി കഴിപ്പിക്കുകയും ചെയ്യണം….”

ഡോക്ടര്‍ അരവിന്ദ് ദേവാനന്ദിനോട് പറഞ്ഞു…

”ഡോക്ടര്‍ പറഞ്ഞത് കേട്ടല്ലോ… പൂര്‍ണ്ണമായ വിശ്രമം… അതാണ് വേണ്ടത്… ടാബ്‌ലെറ്റുകള്‍ കഴിക്കേണ്ട വിധം ഞാന്‍ മന്ദാകിനിയെ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്… സമയാസമയങ്ങളില്‍ അവര്‍ കൊണ്ട് വന്ന് തരും… ഇടയ്ക്ക് വിളിച്ച് ഞാന്‍ ഓര്‍മ്മിപ്പിക്കാം….” ദേവാനന്ദ് അവളുടെ മുടിയിഴകളില്‍ തലോടി പോകാന്‍ ഒരുങ്ങി….

”പോകാതിരിക്കാന്‍ പറ്റാത്ത സാഹചര്യമായി പോയി കുട്ടാ… അല്ലെങ്കില്‍ ഞാന്‍ അവധിയെടുത്തേനേ…”
അവന്‍റെ കണ്ണുകളിലേക്ക് നോക്കി സാരമില്ല എന്നവള്‍ കണ്ണടച്ച് കാണിച്ചു…

ദേവാനന്ദ് പോയതും അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു…

മെല്ലെ മേശവലിപ്പ് തുറന്ന് കടലാസ്സ് കെട്ടുകള്‍ എടുത്തു…

അവള്‍ കട്ടിലിന്‍റെ ക്രാസിയില്‍ തലയിണ വെച്ച് ചാരിയിരുന്നു…

കടലാസ് താളുകള്‍ മറിച്ച് തലേന്ന് വായിച്ച് നിര്‍ത്തിയെടുത്ത് അവളുടെ കണ്ണുകള്‍ ചെന്ന് നിന്നു..

”അന്ന് രാത്രിയിലെ സന്തോഷകരമായ നിമിഷങ്ങള്‍ സംഭ്രമജനിതമായത് പെട്ടെന്നായിരുന്നു…”

മെല്ലെയവള്‍ ആ വരികളിലേക്ക് ലയിച്ച് ചേര്‍ന്നു…

കളിചിരിയുമായി അത്താഴത്തിനായി വലിയ തീന്‍മേശയ്ക്കരികിലെ കസേരയിന്‍മേല്‍ മഹാദേവന്‍ തമ്പുരാനും, ആദിത്യനും, സൂര്യനും, ഹര്‍ഷനും, ലക്ഷ്മിയും ഒപ്പം പാര്‍വ്വതീദേവി തമ്പുരാട്ടിയും അണിനിരന്നു…

അന്ന് നടന്ന ലക്ഷ്മിയുടെ പെണ്ണ് കാണീല്‍ ചടങ്ങായിരുന്നു അന്നത്തെ സംസാര വിഷയം…

”ചായ കപ്പ് കൊടുത്തതും ലക്ഷ്മിയുടെ കൈ വിറച്ചു… ചായ തുളുമ്പി ദാണ്ടെ പയ്യന്‍റെ കസവ് മുണ്ടിലേക്ക്… പയ്യന്‍റെ ചളിപ്പ് ഒന്ന് കാണേണ്ടതായിരുന്നു… വേറൊരു സാഹചര്യമായിരുന്നെങ്കില്‍ അയാള്‍ മുഖമടച്ച് ഒന്ന് തന്നെനേ…”
ആദിത്യന്‍ ആസ്വദിച്ച് പതിഞ്ഞു…

”പിന്നേയ്… ഇത്തിരി ചായ വീണൂന്ന് കരുതി അടിക്ക്യാനെ എല്ലാ ചെറുപ്പക്കാരനും വല്ല്യേട്ടനെ പോലെയാണെന്ന് കരുതരുത്… ട്ടോ…” ലക്ഷ്മി കൃത്രിമമായി പിണക്കം ഭാവിച്ചു…